പ്രഭാത വാർത്തകൾ

തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയമന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
?️മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെയും നിയമനം, സേവനം, കാലാവധി എന്നിവ സംബന്ധിച്ച ബില്ലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ശീതകാല സമ്മേളനത്തിൽ രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയിരുന്നു. നിയമമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറി തസ്തികയിൽ കുറയാത്ത മൂന്നു പേരുൾപ്പെട്ട സമിതിയാകും പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തേക്ക് അഞ്ചു പേരുടെ പട്ടിക തയാറാക്കി നൽകുക. ഇതിൽ നിന്നു പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയും ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവും ചേർന്ന് കമ്മിഷണറെ തെരഞ്ഞെടുക്കും. ഈ സമിതി തന്നെയാകും മുഖ്യ കമ്മിഷണറെ നിയമിക്കുക.

ഭാരത് അരി ഉടൻ വിപണിയിലിറക്കാൻ കേന്ദ്രം
?️ഭാരത് അരിയുടെ പ്രഖ്യാപനം ഉടൻ നടത്താൻ കേന്ദ്ര സർക്കാർ. എഫ്‌സിഐ വഴി ശേഖരിക്കുന്ന അരി കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലേക്കെത്തിക്കുകയാണ് നീക്കം.ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി വഴി നിലവിൽ നൽകുന്ന അതേ തുകയ്ക്ക് അരി നൽകണോ അതിലും കുറച്ച് ലഭ്യമാക്കണോ എന്നതിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് കുറഞ്ഞ വിലയില്‍ അരി വിപണിയിലിറക്കാനാണ് ആലോചന. ഇത് വഴി വിലക്കയറ്റം നേരിടുകയാണ് ലക്ഷ്യം. 25 രൂപയ്‌ക്കോ 29 രൂപയ്‌ക്കോ ആ‍യിരിക്കും അരി വിപണിയിലെത്തിക്കുക. ഫുഡ് കോര്‍പറേഷൻ ഓഫ് ഇന്ത്യ വഴി സംഭരിക്കുന്ന അരിക്കാണ് ഭാരത് അരി എന്ന ബ്രാന്‍റിങ് നൽകുക.

ഗവർണർക്കെതിരായ ഹർജിയിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ
?️സംസ്ഥാന നിയമസഭ പാസാക്കി ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരേ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ മാറ്റം വരുത്തി. ഭേദഗതി ചെയ്ത ഹര്‍ജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെടുന്നു. സമയക്രമം അടക്കം നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റി എന്നും ഹർജിയിൽ പറയുന്നു. ഗവര്‍ണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

തൃശൂർ പൂരം നിലവിലെ ധാരണപ്രകാരം നടത്താന്‍ തീരുമാനം
?️പ്രദർശന വാടക വർധിപ്പിച്ചതിന്‍റെ പേരിൽ വിവാദത്തിലും അനിശ്ചിതത്വത്തിലും അകപ്പെട്ട തൃശൂർ പൂരം നിലവിലെ ധാരണയിൽ തന്നെ നടത്താൻ തീരുമാനമായി. പ്രദർശനത്തിന്‍റെ തറവാടക രണ്ടരക്കോടി രൂപയായി കുത്തനെ ഉയർത്തിയ കൊച്ചിൻ ദേവസ്വം നടപടി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ വേണ്ടെന്നുവച്ചു. ഇപ്പോഴുള്ള ധാരണപ്രകാരം തന്നെ ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

സഗൗരവം കടന്നപ്പള്ളിയും ദൈവനാമത്തിൽ ഗണേഷ് കുമാറും മന്ത്രിമാരായി ചുമതലയേറ്റു
?️കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവവും ഗണേഷ് കുമാർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിച്ചു. ശക്തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ഒരുമിച്ച് വേദി പങ്കിട്ടു. എന്നിരുന്നാലും ഇരുവരും പരസ്പരം സംസാരിക്കാൻ തയാറായില്ല.

കടന്നപ്പള്ളിക്ക് റജിസ്ട്രേഷൻ, വാസവന് തുറമുഖം; വകുപ്പുകളിൽ മാറ്റം
?️കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗണേഷ് കുമാറിന് റോഡ് ട്രാൻസ്പേർട്ട്, മോട്ടർ വെഹിക്കിൾ,വാട്ടർ ട്രാൻസ്പോർട്ട് വകുപ്പും, രാമചന്ദ്രൻ കടന്നപ്പള്ളിക്ക് റജിസ്ട്രേഷനും മ്യൂസിയവും പുരാവസ്തു വകുപ്പും ആർക്കീവ്സുമാണ് നൽകിയിരിക്കുന്നത്. വി.എൻ വാസവന് തുറമുഖ വകുപ്പിന്‍റെ ചുമതലയും നൽകി. വാസവന്‍റെ വകുപ്പായ റജിസ്ട്രേഷൻ പകരമായി കടന്നപ്പള്ളിക്ക് നൽകി.

