പ്രഭാത വാർത്തകൾ
2023 | ഡിസംബർ 26 | ചൊവ്വ | 1199 | ധനു 10 | മകീര്യം
???➖➖➖
© Copy rights reserved.
ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.
➖➖➖➖➖➖➖➖
◾ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ മൂന്ന് യുദ്ധകപ്പലുകളെ വിന്യസിപ്പിച്ചു. ഇന്ത്യയിലേക്കു ക്രൂഡ് ഓയിലുമായി വന്ന ചരക്കു കപ്പലിനെതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനാലാണ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലില്‍ ഫോറന്‍സിക് പരിശോധന നടത്തി. മിസൈല്‍ വേധ കപ്പലുകളായ ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവയാണ് വിന്യസിപ്പിച്ചത്.
◾ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്ത വര്‍ഷം പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞെന്ന് ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍. മണിപ്പൂര്‍ വിഷയമോ രാഷ്ട്രീയ വിഷയങ്ങളോ വിരുന്നില്‍ ചര്‍ച്ചയായില്ല. ക്രൈസ്തവര്‍ രാജ്യത്തിനു മഹത്തായ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വികസനത്തിന് ക്രൈസ്തവരുടെ പിന്തുണ വേണമെന്നും മോദി പറഞ്ഞു. കേരളം, ഡല്‍ഹി, ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സഭാധ്യക്ഷന്മാര്‍ അടക്കം 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, മണിപ്പൂര്‍ വംശീയ കലാപത്തിന്റെ മുറിവ് ഉണക്കാന്‍കൂടിയാണ് മോദിയുടെ ശ്രമം.
◾ശബരിമലയില്‍ ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തില്‍ സ്പെഷ്യല്‍ സിറ്റിംഗ് നടത്തിയാണ് ഉത്തരവിട്ടത്. കോട്ടയം, പാലാ, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞുവച്ച ഭക്തര്‍ക്ക് ഭക്ഷണവും വെള്ളവും അടക്കം അടിയന്തര സൗകര്യങ്ങള്‍ നല്‍കണം. ഒരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടരുത്. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണം. കോടതി നിര്‍ദേശിച്ചു.
◾എഐ ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം തന്നില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളിലെ സേവനം നിര്‍ത്തിവയ്ക്കുമെന്ന് കെല്‍ട്രോണ്‍. ഇതുവരെ 100 കോടി രൂപയുടെ ചെലാന്‍ പിഴ ഇനത്തില്‍ നല്‍കി. 33 കോടി രൂപ പിഴയായി പിരിച്ചെടുത്തു. 232 കോടിരൂപയായിരുന്നു കെല്‍ട്രോണിന്റെ ചെലവ്. മാസംതോറും ഒരോ കോടി രൂപ ചെലവഴിച്ചാണ് കെല്‍ട്രോണ്‍ പദ്ധതി നടത്തുന്നത്.
◾നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ എസ് പിമാര്‍ക്കും ഡിഐജിമാര്‍ക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി. പ്രതിഷേധക്കാരെ അടിച്ചോടിച്ചവര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നത്.
