2023 | ഡിസംബർ 27 | ബുധൻ | 1199 | ധനു 11 | തിരുവാതിര
◾മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യര്‍ ആയിരിക്കണമെന്നും എങ്കില്‍ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.
◾പൊലീസ് നടപടികള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച് കെ പി സി സി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും ഇന്ന് ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.
◾ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ പ്രത്യേക അദാലത്തുകള്‍. നിയമസഭയില്‍ അവതരിപ്പിച്ച ഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാതെ വന്നതോടെയാണ് സര്‍ക്കാര്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചത്. ഭൂമി തരംമാറ്റം വരുത്തി ഉത്തരവിടാനുള്ള അധികാരം 27 റവന്യു ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കു പുറമേ ഓരോ താലൂക്കിലെയും ഓരോ ഡപ്യൂട്ടി കലക്ടര്‍ക്കു കൂടി നല്‍കുന്നതായിരുന്നു ഭേദഗതി ബില്‍.
◾മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്തെത്തി. ആയിരക്കണക്കിനു ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധന തൊഴാന്‍ എത്തയത്. ഇന്ന് മണ്ഡല പൂജ. മണ്ഡലപൂജയ്ക്കുശേഷം ഇന്ന് വൈകിട്ട് 11 മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30- ന് വൈകിട്ട് വീണ്ടും നട തുറക്കും.
◾ദര്‍ശനം നടത്തിയവര്‍ സന്നിധാനത്തുതന്നെ തങ്ങുന്ന സാഹചര്യമുള്ളതിനാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയവര്‍ ഉടന്‍ മടങ്ങാനുള്ള നിര്‍ദേശം നിരന്തരമായി ഉച്ചഭാഷിണിയില്‍ നിര്‍ദേശിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇടത്താവളങ്ങളിലും ഈ രീതി വേണമെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
◾വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കെ പി സി സിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ ‘മകളെ മാപ്പ്’ എന്ന പേരില്‍ ജനകീയ കൂട്ടായ്മ ജനുവരിയില്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.
◾ഭര്‍തൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന് പരാതി. തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. തിരുവല്ലം പോലീസ് കേസെടുത്തു.
◾തൃശൂര്‍ എരവിമംഗലത്ത് വീട് അടിച്ച് തകര്‍ത്ത് കഞ്ചാവ് സംഘം. ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമം ഉണ്ടായത്. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്ന നേരത്ത് വീട്ടിലെത്തിയ സംഘം വീട്ടിലെ കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചും ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറച്ചും ടറസിന് മീതെയുള്ള സോളര്‍ പാനല്‍ അടിച്ചു തകര്‍ത്തും ചെടി ചെട്ടികളും, വീടിന്റെ ശുചി മുറിയിലെ ടൈലുകളും നശിപ്പിച്ചുമാണ് വിളയാടിയത്. ലഹരിസംഘം താവളമാക്കിയ പാടം കാണത്തക്ക വിധം വീട്ടില്‍ സിസിടിവി കാമറ വെച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു.
◾പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തതിന് തൃശൂര്‍ പുലക്കാട്ടുക്കരയില്‍ 15 അംഗ ലഹരി സംഘത്തിന്റെ ആക്രമണം. പുലക്കാട്ടുക്കര സ്വദേശി വിനുവിനെയാണ് വീട്ടില്‍ നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്. വിനുവിനെ റോഡിലിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പുതുക്കാട് പോലിസ് കേസെടുത്തു.
◾മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക്് ചെലവായത് 26.86 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തില്‍ നടന്ന ഓണസദ്യയ്ക്ക് 5 തരം പായസമുള്‍പ്പെടെ 65 വിഭവങ്ങളാണ് സ്വകാര്യ കേറ്ററിങ് സ്ഥാപനം വിളമ്പിയതെന്നും റിപ്പോര്‍ട്ടുകള്‍.
◾സ്ഥാനക്കയറ്റത്തിന് വേണ്ടി മാര്‍ക്ക് ലിസ്റ്റ് തിരുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ സീനിയര്‍ ഇന്‍സ്ട്രക്ടറായ രമാദേവി, ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്നത് മറ്റൊരാളുടെ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ചാണെന്നാണ് ആരോപണം.
◾ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തൃശൂര്‍ മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അജില്‍ക്യഷ്ണയാണ് (16) മരണമടഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.
◾ആര്‍ബിഐ അടക്കം മുംബൈയിലെ 11 സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് ഭീഷണി. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിയെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.
◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റുന്നുവെന്നും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനാലാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരുകള്‍ നിഷ്പക്ഷമായിരിക്കണം എന്ന ഭരണഘടനാ തത്വമാണ് ഇവിടെ ലംഘിക്കപ്പെടുന്നതെന്ന് യെച്ചൂരി വിമര്‍ശിച്ചു.
◾ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറിയുണ്ടായതായി ഫോണ്‍ സന്ദേശം. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ദില്ലി പൊലീസും എന്‍ ഐ എയും പരിശോധന നടത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കനത്ത ജാഗ്രതയിലാണ് എംബസി പരിസരം. വൈകിട്ട് അഞ്ച് മണിയോടെ എംബസിക്ക് സമീപത്ത് വെച്ച് പൊട്ടിത്തെറി ശബ്ദം ഉണ്ടായതായി ഇസ്രായേല്‍ എംബസി സ്ഥിരീകരിച്ചു.
◾ബി.എസ്. യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. 40,000 കോടിയുടെ അഴിമതിയാരോപണം ഉന്നയിച്ച് ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവും എം.എല്‍.എ.യുമായ ബസനഗൗഡ പാട്ടീല്‍ യത്നല്‍ രംഗത്തു വന്നു. 45 രൂപയുടെ മുഖാവരണത്തിന് 485 രൂപ ഈടാക്കിയെന്നും രോഗികളെ ചികിത്സിക്കാന്‍ ഇരട്ടി വിലക്ക് 20,000 രൂപ നിരക്കില്‍ ബെംഗളൂരുവില്‍ 10,000 കിടക്കകള്‍ വാടകയ്ക്കെടുത്തുവെന്നുമാണ് പ്രധാന ആരോപണങ്ങള്‍.
◾ബി.ജെ.പി.ക്കെതിരേ ‘ഇന്ത്യ’ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയില്ലെങ്കിലും പ്രശ്നംവരില്ലെന്ന് എന്‍.സി.പി. നേതാവ് ശരദ്പവാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു പവാര്‍.
◾പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. ബംഗാളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം വിദേശ രാജ്യങ്ങളില്‍ കൊട്ടാരങ്ങളും മാളികകളും വാങ്ങാന്‍ ഉപയോഗിക്കുന്നുവെന്നും അതേ ആളുകള്‍ ഇവിടെ ഹവായി ചെരുപ്പിട്ടു കറങ്ങുന്നുവെന്നുമാണ് അമിത് ഷായുടെ വിമര്‍ശനം.
◾യൂട്യൂബ് ചാനലിന് 2 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവ് എന്ന ഖ്യാതിയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 64 ലക്ഷം പേര്‍ പിന്തുടരുന്ന മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ആണ് രണ്ടാമതുള്ളത്.
◾കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് വിവോ ഇന്ത്യയുടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പ് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. അധികൃതരുടെ നടപടിയില്‍ വളരെയധികം ആശങ്കയുണ്ടെന്ന് വിവോ പ്രതികരിച്ചു.
◾ചെങ്കടലില്‍ ഹൂതികള്‍ ഉയര്‍ത്തുന്ന ഭീഷണി കാരണം ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ചരക്ക് നീക്കം പ്രതിസന്ധിയില്‍. ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം കാരണം ആഗോള വ്യാപാര മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ലോകമെമ്പാടുമുള്ള വ്യാപാരത്തിന്റെ 12% കൈകാര്യം ചെയ്യുന്ന സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ ആക്രമണം പ്രതിസന്ധിയിലാക്കി.
◾ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനം വിനേഷ് ഫോഗട്ട് അറിയിച്ചത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പഞ്ചാബ് എഫ്.സി.ക്കെതിരേ ഒഡിഷയ്ക്ക് ഒരു ഗോള്‍ ജയം. ഇതോടെ 11 കളികളില്‍നിന്ന് 21 പോയിന്റോടെ ഒഡിഷ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തെത്തി. 23 പോയിന്റുകള്‍ വീതം നേടി ഗോവയും കേരളവുമാണ് നിലവില്‍ ഒന്നും രണ്ടും സ്ഥാനത്ത്.
