12.12.2023
നവകേരള ബസിന് നേരെ “ഷൂ” എറിഞ്ഞ സംഭവം; കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു
?️പെരുമ്പാവൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 4 കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസ്, ദേവകുമാർ, ജിബിൻ, ജെയ്ഡന്‍ എന്നിലർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെ കോടതിയിൽ ഹാജരാക്കും.
കോണ്‍ഗ്രസ് അക്രമം അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
?️നവകേരള സദസ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എറണാകുളത്ത് സദസിനു നേരേ കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. കണ്ണൂര്‍ എത്തിയപ്പോള്‍ തുടങ്ങിയ അക്രമം ഇടയ്ക്ക് വച്ച് നിര്‍ത്തിയെങ്കിലും വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. എന്ത് അക്രമം ഉണ്ടായാലും സംയമനം പാലിച്ച് നവകേരള സദസ് വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണു നിരന്തരം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു പോരുന്നതെന്ന് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ കൈയേറ്റം; 30 പേർക്കെതിരേ കേസ്
?️എൽദോസ് കുന്നപ്പിള്ളി എംഎൽഎയെയും സംഘത്തെയും മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകൾ എംഎൽഎയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്. ബൈക്കുകളിൽ എത്തിയവരാണ് എംഎല്‍എയെ ആക്രമിച്ചത്. ഡിവൈഎഫ്ഐക്കാരാണ് മർദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എംഎൽഎയുടെ ഡ്രൈവറുടെ മുഖത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.
2047നു മുമ്പുതന്നെ വികസിതഭാരതം എന്ന ആശയം യാഥാർഥ്യമാക്കും; കേരള ഗവർണർ
?️ഭാരതത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തിന്റെ വീണ്ടെടുപ്പിലൂടെ 2047നു മുമ്പുതന്നെ വികസിതഭാരതം എന്ന ആശയം യാഥാർഥ്യമാക്കാൻ സാധിക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ ‘വികസിത് ഭാരത് @2047 – വോയ്സ് ഒഫ് യൂത്ത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്യൻ നവോഥാനം ആരംഭിക്കും മുമ്പുതന്നെ ഭാരതത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ ലോകം അംഗീകരിച്ചതാണ്. അറിവിന്റെ കുളിർകാറ്റ് ഇന്ത്യയിൽ നിന്നു വരുന്നതിനെക്കുറിച്ച് പ്രവാചകന്റെ വചനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചൗഹാൻ ഔട്ട്, മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി
?️മധ്യപ്രദേശിന്‍റെ പുതിയ മുഖ്യമന്ത്രിയായി മോഹൻ യാദവിനെ ബിജെപി നിയോഗിച്ചു. ഉജ്ജയിൻ സൗത്തിൽ നിന്നുള്ള എംഎൽഎയാണ് യാദവ്. തിങ്കളാഴ്ച വൈകിട്ട് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗം മോഹൻ യാദവിനെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. ജഗദീഷ് ദേവ്‌ദ, രാജേന്ദ്ര ശുക്ല എന്നിവർ ഉപമുഖ്യമന്ത്രിമാരായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിനെ നിയമസഭാ സ്പീക്കറായും നിശ്ചയിച്ചു.
ഡോ. ഷഹന ആത്മഹത്യയിൽ പ്രതി റുവൈസിന്‍റെ ജാമ്യാപേക്ഷ തള്ളി
?️ഡോ ഷഹന ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു
?️ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രീംകോടതി. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച മേഖലയ്ക്ക് സംസ്ഥാന പദവി തിരിച്ചു നൽകണമെന്നും 2024 സെപ്റ്റംബർ 30നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു.
”ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ഉണ്ടാവാത്ത വികാരമൊന്നും ചെരുപ്പേറിൽ പിണറായിക്ക് ഉണ്ടാകേണ്ടതില്ല”
?️മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന് എതിരെ കല്ലേറ് ഉണ്ടായപ്പോ ഉടലെടുക്കാത്ത വികാരമോന്നും ചെരുപ്പേറിൽ പിണറായി ക്ക് ഉണ്ടാകേണ്ടതില്ലെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുൺ രാജേന്ദ്രൻ. കടുത്ത സമര രീതിയിലേക്ക് എത്തിച്ചത് സിപിഎമ്മിന്‍റെ അക്രമി കൂട്ടമാണെന്നും അരുൺ ഫെയ്സ്ബുക്കിൽ കുറിച്ചു. മാത്രമല്ല കെഎസ്‌യു പ്രവർത്തകകരുടെ മനോവീര്യം കെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നുണ്ടായെന്നും ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.
കെഎസ്‌ആർടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ചു
?️കെഎസ്‌ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കോർപറേഷന് 9 മാസത്തിനുള്ളിൽ 1264 കോടി രൂപയാണ് സഹായമാണ് ഇതുവരെ ലഭിച്ചത്. ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 900 കോടി രൂപയാണ്.രണ്ടാം പിണറായി സർക്കാർ ഇതുവരെ 4963.22 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സഹായമായി നൽകിയത്. ഒന്നാം പിണറായി സർക്കാർ നൽകിയത് 4936 കോടി രൂപയാണ്. രണ്ട് എൽഡിഎഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത് 9899 കോടിയാണ്. യുഡിഎഫ് സർക്കാരിന്റെ 5 വർഷത്തെ ആകെ സഹായം 1543 കോടി രൂപയാണ്.
ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല
?️അമ്മയും സുഹൃത്തും ചേർന്ന് കറുകപ്പിള്ളിയിലെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഏറ്റെടുക്കാൻ ആളില്ലാതെ മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുന്നു. കുഞ്ഞിന്‍റെ പോസ്റ്റ്മോർട്ടം എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളെജിൽ നടത്തിയിട്ട് ദിവസങ്ങളായി. ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. അമ്മയും സുഹൃത്തും ജയിലിലായതിനാൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ല. ഇതേതുടർന്ന് പൊലീസ് കുഞ്ഞിന്‍റെ അമ്മയുടെ വീട്ടുകാരോടും ബന്ധുക്കളോടും അന്വേഷിച്ചെങ്കിലും അവരാരും കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല.
ശബരിമലയിലെ തിരക്ക്: അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി
?️ശബരിമലയിലെ തിരക്ക് കൂടിയതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പ്രശ്ന പരിഹാരത്തിനുമായി അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് യോഗം വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധകൃഷ്ണൻ, മറ്റു മന്തരിമാർ, ദേവസ്വം ബോർഡ് പ്രസിഡന്‍റ്, കമീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവർ ഓൺലൈനായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും.
കെ. ബാബു എംഎല്‍എയുടെ ഹർജി സുപ്രീംകോടതി തള്ളി
?️തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ. ബാബു എംഎല്‍എയുടെ ആവശ്യം സുപ്രീം കോടതി തള്ളി. സ്റ്റേ ആവശ്യം സുപ്രീം കോടതി നേരത്തേ തള്ളിയത് ആണെന്ന് എം. സ്വരാജിനു വേണ്ടി ഹാജരായ അഭിഭാഷകൻ പി.വി. ദിനേശ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ ഹൈക്കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചെന്നും ഈ സാഹചര്യത്തിൽ വിധി സ്റ്റേ ചെയ്യണമെന്നുമായിരുന്നു ബാബുവിന് വേണ്ടി ഹാജരായ അഭിഭാഷകരായ ചന്ദർ ഉദയ് സിങ്ങിന്റെയും റോമി ചാക്കോയുടെയും ആവശ്യം. എന്നാൽ, ആവശ്യം നിരസിച്ച സുപ്രീം കോടതി ഹർജി ജനുവരി 10 ന് പരിഗണിക്കാനായി മാറ്റി.
‘ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധം, അത് സമരമാര്‍ഗമല്ല; ഇനി ഉണ്ടാവില്ല’: കെഎസ്‌യു
?️മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ രംഗത്ത്.ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ഇതിനെ ഒരു സമരമാര്‍ഗമായി കാണാന്‍ സാധിക്കില്ലെന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിന് ഉണ്ടെന്നും അലോഷ്യസ് സേവ്യര്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.
13 വർഷത്തിനു ശേഷം ദലൈലാമ സിക്കിമിൽ
?️പതിമൂന്നു വർഷത്തിനു ശേഷം ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ സിക്കിമിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ലാമ എത്തിയിരിക്കുന്നത്. കിഴക്കൻ സിക്കമിലെ ലൈബിങ് സൈനിക ഹെലിപ്പാഡിൽ വന്നിറങ്ങിയ ലാമയെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് നേരിട്ടെത്തി സ്വീകരിച്ചു. പരമ്പരാഗത ബുദ്ധമതാചാരങ്ങളുടെ ഭാഗമായുള്ള നൃത്തം ഷെർബാങ്ങോടു കൂടിയാണ് അദ്ദേഹത്തിന് വരവേൽപ്പ് നൽകിയത്.
നവകേരള സദസിൽ പങ്കെടുക്കാനെത്തിയയാൾ കുഴഞ്ഞു വീണ് മരിച്ചു
?️അടിമാലിയിൽ നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശൻ(46) ആണ് മരിച്ചത്. ചികിത്സാ സംബന്ധമായ പരാതി സമർപ്പിക്കാനാണ് ഗണേശൻ ഇവിടെ എത്തിയത്. ഇദ്ദേഹത്തിന് മുമ്പ് ചുഴലിരോഗം ഉള്ളതായി പൊലീസ് പറഞ്ഞു.നവകേരള സദസിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു ഗണേശൻ കുഴഞ്ഞ് വീണത്. ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ. അർജുനൻ-മുനിയമ്മ ദമ്പതികളുടെ മകനാണ് ഗണേശൻ.
പ്രണയിതാക്കൾ ഒളിച്ചോടി; യുവാവിന്‍റെ അമ്മയെ നഗ്നയാക്കി പോസ്റ്റിൽ കെട്ടിയിട്ടു
?️മകൾ യുവാവിനൊപ്പം ഒളിച്ചോടിയതിൽ കുപിതരായി യുവാവിന്‍റെ അമ്മയെ മർദിച്ച് നഗ്നയാക്കി നടത്തി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. ഗ്രാമീണർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തി. വന്താമുറി സ്വദേശികളായ 24 കാരനായ അശോകും 18 വയസുള്ള പ്രിയങ്കയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സമുദായത്തിൽ നിന്നുള്ളവരാണെന്നും പൊലീസ് പറയുന്നു. പ്രിയങ്കയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു.ഇതു വക വയ്ക്കാതെയാണ് തിങ്കളാഴ്ച പുലർച്ചയോടെ ഇരുവരും ഒളിച്ചോടിയത്.
കേരളത്തിൽ 21 ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷനുകൾ
?️കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം ലഭിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയാണ് (എഫ്എസ്എസ്എഐ) ഈ അംഗീകാരം നൽകുന്നത്. യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന് എഫ്എസ്എസ്എഐയുടെ നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്‌മെന്‍റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകള്‍ക്ക് അംഗീകാരം ലഭിച്ചത്.
കോൺഗ്രസ് എംപിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് 353 കോടി രൂപ..!!
?️കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്‍റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 353 കോടി രൂപ. ഒറ്റ റെയ്ഡിൽ രാജ്യത്ത് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്. എംപിയുടെ വീട്ടിലെ അലമാരകളിലും മറ്റ് ഫര്‍ണിച്ചറുകളിലും അടുക്കിവച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പിന്നാലെയാണ് റെയ‍്ഡ് തുടങ്ങിയത്.ബുധനാഴ്ച മുതൽ ആരംഭിച്ച നോട്ടെണ്ണൽ 5 ദിവസത്തിനു ശേഷമാണ് എണ്ണി തീർത്തത്. പണം 200 ബാഗുകളിലേക്ക് മാറ്റി. 100ൽ അധികം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ ആദായ നികുതി വകുപ്പ് 40 യന്ത്രങ്ങളാണ് എത്തിച്ചത്.