◾നവകേരള സദസിനെതിരേ കോണ്‍ഗ്രസ് പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ അതിശയകരമായ സംയമനം പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംയമനം കാണിക്കണമെന്നു പറഞ്ഞത് നാട്ടുകാര്‍ അനുസരിച്ചു. കോണ്‍ഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
◾അന്യസംസ്ഥാന ലോബികള്‍ ചില മാധ്യമപ്രവര്‍ത്തകരെ വാടകക്കെടുത്ത് സംസ്ഥാനത്തെ ടൂറിസം മേഖലയെ തകര്‍ക്കാന്‍ കുപ്രചരണം നടത്തുകയാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. തൃശൂര്‍ ചാവക്കാട് സ്ഥാപിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് ഇളക്കി മാറ്റിയതിന്റെ വാര്‍ത്തയും ഫോട്ടോയും മാധ്യമങ്ങളില്‍ വന്നത് അതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. വര്‍ക്കല പാപനാശം ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
⬛ക്രിസ്മസിനോടനുബന്ധിച്ച് മൂന്നു ദിവസം സംസ്ഥാനത്തു വിറ്റത് 230.47 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 210. 35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
◾പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ മണിപ്പൂര്‍ വിഷയം ഉന്നയിക്കേണ്ടതായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. എം എസ് ഗോള്‍വാല്‍ക്കര്‍ ക്രിസ്ത്യാനികളെക്കുറിച്ച് എഴുതിയത് ബിഷപ്പുമാര്‍ വായിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
◾പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ആയില്ലെന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കുള്ള അതൃപ്തി മനസിലാക്കിയതുകൊണ്ടാകും പ്രാധാനമന്ത്രി വിരുന്നിനു വിളിച്ചതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണം. എസ്‌കെഎസ്ബിവി കോഴിക്കോട് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
◾നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അധികാരമോഹംകൊണ്ട് തന്നെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാന്‍ ശ്രമിച്ചവരെയാണു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പദവി ഒഴിഞ്ഞശേഷം കോഴിക്കോട് തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
◾എക്‌സിക്കുട്ടന്‍ എന്ന കാര്‍ട്ടൂണ്‍ കോളം കൈകാര്യം ചെയ്തിരുന്ന കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
◾പത്തനാപുരം ഗാന്ധിഭവനിലെ 300 പുരുഷവയോജനങ്ങള്‍ക്കു താമസിക്കാന്‍ 20 കോടി രൂപ മുടക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നിര്‍മിച്ചു നല്‍കുന്ന ബഹുനില മന്ദിരത്തിന് യൂസഫലി ശിലാസ്ഥാപനം നിര്‍വഹിച്ചു. ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്‍ അധ്യക്ഷനായി. ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാര്‍ക്ക് 15 കോടി രൂപ മുടക്കി യൂസഫലി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിനു സമീപത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ആയിരത്തിമുന്നൂറോളം അഗതികള്‍ക്ക് അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍.
◾നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ പുല്‍ക്കൂട് പ്രദര്‍ശനത്തിലേക്കുള്ള താല്‍ക്കാലിക നടപ്പാലം തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തടിപ്പാലത്തില്‍ നിരവധി പേര്‍ കയറിയതാണ് തകരാന്‍ കാരണം. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.
◾ഏഴിമല നാവിക അക്കാദമിയിലേക്ക് അനുമതിയില്ലാത്തെ കയറാന്‍ ശ്രമിച്ച കാഷ്മീര്‍ സ്വദേശി അറസ്റ്റില്‍. ഷെയ്ഖ് മുഹമ്മദ് മുര്‍ത്താസ എന്ന 21 കാരനാണ് അറസ്റ്റിലായത്.
◾പാലക്കാട് കാഞ്ഞിരപ്പുഴയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പന്‍ (56) കുറുമ്പന്റെ സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുമ്പന്റെ വീട്ടില്‍ നാട്ടുവൈദ്യ ചികില്‍സ നടത്തിയിരുന്നെന്നാണു റിപ്പോര്‍ട്ട്.
◾ഇടുക്കി തൊമ്മന്‍കുത്ത് പുഴയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. തൊമ്മന്‍കുത്ത് വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മുങ്ങുകയായിരുന്നു.
◾ചേലക്കരയില്‍ വയലില്‍ പന്നിയെ പിടിക്കാന്‍ വച്ച വൈദ്യുത കെണിയില്‍ കുടുങ്ങി ഷോക്കേറ്റ് അമ്പതുകാരന്‍ മരിച്ചു. വെല്ലങ്ങിപ്പാറ മുണ്ടാരപ്പുള്ളി വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (50) ആണ് മരിച്ചത്. സംഭവത്തില്‍ വെല്ലങ്ങിപ്പാറ സ്വദേശി വിജയന്‍, മണികണ്ഠന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
◾കണ്ണൂരില്‍ മദ്യലഹരിയില്‍ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. തലശേരി കൂളിബസാര്‍ സ്വദേശി റസീനയാണ് അറസ്റ്റിലായത്. വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്ഐ ദീപ്തിയെ റസീന ആക്രമിച്ചത്.
