കോരഞ്ചിറ – പന്തലാംപാടം മലയോര ഹൈവേ തകർന്നു

വടക്കഞ്ചേരി : കണ്ണമ്പ്ര- കിഴക്കഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോരഞ്ചിറ- പന്തലാംപാടം മലയോര ഹൈവേ തകർന്നു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന മലയോര ഹൈവേ വൻ കുഴികളായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

കാൽനടയാത്രയ്ക്കു പോലും പറ്റാത്ത രീതിയിൽ റോഡ് തകർന്നിട്ടും തിരിഞ്ഞുനോക്കാൻ ആരുമില്ല.റോഡ് നിർമാണത്തിനായി ഫണ്ട് അനുവദിച്ചെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ നിർമാണം മാത്രം നടക്കുന്നില്ല. വാൽക്കുളമ്പ് മുതൽ പനംകുറ്റി വരെ റോഡ് ഇല്ലാത്ത അവസ്ഥയാണുള്ളത്. ഒരുപണിയും ഇവിടെ ചെയ്തിട്ടില്ല. മഴവെള്ളം കുത്തിയൊലിച്ചെത്തി റോഡിന്റെ പല ഭാഗവും വൻ ഗർത്തമായി. റോഡിൽ പല ഭാഗത്തും വെള്ളച്ചാലുകളുടെ നിർമാണവും നടന്നിട്ടില്ല. കാടുവളർന്ന നിലയിലാണ് പാതയോരങ്ങൾ.തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി ഇവ വെട്ടി വൃത്തിയാക്കണമെന്ന ആവശ്യവും ശക്തമാണ്. മലയോരജനത നിരന്തരം പരാതി പറഞ്ഞിട്ടും റോഡ് നന്നാക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിന്റെ നിർമാണം തുടങ്ങിയില്ലെങ്കിൽ ശക്ത‌മായ സമരം ആരംഭിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.