◾ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മഴയെ തുടര്‍ന്ന് നേരത്തെ മത്സരം അവസാനിപ്പിച്ച ഒന്നാംദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടിന് 208 എന്ന നിലയിലാണ്. 70 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്.
◾2030ഓടെ 45 ജിഗാവാട്ട് ശേഷി എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് അദാനി ഗ്രീന്‍ എനര്‍ജിയിലേക്ക് 9,350 കോടി രൂപ നിക്ഷേപിക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിയും കുടുംബവും. മൂലധന ചെലവ് ഉയര്‍ത്തുന്നതിനും വിപുലീകരണത്തിനുമായി ഈ നിക്ഷേപം വിനിയോഗിക്കുമെന്ന് അദാനി ഗ്രീന്‍ എനര്‍ജി അറിയിച്ചു. ഇതിനകം 19.8 ജിഗാവാട്ടിന്റെ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പങ്കാളിത്തം കമ്പനിക്കുണ്ട്. കൂടാതെ ഹരിതോര്‍ജ്ജത്തിന് വിവിധ മേഖലകളിലായി രണ്ട് ലക്ഷം ഏക്കറിലധികം ഭൂമിയും ഉണ്ട്. 40 ജിഗാവാട്ടില്‍ കൂടുതല്‍ ഇവിടെ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ശുദ്ധമായ ഊര്‍ജ്ജം എന്ന രാജ്യത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനൊപ്പം ഹരിതോര്‍ജ്ജം ഉപയോഗിക്കുന്നതിലൂടെ പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകള്‍ ഘട്ടം ഘട്ടമായി കുറയ്ക്കുകയും ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. അദാനി ഗ്രീന്‍ എനര്‍ജിയുടെ ഒരു ഓഹരിക്ക് 1,480.75 രൂപ നിരക്കില്‍ പ്രമോട്ടര്‍മാര്‍ക്ക് മുന്‍ഗണനാ വാറണ്ടുകള്‍ നല്‍കുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതുവഴി മൊത്തം 9,350 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റെഗുലേറ്ററി, സ്റ്റാറ്റിയൂട്ടറി അതോറിറ്റികളുടെയും കമ്പനിയുടെ ഓഹരിയുടമകളുടെയും അംഗീകാരം ആവശ്യമാണ്. 2024 ജനുവരി 18ന് നടക്കുന്ന കമ്പനിയുടെ പൊതുയോഗത്തില്‍ അംഗീകാരം തേടും.
◾രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍, സജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘ഗോള’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സസ്പെന്‍സ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ഗോളം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ സംജാദ് ആണ്. മൈക്ക്, ഖല്‍ബ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോളത്തില്‍ ദിലീഷ് പോത്തന്‍, സിദ്ദീഖ്, അലന്‍സിയര്‍, ചിന്നുചാന്ദിനി, തുടങ്ങിയ പ്രധാനതാരങ്ങള്‍ക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നു. പ്രവീണ്‍ വിശ്വനാഥും സംജാദും ചേര്‍ന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2023ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (സൗദി വെള്ളക്ക, നെയ്മര്‍ )സ്വന്തമാക്കിയ മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്. സസ്പെന്‍സ് ത്രില്ലര്‍ ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് കൃഷ്ണന്‍ ഗോളത്തിന്റെ ഛായാഗ്രാഹകനാകുന്നു. നെയ്മര്‍, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂര്‍ ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു. ഉദയ് രാമചന്ദ്രന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എബി സാല്‍വിന്‍ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.
◾രഞ്ജിത്ത് സജീവ്, നേഹ നസ്നീന്‍ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖല്‍ബ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആലപ്പുഴ മുല്ലക്കല്‍’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം മികച്ച അഭിപ്രായങ്ങള്‍ നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഹനാന്‍ ഷാ ആലപിച്ച ഗാനം എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. പ്രകാശ് അലക്സ് ആണ് ഗാനത്തിന്റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഫാഗ്നന്റെ നാച്വര്‍ ഫിലിം ക്രിയേഷന്‍സിനോടൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ‘ഖല്‍ബ്’ല്‍ സിദ്ദിഖ്, ലെന, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവര്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേര്‍സായ കാര്‍ത്തിക്ക് ശങ്കര്‍, ഷെമീര്‍, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാര്‍, വിഷ്ണു അഴീക്കല്‍ (കടല്‍ മച്ചാന്‍) എന്നിവരും ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേല്‍, സരസ ബാലുശേരി, സുര്‍ജിത്ത്, ചാലി പാലാ, സച്ചിന്‍ ശ്യാം, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഖല്‍ബ് ജനുവരിയില്‍ തീയറ്ററുകളിലെത്തും. ഷാരോണ്‍ ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് അമല്‍ മനോജാണ്. സാജിദ് യഹിയയും സുഹൈല്‍ എം കോയയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്.