◾ക്രിസ്മസ് ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു. അരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പൊടിയേരി ജോസ് (60) ആണ് മരിച്ചത്.
◾പാലക്കാട് കണ്ണാടിയില്‍ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. റെനില്‍ (40), വിനീഷ് (43), അമല്‍ (25), സുജിത്ത് (33) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
◾എറണാകുളം കിഴക്കമ്പലത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാഴക്കുളം നാലു സെന്റ് കോളനി പാറക്കാട്ട്മോളം വീട്ടില്‍ അനുമോളാണ് മരിച്ചത്. ഭര്‍ത്താവായ രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾ചാലക്കുടിയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കാടുക്കുറ്റിയില്‍ ബൈക്ക് മതിലില്‍ ഇടിച്ച് കാടുക്കുറ്റി സ്വദേശി മെല്‍വിന്‍ (33) ആണ് മരിച്ചത്. ഇന്റീരിയര്‍ ഡിസൈനറായിരുന്നു.
◾ചാലക്കുടി മേലൂരില്‍ ബൈക്ക് പാടത്തേക്കു വീണ യുവാവ് മരിച്ചു. പുഷ്പഗിരിക്കു സമീപമുണ്ടായ അപകടത്തില്‍ ചാലക്കുടി വി ആര്‍ പുരം ഉറുമ്പന്‍ കുന്ന് സ്വദേശി ബിനു (23) ആണ് മരിച്ചത്.
◾തിരുവനന്തപുരം അയിരൂരില്‍ 17 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്.
◾തിരുവനന്തപുരം മാനവീയം വീഥിയില്‍ ക്രിസ്മസ് ആഘോഷത്തിനിടെ സംഘര്‍ഷം. യുവാക്കളുമായി ഏറ്റുമുട്ടിയ പൊലീസിലെ എഎസ്ഐ അടക്കമുള്ളവര്‍ക്കു പരിക്കേറ്റു. നാലു പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
◾സുല്‍ത്താന്‍ ബത്തേരിക്കടുത്ത് സിസിയില്‍ തൊഴുത്തിലുണ്ടായിരുന്ന പുശുക്കിടാവിനെ കൊന്നുതിന്ന കടുവ ഇന്നലെ രാത്രി വീണ്ടും എത്തി. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുക്കിടാവിന്റെ പാതി ഭാഗം തിന്നാന്‍ എത്തിയ കടുവയുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞു.
◾വിജിലന്‍സ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടയാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. പരിശോധനയ്ക്കെത്തിയ വിജിലന്‍സ് പോലീസ് തെളിവുകള്‍ അപഹരിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കേസെടുത്തിരിക്കേയാണ് തിരിച്ചും കേസെടുത്തത്. ഇഡി മധുര അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് പൊലീസ് സമന്‍സ് അയച്ചു. ഈ മാസം ഒന്നിന് കൈക്കൂലി കേസില്‍ അറസ്റ്റിലായ അങ്കിത് തിവാരിയുടെ ചേമ്പറില്‍ പരിശോധന നടത്തുന്നതില്‍ നിന്ന് വിജിലന്‍സ് സംഘത്തെ ഇഡി ഉദ്യോഗസ്ഥര്‍ തടഞ്ഞെന്നാണ് കേസ്.
◾കര്‍ണാടകത്തിലെ വിദ്യാലയങ്ങളിലെ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
◾ജമ്മു കാഷ്മീരിലെ സുരന്‍കോട്ടില്‍ സൈന്യം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത മൂന്നു നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. ജമ്മുകശ്മീര്‍ പൊലീസും കേസെടുത്തു. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്.