മുഖത്തോട് മുഖം നോക്കാതെ ഗവർണറും മുഖ്യമന്ത്രിയും, സത്കാരത്തിൽ പങ്കെടുക്കാതെ ഇരുവരും മടങ്ങി
?️പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ മുഖത്തോട് മുഖം കൊടുക്കാതെ ഗവർണറും മുഖ്യമന്ത്രിയും. അടുത്തടുത്ത സീറ്റിൽ ഇരുന്നിട്ടും ഇരുവരും മുഖത്തോട് മുഖം നോക്കുകയോ, ഹസ്താദാനം ചെയ്യുകയോ ചെയ്തില്ല.മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതെ ചടങ്ങ് കഴിഞ്ഞയുടൻ ഗവർണർ മടങ്ങി. മന്ത്രിമാർക്ക് ആശംസ നേർന്ന ശേഷം, ചായസത്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മടങ്ങി. പിന്നാലെ പുതിയ മന്ത്രിമാർ ഒഴിച്ച് മറ്റുമന്ത്രിമാരും ചായസത്കാരം ഉപേക്ഷിച്ചു. എ.കെ ശശീന്ദ്രൻ മാത്രമാണ് നിലവിലെ മന്ത്രിമാരിൽ സത്കാരത്തിൽ പങ്കെടുത്തത്.

കെ-സ്മാർട്ട്: തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനാകുന്നു
?️സംസ്ഥാന സർക്കാരിന്‍റെ പുതുവർഷ സമ്മാനം കെ- സ്മാർട്ട് തയാറായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന കെ- സ്മാർട്ട് രാജ്യത്തു തന്നെ ആദ്യമായി കേരളത്തിലാണ് നടപ്പാക്കുന്നത്.ജനന സർട്ടിഫിക്കറ്റു മുതൽ കെട്ടിട നിർമാണ പെർമിറ്റു വരെ ഈ സംയോജിത സോഫ്റ്റ്‌വെയറിലൂടെ ലഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൂർണമായും പേപ്പർരഹിതമായ സേവനങ്ങൾ ആദ്യഘട്ടത്തിൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും നടപ്പാക്കും. പദ്ധതി ഏപ്രിലോടെ പഞ്ചായത്തുകളിലുമെത്തും. ജനുവരി ഒന്നു മുതൽ പോർട്ടൽ നിലവിൽ വരും.

രാമക്ഷേത്രത്തിൽ കോൺഗ്രസ്‌ നിലപാടിനെപ്പറ്റി അഭിപ്രായം പറയാനില്ലെന്ന് ലീഗ്
?️അ‌‌യോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് അവരുടേതായ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനം ചർച്ച ചെയ്യാനായി മുസ്ലിം ലീ​ഗ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും.

മന്ത്രിസഭാ പുന:സംഘടനയെ പരിഹസിച്ച് രമേശ് ചെന്നിത്തല
?️പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെയും ചില വകുപ്പുകളുടെ മാറ്റത്തെയും പരിഹസിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് ഫലമുണ്ടാവില്ല. സർക്കാരിന്‍റെ നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാർ സ്ഥാനമേറ്റാൽ തിരിച്ചു കിട്ടില്ല. പ്രതിപക്ഷത്തിനെതിരായ ഗണേഷ് കുമാറിന്‍റെ പരാമർശം മന്ത്രിസ്ഥാനം ലഭിച്ചതിലെ ആഹ്ലാദമാണെന്നും അദ്ദേഹം പറഞ്ഞു.

പുതുവത്സര ആഘോഷം: ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം
?️ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് കടുത്ത നിയന്ത്രണം. ഈ മാസം 31ന് വൈകീട്ട് 4 മണിക്കു ശേഷം ഫോർട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. രാത്രി 12നു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നു മടങ്ങാൻ ബസ് സർവീസ് ഉണ്ടാകും.4 മണി വരെ വാഹനങ്ങൾക്ക് വൈപ്പിനിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്ക് റോ-റോ സർവീസ് വഴി വരാൻ സാധിക്കും. 7 മണിയോടെ ഈ സർവീസ് പൂർണമായും നിർത്തും.

