*
➖➖➖➖➖➖➖➖
➖➖➖➖➖➖➖➖
◾തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമനം പ്രധാനമന്ത്രിയുടെ കൈപ്പിടിയിലാക്കുന്ന ബില്‍ പാസാക്കി ലോക്സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. നിയമനത്തിനുള്ള മൂന്നംഗ സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്നയാളെ ഉള്‍പെടുത്തി. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമാണു സമിതിയിലെ മറ്റു രണ്ടംഗങ്ങള്‍. ചീഫ് ജസ്റ്റീസ് ഉള്‍പെടുന്ന പാനലാണു നിയമനം നടത്തേണ്ടതെന്ന സുപ്രീം കോടതിയുടെ ഉത്തരവു മറികടക്കാനാണു നിയമ ഭേദഗതി വരുത്തിയത്. പ്രതിപക്ഷ എംപിമാരെയെല്ലാം സസ്പെന്‍ഡു ചെയ്തു പുറത്താക്കിയശേഷമാണ് ബില്‍ പാസാക്കിയത്.
◾ഇന്നുകൂടി ചേരാനിരുന്ന ലോക്സഭ സര്‍ക്കാരിന്റെ എല്ലാ ബില്ലുകളും ഇന്നലെ പാസായതോടെ ഒരു ദിവസം മുമ്പെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇന്നലെ ലോക്സഭയില്‍ മൂന്നു പേരെകൂടി സസ്പെന്‍ഡു ചെയ്തു. ഇതോടെ ലോകസഭയില്‍ സസ്പെന്‍ഷനിലായ എംപിമാരുടെ എണ്ണം നൂറായി. ഇരു സഭകളിലുമായി സസ്പെന്‍ഷനിലായവരുടെ എണ്ണം 146 ആണ്. ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും.
◾കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിലെ നടപടികള്‍ക്കെതിരേ യുഡിഎഫ് സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്കു പരാതി നല്‍കി. വൈസ് ചാന്‍സലര്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയില്ലെന്നും ഏകാധിപത്യ രീതിയിലാണു യോഗം നിയന്ത്രിച്ചതെന്നും പരാതിയില്‍ പറയുന്നു. സെനറ്റ് ഹൗസിന്റെ സുരക്ഷാ ചുമതല എസ്എഫ്ഐക്കു നല്‍കിയെന്നും ഗവര്‍ണറുടെ നോമിനികളെ അവര്‍ തടഞ്ഞെന്നും പരാതിപ്പെട്ടിട്ടുണ്ട്.
◾അക്രമത്തിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയുമായി ഒരു സംവാദത്തിനും ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെനറ്റ് അഗങ്ങളെ തടയാന്‍ എന്ത് അധികാരമാണ് എസ്എഫ്ഐക്കുള്ളത്. സുപ്രീംകോടതി ഉത്തരവിട്ടിട്ടും സര്‍വകലാശാല കാര്യങ്ങളില്‍ ഇടപെടുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചില്ല. അതു തുടരാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾തിരുവനന്തപുരം വെഞ്ഞാറമൂടില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസിനു കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്ന കോണ്‍ഗ്രസ് നേതാക്കളെ സ്റ്റേഷന്‍ കാമ്പസില്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. കോണ്‍ഗ്രസ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ് ബിനു എസ് നായര്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.
◾പിണറായിയിലെ രക്തദാഹിയെ അന്നു കോണ്‍ഗ്രസുകാര്‍ വെറുതെ വിട്ടതാണെന്നും കണ്ണൂരില്‍ കുഴിച്ചു മൂടാന്‍ കഴിയുമായിരുന്നു എന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിമര്‍ശനം. അടിക്കു തിരിച്ചടി തന്നെയാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. അവസാനത്തെ കനല്‍തരിയും ചാരമാകും. പിണറായി വിജയന്റെ ജല്പനങ്ങള്‍ക്കുള്ള മറുപടി ശനിയാഴ്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ തരാമെന്നും കുറിച്ചിട്ടുണ്ട്.
