സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതുമൂലം അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.

2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950 നവംബർ 10-നാണ് കാനത്തിന്റെ ജനനം. എഴുപതുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്.

1971ൽ 21-ാം വയസ്സിൽ സംസ്ഥാനകൗൺസിലിൽ എത്തിയതാണ് കാനം. എൻ.ഇ. ബൽറാം പാർട്ടിസെക്രട്ടറിയായിരുന്നപ്പോൾ 1975-ൽ എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്, സി. അച്യുതമേനോൻ എന്നിവർക്കൊപ്പം പാർട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടു.