രണ്ടാം വിള ജലസേചനത്തിനായി പോത്തുണ്ടി അണക്കെട്ട് തുറന്നു. 90 സെന്റീ മീറ്ററാണ് കഴിഞ്ഞദിവസം ഇടതു കര കനാൽ തുറന്നത്. ആദ്യ ഏഴു ദിവസം അയിലൂർ, അടിപ്പെരണ്ട, തിരുവഴിയാട് ബ്രാഞ്ചുകളിലേക്കാണ് ഇപ്പോൾ വെള്ളം തുറന്നു നൽകിയിരിക്കുന്നത്. തുടർന്ന് ഈ ബ്രാഞ്ചുകളിലേക്കുള്ള വെള്ളം നിറുത്തി ഒലിപ്പാറ, കയറാടി ബ്രാഞ്ചു കനാലുകളിലേക്ക് തുറക്കും.മുൻ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി വലതുര കനാൽ ജനുവരി ഒന്നിന് തുറന്ന് വിവിധ ബ്രാഞ്ചു കനാലുകളിലൂടെ ആയക്കെട്ട് പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ വലിപ്പത്തിനനുസരിച്ച് ജലവിതരണം ക്രമീകരിച്ചു വിതരണം നടത്തും. കഴിഞ്ഞയാഴ്ച ചേർന്ന ഡാം ഉപദേശക സമിതി ഇടതുകര കനാൽ ഡിസംബർ 26 നും വലതുകര ജനുവരി മൂന്നിനും തുറക്കാനായിരുന്നു തീരുമാനം. മിക്ക നെൽപ്പാടങ്ങളും വെള്ളം ഇല്ലാത്തതിനെ തുടർന്ന് വീണ്ടു കീറി തുടങ്ങിയതോടെ കർഷകർ ജലസേചന വകുപ്പ് ഓഫീസിലേക്ക് സമരവുമായി എത്തിയതോടെ കെ . ബാബു എൽ എ ഇടപെട്ടാണ് ജലവിതരണം നേരത്തെ ആക്കിയത്. 22 ദിവസത്തിനു മാത്രം ശേഷിക്കുന്ന വെള്ളം മുഴുവൻ പ്രദേശത്തേക്ക് ജലസേചനത്തിന് തികയില്ലെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.