അട്ടപ്പാടി വനമേഖലയില്‍ കഞ്ചാവ് തോട്ടം: അറുനൂറോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി

*

പാലക്കാട്‌ : പാലക്കാട് അട്ടപ്പാടി വനമേഖലയില്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി.ഭൂതയാറിലും, കുറുക്കത്തിക്കല്ലു ഊരിന്‌ സമീപവുമാണ് വിളവെടുപ്പിന് പാകമായത് ഉള്‍പ്പെടെ അറുന്നൂറോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്. അഗളി എക്സൈസ് റേഞ്ച് ഓഫിസും, ജനമൈത്രി എക്സൈസ് സ്ക്വാഡും, പുതുര്‍ ഫോറസ്റ്റ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായിട്ടാണ് മേലെ ഭൂതയാറില്‍ പുലര്‍ച്ചെ അതിസാഹസികമായി തിരച്ചില്‍ നടത്തിയത്.വിളവെടുപ്പിന് പാകമായ 176 കഞ്ചാവ് ചെടികളും, പുതുതായി വച്ച്‌ പിടിപ്പിക്കുന്നതിന് നഴ്സറി പോലെ പരിപാലിച്ച്‌ വളര്‍ത്തിയ 328 കഞ്ചാവ് തൈകളും റെയ്‌ഡില്‍ കണ്ടെത്തി. അഗളി എക്സൈസ് ഇൻസ്പെക്ടര്‍ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബോജൻ, ലക്ഷ്മണൻ, ഹരിദാസ്, പ്രദീപ്, നവാസ്,എക്സൈസ് ഡ്രൈവര്‍ അനൂപ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അനു, ഫോറസ്റ്റ് വാച്ചര്‍മാരായ ചന്ദ്രൻ, രാജൻ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ആദര്‍ശും സംഘവും ഐ ബിയിലെ പ്രിവന്റ്റീവ് ഓഫീസര്‍ ആര്‍ എസ് സുരേഷ് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കുറക്കത്തിക്കല്ല് ഊരില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് മാസം പ്രായമുള്ള 40 കഞ്ചാവ് ചെടികളും രണ്ട് മാസം പ്രായമുള്ള 31 കഞ്ചാവ് ചെടികളും അടക്കം ആകെ 71 കഞ്ചാവ് ചെടികള്‍ കണ്ടെത്തി.