വിസി നിയമനത്തിനു നടപടി: 9 സർവകലാശാലകൾക്ക് കത്തു നൽകി ഗവർണര്‍
?️സ്ഥിരം വിസിമാരില്ലാത്ത സർവകലാശാലകളിലെ വിസി നിയമനത്തിൽ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച് ഗവർണര്‍. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കാനാണ് തീരുമാനം.വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതേ തുടർന്ന് 9 സർവകലാശാലകൾക്ക് ഗവർണര്‍ കത്ത് നൽകി.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
?️സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു മരണം. പ്രമേഹം മൂലം ചികിത്സയിലായിരുന്നു. നിലവിൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്.പ്രമേഹം കൂടിയതിനെത്തുടർന്ന് കാനത്തിന്‍റെ കാൽ മുറിച്ചു മാറ്റിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പദവിയിൽ നിന്ന് അവധി നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം ദേശീയ നേതൃത്വത്തിന് കത്തെഴുതിയിരുന്നു.
പൊതുദർശനം തിരുവനന്തപുരത്ത്; ഞായറാഴ്ച സംസ്കാരം
?️അന്തരിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെക്കും. ഹെലികോപ്റ്റർ മാർഗേണയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുക. ഉച്ചയ്കക്ക് രണ്ടു മണിവരെ പിഎസ് സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് ശേഷം കാനത്തുള്ള വസതിയിൽ എത്തിക്കും.
മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നു പുറത്താക്കി
?️ലോക്സഭയിൽ നിന്നും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കി. ചോദ്യക്കോഴ വിവാദത്തിൽ മഹുവയെ പുറത്താക്കണമെന്ന ശുപാർശ ലോക്സഭ അംഗീകരിക്കുകയായിരുന്നു. പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കി. മഹുവയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്കു വച്ചതിനു ശേഷമായിരുന്നു പുറത്താക്കൽ. എന്നാൽ മഹുവയെ പുറത്താക്കാന്‍ സഭയ്ക്ക് അഗികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ എന്നിർ വാദിച്ചെങ്കിലും വിഫലമായി.
മാസപ്പടി വിവാദം: മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്
?️കരിമണൽ കമ്പനിയിൽ നിന്നും 3 വർഷത്തിനിടെ മാസപ്പടിയായി 1.75 കോടി പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാവില്ലെന്നും കോടതി അറിയിച്ചു.
വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ 12 പേർക്കാണ് നോട്ടീസ് അയക്കുക. മുഖ്യമന്ത്രി അടക്കമുള്ളവരെ ഹൈക്കോടതി സ്വമേധയ കക്ഷി ചേർക്കുകയായിരുന്നു.
ഡോ. ഷഹ്‌നയുടെ ആത്മഹത്യ: റുവൈസിന്‍റെ അച്ഛനെ ചോദ്യം ചെയ്യും
?️ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്‍റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്യുമെന്ന് സൂചന. ഷഹ്നയെ വിവാഹം കഴിക്കാൻ റുവൈസ് സ്ത്രീധനം ചോദിച്ചതിൽ അച്ഛനും പങ്കുണ്ടെന്ന സൂചനയെത്തുടർന്നാണിത്. ഇക്കാര്യം വ്യക്തമായാൽ ഇയാളും കേസിൽ പ്രതിയാകും.വീട്ടുകാരാണ് സ്ത്രീധനം ആവശ്യപ്പെട്ടതെന്നും, വീട്ടുകാരെ ധിക്കരിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഷഹ്നയെ റുവൈസ് അറിയിച്ചതിനെത്തുടർന്നാണ് ഷഹ്ന ജീവനൊടുക്കിയതെന്നാണ് വിവരം. സ്ത്രീധനം ചോദിച്ചതിൽ വീട്ടുകാർക്കു പങ്കുണ്ടെന്നു തന്നെയാണ് ഇതിൽ നിന്നു ലഭിക്കുന്ന സൂചന. ഷഹ്നയുടെ കുടുംബം നൽകിയ മൊഴിയും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
‘ആത്മഹത്യ ചെയ്യും’ എന്ന് ഡോ.ഷഹനയുടെ അവസാന മെസേജ്; പിന്നാലെ നമ്പര്‍ ബ്ലോക്ക് ചെയ്ത് റുവൈസ്
?️തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി. ജി വിദ്യാർത്ഥി ഡോ. ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താന്‍ ജീവനൊടുക്കുകയാണെന്ന് ഷഹ്ന വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ ഡോ. റുവൈസിനെ അറിയിച്ചിരുന്നതായും എന്നാൽ മെസേജ് കിട്ടിയതോടെ ഇയാൾ ഷഹ്നയെ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ക്ഷാമബത്ത നൽകാനാവില്ലെന്ന് കെഎസ്ഇബി
