രാഹുൽഗാന്ധി ലോകസഭയിൽ എത്തിഎ.ഐ.സി.സി നേതാവ് രാഹുല്‍ ഗാന്ധിക്ക് വീണ്ടും എം.പി.സ്ഥാനം തിരിച്ചുകിട്ടി. രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ഇന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. രാഹുലിന് എം.പിസ്ഥാനം തിരിച്ചുകിട്ടുന്നത് 134 ദിവസത്തിന് ശേഷമാണ്.
രാഹുലിന് എം.പി.സ്ഥാനം തിരിച്ചുകിട്ടിയതിനെ തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നേതാക്കളുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുല്‍ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാല്‍, ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോക്‌സഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാല്‍ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്. ഇതിനായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയിരുന്നു.
എന്നാലിത് നേരിട്ട് സ്വീകരിക്കാതെ സ്പീക്കര്‍ ഓം ബിര്‍ല ഒഴിഞ്ഞു മാറിയിരുന്നു. സമയം അനുവദിക്കാതിരുന്നതോടെ, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കത്ത് ലോക്സഭാ സെക്രട്ടേറിയറ്റിനെ എല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 23ലെ സുപ്രീംകോടതി ഉത്തരവു വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്. എന്നാല്‍ അംഗത്വം പുന്സ്ഥാപിക്കുന്നത് സ്പീക്കര്‍ നീട്ടിയാല്‍ സുപ്രീംകോടതിയെ സമീപിച്ച് അംഗത്വം പുനസ്ഥാപിക്കുന്നതും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.
ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അംഗത്വം കോടതി ഉത്തരവ് വന്ന് ഒരുമാസം കഴിഞ്ഞാണ് പുനഃസ്ഥാപിച്ചിരുന്നത്. കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അന്ന് അംഗത്വം പുന: സ്ഥാപിച്ചത്.