*
◾നവകേരള സദസ് ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ വേണ്ടിയുള്ള പരിപാടി അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനും കുഞ്ഞുങ്ങള്‍ക്കും വേണ്ടി എല്ലാവരേയും കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാടിന്റെ വികസനമെന്ന വിശാല താത്പര്യമാണു ലക്ഷ്യം. പരിപാടി ബഹിഷ്‌കരിച്ചവര്‍ നാടിനെതിരായ സമീപനമാണു സ്വീകരിച്ചത്. പിണറായി പറഞ്ഞു.
◾എസ്എഫ്ഐ സമരത്തെ താലോലിച്ച പിണറായി പൊലീസ് യൂത്ത് കോണ്‍ഗ്രസുകാരുടെ തലയടിച്ച് പൊട്ടിക്കുന്നതും പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ച് കീറുന്നതും കേരളം കാണുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പൊലീസ് പൊലീസിന്റെ പണി എടുത്താല്‍ അംഗീകരിക്കും. പാര്‍ട്ടി ഗുണ്ടകളുടെ പണി എടുത്താല്‍ പ്രതിരോധിക്കുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.
◾പിണറായി സര്‍ക്കാര്‍ 2026 വരെ മുന്നോട്ട് പോകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 99 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ല. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സെനറ്റില്‍ ഒരു മാറ്റവും വരില്ല. കേന്ദ്ര സേനയെ ഇറക്കിയും പിണറായി സര്‍ക്കാരിനെ പിരിച്ചു വിട്ടിട്ടാണെങ്കിലും സര്‍വകലാശാലയില്‍ സെനറ്റ് യോഗം ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഗവര്‍ണര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു.
◾കരുവന്നൂര്‍ ബാങ്ക് കള്ളപ്പണമിടപാട് കേസില്‍ മറ്റു പ്രതികളെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എന്‍ഫോഴ്സ്മെന്റിനോട് എറണാകുളം പി.എം.എല്‍.എ കോടതി. സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണു കോടതിയുടെ ചോദ്യം. അരവിന്ദാക്ഷന്‍ അന്വേഷണത്തോട് സഹകരിക്കാത്തത്തിനാലാണ് അറസ്റ്റ് ചെയ്തതെന്ന് ഇഡി കോടതിയെ അറിയിച്ചു. മറ്റു പ്രതികള്‍ അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്നും ഇഡി വിശദീകരിച്ചു.
◾എറണാകുളം കളമശ്ശേരിയിലെ സ്ഫോടനം നടന്ന കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമക്കു വിട്ടുനല്‍കണമെന്നു ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കില്‍ ഹാളില്‍നിന്നു രണ്ടുദിവസത്തിനകം വീണ്ടും സാമ്പിളുകള്‍ ശേഖരിക്കാം. പൊലീസിന്റെ കസ്റ്റഡിയിലാണ് കണ്‍വന്‍ഷന്‍ സെന്റര്‍.
◾കേരളത്തില്‍ 5000 കോടി രൂപയുടെ വമ്പന്‍ നിക്ഷേപവുമായി ബിപിസിഎല്‍. കൊച്ചിയില്‍ പോളിപ്രൊപ്പിലീന്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് മന്ത്രി പി രാജീവ് വെളിപെടുത്തി.
◾ജനുവരി മൂന്നിനു തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കും. മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം ഒരുക്കുന്നത്. മോദിയുടെ ജന്മസ്ഥലം അടക്കം രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്നുള്ള മണല്‍ ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്.
◾കൊല്ലം പത്തനാപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറിലേക്കു പാഞ്ഞ് കയറി. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനാപുരം നെടുംപറമ്പിലാണ് സംഭവം. കായംകുളത്തുനിന്ന് പുനലൂരിലേക്കു സര്‍വീസ് നടത്തിയ ബസ്സാണ് അപകടത്തില്‍ പെട്ടത്.
◾വയനാട്ടില്‍നിന്ന് പിടിയിലായ കടുവയെ തൃശൂരില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ കടുവയുടെ വായിലെ മുറിവ് തുന്നിക്കെട്ടിയെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി ഐ എഫ് എസ് അറിയിച്ചു.