വിശ്വാസത്തിന്‍റെ പേരു പറഞ്ഞു നടക്കുന്ന വർഗീയവാദികൾ യഥാർഥത്തിൽ വിശ്വാസികളല്ല
?️മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചുകൊണ്ട് തീവ്രഹിന്ദുത്വ അജൻണ്ട‍യെ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വ്യക്തമായ നിലപാടും രാജ്യത്തെ രക്ഷിക്കുന്നതിനുള്ള മുദ്രാവാക്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഏതൊരു പാർട്ടിക്കും ശക്തിയാർജിച്ച് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. ബിജെപിക്കെതിരെ പലപ്പോഴും കോൺഗ്രസിന് വ്യക്തമായ നിലപാട് സ്വീകരിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.യഥാർഥത്തിൽ ബിജെപിയുടെ വർഗീയധ്രുവീകരണ മുദ്രാവാക്യത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസിനാകണമെന്നും ഗോവിന്ദൻ പറഞ്ഞു.

ലീഗല്‍ സര്‍വീസ് അഥോറിറ്റി ഇടപെട്ടു; ബിഹാര്‍ സ്വദേശി ജയില്‍ മോചിതനായി
?️ജയിലിലായ ബിഹാര്‍ സ്വദേശിയുടെ കുടുംബത്തിന് ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ ഇടപെടലില്‍ ആശ്വാസം. അതിഥി തൊഴിലാളിയായ ബിഹാര്‍ സ്വദേശി ജയിലിലാകുകയും ഭാര്യ ഗുരുതരമായ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലാകുകയും ചെയ്തതിനെ തുടര്‍ന്ന് നാലു മാസം പ്രായമായ കുഞ്ഞിനെ എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ആര്യ മുലയൂട്ടിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് എറണാകുളം ജില്ലാ ശിശു സംരക്ഷണ സമിതി ഇടപെട്ട് കുട്ടികള്‍ക്കും ആശുപത്രിയില്‍ നിന്നും തിരികെ വന്ന ശേഷം അമ്മയ്ക്കും എറണാകുളം സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ താമസ സൗകര്യം ഒരുക്കിയിരുന്നു.

ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകള്‍
?️ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ഓരോ ആനയ്ക്കും ഉടമയുടെ ഡേറ്റ ബുക്കിന്‍റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ-വനം വകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

കാരുണ്യ പദ്ധതിക്ക്‌ 100 കോടി കൂടി അനുവദിച്ചു
?️കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ (കാസ്‌പ്‌) 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ടുവർഷത്തിൽ 3,200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌ പദ്ധതിയിലൂടെ ഉറപ്പാക്കിയത്‌. 12.5 ലക്ഷത്തോളം പേർക്കാണ്‌ മികച്ച ചികിത്സ ലഭ്യമാക്കിയത്‌.കാസ്‌പിൽ സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ 41.96 ലക്ഷം കുടുംബങ്ങള്‍ ഉൾപ്പെടുന്നു. കുടുംബത്തിന്‌ ആശുപത്രി ചികിത്സയ്ക്കായി പ്രതിവര്‍ഷം 5 ലക്ഷം രൂപയാണ് നല്‍കുന്നത്.

കൊച്ചിൻ കാർണിവലിൽ ‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിന് ഭാഗികവിലക്ക്
?️കൊച്ചിൻ കാർണിവലിൽ നാടകത്തിന് ഭാഗികവിലക്ക്. ‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിനാണ് ആർഡിഒ വിലക്കേർപ്പെടുത്തിയത്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് നടപടി.നാടകത്തിൽ എവിടേയും ഗവർണർ എന്ന വാക്ക് ഉപയോഗിക്കരുത്, കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരാമർശിക്കുന്നതൊന്നും പാടില്ല, സംസാരരീതി,വേഷം,മതപരമായ കാര്യം തുടങ്ങിയവ ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

പുതുവത്സരാഘോഷം: കൊച്ചി മെട്രൊ സർവീസ് സമയം നീട്ടി
?️പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി കൊച്ചി മെട്രൊയുടെ സർവ്വീസ് നീട്ടി. ജനുവരി 1ന് പുലർച്ചെ ഒരു മണിവരെ മെട്രൊ സർവ്വീസ് നടത്തും. ഡിസംബർ 31 ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സർവീസ് നടത്തുക.പുലർച്ചെ 1 മണിക്കാകും ആലുവ,എസ്എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവ്വീസ്.ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും തരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് കൊച്ചി മെട്രൊ സർവീസ് സഹായകരമാകുമെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

മുൻകൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയിൽ
?️മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിശദീകരണം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. അപ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമപ്രവര്‍ത്തക പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാട്ടിയുള്ള പരാതിയിൽ 354 A വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തത്

