പോത്തുണ്ടി അണക്കെട്ട് 26ന് തുറക്കും

പോത്തുണ്ടി ജലസേചന പദ്ധതിയുടെ കനാലുകൾ തുറക്കാൻ തീരുമാനമായി. ഡിസംബർ 26ന് ഇടതുക്കര കനാലും, ജനുവരി മൂന്നിന് വലതു കര കനാലും തുറക്കും. ഇടതു കര കനാൽ 15 ദിവസവും വലതു കനാൽ 18 ദിവസവുമാണ് തുറക്കുക. മ നിലവിൽ 22 ദിവസത്തേക്ക് തുറക്കാനുള്ള വെള്ളമാണ് അണക്കെട്ടിൽ ശേഷിക്കുന്നത്. 55 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 25 അടി വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ഒന്നാം ഘട്ടം ജലസേചനത്തിനുശേഷം തുടർന്ന് വെള്ളം വിടുന്ന കാര്യം ജനുവരി 29ന് ചേരുന്ന ഡാം ഉപദേശക സമിതിയുടെ അടുത്ത യോഗം തീരുമാനിക്കും.
ഇരു കനാലുകളുടെയും വൃത്തിയാക്കുന്ന പ്രവർത്തി പൂർത്തിയായിട്ടുണ്ട്. ഉപകനാലുകൾ കൂടാതെ വലതുകനാലിന് 10.8 കിലോമീറ്റർ ദൂരവും 2883 ഹെക്ടർ ആയകെട്ട് പ്രദേശവും ജലസേചനത്തിനായുണ്ട്. ഇടതുകര കനാലിന് 8 കിലോമീറ്റർ ദൂരവും 2630 ഹെക്ടർ ആയകെട്ട് പ്രദേശവും ജലസേചനത്തിനായുണ്ട്. നെന്മാറ ജലസേചന വകുപ്പ് ഓഫീസിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്മിതാ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടതുകര കനാൽ അസിസ്റ്റന്റ് എൻജിനീയർ എം. രമ്യ , വലതുകര കനാൽ അസിസ്റ്റന്റ് എൻജിനീയർ അബിൻ മോഹൻ, ഉപദേശക സമിതി അംഗങ്ങളായ കെ. പ്രഭാകരൻ, മോഹനൻ, കലാധരൻ, മുരളീധരൻ, ഹരിദാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.