2023 ഡിസംബർ 6 ബുധൻ
➡️അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവർക്ക് ഫുള്‍ എ പ്ലസ് നല്‍കുന്നതായി പറയുന്ന ഡയറക്ടറുടെ ശബ്ദരേഖ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ വീഡിയോ പ്രചരിച്ചതു സംബന്ധിച്ച് അദ്ദേഹത്തോടുതന്നെയാണു മന്ത്രി റിപ്പോര്‍ട്ടു തേടിയത്. ഇക്കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി വിജയശതമാനം 99.7 ആയിരുന്നു. 68,604 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.
◾നവകേരള സദസിനു തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിനു വിരുദ്ധമായി സെക്രട്ടറിമാര്‍ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം.
◾ജമ്മു കാഷ്മീരിലെ സോജില ചുരത്തില്‍ വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്കു മറിഞ്ഞ് നാലു മലയാളികള്‍ അടക്കം അഞ്ചു പേര്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധേഷ്, രാഹുല്‍, അനില്‍, വിഗ്‌നേഷ് എന്നിവരാണു മരിച്ചത്.
◾ഹജ്ജിന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്നും നിരക്കു കുറഞ്ഞ വിമാന സര്‍വീസുകള്‍ നടത്തുമെന്നും സൗദി അറേബ്യ. ഇന്ത്യയിലെത്തിയ സൗദി ഹജ്ജ് മന്ത്രി തൗഫീഗ് ബിന്‍ ഫസ്വാന്‍ അല്‍ റബിയയുമായി ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യസഹമന്ത്രി വി മുരളീധരനും നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ഈ പ്രഖ്യാപനം. തീര്‍ത്ഥാടകരുടെ വിസ നടപടികള്‍ ലഘൂകരിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രി അറിയിച്ചു.
◾ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധിയില്‍ നിര്‍ബന്ധമായും ബഫര്‍സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടി അനുവദിച്ചു. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍ മോഡിഫിക്കേഷന്‍ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.
◾നാട്ടികയില്‍ നവകേരള സദസിലേക്ക് എത്തിയ സി.സി മുകുന്ദന്‍ എംഎല്‍എയുടെ പിഎ അസ്ഹര്‍ മജീദിനെ പൊലീസ് തടഞ്ഞു. കറുത്ത ഷര്‍ട്ട് ധരിച്ചതിനാലാണു തടഞ്ഞതെന്നാണ് ആരോപണം. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ പൊലീസുമായി ഏറെ സമയം തര്‍ക്കമുണ്ടായി. നവകേരള സദസ് പൊളിക്കാനാണ് ഡിവൈഎസ്പി ശ്രമിച്ചതെന്ന് എംഎല്‍എ ആരോപിച്ചു.
◾ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം കേരളത്തെ സംബന്ധിച്ച് ശപിക്കപ്പെട്ട കാലമെന്ന് അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃപ്രയാറില്‍ നാട്ടിക നിയോജക മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ മേഖലയും തകര്‍ന്നു. കേരളം മൊത്തം നിരാശയിലായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ആ നിരാശാബോധത്തിന് മാറ്റംവന്നെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
◾കേരളത്തോട് കേന്ദ്ര അവഗണനയെന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപിയുടെ അടിയന്തിര പ്രമേയ നോട്ടീസ്. കേന്ദ്ര നയംമൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രളയകാലത്ത് മതിയായ ഫണ്ട് തന്നില്ല. വിദേശ ധനസഹായങ്ങള്‍ കേന്ദ്രം തടഞ്ഞു. കേരളത്തിലെ ജനങ്ങളോടു ശത്രുതാ മനോഭാവം വച്ചുപുലര്‍ത്തുന്നത് സങ്കടകരമാണെന്നും പ്രതാപന്‍ പറഞ്ഞു.
◾കേന്ദ്ര അവഗണനക്കെതിരെ പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ടിഎന്‍ പ്രതാപന്റെ നടപടി നല്ല തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റു തിരുത്തുന്നതു സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി.
◾ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമായി എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷനുകള്‍ ഈ മാസം നടത്തും. ജനുവരിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ പദയാത്ര നയിക്കും. ഡിസംബര്‍ 20 മുതല്‍ 30 വരെ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ച് ക്രിസ്മസ് ആശംസകള്‍ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
◾എല്ലാ മത്സരവും വിജയിച്ച് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീം ഫൈനലില്‍ മോദി സ്റ്റേഡിയത്തില്‍ തോറ്റതിന്റെ തനിയാവര്‍ത്തനമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിക്കാനിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ വഹാബ് എംപി.