?️കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻക്കാർക്കും ക്ഷാമബത്ത നൽകേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനം. 2022 മുതലുള്ള ക്ഷാമബത്ത കുടിശിക നൽകണമെന്ന ആവശ്യമാണ് ബോർഡ് യോഗം തള്ളിയത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്ന് ബോർഡ് അറിയിച്ചു.ഇതോടെ ബോർഡിന്‍റെ തീരുമാനം കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻക്കാർക്കും വലിയ തിരിച്ചടിയാകും. ക്ഷാമബത്ത കുടിശിക നൽകണമെന്നാരോപിച്ച് ജീവനക്കാരുടെ സംഘടന നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബോർഡിനോട് തീരുമാനമെടുക്കാനായിരുന്നു കോടതി നിർദേശിച്ചത്. ആവശ്യം തള്ളിയ സാഹചര്യത്തിൽ ഇടത് ജീവനക്കാരടക്കം സമരത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
പാലിയേക്കര ടോൾ കമ്പനിയെ പിരിച്ചുവിടാൻ ഉത്തരവിട്ടെന്ന് കേന്ദ്ര മന്ത്രി
?️പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന ടി.എൻ. പ്രതാപൻ എംപിയുടെ ലോകസഭയിലെ ചോദ്യത്തിന് അടച്ചുപൂട്ടില്ലെന്ന് രേഖാ മൂലം മറുപടി നൽകി കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. അതേസമയം ടോൾ കമ്പനിയെ പിരിച്ചുവിടാൻ ദേശീയപാത അഥോറിറ്റി ഉത്തരവിട്ടിരുന്നതായും മന്ത്രി അറിയിച്ചു.2008ലെ യൂസർ ഫീ പ്ലാസ ചട്ടം പ്രകാരം അതോറിറ്റിക്ക് യുക്തമെന്ന് തോന്നിയാൽ അറുപത് കിലോമീറ്ററിനുള്ളിൽ രണ്ടാമതൊരു ടോൾ പ്ലാസ തുറക്കാമെന്നാണ് സർക്കാർ വിശദീകരണം.
ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം: അധ്യാപികയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
?️കാസർഗോഡ് ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസിൽ പ്രധാന അധ്യാപികയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഡിസംബർ 14 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
നേരത്തേ ജില്ലാ സെഷൻസ് കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെ ഇവർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ നൽകുന്നതിന് കൂടുതൽ സമയം വേണമന്നായിരുന്നു ഹർജിയിലെ ആവശ്യം. തുടർന്ന് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിടുകയായിരുന്നു.
സ്ത്രീധന പ്രശ്നം: 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 48 സ്ത്രീകൾ
?️സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പിജി വിദ്യാര്‍ഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്യുകയും സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിലാവുകയും ചെയ്തതിനു പിന്നാലെ സ്ത്രീധന മരണം കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 48 പേര്‍ സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2018ല്‍ 17 , 2019ല്‍ 8 , 2020ല്‍ 6, 2021ല്‍ 9, 2022ല്‍ 8 എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഈ വര്‍ഷം ഒക്റ്റോബർ 7 കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കെസിആർ ശരിക്കും വീണു, ആശുപത്രിയിലുമായി
?️തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് വീഴ്ചയിൽ പരുക്ക്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഇതെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.എരാവള്ളിയിലെ ഫാം ഹൗസിൽ വച്ചാണ് അപകടം. കെസിആറിന്‍റെ ഇടുപ്പെല്ലിന് സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് നിഗമനം. ശസ്ത്രക്രിയയുടെ കാര്യം ഡോക്‌ടർമാർ ചർച്ച ചെയ്യുന്നു.
ലിവ്-ഇൻ റിലേഷൻ നിരോധിക്കണം: ബിജെപി എംപി
?️ലിവ്-ഇൻ റിലേഷൻഷിപ്പുകൾ സമൂഹത്തിൽ പടരുന്ന ഗുരുതരമായ രോഗമാണെന്നും നിയമം മൂലം ഇതു നിരോധിക്കണമെന്നും ഹരിയാനയിൽ നിന്നുള്ള ബിജെപി എംപി ധരംബീർ സിങ്.ഇത്തരം ബന്ധങ്ങൾ പാശ്ചാത്യ സംസ്കാരത്തിൽനിന്നുണ്ടായതാണ്. ഇത് ഇന്ത്യൻ സംസ്കാരത്തിനെതിരാണ്. ഇന്ത്യയിൽ സ്ത്രീ-പുരുഷ ബന്ധത്തിന് മാതാപിതാക്കളുടെ സമ്മതം വേണം. അത് നിയമം മൂലം ഉറപ്പാക്കേണ്ടതുണ്ടെന്നും ധരംബീർ സിങ് അഭിപ്രായപ്പെട്ടു.
എസ്ഐയുടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; യുവതിയുടെ തലയ്ക്ക് ഗുരുതര പരുക്ക്
?️ഉത്തർപ്രദേശിലെ അലിഗഡിൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു. പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിക്കാണ് വെടിയേറ്റത്. ഇതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു.ദൃശങ്ങളിൽ യുവതി പൊലീസ് സ്റ്റേഷനിൽ കയറിനിൽക്കുന്നത് കാണാം. കുറച്ചു സമയം കഴിയുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്ന് സബ് ഇൻസ്പെക്‌ടർക്ക് പിസ്റ്റൽ നൽകുകയായിരുന്നു. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ സബ് ഇൻസ്പെക്‌ടർ മനോജ് ശർമയുടെ കൈയിൽ നിന്നും അബദ്ധത്തിൽ യുവതിയുടെ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു.
വായ്പാ നയം പ്രഖ്യാപിച്ച് ആർബിഐ
?️റിപ്പോ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ റിസർവ് ബാങ്ക്. കഴിഞ്ഞ നാലു വായ്പാ നയ യോഗങ്ങളിലും റിപ്പോ റേറ്റിൽ മാറ്റമുണ്ടായിട്ടില്ല. പണപ്പെരുപ്പം കുറയുകയും സാമ്പത്തിക വളർച്ച രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരാമെന്ന് ആർബിഐയുടെ വായ്പാ നയ യോഗം തീരുമാനമെടുത്തത്.
സവോള കയറ്റുമതിക്ക് നിയന്ത്രണം
?️ഇന്ത്യയില്‍ നിന്നുള്ള സവാള കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്തവര്‍ഷം മാര്‍ച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും വിജ്ഞാപനത്തിന് മുമ്പ് ലോഡ് ചെയ്യാന്‍ തുടങ്ങിയ പച്ചക്കറികളുടെ ചരക്കുകള്‍ ഇപ്പോഴും കയറ്റുമതി ചെയ്യാന്‍ കഴിയുമെന്ന് ഡയറക്റ്ററേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തിൽ പറയുന്നു. മറ്റ് രാജ്യങ്ങൾക്ക് അവരുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ സർക്കാർ നൽകുന്ന അനുമതിയുടെ അടിസ്ഥാനത്തിൽ സവാളയുടെ കയറ്റുമതി അനുവദിക്കുമെന്നും ഡിജിഎഫ്ടി അറിയിച്ചു.
യുഎസിനെയും ക്യാനഡയെയും ഒരുപോലെ കാണാനാവില്ല: ജയശങ്കർ
?️ഖാലിസ്ഥാൻ വിഘടനവാദികളെ ഇന്ത്യൻ ഏജൻസികൾ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ യുഎസിനെയും ക്യാനഡയെയും ഒരുപോലെ പരിഗണിക്കാനാവില്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎസ് ആഭ്യന്തര സുരക്ഷാ ഏജൻസി എഫ്ബിഐയുടെ ഡയറക്റ്റർ ക്രിസ്റ്റഫർ റേ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് വിശദീകരണം. ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂനിനെ വധിക്കാൻ ഇന്ത്യൻ ഏജൻസികൾ ശ്രമിച്ചെന്ന ആരോപണം ശക്തമായിരിക്കെയാണ് എഫ്ബിഐ മേധാവിയുടെ സന്ദർശനം. ഇന്ത്യയിലെ സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
മിസോറമിൽ ലാൽഡുഹോമ മുഖ്യമന്ത്രിയായി അധികാരമേറ്റു
?️മിസോറം മുഖ്യമന്ത്രിയായി സോറം പീപ്പിൾസ് മൂവ്മെന്‍റ് നേതാവ് ലാൽഡുഹോമ അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. 11 മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി സോറംതാംങ്കയും മുറ്റു പാർട്ടി നേതാക്കളും സന്നിഹിതരായിരുന്നു. 40 അംഗങ്ങളുള്ള മിസോറം നിയമസഭയിൽ മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാണുള്ളത്. മിസോറമിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസോ എഎൻഎഫോ അല്ലാത്ത മറ്റൊരു പാർട്ടി അധികാരത്തിലേറുന്നത്.
യുപിഐ ഇടപാടുകളുടെ പരിധി 5 ലക്ഷമായി ഉയർത്തി ആർബിഐ
?️യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) വഴിയുള്ള പണമിടപാടുകളുടെ പരിധി 5 ലക്ഷമായി ഉയർത്തി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണ് പരിധി വർധിപ്പിച്ചിരിക്കുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിലവിൽ ഒരു ലക്ഷം രൂപ വരെയാണ് ഒറ്റത്തവണ യുപിഐ വഴി കൈമാറാൻ സാധിച്ചിരുന്നത്. മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് പ്രീമിയം, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിങ്ങനെയുള്ളവയുടെ ഇ- മാൻഡേറ്റ് പരിധി 15,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുമുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി ഡിജിപി
?️ സംസ്ഥാനത്തെ പൊലീസ് സേനയിൽ ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി ഡിജിപി ഷേഖ് ദർവേഷ് സാഹിബ്. സമ്മർദം ലഘൂകരിക്കുന്നതിനായി വിവാഹ വാർഷികത്തിനും കുട്ടികളുടെ പിറന്നാളിനും പരമാവധി അവധി നൽകണം. ആഴ്ചയിൽ ഒരുദിവസം യോഗ പരിശീലിപ്പിക്കണം. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ കണ്ടെത്തി സ്റ്റേഷനിൽ തന്നെ മെന്ററിങ് നൽകണമെന്നും ഉൾപ്പടെയുള്ള ഒൻപതു നിർദേശങ്ങളാണ് ഡിജിപി മുന്നോട്ട് വയ്ക്കുന്നത്.
തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം?️തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്ക് സമീപം ചെങ്കല്‍പെട്ടില്‍ രാവിലെ 7.39നു ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കയിലില്‍ 3.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേസമയം, കര്‍ണാടകയിലെ വിജയപുരിയും നേരിയ ഭൂചലനം അനുഭവപ്പെട്ടു.ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പുനെയിലെ മെഴുകുതിരി നിർമാണ ഫാക്‌ടറിയിൽ വൻ തീപിടുത്തം
?️പുനെയിലെ മെഴുകുതിരി നിർമാണ യൂണിറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 6 പേർ വെന്തുമരിച്ചു. അപകടത്തിൽ പത്തേളം പേർക്ക് പരുക്കേറ്റു. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിംപ്‌രി ചിഞ്ച്വാഡ് മേഖലയിലെ ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. പിറന്നാൾ ആഘോഷങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേകതരം മെഴുകുതിരികൾ നിർമിക്കുന്ന ഫാക്‌ടറിയാണിത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ശബരിമലയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
?️ശബരിമലയിൽ തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 30 ൽ അധികം പരുക്കേറ്റതായാണ് വിവരം. എന്നാൽ ആരുടെയും പരുക്ക് ഗുരുതരമല്ല. ചാലക്കയത്തിനും നിലയ്ക്കലിനുമിടയ്ക്ക് വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്.
പരുക്കേറ്റവരിൽ 6 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചതായി പൊലീസ് അറിയിച്ചു. ചാലയ്ക്കൽ കഴിഞ്ഞ് ഒരു കയറ്റവും വളവുമുള്ള സ്ഥലത്ത് വച്ചായിരുന്നു അപകടം. ഈ ഭാഗത്ത് റോഡിന് വീതി കുറവാണ്.
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് അരങ്ങുണരും
?️ലോകോത്തര സിനിമകളുടെ ഏഴ് പകലിരവുകൾ സമ്മാനിച്ച് ഇരുപത്തെട്ടാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് അരങ്ങുണരും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് നടൻ നാനാ പടേക്കർ ചടങ്ങില്‍ മുഖ്യാതിഥിയാകും. കെനിയൻ സംവിധായിക വനൂരി കഹിയുവിന് സ്പിരിറ്റ് ഒഫ് സിനിമ അവാർഡ് മേയർ ആര്യ രാജേന്ദ്രൻ സമ്മാനിക്കും. ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം ഇത്തവണത്തെ പാക്കേജുകൾ പരിചയപ്പെടുത്തും.
നടി ലക്ഷ്മിക സജീവൻ അന്തരിച്ചു
?️’കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഹൃദയാഘാതം മൂലം ഷാർജയിൽ വച്ചായിരുന്നു മരണം. 24 വയസ്സായിരുന്നു. ‘കാക്ക’യിൽ പഞ്ചമി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്. നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചി പള്ളുരുത്തി സ്വദേശിയായ വാഴവേലിൽ വീട്ടിൽ സജീവന്‍റെയും ലിമിറ്റയുടെയും മകളാണ്. ഷാർജയിലെ ബാങ്കിൽ ജീവനക്കാരിയായിരുന്നു. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണതത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ, പുഴയമ്മ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സമരമുഖങ്ങളിൽ നായകൻ, ഷഹനയുടെ വില്ലൻ
?️ഡോക്റ്റർ ഷഹനയുടെ പ്രതിശ്രുതവരന്‍ ഡോ. റുവൈസ് ഡോക്റ്റര്‍മാരുടെ അവകാശപ്പോരാട്ടങ്ങളിലൂടെയും വന്ദനാ ദാസ് കൊലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളിലൂടെയും മാധ്യമശ്രദ്ധയാര്‍ജിച്ച നേതാവായിരുന്നു. ഡോക്റ്റർമാരുടെ സമരമുഖത്ത് സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രി വീണാ ജോർജിനുമെതിരേ കടുത്ത ഭാഷയിൽ പ്രതികരിച്ച ഡോ. റുവൈസിന്‍റെ ദൃശ്യങ്ങൾ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു.
മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ
?️നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പിന് ഹൈക്കോടതി ജനുവരി 4 വരെ സ്റ്റേ. വ്യവസായ വകുപ്പ് സെക്രട്ടറിയോട് അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മറ്റപ്പള്ളി മലയിൽ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചു.കേന്ദ്ര മാർഗരേഖ പാലിച്ചാണോ മണ്ണെടുപ്പിന് അനുമതി നൽകിയതെന്നതടക്കം വ്യക്തമാക്കി റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാത്രമെ മണ്ണെടുപ്പിന് അനുമതി നൽകേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ കഴിയുകയെന്നും കോടതി വ്യക്തമാക്കി.
മാർമല അരുവിയിലെ കയത്തിൽ യുവാവ് മുങ്ങി മരിച്ചു
?️ഈരാറ്റുപേട്ട തീക്കോയി മാർമല അരുവിയിൽ യുവാവിനെ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ(22) ആണ് മുങ്ങി മരിച്ചത്.9 പേരടങ്ങുന്ന സംഘമാണ് ഇവിടെ ഉല്ലാസയാത്രയ്ക്ക് എത്തിയത്. ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവർത്തകരും നടത്തിയ തെരച്ചിലിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്താനായത്.
തിരുച്ചിറപ്പള്ളിയിൽ കാറപകടത്തിൽ മലയാളി നവദമ്പതികൾക്ക് ദാരുണാന്ത്യം
?️തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് നവദമ്പതികൾ മരിച്ചു. കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്. ആരതി(25), ഭർത്താവ് ഇടുക്കി കരുണാപുരം മാവറയിൽ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം. തിരുച്ചിറപ്പള്ളിയിൽ നിന്ന് ചെന്നൈക്ക് പോകും വഴി ശ്രീരംഗത്തിന് സമീപം വച്ച് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചാണ് കാർ പുഴയിലേക്കു മറിഞ്ഞത്.ചെന്നൈയിൽ ജോലി ചെയ്യുന്ന ശ്രീനാഥ് വ്യാഴാഴ്ച രാത്രിയിലാണ് കൂരോപ്പടയിലെ ആരതിയുടെ വീട്ടിൽ നിന്നും ചെന്നൈക്ക് തിരിച്ചത്. ഒക്റ്റോബർ 18ന് കൂരോപ്പടയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം
ഉത്തരാഖണ്ഡിലേക്ക് വരുന്നത് 2.5 ലക്ഷം കോടി!
?️”ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി- 2023′ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയുമായി ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ഉച്ചകോടിയിൽ രാജ്യത്തും ലോകമെമ്പാടുമുള്ള ആയിരത്തിലധികം നിക്ഷേപകരും പ്രതിനിധികളും പങ്കെടുക്കും.”സമാധാനം സമൃദ്ധിയിലേക്ക് ‘ എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ഉത്തരാഖണ്ഡിനെ ഒരു പുതിയ നിക്ഷേപ കേന്ദ്രമായി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം: ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് വി ശിവദാസന്‍
?️സംസ്ഥാന നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഡോ. വി ശിവദാസന്‍ എംപിയാണ് ബില്‍ അവതരിപ്പിച്ചത്. നിയമസഭയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള പ്രമേയത്തിലൂടെ ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം, ഗവര്‍ണറെ എംഎല്‍മാരും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനം തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ അടങ്ങിയിട്ടുള്ളത്.
അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യക്ക് ജയം
?️ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ഏഴ് വിക്കറ്റ് വിജയമാണ് ഇന്ത്യൻ കൗമാര താരങ്ങൾ സ്വന്തമാക്കിയത്. നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഉദയ് സഹാരൻ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍റെ തീരുമാനം ശരിവച്ച ഇന്ത്യൻ ബൗളിങ് നിര ഉജ്വലമായി പന്തെറിയുകയും ചെയ്തു. രാജ് ലിംബാനി, അർഷിൻ കുൽക്കർണി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നമൻ തിവാരിക്ക് രണ്ട് വിക്കറ്റ് കിട്ടി. മുരുകൻ അഭിഷേക്, മുഷീർ ഖാൻ എന്നിവർക്ക് ഓരോ വിക്കറ്റ്.
ലോകകപ്പ് ഫൈനലിന്‍റെ പിച്ച് ‘ശരാശരി’: ഐസിസി
?️ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനൽ നടത്തിയ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുള്ള പിച്ചിന് ശരാശരി നിലവാരം മാത്രമാണുണ്ടായിരുന്നതെന്ന് ഐസിസി വിലയിരുത്തി. അതേസമയം, ഔട്ട്ഫീൽഡ് വളരെ മികച്ചതായിരുന്നു എന്നും ഐസിസി മാച്ച് റഫറിയും സിംബാബ്‌വെയുടെ മുൻ ബാറ്ററുമായ ആൻഡി പൈക്രോഫ്റ്റ് റിപ്പോർട്ട് നൽകി. വേഗം പതിവിലും കുറവായിരുന്ന പിച്ചിൽ നടത്തിയ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തി ലോക ചാംപ്യൻമാരായിരുന്നു. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ഓസ്ട്രേലിയ എന്നിവർക്കെതിരേ ഇന്ത്യ കളിച്ച കോൽക്കത്ത, ലഖ്നൗ, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ പിച്ചുകൾക്ക് ശരാശരി റേറ്റിങ് മാത്രമാണ് പൈക്രോഫ്റ്റ് നൽകിയിരിക്കുന്നത്.
കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിന് 50 വർഷം
?️കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയിട്ട് 50 വർഷം. 1973 ഡിസംബറിലായിരുന്നു ആ നേട്ടം. കളിക്കാരും സംഘാടകരും കൊച്ചി കോർപറേഷനും ഫുട്‌ബോൾ പ്രേമികളും ആഘോഷത്തിന് ഒരുങ്ങുകയാണ്. ഞായറാഴ്‌ചയാണ് ആദ്യ പരിപാടി. സന്തോഷ് ട്രോഫി പ്ലയേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് വൈകിട്ട് നാലിന് കളിക്കാരെയും പരിശീലകരെയും ആദരിക്കും. അന്നത്തെ 26 അംഗ ടീമിൽ ജീവിച്ചിരിക്കുന്നത് 16 പേർമാത്രം. ക്യാപ്റ്റൻ ടി കെ എസ് മണിയില്ല. വൈസ് ക്യാപ്‌റ്റൻ ടി എ ജാഫർ ആശുപത്രിയിലാണ്. തമിഴ്‌നാട്ടിൽ താമസിക്കുന്ന കോച്ച് സൈമൺ സുന്ദർരാജ് മുഖ്യാതിഥിയായി എത്തും. ജീവിച്ചിരിക്കുന്ന കളിക്കാരിൽ ജാഫർ ഒഴികെയുള്ളവരെല്ലാം മൈതാനത്തെത്തും.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