◾ക്രിസ്മസ് ആഘോഷത്തിനിടെ പന്തളം എന്‍ എസ് എസ് കോളേജില്‍ എസ്എഫ്ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. ഏതാനും പേര്‍ക്കു പരിക്കേറ്റു.
◾നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി. പണിയെടുക്കുന്നവര്‍ക്ക് നിലത്ത് കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയെന്ന പരാമര്‍ശത്തിനെതിരേയാണ് സാമൂഹ്യപ്രവര്‍ത്തക ധന്യാരാമന്‍ പരാതിനല്‍കിയത്.
◾കോഴിക്കോട് മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. കോടഞ്ചേരി മൈക്കാവ് സ്വദേശി ജിന്‍സണ്‍ ജോണിനെതിരെയാണ് കേസ്.
◾ജിദ്ദയിലെ ആശുപത്രിയില്‍ 50 ദിവസമായി ചികിത്സയിലായിരുന്ന മലയാളി ഉംറ തീര്‍ഥാടകന്‍ മരിച്ചു. ഭാര്യയോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ കുഴിയംകുത്ത് മദ്രസക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്‌മാന്‍ (78) ആണ് മരിച്ചത്.
◾എറണാകുളം സ്വദേശിയായ യുവതിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച കേസില്‍ യുവാവിനെയും ദൃശ്യം പകര്‍ത്തിയ പെണ്‍ സുഹൃത്തിനെയും കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ സ്വകാര്യ ആയുര്‍വേദ സെന്ററിലെ ജോലിക്കാരായ ശരത് (28), നീലഗിരി ഗൂഡല്ലൂര്‍ സ്വദേശിയായ സൂര്യ എസ് (33) എന്നിവരാണ് അറസ്റ്റിലായത്.
◾ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതംമൂലം മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി രാമകൃഷ്ണന്‍ (60) ആണ് മരിച്ചത്. പമ്പ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾ഭിന്നശേഷിക്കാരിയായ എട്ടു വയസുള്ള മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌ക ആണ് കൊല്ലപ്പെട്ടത്. അമ്മ മിനി ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.
◾രാജ്യസുരക്ഷയ്ക്കായി ഫോണുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന ടെലികോം ബില്‍ പാര്‍ലമെന്റ് പാസാക്കി. ഒരാള്‍ക്കു പരമാവധി കൈവശം വയ്ക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണം ഒമ്പതാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
◾പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിനു കൈമാറി. പാര്‍ലമെന്റില്‍ പുകയാക്രമണം നടത്തിയ സാഹചര്യത്തിലാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ സുരക്ഷാ ചുമതല ഏല്‍പിച്ചത്. നേരത്തെ ഡല്‍ഹി പോലീസിനായിരുന്നു സുരക്ഷാ ചുമതല.
◾റോഡുകളില്‍ ടോള്‍ പ്ലാസകള്‍ക്കും ഫാസ്ടാഗുകള്‍ക്കും പകരം ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. റോഡ് ഉപയോഗിക്കുന്നതിനനുസരിച്ച് ടോള്‍ തുക നല്‍കുന്ന രീതിയാകും നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.
◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് സ്വീകരിച്ചു. സോണിയ ഗാന്ധി നേരിട്ടോ കോണ്‍ഗ്രസ് പ്രതിനിധി സംഘമോ ചടങ്ങിനെത്തുമെന്ന് എഐസിസി അറിയിച്ചു.
◾വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവും 50 ലക്ഷം രൂപ വീതം പിഴയും മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചെങ്കിലും പൊന്മുടി മന്ത്രിസ്ഥാനം രാജിവയ്ക്കില്ല. രണ്ടു വര്‍ഷത്തിലേറെ തടവുശിക്ഷ വിധിച്ചതിനാല്‍ പൊന്മുടി എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടു. പൊന്മുടിയുടെ വകുപ്പുകള്‍ രണ്ടു മന്ത്രിമാര്‍ക്കു കൈമാറി ഗവര്‍ണര്‍ ഉത്തരവിറക്കി.
