ബെന്നി വർഗിസ്
നെല്ലിയാമ്പതി ഗവ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ഹൈടെക് രീതിയില്‍ കൃഷി ചെയ്ത് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെ.പി.സി.എച്ച്. വണ്‍ ഹൈബ്രിഡ് ഇനം സലാഡ് കുക്കുമ്പറിന്റെ വിളവെടുപ്പ് നടന്നു. കര്‍ഷക ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു. ആദ്യ തവണ 10 സെന്റ് പോളി ഹൗസില്‍ സലാഡ് കുക്കുമ്പര്‍ കൃഷി ചെയ്ത് രണ്ട് ടണ്‍ ഉത്പാദിപ്പിച്ചിരുന്നു. സന്ദര്‍ശകരുടെയും കര്‍ഷകരുടെയും ഇടയില്‍ ഏറെ സ്വീകാര്യതയും ലഭിച്ചു. അതില്‍നിന്നുള്ള പ്രചോദനമാണ് വീണ്ടും 10 സെന്റ് പോളി ഹൗസില്‍ ഹൈടെക് രീതിയില്‍ കൃഷി ഇറക്കുവാന്‍ കാരണമായതെന്ന് ഫാം സൂപ്രണ്ട് പി. സജിദലി പറഞ്ഞു.
കുക്കുമ്പര്‍ നട്ട് 36 ദിവസം കൊണ്ട് വിളവെടുപ്പ് ആരംഭിക്കും. ഒരു ചെടിയില്‍ നിന്ന് 22 മുതല്‍ 28 കായകള്‍ വരെ ലഭിക്കും. ശരാശരി ഒരു കായ 240 മുതല്‍ 250 ഗ്രാം വരെ തൂക്കം വരുന്നുണ്ട്. കാബേജ്, ചൈനീസ് കാബേജ്, റാഡിഷ്, കോളിഫ്‌ളവര്‍ എന്നിവയുടെയും വിളവെടുപ്പ് തുടങ്ങി. തക്കാളി, കാബേജ്, ബ്രോക്കോളി, ചൈനീസ് കാബേജ്, കോളിഫ്‌ളവര്‍ എന്നിവ പോളിഹൗസിലും പുറത്തും ഹൈടെക് രീതിയില്‍ കൃഷി ചെയ്ത് വരുന്നുണ്ട്. കൂടാതെ ആറ് ഹെക്ടര്‍ സ്ഥലത്ത് ഓറഞ്ച്, മറ്റു പഴവര്‍ഗ വിളകള്‍ എന്നിവയുടെ ഇടവിള എന്ന നിലക്ക് കാബേജ്, കോളി ഫ്‌ളവര്‍, നോള്‍കോള്‍, ചൈനീസ് കാബേജ്, റാഡിഷ്, കാരറ്റ്, ബീറ്റ്‌റൂട്ട്, ലെറ്റിയൂസ്, വയലറ്റ് കാബേജ്, പാലക്ക്, ബീന്‍സ്, ബട്ടര്‍ ബീന്‍സ് തുടങ്ങിയ വിവിധ ഇനം ശീതകാല പച്ചക്കറികളും കൂര്‍ക്ക, നിലക്കടല, മധുരക്കിഴങ്ങ്, പച്ചമുളക്, കാന്താരി മുതലായവയും കൃഷിയിറക്കിയിട്ടുണ്ട്. ഫാമിലെ മുന്‍വശത്തുള്ള സെയില്‍സ് കൗണ്ടറില്‍ എല്ലാ ദിവസവും വിളവെടുത്ത ഫാം ഫ്രഷ് ഉത്പന്നങ്ങള്‍ വില്‍പ്പനക്ക് ലഭ്യമാക്കുന്നുണ്ട്. അധികം വരുന്നത് ഹോര്‍ട്ടി കോര്‍പ്പ്, കൃഷി വകുപ്പ് ഇക്കോ ഷോപ്പുകള്‍ എന്നിവയിലൂടെയും വിപണനം നടത്തുന്നു. ഫാമിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള കൂട്ടായ പരിശ്രമങ്ങളിലൂടെ കൂടുതല്‍ മികച്ചതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഫാം സൂപ്രണ്ട് പറഞ്ഞു. സലാഡ് കുക്കുമ്പര്‍ പോളി ഹൗസ് കൃഷിക്ക് പാര്‍വ്വതി, യേശുമേരി, യോഗേശ്വരി, ജോയ് എന്നീ തൊഴിലാളികളും കൃഷി അസിസ്റ്റന്റുമാരായ വസീം ഫജ്ല്‍, ജാന്‍സി എന്നിവരുമാണ് നേതൃത്വം നല്‍കുന്നത്.
വിളവെടുപ്പില്‍ മലമ്പുഴ ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്പ്‌മെന്റ് ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ശാന്തിനി അധ്യക്ഷയായി. കൃഷി ഓഫീസര്‍ ദേവി കീര്‍ത്തന, തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ ബാബു, മുരുകന്‍, ഹബീബുള്ള എന്നിവര്‍ പങ്കെടുത്തു.