◾കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംപി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കു സാധ്യതയില്ല. സുരേഷ് ഗോപി നല്ല നടനാണ്. ഹോളിവുഡില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. പ്രതാപന്‍ പറഞ്ഞു.
◾കൊച്ചിയില്‍ ഒന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ കുട്ടിയുടെ അമ്മ അശ്വതി (25), പങ്കാളി ഷാനിഫ് (25) എന്നിവരെ അറസ്റ്റു ചെയ്തു. കുഞ്ഞു ജനിച്ചതു മുതല്‍ കൊല്ലാന്‍ ഷാനിഫ് പദ്ധതിയിട്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
◾വയനാട് പെരിയ ചപ്പാരത്തുണ്ടായ ഏറ്റുമുട്ടലില്‍ പിടിയിലായ മാവോയിസ്റ്റ് സംഘാംഗമായ ഉണ്ണിമായയെ തെളിവെടുപ്പിനായി അട്ടപ്പാടിയിലെത്തിച്ചു. 2014 ല്‍ മുക്കാലി ഫോറസ്റ്റ് ഓഫീസ് കത്തിച്ച കേസ്, കോട്ടത്തറ വില്ലേജ് ഓഫീസ് പോസ്റ്റര്‍ പതിച്ച സംഭവം, കുറുക്കന്‍കുണ്ടില്‍ വീട്ടിലെത്തി ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച സംഭവം തുടങ്ങിയ സംഭവങ്ങളിലെ പ്രതിയാക്കാനാണ് തെളിവെടുപ്പു നടത്തുന്നത്.
◾ആര്‍എസ്എസിന്റെ കോമരങ്ങളെയാണ് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിയമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജുഡിഷ്യറിയുടെ മഹിമ അധികകാലം നിലനില്‍ക്കുമോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
◾സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് ഇന്ന് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.
◾അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവര്‍ക്കും എ പ്ലസ് എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്‌ഐ. അഭിപ്രായം തിരുത്തണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ ആവശ്യപ്പെട്ടു.
◾തിരുവനന്തപുരം കനകക്കുന്നില്‍ ചന്ദ്രന്‍. ആര്‍ട്ടിസ്റ്റ് ലൂക് ജെറമിന്റെ പ്രശസ്തമായ മ്യൂസിയം ഓഫ് ദ മൂണ്‍ ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ചതു കാണാന്‍ അനേകരാണ് എത്തിയത്. അടുത്ത മാസം നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രചാരണത്തിനായാണ് ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശിപ്പിച്ചത്.
◾വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റക്കായി കര്‍ണാടകയില്‍ നിന്നു ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ്. ഈ ആവശ്യം ഉന്നയിച്ച് കര്‍ണാടകത്തിലേക്കു നടത്തിയ മാര്‍ച്ച് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് കേരള കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു.
◾പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവ സൗകര്യമുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
◾കണ്ടല സഹകരണ ബാങ്ക് കള്ളപ്പണകേസില്‍ പ്രതികളായ ഭാസുരാംഗന്‍, മകന്‍ അഖില്‍ എന്നിവരുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കോടതി നിര്‍ദ്ദേശം നല്‍കി. പ്രതികളുടെ ജാമ്യ ഹര്‍ജിയിലാണ് നടപടി. ക്രമക്കേട് നടത്തിയിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നുമാണ് പ്രതികളുടെ വാദം.
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സ്വത്തു കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
◾കെ റെയില്‍ സമരസമിതി കുറ്റി പിഴുതെടുത്ത കുഴിയില്‍ നട്ടുവളര്‍ത്തിയ സമര വാഴക്കുല 40,300 രൂപയ്ക്കു ലേലം ചെയ്തു. ആലുവ സമര സമിതിയാണ് എട്ടു കിലോ ഭാരമുള്ള പാളയന്‍കോടന്‍ കുല ലേലത്തില്‍ വിറ്റത്. പൂക്കാട്ടുപടിക്കു സമീപം നട്ട വാഴയുടെ കുല ടി എസ് നിഷാദാണ് ലേലം വിളിച്ചെടുത്തത്.
◾പാലക്കാട്ടെ കുമരനെല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. പ്ലസ് വണ്‍ , പസ്ടു വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. നാലു വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു.