ട്രാക്ക് അറ്റക്കുറ്റപ്പണികൾ: കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകൽ റദ്ദാക്കി
?️ട്രാക്കിലെ അറ്റക്കുറ്റപ്പണികളെ തുടർന്ന് കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകൾ റദ്ദാക്കി. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, ജനുവരി 1ലെ ബറൗണി-എറണാകുളം രപ്തി സാഗർ, ജനുവരി അഞ്ചിലെ എറണാകുളം-ബറൗണി രപ്തി സാഗർ എക്സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്.ജനുവരി ഒന്നിനുള്ള കൊച്ചുവേളി-കോർബ, ജനുവരി മൂന്നിനുള്ള കോർബ-കൊച്ചുവേളി എക്സ്പ്രസും റദ്ദാക്കി.ജനുവരി 2,3,7,9,10 തീയതികളിലെ കൊച്ചുവേളി-ഗോരഖ്പുർ, ജനുവരി 4,5,7,11,12 തീയതികളിലെ ഗോരഖ്പുർ-കൊച്ചുവേളി എക്സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്.

വിനോദയാത്രക്കിടെ പത്താം ക്ലാസുകാരനൊപ്പം ‘റൊമാന്‍റിക് ഫോട്ടോ ഷൂട്ട്’; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
?️സ്കൂൾ വിനോദയാത്രക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം റൊമാന്‍റിക് ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ ചിന്താമണി മുരുഗമല്ലയിലെ സ്കൂൾ അധ്യാപികയാണ് വിവാദമായ ഫോട്ടോ ഷൂട്ട് നടത്തിയത്. 42 കാരിയായ അധ്യാപികയെ വിദ്യാർഥി ചുംബിക്കുന്നതും എടുത്തുയർത്തുന്നതുമടക്കമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മറ്റു വിദ്യാർഥികളുടെ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. ചിത്രങ്ങൾ ചോർന്നതിനു പിന്നാലെ അധ്യാപിക വിദ്യാർഥിയോട് മോശമായി പെരുമാറിയതായും കണ്ടെത്തിയിരുന്നു.

ദുബായിൽ നിന്ന് ചീറ്റകളെയും സിംഹങ്ങളെയും പക്ഷികളും സ്വീകരിക്കാൻ തയാറായി ഒഡീശ
?️ദുബായിൽ നിന്നുമെത്തുന്ന പുതിയ താമസക്കാരെ കാത്തിരിക്കുകയാണ് ഒഡീശയിലെ നന്ദൻകനൻ മൃഗശാല. ഒരു ജോഡി ചീറ്റകൾ, ആറു സിംഹങ്ങൾ, ചിമ്പാൻസികൾ, പലതരം പക്ഷികൾ എന്നിവയെയാണ് ഒഡീശയിലെ മൃഗശാലയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. അടുത്ത മാസം ഇവയെല്ലാം ഒഡീശയിലെത്തുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളുടെ തമ്മിൽ മൃഗങ്ങളെ കൈമാറുന്ന പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലേക്ക് ദുബായിൽ നിന്ന് മൃഗങ്ങളെ എത്തിക്കുന്നതെന്ന് വന്യജീവി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുശാന്ത നന്ദ പറഞ്ഞു.

ചെന്നൈയിൽ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്
?️ചെന്നൈയിൽ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. നടൻ വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് മടങ്ങവെയാണ് സംഭവം. അന്തിമോപചാരമർപ്പിച്ച് വാഹനത്തിൽ കയറാൻ പോവുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നാരോ ചെരുപ്പ് എറിയുകയായിരുന്നു. ചെരുപ്പ് വിജയിയുടെ തലയ്ക്ക് പുറകിലൂടെ പോവുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വീഡിയോ പുറത്തു വന്നതിനു പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒന്നാണ് നടന്നതെന്നും ഒരാളോട് ദേഷ്യമുണ്ടെങ്കിലത് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും നിരവധി പേർ വീഡിയോയ്ക്ക് താഴെ കുറിച്ചു. ഇത് ആര് ചെയ്താലും അവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

മൂടൽ മഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ
?️ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്. ഡൽഹി, ഉത്തർ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, എന്നീ സംസ്ഥാനങ്ങളിലാണ് ശക്തമായ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്. ജനുവരി 2 വരെ ഇതേ സ്ഥിതി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 31ന് പഞ്ചാബിൽ ഓറഞ്ച് അലർട്ടാണ്. ജനുവരി 2 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെയും വളരെ മോശമായി ബാധിക്കുന്നുണ്ട്. ചില ട്രെയിനുകൾ റദ്ദാക്കി. സർവീസ് നടത്തുന്ന മിക്ക ട്രെയിനുകളും വൈകിയാണ് എത്തുക. ഡൽഹി- ഹൗറ റൂട്ടിലെ രാജധാനി എക്സ്പ്രസ് ഉൾപ്പെടെ ഡസൻ കണക്കിന് ട്രെയിനുകൾ 10 മണിക്കൂര്‍ മുതൽ 12 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. വിമാന സർവീസിനെയും മൂടല്‍മഞ്ഞ് ബാധിച്ചു. പലതും വൈകിയാണ് സര്‍വീസ് നടത്തുന്നത്.

രാമക്ഷേത്ര ഉദ്ഘാടനത്തിൽ സോണിയ പങ്കെടുക്കുന്നതിൽ തീരുമാനമായില്ല
?️അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കുന്നത് സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നു കോൺഗ്രസ്. ചടങ്ങിൽ സോണിയ പങ്കെടുത്തേക്കുമെന്നു റിപ്പോർട്ടുകളോട് പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തില്ലെന്നു വ്യക്തമാക്കി. ജനുവരി 22ന് നടക്കുന്ന ചടങ്ങിന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്‍റെ ഉന്നതതല പ്രതിനിധികൾ സോണിയ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും നേരിട്ട് ക്ഷണിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അയോധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

‘ഉൾഫ’യുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്ര, അസം സർക്കാരുകൾ
?️വിഘടനവാദ സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്ര, അസം സർക്കാരുകൾ. അനധികൃത കുടിയേറ്റം, തദ്ദേശീയ സമൂഹങ്ങൾക്കുള്ള ഭൂമി അവകാശം, അസമിന്‍റെ വികസനം തുടങ്ങിയ വിഷയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് നിലവിൽ കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചിരിക്കുന്നത്. അരബിന്ദ രാജ്കോവ ഉൾപ്പെടെ 16 ഉൾഫ പ്രതിനിധികൾ കരാർ ഒപ്പിടാൻ എത്തി. പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫയുടെ മറ്റൊരു വിഭാഗം ഇതിൽ നിന്ന് വിട്ടുനിന്നു. ഉൾഫയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഉൾ‌ഫയുമായുള്ള സമാധാന കരാർ മേഖലയിലെ പ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരം കാണുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും അഭിപ്രായപ്പെട്ടു.

മണിപ്പൂരിൽ ഗായകനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി
?️മണിപ്പൂരിലെ പ്രശസ്ത ഗായകനും ഗാനരചയിതാവുമിായ അഖു ചിങ്ങാൻബാമിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയി. മണിക്കൂറുകൾക്കു ശേഷം 20 കിലോമീറ്റർ അകലെ വിട്ടയച്ചു. തോക്കുകളുമായെത്തിയ സംഘമാണ് കിഴക്കൻ ഇംഫാലിലെ വീട്ടിൽ നിന്ന് അഖുവിനെ തട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തോക്കുകളുമായെത്തിയ സംഘം വീടിനുള്ളിലേക്ക് കടന്നു കയറുകയായിരുന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന അഖുവിന്‍റെ മാതാവിനെയും ഭാര്യയെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി അഖുവിനെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു. പിന്നീട് പടിഞ്ഞാറൻ ഇംഫാൽ ജില്ലയിൽ ഇദ്ദേഹത്തെ വിട്ടയച്ചു. അഖുവിന് പരുക്കുകളൊന്നുമില്ല.

സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല ഫെയ്സ്ബുക് പോസ്റ്റ് ഹൈക്കോടതി ഇടപ്പെട്ട് പിന്‍വലിച്ചു
?️ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റ് ഹൈക്കോടതി ഇടപെടലിൽ മുൻ സബ് ജഡ്ജി എസ്. സുദീപ് പിൻവലിച്ചു. രാജ്യത്തിനുള്ളിൽ മാത്രം പോസ്റ്റ് നീക്കിയ ഫെയ്സ്ബുക്കിന്‍റെ നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിയായ സുദീപിനെക്കൊണ്ടു തന്നെ കോടതി പോസ്റ്റ് നീക്കം ചെയ്യിപ്പിച്ചത്. സാധാരണ കേസുകളിൽ പൊലീസ് തന്നെ പോസ്റ്റ് നീക്കി ഉറപ്പാക്കേണ്ട നീതി ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയെ കക്ഷിചേർത്തുള്ള മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സാധ്യമായത്.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5730 രൂപ
പവന് 47120 രൂപ