◾റിപ്പോര്‍ട്ട് അനുസരിച്ച്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 2024 എല്‍സിയുടെ ആദ്യഭാഗം ജര്‍മ്മനിയില്‍ വെറും അരമണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. ഈ ലോട്ടില്‍ ആകെ 1000 യൂണിറ്റ് കാറുകള്‍ ഉണ്ടായിരുന്നു. അവയെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ജര്‍മ്മനിയില്‍ നടന്ന 20-ാമത് ബുഷ് ടാക്‌സി മീറ്റിംഗില്‍ ടൊയോട്ട പുതിയ തലമുറ ലാന്‍ഡ് ക്രൂയിസര്‍ അനാച്ഛാദനം ചെയ്തത്. ടൊയോട്ടയുടെ പുതിയ തലമുറ ലാന്‍ഡ് ക്രൂയിസറിന്റെ ഔദ്യോഗിക ബുക്കിംഗ് ഡിസംബര്‍ 21ന് രാവിലെ എട്ടുമണിക്കാണ് ആരംഭിച്ചത്. ആദ്യഭാഗം മുഴുവന്‍ വിറ്റുതീര്‍ന്നതിനാല്‍ അരമണിക്കൂറിനകം കമ്പനിക്ക് ബുക്കിംഗ് അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ഈ കാര്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് വെയിറ്റിംഗ് ലിസ്റ്റില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാം. ടൊയോട്ടയുടെ ഏറ്റവും പുതിയ ലാന്‍ഡ് ക്രൂയിസര്‍ ടിഎന്‍ജിഎ-എഫ് ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് പഴയ മോഡലിനെ അപേക്ഷിച്ച് 50 ശതമാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പില്‍, പുതിയ തലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 2.8 എല്‍ ടര്‍ബോ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍ ലഭ്യമാണ്, അത് പരമാവധി 204 പിഎസ് പവര്‍ സൃഷ്ടിക്കുന്നു. ജര്‍മ്മന്‍ വിപണിയില്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എക്‌സിക്യുട്ടീവ്, ടെക്, ഫസ്റ്റ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് വില്‍ക്കുന്നത്.
◾സ്വന്തം നാഥനായിത്തീരുന്നതിനുള്ള മാര്‍ഗ്ഗം ഉപേക്ഷാഭാവമാണ് അതോടെ മനസ്സ് നിയന്ത്രിക്കപ്പെടും അപ്പോള്‍ എന്താണ് സംഭവിക്കുന്നത്? നിങ്ങള്‍ കേന്ദ്രത്തിലാകുമ്പോള്‍ മനസ്സിന്റെ വിഭ്രാന്തി അപ്രത്യക്ഷമാകും നിങ്ങള്‍ വൃത്തപരിധിയില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ആ വിഭ്രാന്തിയുള്ളത്. മനസ്സ് യഥാര്‍ത്ഥത്തില്‍ വിഭ്രാന്തിയിലല്ല, വൃത്തപരിധിയിലുള്ള നിങ്ങളും മനസ്സും കൂടിചേരുമ്പോഴാണ് ആ വിഭ്രാന്തി ഉണ്ടാകുന്നത്. എന്നാല്‍ നിങ്ങള്‍ ഉള്ളിലേയ്ക്ക് നീങ്ങുമ്പോള്‍ ക്രമേണ മനസ്സിന് അതിന്റെ വിഭ്രാന്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി നിങ്ങള്‍ കാണും. കാര്യങ്ങള്‍ ഉറച്ചുകൊണ്ടിരിക്കുകയാണ് മനസ്സ് സ്വസ്ഥമായി കൊണ്ടിരിക്കുകയാണ്, കാര്യങ്ങള്‍ യോജിപ്പിലെത്തിക്കഴിഞ്ഞു. ഒരു പ്രത്യേക ക്രമം നിലവില്‍ വന്നു കഴിഞ്ഞു. ‘യോഗ മനസ്സിന്നതീതമായ നിഗൂഢത’. ഓഷോ. സൈലന്‍സ് ബുക്സ്. വില 234 രൂപ.
◾ശ്വാസകോശത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നാം അല്‍പം കരുതല്‍ എടുക്കേണ്ട സമയമാണിത്. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി ശ്വാസകോശ രോഗങ്ങളെ ചെറുക്കുന്നതിനും പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം. ആപ്പിള്‍ പതിവായി കഴിക്കുന്നത് ശ്വാസകോശത്തിന് ഏറെ നല്ലതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. പുകവലി നിര്‍ത്തിയവരില്‍ പോലും ഈ ദുശ്ശീലം ശ്വാസകോശത്തെ ബാധിക്കുന്നത് തടയാന്‍ ആപ്പിള്‍ കഴിക്കുന്ന പതിവ് സഹായിച്ചതായും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ‘എബിസിഡി’ ഫുഡ്സിലെ എ-യില്‍ ആപ്പിളും ഇത് കൂടാതെ ‘അംല’ അഥവാ നെല്ലിക്കയുമാണ് അടങ്ങിയിരിക്കുന്നത്. നെല്ലിക്കയും ശ്വാസകോശത്തിന് വളരെ നല്ലതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നെല്ലിക്കയിലുള്ള ‘ടാന്നിന്‍സ്’, ‘പോളിഫിനോള്‍സ്’, ‘ഫ്ളേവനോയിഡ്സ്’, ‘ഗാലിക് ആസിഡ്’ വൈറ്റമിന്‍ -സി എന്നിവയെല്ലാം ഇതിന് സഹായിക്കുന്നു. ‘എബിസിഡി’ ഫുഡ്സില്‍ അടുത്തതായി ബി- വിഭാഗത്തില്‍ ബീറ്റ്റൂട്ട്, ബ്രൊക്കോളി, ബെല്‍ പെപ്പര്‍, ബ്ലാക്ക് സീഡ് എന്നിങ്ങനെ പലതും ഉള്‍പ്പെടുന്നു. ഇതില്‍ ബീറ്റ്റൂട്ടും ബ്രൊക്കോളിയുമൊക്കെയാണ് കാര്യമായും ശ്വാസകോശാരോഗ്യത്തിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ടത്. കാരണം ഇവ രണ്ടും അണുബാധകളെ ചെറുക്കുന്നതിനും ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പലവിധത്തില്‍ നമ്മെ സഹായിക്കുന്നു. സി- യില്‍ പ്രധാനമായി ക്യാരറ്റ്, കാബേജ് എന്നിവയാണ് ഉള്‍ക്കൊള്ളുന്നത്. ശ്വാസകോശ അര്‍ബുദത്തെ വരെ ചെറുക്കുന്നതിന് സഹായകമായിട്ടുള്ള ഭക്ഷണമാണ് ക്യാരറ്റ്. റെഡ് കാബേജാണ് അതുപോലെ ശ്വാസകോശാരോഗ്യത്തിനായി കഴിക്കേണ്ടത്. ഡി-യിലേക്ക് വരുമ്പോള്‍ ‘ഡാര്‍ക്ക് ലീഫി വെജിറ്റബിള്‍സ്’ അഥവാ ഇലക്കറികളാണ് പ്രധാനമായും ഉള്‍പ്പെടുന്നത്. ചീര, ലെറ്റിയൂസ് തുടങ്ങിയ ഇലക്കറികളെല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. ഇവ ഒരേസമയം ശ്വാസകോശത്തിനും ഹൃദയത്തിനും ഗുണകരമാണ്.