◾മധ്യപ്രദേശില്‍ 28 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 18 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയും 10 പേര്‍ക്ക് സഹമന്ത്രിസ്ഥാനവുമാണ് നല്‍കിയത്. സഹമന്ത്രിമാരില്‍ ആറുപേര്‍ക്ക് സ്വതന്ത്രചുമതലയുണ്ട്.
◾പ്രണയപ്പക മൂലം തമിഴ്നാട്ടില്‍ ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാന്‍സ്ജെന്‍ഡര്‍ അറസ്റ്റില്‍. മധുര സ്വദേശിനിയായ ആര്‍.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസില്‍ മഹേശ്വരിയെന്ന വെട്രിമാരന്‍ (26) ആണ് അറസ്റ്റിലായത്.
◾ഇന്ത്യന്‍ സര്‍ക്കാര്‍ ചൈനീസ് കമ്പനികളോടു വിവേചനം കാണിക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ രണ്ട് ചൈനീസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്. ചൈനക്കാര്‍ക്ക് ബീജിങ് കോണ്‍സുലാര്‍ സംരക്ഷണവും നിയമ സഹായവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ക്രിസ്മസ് ആഘോഷങ്ങളില്ലാതെ മണിപ്പൂര്‍. കുക്കി വിഭാഗം പൂര്‍ണമായും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നു. ഇംഫാലിലെ പ്രധാന ദേവാലയമായ താംഖുല്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇന്നലെ ആഘോഷങ്ങളൊന്നുമുണ്ടായില്ല. കലാപത്തില്‍ 180 ലേറെ പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
◾യേശു ജനിച്ച മണ്ണില്‍ യേശുവിന്റെ സമാധാന സന്ദേശം യുദ്ധത്തില്‍ മുങ്ങുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കുര്‍ബാനയ്ക്കിടെ ക്രിസ്മസ് സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞത്.
◾യേശു ജനിച്ച ബെത്ലഹേമില്‍ ഇത്തവണ ക്രിസ്മസ് ആഘോഷമില്ല. പലസ്തീനിലെ വെസ്റ്റ് ബാങ്കിലുള്ള ഈ പ്രദേശത്തു ഇസ്രയേലിന്റെ യുദ്ധംമൂലം ഒരാള്‍പോലും എത്തിയില്ല. സാധാരണ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ വന്‍ പ്രവാഹമാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടാറുള്ളത്.
◾അമേരിക്കയില്‍ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. നോര്‍ത്ത് കരോലിനയിലെ പ്രിയങ്ക തിവാരി (33)യെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
◾ഡബ്ലിനില്‍ ആറു യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജഡ്ജി കുറ്റക്കാരനാണെന്ന് തെളിഞ്ഞു. 59 -കാരനായ ടിപ്പററിയിലെ തര്‍ലെസില്‍ നിന്നുള്ള ജെറാര്‍ഡ് ഒബ്രിയനാണ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. മുന്‍ സ്റ്റേറ്റ് സോളിസിറ്റര്‍ കൂടിയാണ് ജെറാര്‍ഡ്. ഫോകോമെലിയ ബാധിതനായ ഇയാള്‍ക്ക് രണ്ടു കൈകളും ഒരു കാലുമില്ല.
◾സൗദി അറേബ്യയില്‍ സെയില്‍സ്, പര്‍ച്ചേസിംഗ്, പ്രോജക്ട് മാനേജ്‌മെന്റ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുന്‍കൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു.
◾ഗുസ്തി ഫെഡറേഷന്‍ അഡ്‌ഹോക് സമിതിക്ക് വനിത അധ്യക്ഷ വേണമെന്ന് ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയ താരങ്ങള്‍ ആവശ്യപ്പെട്ടു. ഗുസ്തി ഫെഡറേഷനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സാക്ഷി മാലിക്ക് സ്വാഗതം ചെയ്തു. ഗോദയിലേക്ക് ഇനിയില്ലെന്ന പ്രഖ്യാപനം പിന്‍വലിച്ചേക്കും.
◾ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളി താരം മിന്നുമണിയും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര.
◾ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ജനുവരി മൂന്നിന് ആരംഭിക്കും.