പാർലമെന്‍റിൽനിന്നു പുറത്താക്കിയതിനെതിരേ മഹുവ സുപ്രീം കോടതിയിലേക്ക്
?️പാർലമെന്‍റിൽ അദാനിക്കെതിരേ ചോദ്യം ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിന്‍റെ പേരിൽ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മഹുവയെ പുറത്താക്കാനുള്ള പ്രമേയം പാർലമെന്‍റിൽ അവതരിപ്പിക്കുന്നതും പാസാക്കുന്നതും. ഇതിനെതിരേ ഹർജി നൽകാനാണ് മഹുവ ഉദ്ദേശിക്കുന്നത്. ആരോപിക്കപ്പെടുന്നതു പോലെ, ദർശൻ ഹിരാനന്ദനിയിൽ നിന്നു താൻ പണം വാങ്ങിയതിനു തെളിവില്ലെന്നാണ് മഹുവയുടെ വാദം.
വീട്ടുതടങ്കലിലെന്ന് ഒമറും മെഹ്ബൂബയും; അല്ലെന്ന് പൊലീസ്
?️ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ തങ്ങളെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും. എന്നാൽ ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഈ ആരോപണം നിഷേധിച്ചു. പൊലീസും ആരോപണം തള്ളിയിട്ടുണ്ട്.
നിമിഷപ്രിയയുടെ മോചനം: ഇടപെടൽ തേടിയുള്ള ഹർജി ഡൽഹി ഹൈക്കോടതിയിൽ
?️യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ തേടിയുള്ള ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കും. കേന്ദ്ര സർക്കാർ ഇക്കാര്യത്തെ എങ്ങനെ ഇടപെടാനാകുമെന്ന് ഹൈക്കോടതിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാന്‍ തയാറായവരുടെ സത്യവാങ്മൂലവും മോചന ശ്രമങ്ങള്‍ക്കായി യെമനിലെത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കുന്നവരുടെയും സത്യവാങ്മൂലവും ഹർജിക്കാരുടെ അഭിഭാഷകൻ ഹൈക്കോടതിക്ക് കൈമാറും.
വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ശ്രീറാം വെങ്കിട്ടരാമന്
?️തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി സിവിൽ സപ്ലൈസ് സിഎംഡി ശ്രീറാം വെങ്കിട്ടരാമന്. മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശ്രീറാം ഇന്നലെ കോടതിയില്‍ ഹാജരായി കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി അനിൽകുമാറിന്റെതാണ് ഉത്തരവ്.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; 4 ജില്ലകളിൽ യെലോ അലര്‍ട്ട്
?️തെക്ക് കിഴക്കന്‍ അറബിക്കടലിനും മാലിദ്വീപിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്.ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയതും 24 മണിക്കൂറില്‍ മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ദയനീയ തോൽവി
?️വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിൽ കേരളം രാജസ്ഥാനോട് ദയനീയമായി പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 50 ഓവറിൽ 8 വിക്കറ്റ് നഷ്‍ടത്തിൽ 267 റൺസെടുത്തു. കേരളം 21 ഓവറിൽ വെറും 67 റൺസിന് ഓൾഔട്ടായപ്പോൾ രാജസ്ഥാൻ 200 റൺസിന്‍റെ കൂറ്റൻ വിജയവുമായി സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഇന്ത്യൻ ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെട്ട സഞ്ജു സാംസണിന്‍റെ അഭാവത്തിൽ രോഹൻ കുന്നുമ്മലാണ് കേരളത്തെ ക്വാർട്ടർ ഫൈനലിൽ നയിച്ചത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5695 രൂപ
പവന് 45560 രൂപ