ശുഭദിനം
കവിത കണ്ണന്‍
യുഎസ് മിലിട്ടറിയിലെ പട്ടാളക്കാരനാണ് മേജര്‍ നസ്മത്. ഗോള്‍ഫെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് ഭ്രാന്തായിരുന്നു. തന്റെ മുന്നില്‍ ആര് വന്ന് പെട്ടാലും അദ്ദേഹം ഗോള്‍ഫിനെക്കുറിച്ച് സംസാരിക്കും. മുന്നിലിരിക്കുന്ന ആള്‍ തന്റെ സംസാരം ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ, അതൊന്നും മേജറെ ബാധിക്കാറേയില്ലായിരുന്നു. അങ്ങനെയിരിക്കെ വിയറ്റ്‌നാം യുദ്ധം വന്നു. യുദ്ധത്തില്‍ മേജര്‍ തടവുകാരനാക്കപ്പെട്ടു. വടക്കന്‍ വിയറ്റ്‌നാമിന്റെ പേരറിയാത്ത ഏതോ തടവറയിലാക്കപ്പെട്ടു. 5 അടിനീളവും 4 അടി വീതിയും മാത്രമുള്ള ഒരു സെല്‍. കൂടെ ആരുമില്ല. ദുരന്തപൂര്‍ണ്ണമായിരുന്നു മേജറിന്റെ തടവറയിലെ ആദ്യനാളുകള്‍. ദിവസങ്ങള്‍ കഴിയുന്തോറും നിരവധി നെഗറ്റീവ് ചിന്തകള്‍ അദ്ദേഹത്തിനെ വലിഞ്ഞുമുറുക്കി. അതില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹം തീരുമാനിച്ചു. തന്റെ ഏററവും പ്രിയപ്പെട്ട കളിയെ തന്നെ സ്വപ്നം കാണാന്‍ തീരുമാനിച്ചു. ഓരോ ദിവസവും ഓരോ നിമിഷവും മേജര്‍ ഗോള്‍ഫ് കളിയില്‍ മുഴുകി. പച്ച മൈതാനവും, മൈതാനത്തിലെ പുല്ലും എന്തിന് ആ പുല്ലിലെ വെളളത്തുളളിവരെ മേജര്‍ സ്വപ്നം കണ്ടു. സദാ നേരവും അദ്ദേഹം കളിച്ചുകൊണ്ടേയിരുന്നു. ഗോള്‍ഫ് കളിയുടെ ഒരുചെറിയ നിയമങ്ങള്‍പോലും പാലിച്ചുകൊണ്ടായിരുന്നു അദ്ദേഹം കളിച്ചത്. അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി. 7 വര്‍ഷത്തിന് ശേഷം മേജര്‍ നസ്മത് ജയില്‍മോചിതനായി. തിരിച്ചുവന്ന അദ്ദേഹം ആദ്യം പങ്കെടുത്ത ഗോള്‍ഫ് മാച്ചില്‍ ആരേയും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ 74 ഷോട്‌സ് ആണ് മേജര്‍ അടിച്ചത്. എല്ലാവര്‍ക്കും അത്ഭുതമായി. നിരന്തരം പ്രാക്ടീസ് ചെയ്ത് കഷ്ടപ്പെട്ട് നേടുന്ന ഒരു കാര്യം മേജര്‍ ഒരു തടവറയില്‍ കിടന്നുകൊണ്ട് നേടി.. എങ്ങനെ വിഷ്വലൈസ് ചെയ്യണം. വിഷ്വലൈസ് ചെയ്ത് നമ്മള്‍ ആഗ്രഹിക്കുന്ന കാര്യത്തെ എങ്ങനെ നേടണം. സീക്രട്ട് എന്ന പുസ്തകം നമ്മോട് പറഞ്ഞുവെക്കുന്നതും ഈ വിഷ്വലൈസേഷനെകുറിച്ചാണ്. മനസ്സ് പലപ്പോഴും ചിതറിക്കിടക്കുന്ന ഒരു മുറിപോലെയാണ്. ചിന്തകളെ ഏകാഗ്രമാക്കാന്‍ പലപ്പോഴും വിഷ്വലൈസേഷന്‍ നമ്മെ സഹായിക്കുന്നു. അതു വഴി നമ്മുടെ ഫോക്കസും എനര്‍ജിയും നമ്മുടെ സ്വപ്നങ്ങളിലേക്ക് കൂടുതല്‍ നടന്നടുക്കാന്‍ നമ്മെ സഹായിക്കുന്നു. നമുക്കെല്ലാം ആഗ്രഹങ്ങളുണ്ട്, ലക്ഷ്യങ്ങളുണ്ട് അതിനായി നമ്മള്‍ പരിശ്രമിക്കുന്നുമുണ്ട്… ഒപ്പം ആ ലക്ഷ്യങ്ങളിലേക്ക് കുറച്ചുകൂടി വേഗത്തില്‍ നടന്നടുക്കാന്‍ ഒന്ന് വിഷ്വലൈസ് ചെയ്യാന്‍ നമുക്കും ശ്രമിക്കാം – ശുഭദിനം
➖➖➖➖➖➖➖➖