◾ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവു നല്‍കി പണം തട്ടിയതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നിലയ്ക്കല്‍ സ്വദേശി അരവിന്ദനെയാണ് കന്റോണ്‍മന്റ് പൊലീസ് പിടികൂടിയത്.
◾പാലക്കാട് അട്ടപ്പാടിയില്‍ പുലിപ്പല്ലും ആനക്കൊമ്പുമായി മൂന്നു പേര്‍ പിടിയില്‍. നാടന്‍ തോക്കും സ്ഫോടകവസ്തുക്കളും രണ്ട് ആനക്കൊമ്പുകളും സഹിതം അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തല്‍മണ്ണ യുസ്ഥസ്‌കാന്‍, ബാംഗ്ലൂര്‍ സ്വദേശി അസ്‌ക്കര്‍ എന്നിവരാണ് പിടിയിലായത്.
◾തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ ജീവനൊടുക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയെയാണ് (26) മരിച്ചത്. ”എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്” എന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
◾കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു നാലുദിവസത്തിനു ശേഷം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പുല്‍പ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് നാലുനാള്‍ മുമ്പ് മരിച്ചത്. മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്.
◾ആലപ്പുഴ ചെങ്ങന്നൂരില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. പെരളശ്ശേരി അജയ് ഭവനില്‍ രാധയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ശിവന്‍കുട്ടി അറസ്റ്റിലായി.
◾സുല്‍ത്താന്‍ ബത്തേരി കല്ലൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ചു പരിക്കേറ്റ ആനയുടെ ആരോഗ്യനില വഷളായി. ആനയുടെ വലതു കാലിനും ചുമലിനുമാണ് പരിക്കേറ്റിട്ടുള്ളത്. വനംവകുപ്പ് ആര്‍ആര്‍ടി, വെറ്ററിനറി ടീം എന്നിവരുടെ നിരീക്ഷണത്തിലാണ് ആന.
◾ജയ്പൂരില്‍ കര്‍ണി സേന അധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗ മേദിയെ വെടിവച്ചു കൊന്നു. ഇയാള്‍ക്കെതിരെ അക്രമികള്‍ നിരവധി തവണ വെടിവച്ചു. കൊലപാതക ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.
◾പ്രകൃതിക്ഷോഭം നേരിടുന്ന തമിഴ്‌നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ് സഹോദരങ്ങള്‍ക്കു ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സഹായ വാഗ്ദാനത്തിനു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നന്ദി അറിയിച്ചു.
◾ചെന്നൈ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ ഫയര്‍ഫോഴ്സ് സംഘം ബോട്ടിലെത്തി രക്ഷപ്പെടുത്തി. അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ഖാന്‍ ചെന്നൈയിലെത്തിയത്. നടന്‍ വിഷ്ണു വിശാലിന്റെ വീട്ടിലായിരുന്നു ആമിര്‍ ഖാന്‍ കഴിഞ്ഞിരുന്നത്.
◾കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപിക്കു സംഭാവനയായി ലഭിച്ചത് 719 കോടി രൂപ. മുന്‍ വര്‍ഷം 614 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിനു ലഭിച്ചത് 79 കോടി രൂപയാണ്. മുന്‍വര്‍ഷം 95.4 കോടി രൂപയായിരുന്നു.
◾ഇന്ത്യ മുന്നണി യോഗം 17 ലേക്കു മാറ്റി. നേതാക്കള്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് യോഗം മാറ്റിയത്.
◾തെരഞ്ഞടുപ്പു ഫലം ഇന്ത്യ സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി ജെ പിയെ പുറത്താക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ജനം മാറ്റത്തിനു വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾കരാടിസ്ഥാനത്തിലുള്ള 158 കോടി രൂപ അടയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മാരായിരുന്ന ബൈജൂസിന് കരാറില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ നോട്ടീസയച്ച് ബിസിസിഐ. മറുപടി നല്‍കുന്നതിന് രണ്ടാഴ്ചത്തെ സമയമാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്.
◾അര്‍ജന്റീനയുടെ ഇതിഹാസതാരം ലിയോണല്‍ മെസിക്ക് ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് മെസി. ക്ലബ് ഫുട്‌ബോളിലെയും രാജ്യാന്തര ഫുട്‌ബോളിലെയും മികവിനുള്ള അംഗീകാരമായാണ് ടൈം മാഗസിന്‍ മെസിയെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കായികതാരമായി തെരഞ്ഞെടുത്തത്.
