21.12.2023
മന്ത്രിസഭ പുന:സംഘടിപ്പിക്കാൻ സർക്കാർ
?️മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്. നവകേരള സദസിനു ശേഷം മുൻ നിശ്ചയിച്ച പ്രകാരം രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും പുതിയ മന്ത്രിമാരായേക്കും. ഡിസംബർ 29ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. ഇരുവർക്കും രണ്ടുവർഷത്തേക്കാണ് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നവകേരളസദസ് ജനുവരി ആദ്യവാരം പൂർത്തിയാക്കിയതിനു ശേഷം മതിയോ സത്യപ്രതിജ്ഞ എന്നാലോചിക്കുന്നുണ്ട്. നവംബർ 18 ന് തുടങ്ങിയ നവകേരള സദസ് ഡിസംബർ 23 ന് തിരുവനന്തപുരത്താണ് സമാപിക്കുക.
കലാപം അഴിച്ചു വിടാൻ സതീശൻ ശ്രമിക്കുന്നു; അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് മന്ത്രിമാർ
?️കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാനാണ് കോൺഗ്രസിന്‍റെ ശ്രമമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്‍റണി രാജുവും പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് മുഖ്യ ആസൂത്രകൻ. അക്രമം അഴിച്ചുവിട്ടാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രിമാർ സംയുക്തമായി ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സമരത്തിന്‍റെ മറവില്‍ ക്രിമിനലുകളെ തെരുവുകളില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതല്‍ നശിപ്പിച്ചതിലൂടെ പൊതു ഖജനാവിന് ഉണ്ടായിരിക്കുന്നത്. നവകേരള സദസിന്‍റെ വിജയം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. അതാണ് നവകേരള സദസിന്‍റെ സമാപന ദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് അക്രമം അഴിച്ചു വിടാന്‍ കാരണമെന്നും മന്ത്രിമാർ പ്രതികരിച്ചു.
രാജ്യത്ത് 21 പേർക്കു കൂടി ജെഎന്‍1 സ്ഥിരീകരിച്ചു; കേരളത്തിൽ ഒരു കേസ്
?️കൊവിഡ് ഉപവകഭേദമായ ജെഎന്‍1 രാജ്യത്ത് 21 പേർക്ക് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് ഗോവയിലാണ്. ഗോവ- 19, കേരളം- 1, മഹാരാഷ്ട്ര- 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് ഉപവകഭേദമായ ജെഎന്‍1 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ കൂടി ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്
ഗവർണർക്കെതിരേ പ്രതിഷേധം തുടരുന്നു
?️ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ തിരുവനന്തപുരത്ത് പ്രതിഷേധം തുടരുന്നു. ഡെന്‍റൽ കോളെജിൽ പരിശോധനയ്‌ക്കെത്തിയ ഗവർണർക്കെതിരേ കരിങ്കൊടിയും പ്ലക്കാർഡുകളും ബാനറും ഉയർത്തി എസ്എഫ്ഐ പ്രവർത്തകർ ആശുപത്രി കോംപൗണ്ടിനുള്ളിലും പ്രതിഷേധിച്ചു. ഞങ്ങൾക്ക് വേണ്ടത് ചാൻസലറെയാണ് സവർക്കറെയല്ല എന്നെഴുതിയ കൂറ്റൻ ബാനറുമായെത്തിയാണ് ഒരു കൂട്ടം വിദ്യാർഥികൾ ഡെന്‍റൽ കോളെജിനു സമീപം പ്രതിഷേധിച്ചത്. മെഡിക്കൽ വിദ്യാർഥികളാണ് ഗവർണർക്കെതിരായ പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. പിന്നാലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടന്നു.
ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷം
?️ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരേ പൊലീസ് നടത്തിയ ആക്രമണങ്ങൾക്കെതിരേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച്.
സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധം സംഘർഷത്തിൽ
?️നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരേ പൊലീസ് നടത്തിയ ആക്രമണങ്ങൾക്കെതിരേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച്. കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലേക്ക് നടത്തിയ മർച്ചിൽ വ്യാപക ആക്രമണം. പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. നൂറിലധികം വരുന്ന വനിത പ്രവർത്തകരടങ്ങുന്ന സംഘം ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ചു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പൊലീസിന്‍റെ ലാത്തി പിടിച്ചുവാങ്ങി. പ്രവർത്തകർ പൊലീസുനേരെ കമ്പുകളും മറ്റും എറിഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി.
തിരക്കഥ മോഷ്ടിച്ചെന്ന പരാതി: ‘നേര്’ സിനിമയുടെ റിലീസ് തടയില്ല
?️മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘നേര്’ന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എതിർ കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി. സംവിധായകന്‍ ജീത്തു ജോസഫും മോഹന്‍ലാലും വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. സിനിമയുടെ സഹ തിരക്കഥാകൃത്ത് കഥ മോഷ്ടിച്ചു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത്. കഥാകൃത്ത് ദീപക് ഉണ്ണി നല്‍കിയ ഹര്‍ജിയിയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റേതാണ് നടപടി. എന്നാൽ സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
”മുഖ്യനും ഗവർണർക്കും വീതം വയ്ക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകൾ”; കാലടി സർവകലാശാലയിൽ കെഎസ്‌യുവിന്‍റെ ബാനർ
?️മുഖ്യനും ഗവർണർക്കും വീതം വയ്ക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകളെന്ന് കെഎസ്‌യുവിന്‍റെ ബാനർ. കൊച്ചി കുസാറ്റ് കാമ്പസിൽ ചൊവ്വാഴ്ച രാത്രിയാണ് കെഎസ്‌യുവിന്‍റെ ബാനറുകൾ ഉയർന്നത്. ജനാധ്യപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവർണറും നാടിന് ആപത്ത് എന്ന ബാനർ നേരത്തെ കാലടി ശ്രീശങ്കര കോളെജിൽ കെ എസ് യു ഉയർത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും തമ്മിലുള്ള പോരാട്ടം കലുഷിതമാകുന്നതിനിടെയാണ് ഇരുവർക്കുമെതിരേ കെ.എസ്.യു ബാനറുകളുമായി എത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 2000 കടന്നു
?️സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 2000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 292 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2041 ആയത്. കൂടാതെ 2 മരണം ഉണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 341 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 292 പേരും കേരളത്തിലാണ്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1296 ആയി ഉയർന്നു. അതേസമയം, കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഉപവകഭേദമായ ജെഎന്‍1 ആണ് ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്.
പ്രധാനമന്ത്രിക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ല: സോണിയ ഗാന്ധി
?️പാർലമെന്‍റിലെ സുരക്ഷാ വീഴ്ച ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് സോണിയാ ഗാന്ധി. കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടിയോഗത്തിലായിരുന്നു കേന്ദ്ര സർക്കാരിനെതിരായ വിമർശനം. മോദി സർക്കാരിന്‍റെ ധാർഷ്ട്യത്തെക്കുറിച്ച് വിവരിക്കാൻ വാക്കുകളില്ലെന്നും കേന്ദ്ര സർക്കാർ ജനാധിപത്യത്തിന്‍റെ കഴുത്തു ഞെരിക്കുകയാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ”പാർലമെന്‍റിന് പുറത്ത് മാധ്യമങ്ങളിലൂടെ പ്രസ്‌താവന നടത്തുന്ന പ്രധാനമന്ത്രിക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ല.
മാധ്യമങ്ങൾക്കെതിരെ രാഹുൽ
?️മിമിക്രി വിവാദത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്‍റിൽ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയത് മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാനില്ല. അനാവശ്യമായ വിവാദങ്ങളിൽ ചർച്ച നടത്തുന്നതിലാണ് മാധ്യമശ്രദ്ധയെന്ന് അദ്ദേഹം ആരോപിച്ചു. പാർലമെന്‍റ് വളപ്പിൽ ഉപരാഷ്ട്രപടി ജഗ്ദീപ് ധർകറിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി മിമിക്രി നടത്തിയതുമായി ബന്ധപ്പെട്ട മാധ്യമ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അമൃത്പാൽ സിങ്ങ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
?️ കസ്റ്റഡിയിൽ നിന്നു രക്ഷപെടാൻ ശ്രമിച്ച ഗൂണ്ടാത്തലവൻ അമൃത്പാൽ സിങ്ങിനെ (22) പഞ്ചാബ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാവിലെ അമൃത്സറിനു സമീപം ജണ്ടിയാല ഗുരുവിലായിരുന്നു സംഭവം. രണ്ടു കിലോഗ്രാം ഹെറോയിനും തോക്കും ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലത്തേക്ക് ഇയാളെ തെളിവെടുപ്പിന് കൊണ്ടുപോയതായിരുന്നു പൊലീസ്. സ്ഥലത്തെത്തിയപ്പോൾ പൊലീസിൽ നിന്നു കുതറിമാറിയ അമൃത്പാൽ ഒളിപ്പിച്ച തോക്കെടുത്ത് പൊലീസിനു നേരേ വെടിവച്ചു. രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. പൊലീസിന്‍റെ പ്രത്യാക്രമണത്തിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നെന്ന് അമൃത്സർ റൂറൽ സീനിയർ പൊലീസ് സൂപ്രണ്ട് സതീന്ദർ സിങ് പറഞ്ഞു. കൊലപാതകമുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് അമൃതപാൽ.