◾രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റതിന് സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിശിത വിമര്‍ശനവുമായി രാഹുല്‍ഗാന്ധി. നേതാക്കള്‍ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുകയും എഐസിസിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. തോല്‍വിയില്‍ എഐസിസി നേതൃത്വത്തിനും പങ്കുണ്ടെന്ന് ദിഗ് വിജയ് സിംഗ് തിരിച്ചടിച്ചു. രണ്ടാം ഭാരത് ജോഡോ യാത്ര ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെ ബാധിക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
◾ജമ്മുകാഷ്മീരിലെ രജൗരിയില്‍ സൈനിക വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രിയിലും ഏറ്റുമുട്ടല്‍ തുടര്‍ന്നു.
◾ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സര്‍വകലാശാലയില്‍ അക്രമി നടത്തിയ വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. വെടിയേറ്റ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾യുകെയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. 23 വയസുകാരന്‍ ഗുരഷ്മാന്‍ സിങ് ഭാട്ടിയയുടെ മൃതദേഹമാണ് ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫിലുള്ള തടാകത്തിനരികില്‍ കണ്ടെത്തിയത്.
◾ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ പാനല്‍ വിജയിച്ചതോടെ ഗുസ്തിയില്‍നിന്നു വിരമിക്കുകയാണെന്നു പ്രഖ്യാപിച്ച് ഗുസ്തി താരം സാക്ഷി മാലിക്. വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി മേശപ്പുറത്തുവച്ച് സാക്ഷി മാലിക് ഇറങ്ങിപ്പോയി.
◾മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിന്റെ മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 78 റണ്‍സിന്റെ വിജയം, ഒപ്പം പരമ്പര വിജയവും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 108 റണ്‍സ് നേടിയ സഞ്ജു സാംസണിന്റേയും 52 റണ്‍സ് നേടിയ തിലക് വര്‍മയുടേയും മികവില്‍ 8 വിക്കറ്റിന് 296 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ കന്നി സെഞ്ച്വറി നേടിയ സഞ്ജു സാംസനാണ് കളിയിലെ താരം. അര്‍ഷ്ദീപ് സിംഗാണ് പരമ്പരയിലെ താരം.
◾സഞ്ജു സാംസണിന്റെ സെഞ്ച്വറി നേട്ടത്തില്‍ അഭിമാനം കൊണ്ട് കേരളം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു മലയാളി ക്രിക്കറ്ററും ഇതുവരെ സെഞ്ച്വറി നേടിയിട്ടില്ല. മൂന്ന് സിക്‌സറും ആറ് ഫോറുമടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. നിര്‍ണായകമായ മത്സരത്തില്‍, ബാറ്റിംഗിന് അനുകൂലമല്ലാത്തൊരു പിച്ചിലാണ് സഞ്ജുവിന്റെ സെഞ്ച്വറിയെന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.
◾കൊച്ചി ആസ്ഥാനമായ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന് പ്രാരംഭ ഓഹരി വില്‍പ്പന നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി. കഴിഞ്ഞ ഓഗസിറ്റിലാണ് ഐ.പി.ഒയ്ക്കായി പോപ്പുലര്‍ വെഹിക്കിള്‍സ് സെബിക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഇതിന് മുമ്പ് 2021 ഓഗസ്റ്റിലും കമ്പനി ഐ.പി.ഒയ്ക്കായി അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നെങ്കിലും പ്രതികൂല വിപണി സാഹചര്യങ്ങള്‍ മൂലം ഐ.പി.ഒ നടത്തിയിരുന്നില്ല. ജനുവരി പകുതിയോടെ സെബിയുടെ അനുമതി ലഭിച്ചതിനാല്‍ ജനുവരിയില്‍ തന്നെ കമ്പനി ഐ.പി.ഒയുമായെത്തുമെന്നാണ് കരുതുന്നത്. ജനുവരി ആദ്യത്തോടെ തീയതി പ്രഖ്യാപിച്ചേക്കും. ഐ.പി.ഒയിലൂടെ ഏകദേശം 700 കോടി രൂപ സമാഹരിക്കാനാണ് പോപ്പുലര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 250 കോടി രൂപ പുതിയ ഓഹരികളിലൂടെ ആയിരിക്കും. ബാക്കി നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴി സമാഹരിക്കും. 14,275,401 കോടിയുടെ ഇക്വിറ്റി ഓഹരികളാണ് ഒ.എഫ്.എസിലുണ്ടാവുക. 2022-23 സാമ്പത്തിക വര്‍ഷം പോപ്പുലര്‍ വെഹിക്കിള്‍സ് 4,893 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. 2020-21ലെ 3,000 കോടി രൂപയില്‍ നിന്നാണ് വരുമാനം കുതിച്ച് 4,900 കോടി രൂപയിലേക്കെത്തിയത്.