◾രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക മേഖലയിലെ മികച്ച വളര്‍ച്ചാ സാദ്ധ്യതകളും ധന മാനേജ്മെന്റിലെ വൈദഗ്ദ്ധ്യവും കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഡിസംബറിലും ഇന്ത്യയിലേക്ക് വന്‍തോതില്‍ പണമൊഴുക്കി. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഡിസംബറില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ 57,300 കോടി രൂപയാണ് അധികമായി എത്തിച്ചത്. പ്രതിമാസം വിദേശ നിക്ഷേപകര്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. അമേരിക്കയില്‍ കടപ്പത്രങ്ങളുടെ മൂല്യം ഇടിയുന്നതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ വികസ്വര രാജ്യങ്ങളിലെ മികച്ച നിക്ഷേപ സാധ്യതകള്‍ മുതലെടുത്താണ് ഹെഡ്ജ് ഫണ്ടുകളും അതിസമ്പന്നരും ഇവിടേക്ക് പണമൊഴുക്കുന്നത്. ഇപ്പോഴത്തെ വിപണി സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ഇനിയും കൂടാനുള്ള സാദ്ധ്യതയാണുള്ളത്. നടപ്പു വര്‍ഷം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1.75 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങള ില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 39,300 കോടി രൂപ പിന്‍വലിച്ചതിന് ശേഷമാണ് ഓഹരികളിലേക്ക് വീണ്ടും പണമൊഴുക്ക് കൂടിയത്.
◾ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സിനിമ ഫെബ്രുവരി 9ന് സിനിമ തീയേറ്ററിലേക്ക് എത്തുന്നു പൃഥ്വിരാജ് നായകനായ കാപ്പയുടെ വന്‍ വിജയത്തിന് ശേഷം തിയ്യേറ്റര്‍ ഓഫ് ഡ്രീംസും സരിഗമയും യൂഡ്ലി ഫിലിംസിന്റേയും ബാനറില്‍ജിനു വി ഏബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസും വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ്. പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജിനു വി എബ്രഹാം ആണ്.
◾കുഞ്ചാക്കോ ബോബന്‍ – സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ഗര്‍ര്‍ര്‍..’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഥ്വിരാജ് ചിത്രം ‘എസ്രാ’ ഒരുക്കിയ ജയ് കെ ആണ് ‘ഗര്‍ര്‍ര്‍’ സംവിധാനം ചെയ്യുന്നത്. അനഘ എല്‍ കെ, ശ്രുതി രാമചന്ദ്രന്‍, രാജേഷ് മാധവന്‍, ഷോബി തിലകന്‍, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ സിംഹത്തിന് മുന്നില്‍ വീഴുന്നതും അയാളെ രക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡ് കൂടെ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നര്‍മ്മ രൂപത്തില്‍ എത്തുന്ന ‘ഗര്‍ര്‍ര്‍’ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്. ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2024 ഫെബ്രുവരിയില്‍ ചിത്രം റിലീസിനെത്തും.