ഡൊണാൾഡ് ട്രംപിന് തിരിച്ചടി
?️അമെരിക്കയുടെ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് അയോഗ്യനാണെന്ന് കോളറാഡോ സുപ്രീംകോടതി വിധിച്ചു. കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിനു മാത്രമാണ് അയോഗ്യത. 2021 ൽ യുഎസ് കാപ്പിറ്റോളിന് നേര്‍ക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിലെ പങ്കിനെ തുടര്‍ന്നാണ് നടപടി. യുഎസിന്‍റെ ചരിത്രത്തില്‍ ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്‍റ് സ്ഥാനാർഥിയാണ് ട്രംപ്.
സതീശന്‍റെ നേതൃത്വത്തിൽ കലാപമുണ്ടാക്കാനാണ് ശ്രമിച്ചത്:എം.വി ഗോവിന്ദൻ
?️വി.ഡി സതീശന്‍റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പൊലീസ് ഇതുപോലെ ആത്മസംയമനം പാലിച്ച ഒരു സംഭവം തിരുവനന്തപുരം പട്ടണത്തിന്‍റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ അക്രമം ഉണ്ടായതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ് തിരുവന്തപുരത്തേക്ക് എത്തിയപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് പ്രതിഷേധം സമരം കടുപ്പിച്ചിരിക്കുകയാണ്. നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരേ പൊലീസ് നടത്തിയ ആക്രമണങ്ങൾക്കെതിരേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.
എരുമേലി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കി റവന്യൂ വകുപ്പ്
?️ശബരിമല വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറക്കി റവന്യൂ വകുപ്പ്. എരുമേലി സൗത്ത്, മണിമല വില്ലെജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്.പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണു വിദഗ്ധ സമിതിയുടെ ശുപാർശ. സാമൂഹ്യ നീതി ഉറപ്പാക്കും വിധം പുനരധിവാസ പാക്കെജ് തയാറാക്കണമെന്നും വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണു ഭൂമി ഏറ്റെടുക്കലിന് റവന്യു വകുപ്പ് ഉത്തരവിറക്കിയത്.
ലോക്‌സഭാ പ്രതിഷേധം: 2 എംപിമാർ കൂടി പുറത്ത്
?️പാര്‍ലമെന്‍റിലെ പുകയാക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച 2 എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. എംപിമാരായ തോമസ് ചാഴിക്കാടന്‍, എഎം ആരിഫ് എന്നിവരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്.പോസ്റ്റർ ഉയർത്തി സഭയില്‍ പ്രതിഷേധിച്ചതിനാണ് നടപടി. സ്പീക്കറുടെ ചേംബറിൽ കയറിയും ഡെസ്കിൽ കയറി ഇരുന്നും പ്രതിഷേധം നടത്തിയ ഇരുവരും പേപ്പറുകൾ വലിച്ചു കീറി എറിഞ്ഞു. 3 മണിക്കൂർ നീണ്ട നാടകീയ നീക്കങ്ങൾക്കു ശേഷമാണ് സസ്പെൻഷൻ ഉത്തരവിട്ടത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 അധിക പോസ്റ്റ് അനുവദിച്ച് മന്ത്രിസഭാ യോഗം
?️സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം. കൊല്ലത്ത് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.എല്ലാ മെഡിക്കല്‍ കോളജുകളിലേയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വഞ്ചനാ കേസിൽ ശ്രീശാന്തിന് മുന്‍കൂര്‍ ജാമ്യം
?️വഞ്ചന കേസിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പായെന്ന് കോടതിയില്‍ സബ്മിഷന്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് ശ്രീശാന്തിനെതിരെയുള്ള കേസ്.കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരന്‍. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. കേസില്‍ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. പണം തട്ടിയെന്ന പരാതിയില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കണ്ണൂര്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരുന്നത്.