◾ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടി ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക്. ആഗോളതലത്തില്‍ ബാങ്കിംഗ് മേഖലയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കുന്ന പോര്‍ട്ടലായ ദി ബാങ്കറിന്റെ ‘ബാങ്ക് ഓഫ് ദി ഇയര്‍ 2023 അവാര്‍ഡ്’ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കി. ഇന്ത്യയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഏക ബാങ്കാണിത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും മികവ് തെളിയിക്കുകയും നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുകയും ചെയ്തതിനാണ് അവാര്‍ഡെന്ന് ദി ബാങ്കര്‍ അറിയിച്ചു. ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന് 1,200ല്‍ അധികം ശാഖകളും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 1900ല്‍ അധികം എ.ടി.എമ്മുകളും/സിഡിഎംഎസുകളും 1.6 കോടിയിലധികം ഉപയോക്താക്കളുമുണ്ട്. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്‍ നിരയിലുള്ള ബാങ്കാണ് ഫെഡറല്‍ ബാങ്ക്. എല്ലാ ശാഖകളും കമ്പ്യൂട്ടര്‍വത്കരിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കുകളില്‍ ഒന്നാണിത്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ ബില്‍ പേയ്മെന്റ്, ഓണ്‍ലൈന്‍ ഫീസ് ശേഖരണം, ഡിപ്പോസിറ്ററി സേവനങ്ങള്‍, ക്യാഷ് മാനേജ്മെന്റ് സേവനങ്ങള്‍, മര്‍ച്ചന്റ് ബാങ്കിംഗ് സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ബാങ്ക് നല്‍കി വരുന്നു.
◾കൃഷ്ണ ശങ്കറും സുധി കോപ്പയും കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്റര്‍ടെയ്നര്‍ ‘പട്ടാപ്പകല്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ‘പഞ്ചവര്‍ണ്ണ കിളിയേ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റും. മനു മഞ്ജിത്തിന്റേതാണ് വരികള്‍. കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘പട്ടാപ്പകല്‍’. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍ നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അര്‍ജുനാണ്. രമേശ് പിഷാരടി, ജോണി ആന്റണി, ഗോകുലന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, നന്ദന്‍ ഉണ്ണി, ഡോ. രജിത് കുമാര്‍, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണന്‍ പട്ടേരിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
◾ലെജന്‍ഡറിയുടെ മോണ്‍സ്റ്റര്‍വേര്‍സിലെ പുതിയ ചിത്രം ഗോഡ്‌സില്ല /കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി ഇരു ഭീകരന്മാരും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ സൂചന. ഒപ്പം തന്നെ പുതിയ വില്ലനും ഉദയം ചെയ്യുന്നുണ്ട്. മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഉറച്ച പുതിയ ഭീകരന്‍ കുരങ്ങിനെതിരെ പോരാടാന്‍ ഗോഡ്സില്ലയും കോങും ഒന്നിക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു. ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ഗോഡ്സില്ലയും കോങും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് ട്രെയിലര്‍ വ്യക്തമാകുന്നു. ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും. സംവിധായകന്‍ ആദം വിംഗാര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെബേക്ക ഹാള്‍, ബ്രയാന്‍ ടൈറി ??ഹെന്റി , ഡാന്‍ സ്റ്റീവന്‍സ് , കെയ്‌ലി ഹോട്ടില്‍ , അലക്‌സ് ഫേണ്‍സ്, ഫാല ചെന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടെറി റോസിയോ, സൈമണ്‍ ബാരറ്റ് , ജെറമി സ്ലേറ്റര്‍ എന്നിവരുടെതാണ് തിരക്കഥ. 2024 ഏപ്രില്‍ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക.