◾ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ട് ‘തലവന്‍’ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. അനുരാഗ കരിക്കിന്‍ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങള്‍ ഈ കൂട്ടുക്കെട്ടില്‍ പിറന്ന വിജയ ചിത്രങ്ങളാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം ജിസ് ജോയ് സംവിധാനം നിര്‍വഹിക്കുന്നു. പരസ്പരം പോരടിക്കുന്ന പൊലീസ് ഓഫീസര്‍മാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഈ സിനിമ. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
◾പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ ലഭിച്ച ചിത്രമായിരുന്നു കന്നഡ താരം രാജ് ബി ഷെട്ടി നായകനായ ‘ടോബി’. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ഒടിടിയിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രം ഡിസംബര്‍ 22 മുതല്‍ പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവില്‍ പ്രദര്‍ശിപ്പിക്കും. മലയാളികൂടിയായ ബേസില്‍ എ എല്‍ ചാലക്കല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മലയാളി സംഗീത സംവിധായകന്‍ മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗരുഡ ഗമന വൃഷഭ വാഹന, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന്റെ ശ്രദ്ധേയ വര്‍ക്ക് ആണ് ഈ ചിത്രത്തിലേത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാര്‍, സംയുക്ത ഹൊര്‍നാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്.
◾ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച്, പരമാവധി വേഗം മണിക്കൂറില്‍ 85 കിലോമീറ്റര്‍. ഒപ്പം ആകര്‍ഷക ലുക്കും കിടിലന്‍ ഫീച്ചറുകളും. ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് ഒഡീസിയുടെ പുത്തന്‍ വൈദ്യുത ബൈക്ക് വിപണിയിലെത്തിക്കഴിഞ്ഞു. 1.65 ലക്ഷം രൂപ എക്സ്ഷോറൂം വിലയുമായി ഒഡിസി ഇലക്ട്രിക് വെഹിക്കിള്‍സിന്റെ വേഡര്‍ ആണ് വിപണിയിലേക്ക് ചുവടുവച്ചത്. സാധാരണ ബൈക്കുകളോട് കിടപിടിക്കുന്ന ഫീച്ചറുകളാല്‍ സമ്പന്നമാണ് ഒഡിസി വേഡറും. ഒഡിസി വേഡറിന്റെ കേരളത്തിലെ ആദ്യ വിതരണം കൊച്ചിയില്‍ നടന്നു. ഐ.ഒ.ടി കണക്റ്റിവിറ്റിയും ഒ.ടി.എ അപ്ഡേറ്റുകളും ലഭ്യമാക്കുന്ന 7 ഇഞ്ച് ആന്‍ഡ്രോയ്ഡ് ഡിസ്പ്ലേ സഹിതമാണ് ഒഡിസി വേഡര്‍ എത്തിയിരിക്കുന്നത്. 3,000 വാട്സ് ഇലക്ട്രിക് മോട്ടോറാണ് ഈ സ്‌കൂട്ടറിന്റെ കരുത്ത്. കോംബി ബ്രേക്കിംഗ് സിസ്റ്റം എന്ന സവിശേഷതയുള്ള വേഡറിന്റെ മുന്നില്‍ 240 എം.എം ഡിസ്‌ക് ബ്രേക്കും പിറകില്‍ 220 എം.എം ഡിസ്‌ക് ബ്രേക്കുമാണ് ഘടിപ്പിച്ചിട്ടുള്ളത്. നാല് മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണ്ണമായും ചാര്‍ജാകുന്ന ഐ.ടി 67 എ.ഐ.എസ് 156 അംഗീകൃതമായ ലിഥിയം-അയോണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. ഫിയറി റെഡ്ഡ്, വെനം ഗ്രീന്‍, മിസ്റ്റി ഗ്രേ, മിഡ്നൈറ്റ് ബ്ലൂ, ഗ്ലോസി ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ ഒഡിസി വേഡര്‍ ലഭ്യമാണ്. അബാന്‍ മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി ഒഡിസി വേഡര്‍ ലഭ്യമാണ്. മാത്രമല്ല ഫ്ളിപ്പ്കാര്‍ട്ട്, കമ്പനിയുടെ വെബ്സൈറ്റ് എന്നിവയിലൂടെയും ഈ ബൈക്ക് സ്വന്തമാക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.