എറണാകുളത്തുനിന്ന് ധന്‍ബാദിലേക്ക് അൺറിസർവ്ഡ് ട്രെയിൻ
?️ക്രിസ്മസ് ന്യൂഇയര്‍ യാത്രാത്തിരക്ക് പരിഗണിച്ച് എറണാകുളത്തുനിന്ന് ധന്‍ബാദിലേക്ക് പ്രത്യേക തീവണ്ടിയുമായി റെയ്ൽവേ. അണ്‍റിസര്‍വ്ഡ് ട്രെയിനാണ് കേരളത്തിൽ നിന്ന് ഝാര്‍ഖണ്ഡിലേക്ക് സര്‍വീസ് നടത്തുന്നത്. രണ്ട് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആദ്യ യാത്ര ആരംഭിച്ചു. രണ്ടാമത്തെ സര്‍വീസ് ക്രിസ്മസ് ദിനത്തിലാണ്. രാവിലെ 07.15ന് എറണാകുളത്തുനിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ രണ്ട് ദിവസം കഴിഞ്ഞ് ബുധനാഴ്ച രാവിലെ 07:30നാണ് ധന്‍ബാദിലെത്തുക.
വണ്ടിപെരിയാർ കേസ്; കുറ്റവിമുക്തനാക്കപ്പെട്ട അർജുനും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം
?️വണ്ടിപെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്നെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുനും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ നിർദേശം. വണ്ടിപ്പെരിയാര്‍ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അർജുന്‍റെ കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്. അർജുനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീട്ടിൽ പോകാൻ സാധിക്കുന്നില്ലെന്ന് അർജുന്‍റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
അർബൻ കമ്മീഷന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം
?️സംസ്ഥാനത്ത് അർബൻ കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. 2030 ഓടെ കേരളം ഒറ്റപ്പെട്ട നഗരമെന്ന നിലിയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അർബൻ കമ്മീഷന്‍റെ ചുമതല.തിരുവനന്തപുരത്ത് നവകേരള സദസിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധർ അടങ്ങുന്ന കമ്മീഷനിൽ 13 അംഗങ്ങളാണ് ഉണ്ടാവുക.
വയനാട്ടിൽ നിന്നും പിടിച്ച നരഭോജി കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കും
?️വയനാട്ടിൽ നിന്നും പിടികൂടി തൃശൂർ സുവോളജി പാർക്കിലേക്ക് മാറ്റിയ നരഭോജി കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. കടുവയുടെ മുഖത്തും ശരീരത്തിലുമുള്ള ആഴമേറിയ മുറിവിലാണ് ശസ്ത്രക്രിയ നടത്തുക. ചികിത്സയ്ക്ക് വേണ്ടി കടുവയെ മയക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിന്‍റെ നേതൃത്വത്തിലാവും ചികിത്സ നൽകുക.കടുവ തീരെ അവശതയിലാണ്. പിടിയിലായ നേരം മുതല്‍ നേരിട്ട സമ്മര്‍ദവും കടുവയുടെ ആരോഗ്യനിലയെ ബാധിച്ചിട്ടുണ്ട്. മുഖത്തെ മുറിവുകളില്‍ പഴുപ്പും അണുബാധയുമുണ്ടെന്ന് സംശയമുണ്ട്.
കണ്ണൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്
?️കണ്ണൂർ പാനൂരിൽ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ആന ഇടഞ്ഞു. ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു.ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്.
സുധാകരനെതിരേ പാർട്ടിയിൽ അമർഷം: സ്ഥാനത്തു നിന്നും മാറ്റണമെന്ന് നേതാക്കൾ
?️കെ. സുധാകരനെതിരേ അമർഷവുമായി കോൺഗ്രസ് നേതാക്കൾ. നിരന്തരമുള്ള വിവാദ പ്രസ്താവനകൾ പാർട്ടിയെ വെട്ടിലാക്കിയെന്നാണ് പാർട്ടി നേതാക്കളുടെ വിമർശനം. എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുന്ന പ്രസ്താവനകളാണ് സുധാകരൻ നടത്തുന്നതെന്നാണ് പരാതി. പ്രസ്താവന പിൻവലിച്ചെങ്കിലും സംഘപരിവാർ അനുകൂല പരാമർശം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതായാണ് വിലയിരുത്തൽ. സുധാകരന് ചികിത്സാര്‍ത്ഥം അവധി നൽകി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദത്തിൽ താത്കാലിക നേതൃത്വം വരണമെന്നും പാര്‍ട്ടിയിൽ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ചൈനയിലെ ഭൂകമ്പം: മരണസംഖ്യ 131 ആയി
?️ചൈനയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 131 ആയി. ആയിരത്തിലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം 15,000ലധികം വീടുകള്‍ക്ക് ഭൂകമ്പത്തില്‍ തകർന്നു. അതിശൈത്യത്തിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഗാങ്സു കിങ്ഹായ് പ്രവിശ്യകളുടെ അതിര്‍ത്തി പ്രദേശമായ ജിഷിഷാന്‍ പ്രഭവകേന്ദ്രമായി റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ ഇരുപ്രവിശ്യകളിലും കനത്ത നാശനഷ്ടമാണ് വിതച്ചത്.