◾ജീപ്പ് ഇന്ത്യ അതിന്റെ എസ്യുവി ലൈനപ്പില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓഫര്‍ കൊണ്ടുവന്നു. ജീപ്പ് കോംപസ്, ജീപ്പ് മെറിഡിയന്‍, ജീപ്പ് ചെറോക്കി തുടങ്ങിയ എല്ലാ മോഡലുകള്‍ക്കും കമ്പനി വന്‍ വിലക്കിഴിവ് കൊണ്ടുവന്നിട്ടുണ്ട്. ഈ ഓഫര്‍ വഴി ഉപഭോക്താക്കള്‍ക്ക് 11.85 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ കിഴിവാണിത്. ഏറ്റവും കൂടുതല്‍ കിഴിവ് നല്‍കുന്ന മോഡലുകളില്‍ ജീപ്പ് ചെറോക്കിയാണ് മുന്നില്‍. ചെറോക്കിയില്‍ 11.85 ലക്ഷം രൂപയുടെ ഫുള്‍ ഡിസ്‌കൗണ്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 80.50 ലക്ഷം രൂപയാണ് ഈ എസ്യുവിയുടെ പ്രാരംഭ എക്‌സ് ഷോറൂം വില. എസ്യുവി മെറിഡിയനില്‍ 4 ലക്ഷം രൂപയുടെ വര്‍ഷാവസാന ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. 33.40 ലക്ഷം രൂപ വരെയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. എസ്യുവി കോമ്പസിന് 1.50 ലക്ഷം രൂപയുടെ വര്‍ഷാവസാന ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. 20.49 ലക്ഷം രൂപ വരെയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. ഈ കിഴിവുകളില്‍ പ്രത്യേക ഓഫറുകള്‍, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, കോര്‍പ്പറേറ്റ് ഓഫറുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
◾’കരിക്കോട്ടക്കരി’യുടെ കഥാകാരന്‍ എഴുത്തിന്റെ പിന്നാമ്പുറ കഥകള്‍ പറയുകയാണ്. സിനിമ കാണാന്‍ പോയ വഴികള്‍ മുതല്‍ മനുഷ്യന്റെ എല്ലാവിധ വേവലാതികളും സംഘര്‍ഷങ്ങളും ഓര്‍മ്മകളായി അടയാളപ്പെടുത്തുകയാണ്. ആത്മകഥാംശമുള്ള ഈ രചനകളിലൂടെ തന്റെ ദേശത്തിന്റെ വിവിധ തരം മനുഷ്യ രുടെ ജീവിതം പറയുകയാണ്. ഈ ദേശമെഴുത്ത് സാര്‍വ്വലൗകി കവുമായി രൂപാന്തരപ്പെടുകയാണ്. അങ്ങനെ കാലത്തിനും സമയത്തിനുമപ്പുറം വികസിക്കുന്നു, ഭാഷയുടെ അതിരുകള്‍ ഭേദി ക്കുന്നു. പച്ചയ്ക്ക് പറയുകയാണ് സത്യസന്ധമായി തന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം മലയാളത്തിലെ അത്യപൂര്‍വ്വമായ രചനയാണ്. ‘പച്ചയ്ക്കുള്ളവര്‍’. വിനോയ് തോമസ്. കറന്റ് ബുക്സ് തൃശൂര്‍. വില 119 രൂപ.
◾ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണങ്ങള്‍ പലതാണ്. കൈ എപ്പോഴും സോപ്പിട്ട് കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രിയില്‍ പോയി വന്നശേഷമോ, ബാത്ത് റൂമില്‍ പോയ ശേഷം, രോഗ ബാധിതരെ തൊട്ടതിന് ശേഷം, വൃത്തി ഹീനമായ എന്തില്ലെങ്കിലും തൊട്ടതിന് ശേഷം, തുമ്മിയതിന് ശേഷം എന്നിങ്ങനെ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കൈ കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദുര്‍ബലമായ രോഗ പ്രതിരോധ ശേഷിയുള്ളവര്‍ക്ക് ഇടയ്ക്കിടെ ജലദോഷം വരാം. ചിലപ്പോള്‍ അത് സ്വയംപ്രതിരോധ പ്രശ്നങ്ങള്‍ മൂലവും സംഭവിക്കാം. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഭക്ഷ്യ വസ്തുക്കളുടെ നിരന്തരമായ ഉപയോഗം മൂലം ഒരു പരിധി വരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. അധികമായി വിയര്‍ക്കുക വഴി ശരീരത്തിലെ ജലാംശം കുറയുകയും അത് രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പലപ്പോഴും രോഗങ്ങള്‍ക്ക് വഴി വയ്ക്കാം. ശരീരത്തിലെ ജലാംശം കുറയാതെ നോക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷിയെ നമുക്ക് വര്‍ധിപ്പിക്കാനാകും. ഇന്ന് മിക്കവരും വീട്ടില്‍ വാതിലുകളും ജനലുകളുമെല്ലാം അടച്ചിടാറാണ് പതിവ്. ഇവ അടച്ചിടുമ്പോള്‍ ഒരാള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ അതിലൂടെ ബാക്ടീരിയ അന്തരീക്ഷത്തില്‍ വിന്യസിക്കുകയും പുറത്ത് പോകാതെ അവിടെ തന്നെ പരക്കുകയും ചെയ്യുന്നു. വെന്റിലേറ്ററുകള്‍ ഇത് പുറത്ത് പോകാന്‍ ഒരുവിധം സഹായിക്കുമെങ്കിലും ദിവസവും കുറച്ച് നേരം ജനലുകളും വാതിലുകളും തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ജലാംശം വിയര്‍പ്പിലൂടെ പുറത്ത് പോകാതെ ഒരു പരിധി വരെ സംരക്ഷിക്കുകയും അതുവഴി പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൈയ്യിലൂടെയാണ് ഏറ്റവും കൂടുതല്‍ ബാക്ടീരിയ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത്. അടിക്കടി കൈ കഴുകാന്‍ നമുക്കാര്‍ക്കും സാധിക്കാത്തതിനാല്‍ മുഖത്തില്‍ സ്പര്‍ശിക്കുന്നതിലൂടെ അത് വായയിലേക്കും തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കും എളുപ്പത്തില്‍ പടരാം. അലര്‍ജിയാണ് മറ്റൊരു പ്രശ്നം. പൊടി അലര്‍ജിയുള്ളവര്‍ക്കാണ് ജലദോഷം കൂടുതലായി ഉണ്ടാകുന്നത്. അലര്‍ജി ജലദോഷത്തെ കൂടുതല്‍ മോശമായ സ്ഥിതിയില്‍ ചെന്നെത്തിക്കും. അലര്‍ജിയുള്ള ആളുകളില്‍ ജലദോഷം മാറാതെ നിര്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
ശുഭദിനം
അമ്മ അവരുടെ വളരെ ചെറുപ്പത്തിലാണ് അവനെ പ്രസവിച്ചത്. അവന്‍ ജനിച്ചു കുറച്ച് നാള്‍കഴിഞ്ഞപ്പോഴേക്കും അച്ഛന്‍ അവരെ ഉപേക്ഷിച്ചുപോയി. അച്ഛനില്ലാത്ത കുട്ടി എന്ന പഴി കേട്ടാണ് അവന്‍ വളര്‍ന്നത്. സ്‌കൂളില്‍ ഈ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയപ്പോള്‍ അതിന്റെ പേരില്‍ ഉണ്ടായ വഴക്കില്‍ അവന് പരുക്ക് പറ്റുകയും ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ കിടക്കുകയും ചെയ്തിരുന്നു. അവന്‍ പഠിക്കാന്‍ അത്ര മിടുക്കനൊന്നും ആയിരുന്നില്ല. ഒമ്പതാം ക്ലാസ്സില്‍ മൂന്ന് തവണ തോറ്റു. പഠനം അതോടെ മുടങ്ങി. അമ്മ അവനെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. റെസ്റ്റോറെന്റില്‍ പാത്രം കഴുകിയായിരുന്നു പിന്നീടുള്ള ജീവിതച്ചെലവിന് വഴി കണ്ടെത്തിയത്. ജീവിതത്തിലേക്ക് കടന്നുവന്ന പെണ്‍സുഹൃത്ത് അവനെ ഉപേക്ഷിച്ചുപോയി. അതിനെ തുടര്‍ന്നുളള വിഭ്രാന്തിയില്‍ റെസ്റ്റോറന്റിലെ ജോലിയും നഷ്ടപ്പെട്ടു. റാപ്പ് മ്യൂസിക് അവന് ഇഷ്ടമായിരുന്നു. പക്ഷേ, അവിടം കറുത്തവര്‍ഗ്ഗക്കാരുടെ കുത്തകയായിരുന്നു. വെള്ളക്കാരനായ അവനെ അവര്‍ അവിടേക്ക് അടുപ്പിച്ചതേയില്ല. ജീവിതം പട്ടിണി നിറഞ്ഞതായി മാറി. പക്ഷേ തോറ്റ് കൊടുക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല. റാപ്പില്‍ അവന്‍ നേരിട്ട പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് തന്നെ പോയി. അവിടെയാണ് റാപ്പ് ഗോഡിന്റെ പിറവി. – എമിനം! റാപ് ലോകത്തെ ഇളക്കിമറിച്ച എമിനത്തിന്റെ ഊര്‍ജ്ജമായിരുന്നു അയാളുടെ ജീവിതാനുഭവങ്ങള്‍. അതെ, അനുഭവങ്ങളാണ് നമ്മെ ഉയര്‍ത്തുന്നത്. വേദനകളാണ് നമുക്ക് ശക്തി നല്‍കുന്നത്. തളരാതെ നമുക്ക് മുന്നോട്ട് തന്നെ പോകാം
ശുഭദിനം.