◾കിയ ഉടന്‍ വിപണിയിലെത്തിക്കുന്ന നാലു മീറ്ററിനുള്ളില്‍ വലിപ്പമുള്ള കോംപാക്ട് എസ്യുവി ക്ലാവിസ് എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എവൈ എന്ന കോഡു നാമത്തില്‍ വികസിപ്പിച്ച എസ്യുവിയാണ് ക്ലാവിസ് എന്ന പേരില്‍ അറിയപ്പെടുക. സോണറ്റിനും സെല്‍റ്റോസിനും ഇടയിലായിരിക്കും ക്ലാവിസിനെ കിയ അവതരിപ്പിച്ചിരിക്കുന്നത്. 2024 അവസാനത്തോടെ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന കിയ ക്ലാവിസ് 2025 തുടക്കത്തിലായിരിക്കും ഇന്ത്യന്‍ റോഡുകളിലിറങ്ങുക. സമ്പന്നമായ പവര്‍ട്രെയിന്‍ ഓപ്ഷന്‍സ് കിയ ക്ലാവിസിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പരമ്പരാഗത ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിന്‍, വൈദ്യുത വാഹനങ്ങള്‍ എന്നിവക്കൊപ്പം കംപല്‍ഷന്‍ എന്‍ജിനുകള്‍ക്കൊപ്പം ചേര്‍ന്നുള്ള ഹൈബ്രിഡ് മോഡലുകളും കിയ ക്ലാവിസില്‍ പ്രതീക്ഷിക്കാം. ഐ സി ഇ മോഡലുകളും ഇ വികളും ഒരേ പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മിക്കുക. അടുത്തിടെ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ ടെല്യൂറൈഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനായിരിക്കും ക്ലാവിസിന്. പ്രതിവര്‍ഷം ഒരു ലക്ഷം കിയ ക്ലാവിസിനെ വരെ നിര്‍മിക്കാനുള്ള ശേഷി കിയക്കുണ്ട്. ഇതില്‍ 80 ശതമാനവും ഐ സി ഇ എന്‍ജിനുകളാണെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ക്ലാവിസ് വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്യും.
◾കരടിയും നായയും, അണ്ണാനും മരംകൊത്തിയും, മടിയന്‍ മൂങ്ങ, സൂചിയുടെ വില, ആകാശത്തിലെ അഗ്നി, മഞ്ഞുമൂങ്ങ, ഒട്ടകവും എലിയും, കള്ളക്കൊറ്റി, ചെന്നായ, രണ്ടു കരടികള്‍, മുയല്‍ക്കുഞ്ഞ്, തവളയും കൊറ്റിയും, പൂവന്‍കോഴി, കുറുക്കന്റെ മഴു, കൗശലക്കാരന്‍ നീര്‍ന്നായ, രണ്ട് അരുവികള്‍, ഇയോഗ, മലങ്കാക്ക എങ്ങനെ കറുത്തതായി? പ്രകൃതിയും പ്രകൃതിയിലെ ജീവജാലങ്ങളും കഥാപാത്രങ്ങളായ ഈ നാടോടിക്കഥകള്‍ ഒരു നാടിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു; അവയിലെ സന്ദേശങ്ങള്‍ നമുക്ക് ചില പാഠങ്ങള്‍ പകര്‍ന്നുതരുന്നു. സൈബീരിയന്‍ നാടോടിപാരമ്പര്യവും തനിമയും സൗന്ദര്യവും പ്രകാശിതമാകുന്ന കഥകള്‍. ‘സൈബീരിയന്‍ നാടോടിക്കഥകള്‍’. ദീപേഷ് കെ രവീന്ദ്രനാഥ്. മാതൃഭൂമി. വില 153 രൂപ.
◾വ്യായാമം പൊതുവെ ഹൃദയത്തിന് നല്ലതായി കണക്കാക്കുമ്പോള്‍ പെട്ടെന്നുള്ളതും തീവ്രവുമായ വ്യായാമം ആരോഗ്യത്തിന് ദോഷം ചെയ്യും. നെഞ്ചുവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ ഒരാള്‍ ട്രെഡ്മില്‍ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു. ആരോഗ്യത്തോടെയും ഫിറ്റായും തുടരാനുള്ള മികച്ച മാര്‍ഗമാണ് വ്യായാമം, പക്ഷേ നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും ആവശ്യമുള്ളപ്പോള്‍ ഇടവേളകള്‍ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇനിപ്പറയുന്ന ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍, വ്യായാമം ചെയ്യുന്നത് നിര്‍ത്തി വിശ്രമിക്കുന്നതാണ് നല്ലത്. നെഞ്ചുവേദന, ശ്വാസതടസ്സം, അല്ലെങ്കില്‍ നേരിയ തലകറക്കം, നിങ്ങളുടെ സന്ധികളിലോ പേശികളിലോ മൂര്‍ച്ചയുള്ളതോ കുത്തുന്നതോ ആയ വേദന, കടുത്ത ക്ഷീണം അല്ലെങ്കില്‍ തലകറക്കം, വ്യായാമ വേളയിലെ തലവേദന, നിര്‍ജ്ജലീകരണം ഇതെല്ലാം നിങ്ങളുടെ ഹൃദയം സമ്മര്‍ദ്ദത്തിലാണെന്നും നിങ്ങള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഉള്ള സൂചനകളാണ്. എന്നിരുന്നാലും, വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഹൃദ്രോഗ സാധ്യത കൂടുതലുള്ള ആളുകളില്‍ പോലും ജിം ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കുറവാണെന്ന കാര്യം ഏറ്റവും പ്രധാനപ്പെട്ടതാണ്.
ശുഭദിനം
കവിത കണ്ണന്‍
അവിടെ ഒരു ഇന്റര്‍വ്യൂ നടക്കുകയാണ്. അയാള്‍ തന്റെ ഊഴവും കാത്തിരിക്കുകയാണ്. അയാള്‍ ചിന്തിച്ചു: ഈ ജോലി കിട്ടിയിട്ട് വേണം വേറൊരു വീടെടുത്ത് താമസിക്കാന്‍. തന്റെ അച്ഛനമ്മമാര്‍ ചെറിയകാര്യത്തിന് പോലും വാശിപിടിക്കുകയും വഴുക്കുണ്ടാക്കുകയും ചെയ്യുന്നു. ഫാനും ലൈററും ഒഫാക്കണം, എല്ലാം അതാതിന്റെ സ്ഥാനത്ത് വെക്കണം തനിക്ക് മടുത്തു.. അപ്പോഴാണ് അയാളുടെ ഇന്റര്‍വ്യൂ ടൈം ആയെന്ന് ഓഫീസില്‍ നിന്നും അറിയിച്ചത്. അവിടേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് ഹാളിലുളള ടാപ്പില്‍ നിന്നും വെള്ളം ചോരുന്നത് അയാള്‍ കണ്ടത്. അത് അടച്ചിട്ടുവരുമ്പോള്‍ ആര്‍ക്കും വേണ്ടാതെ ഒരു ഫാന്‍ കറങ്ങുന്നു. അയാള്‍ അത് ഓഫാക്കി. മുകളിലേക്ക് കയറുമ്പോള്‍ വഴിയില്‍ ഒരു കസേര കിടക്കുന്നുണ്ടായിരുന്നു. അതൊരു വശത്തേക്ക് ഒതുക്കിയിട്ടിട്ടാണ് അയാള്‍ ഇന്റര്‍വ്യൂ റൂമിലേക്ക് കയറിയത്. അപ്പോള്‍ അഭിമുഖം നടത്തുന്നവര്‍ പറഞ്ഞു: താങ്കള്‍ നാളെ വന്നു ജോലിയില്‍ പ്രവേശിക്കൂ.. അത്ഭുതത്തോടെ നിന്ന അയാളോട് അവര്‍ പറഞ്ഞു: താങ്കളുടെ നല്ല ശീലങ്ങളും മൂല്യങ്ങളും ഞങ്ങള്‍ ക്യാമറിയിലൂടെ കണ്ടു. തിരിച്ചുവീട്ടിലെത്തിയ അയാള്‍ തന്റെ അച്ഛനോടും അമ്മയോടും ക്ഷമ ചോദിച്ചു. നമ്മള്‍ നേടിയ പാണ്ഡിത്യവും പാടവവും നിത്യ ജീവിതത്തില്‍ ഉപയോഗപ്പെടുന്നില്ലെങ്കില്‍ അവകൊണ്ട് എന്താണ ്പ്രയോജനം. ഏതൊരറിവിലും അനുകമ്പ ഇല്ലെങ്കില്‍ ആ അറിവ് വ്യര്‍ത്ഥമാണ്. അറിവ് വെളിച്ചമാകട്ടെ.. ആ വെളിച്ചം നമ്മെ നയിക്കട്ടെ – ശുഭദിനം.
➖➖➖➖➖➖➖➖