ബെന്നി വർഗിസ്
നെന്മാറ : നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലയമ്പാറ റോഡിൽ ബാങ്ക് പാടി, കൈകാട്ടി ബാങ്കിന് സമീപം, കേശവൻ പാറയ്ക്ക് സമീപം തേനിപ്പാടി, നൂറടി എന്നിവിടങ്ങളിൽ പല വർഷങ്ങളിലായി നിർമ്മിച്ച ശുചി മുറികളാണ് വെള്ളത്തിനുള്ള സൗകര്യം പോലും ലഭ്യമാക്കാതെ അടഞ്ഞുകിടക്കുന്നത്. കരപാറയിൽ നിർമ്മിച്ചിട്ടുള്ള ശുചി മുറിയിൽ മാത്രമാണ് ഭാഗികമായെങ്കിലും വെള്ളം സൗകര്യമുള്ളത്. തൊട്ടടുത്ത കാട്ടുചോലയിൽ നിന്നും ഒരു ഒരു കുഴലിലൂടെ തുടർച്ചയായി ഒഴുകിവരുന്ന സംവിധാനമാണ് ഇവിടുത്തെ വെള്ളം സൗകര്യം. നെല്ലിയാമ്പതി മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ച ശുചി മുറികളിൽ പലതിന്റെയും വാതിലുകളും മറ്റും വന്യമൃഗങ്ങളും സാമൂഹ്യവിരുദ്ധരും ഇതിനോടകം നശിപ്പിച്ചു. ലക്ഷങ്ങൾ കരാറുകാരനു നൽകി പഞ്ചായത്തിന്റെ മറ്റു വികസന പ്രവർത്തനങ്ങളിലേക്ക് ഉപയോഗിക്കാതെ ഫണ്ട് പാഴാക്കിയെന്നാണ് നാട്ടുകാരും വിനോദസഞ്ചാരികളും പറയുന്നത്. വിനോദസഞ്ചാരികൾ പലരും സ്വകാര്യ റിസോർട്ടുകളുടെയും ഹോട്ടലുകാരുടെയും ഔദാര്യത്തിലാണ് ശുചി മുറി സൗകര്യം ഉപയോഗിക്കുന്നത്.
മണിക്കൂറുകളും കിലോമീറ്ററുകളും ദൂരം താണ്ടി യാത്ര ചെയ്തെത്തുന്ന വിനോദസഞ്ചാരികൾ പ്രാഥമിക ആവശ്യത്തിന് മറവുകൾ തേടി കാട്ടാനെ ഉൾപ്പെടെ വന്യമൃഗങ്ങളുടെ സജീവ സാന്നിധ്യമായ വനമേഖലയിലേക്കും കാട്ടുചോലകൾക്കും ഉള്ളിലും കയറുന്നത് പതിവാണ്.
ഉദ്ഘാടനം പോലും ചെയ്യാതെ നൂറടിയിൽ 15 വർഷം മുൻപു സ്ഥാപിച്ച ശുചിമുറി. വാതിലുകൾ തകർന്നും ജീർണിച്ചും നിൽക്കുന്നു.