◾മാര്‍ക്സിസത്തിന്റെ ആലോചനകള്‍ക്ക് പുറത്താണ് എന്ന് വിധിയെഴുതുന്ന, സമകാലികമെന്ന് വിളിക്കാവുന്ന ജ്ഞാനമണ്ഡലങ്ങളെ മാര്‍ക്സിസത്തിന്റെ അതിവിശാലമായ ലോകത്തോട് സുനില്‍ പി ഇളയിടം ഈ പ്രഭാഷണങ്ങളില്‍ കണ്ണിചേര്‍ക്കുന്നു.ഏകശിലാത്മകമായ ഒരു പ്രവണതയോ പ്രസ്ഥാനമാ അല്ല ഇടതുപക്ഷമെന്നും ഉള്‍ക്കൊള്ളലിലൂടെയും സ്വയം വിമര്‍ശനത്തിലൂടെയും മുന്നോട്ടു കുതിക്കുന്ന ഒരു വിപുലവ്യവസ്ഥയാണെന്നും ഓര്‍മപ്പെടുത്തുന്ന പുസ്തകം. ‘മാര്‍ക്സിസത്തിന്റെ സമകാലികത’. സുനില്‍ പി ഇളയിടം. ഐ ബുക്സ്. വില 380 രൂപ.
◾മഞ്ഞുകാലത്ത് മുടി കൊഴിച്ചിലുണ്ടാകാം. ഈ കാലാവസ്ഥ മുടി കൊഴിച്ചിലിന് അനുകൂലാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് എന്നത് സത്യമാണ്. മഞ്ഞുകാലത്ത് അന്തരീക്ഷം വരണ്ടിരിക്കും. ഇത് തലയോട്ടിയും മുടിയുമൊക്കെ വല്ലാതെ ‘ഡ്രൈ’ ആകുന്നതിലേക്ക് നയിക്കും. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം. മുടി പൊട്ടിപ്പോവുക, മുടിയുടെ കട്ടി കുറഞ്ഞുപോവുക, താരന്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം മഞ്ഞുകാലത്ത് കൂടാം. ഇതെല്ലാം തന്നെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാര്യങ്ങളാണ്. ഇങ്ങനെ പല രീതിയിലായി മുടിയുടെ ആരോഗ്യം മഞ്ഞുകാലത്ത് ബാധിക്കപ്പെടുന്നു. ഇത്തരം പ്രശ്നങ്ങളൊഴിവാക്കാന്‍ മഞ്ഞുകാലത്ത് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കുറഞ്ഞത് മുടിയിലും തലയോട്ടിയിലും നന്നായി എണ്ണ തേച്ചുപിടിപ്പിക്കണം. ഇത് ഡ്രൈ ആകുന്നത് തടയാന്‍ സഹായിക്കും. മഞ്ഞുകാലത്തിനായി പ്രത്യേകമുള്ള ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. മുടിക്ക് പ്രശ്നമുള്ളവര്‍ ഹീറ്റ് സ്റ്റൈലിംഗ്, അത്തരത്തിലുള്ള ഉപകരണങ്ങളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. മുടിക്ക് പ്രശ്നമില്ലാത്തവരായാലും ഹീറ്റ് സ്റ്റൈലിംഗ് മഞ്ഞുകാലത്ത് അത്ര നല്ലതല്ല. ഇനി, നനഞ്ഞ മുടി അപ്പാടെ ഇട്ട് പുറത്തുപോകുന്നതും ഒഴിവാക്കണം. ഇതും മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് കാരണമാകും. മഞ്ഞുകാലത്ത് മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ മുടി എപ്പോഴും മോയിസ്ചറൈസ് ചെയ്ത് നിര്‍ത്തുന്നതാണ് മികച്ചൊരു മാര്‍ഗം. ആഴ്ചയിലൊരിക്കലെങ്കിലും ലീവ്-ഇന്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും വളരെ നല്ലതാണ്.