കൊതിയൂറും കേക്കുകളുമായി കോട്ടയത്ത് കുടുംബശ്രീ മേളയ്ക്കു തുടക്കം
?️ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ വന്നാൽ ഒന്ന് അമ്പരക്കും. ക്രിസ്മസ് കേയ്ക്കുകളുടെ വിവിധ തരം മണമാണ് അന്തരീക്ഷത്തിൽ. വിവിധതരം ക്രിസ്മസ് കേക്കുകളൊരുക്കി കുടുംബശ്രീ ഇവിടെ ക്രിസ്മസ് മേള തുടങ്ങി. കുടുംബശ്രീ സംരംഭകരുടെ യൂണിറ്റുകളിൽ നിർമിച്ച വിവിധയിനം കേക്കുകളും പലഹാരങ്ങളുടെയും വിപുലമായ ശേഖരമാണ് വിപണനത്തിനെത്തിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു.
മയുർ വിഹാറിൽ ശാസ്താ പ്രീതി ഞായറാഴ്ച
മയുർ വിഹാർ ഫേസ് ടൂ വിലെ ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ 35 മത് ശാസ്താ പ്രീതി ആഘോഷം ഞായറാഴ്ച നടക്കും. കാലത്തു 5 മണിക്കു തുടങ്ങുന്ന മഹാ ഗണപതി ഹോമത്തോടെ,പോക്കറ്റ് എ യിലെ ഗണേഷ് മന്ദിറിന് അങ്കണത്തിൽ ശാസ്താ പ്രീതി ആഘോഷങ്ങളുടെ തുടക്കം കുറിക്കും.തുടർന്ന് 6 മണിക്കു നാദസ്വര വിദ്വാൻ ശ്രീ വി.കെ. രാജേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരി7.30 അയ്യപ്പന് അഭിഷേകവും ദീപാരാധനയും 8.30 ന് 100പേരു പങ്കെടുക്കുന്ന ലക്ഷാർച്ചന നടക്കും.
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
?️മലയാളികളുടെ അഭിമാന താരം എം. ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ്. 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശ്രീശങ്കറിനൊപ്പം ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും ലഭിച്ചു. അതേസമയം, ബാഡ്മിന്റന്‍ താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചു. ദ്രോണാചാര്യ പുരസ്‌കാരം കബഡി കോച്ചും മലയാളിയുമായ ഇ ഭാസ്കരൻ ലഭിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്.
നെയ്മറുടെ കരിയറിന് അവസാനം?
?️ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം, ബ്രസീല്‍ കണ്ട് എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍, സാക്ഷാല്‍ നെയ്മറുടെ കരിയറിനെ അവസാനമാകുന്നു എന്ന ആശങ്ക. പരുക്ക് മൂലം സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ക്ക് അടുത്ത വര്‍ഷത്തെ കോപ്പ അമെരിക്ക ടൂര്‍ണമെന്റും നഷ്ടമാകും. 2024 ജൂണിലാണ് ടൂര്‍ണമെന്റ് നടക്കേണ്ടത്. അടുത്ത വര്‍ഷത്തെ ക്ലബ് സീസണിന് മുന്നോടിയായി മാത്രമേ നെയ്മര്‍ക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂയെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി. ഇതോടെ നെയ്മര്‍ക്ക് ഇനി ബ്രസീലിനായി ഒരു മികച്ച ടൂര്‍ണമെന്റ് കളിക്കാനായേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2026 ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മര്‍ക്ക് കാലിന് പരുക്കേറ്റത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5730 രൂപ
പവന് 45920 രൂപ