ശുഭദിനം
കവിത കണ്ണന്‍
അയാള്‍ വളരെ കഠിനാധ്വാനിയായിരുന്നു. പല പ്രവൃത്തികള്‍ ചെയ്യുമെങ്കിലും ഒന്നും പൂര്‍ത്തിയാക്കാന്‍ അയാള്‍ക്കായില്ല. ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം അയാള്‍ ഒരു സന്യാസിയെ ചെന്നുകണ്ടു. സന്യാസി അയാള്‍ക്ക് ഒരു മന്ത്രതകിട് കൊടുത്തുകൊണ്ട് പറഞ്ഞു: ഇതിലെ മന്ത്രങ്ങള്‍ നിന്നെ വിജയത്തിലെത്തിക്കും. നീ ഇനിമുതല്‍ ധൈര്യവാനായിരിക്കും. ഇത് വിശേഷമായ മന്ത്രതകിടാണ്. പക്ഷേ, ഇതിന് ഫലപ്രാപ്തി ലഭിക്കണമെങ്കില്‍ ഇത് ധരിച്ച് ഇന്നുരാത്രി ഒരു സെമിത്തേരിയില്‍ നീ ചെലവഴിക്കണം. ആദ്യം അയാള്‍ക്ക് പേടി തോന്നിയെങ്കിലും മന്ത്രതകിടിന്റെ ശക്തിയോര്‍ത്ത് അയാള്‍ ആ രാത്രി ഒരു സെമിത്തേരിയില്‍ കഴിഞ്ഞു. അതയാള്‍ക്ക് ആത്മവിശ്വാസമേകി. പിന്നീടൊരു കാര്യത്തിനും അയാള്‍ പിന്നോട്ട് പോയിട്ടേയില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സന്യാസിയെ കണ്ടപ്പോള്‍ അയാള്‍ ആ മന്ത്രതകിടിന്റെ കാര്യം പറഞ്ഞു. സന്യാസി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ഇതിലൊന്നും എഴുതിയിട്ടില്ല. നീ നിന്നില്‍ വിശ്വസിക്കാന്‍ തുടങ്ങിയതാണ് നിന്റെ വിജയത്തിനാധാരം. സ്വന്തമായ വിശ്വാസസംഹിതകളിലൂടെയാണ് എല്ലാവരും സഞ്ചരിക്കുന്നത്. ഇതില്‍ അഹംഭാവം ഉളളവരും, ആത്മവിശ്വാസമുള്ളവരും, അപകര്‍ഷതാബോധമുളളവരുമുണ്ട്. ഈ വ്യത്യാസം അവരുടെ പ്രവൃത്തികളില്‍ നമുക്ക് കാണാം. ആത്മവിശ്വാസത്തോളം വലിയ വിശ്വാസമില്ല. നമ്മുടെ എല്ലാ വിശ്വാസങ്ങളും നമ്മുടെ മനസ്സിനെ ശക്തിപ്പെടുത്താനുള്ളതാണ്. ആ വിശ്വാസത്തെ ജ്വലിപ്പിക്കുക…. – ശുഭദിനം.
➖➖➖➖➖➖➖➖