06.12.2023
ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് മരണം
?️ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര് മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്നാണ് വിവരം. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്. സോനമാർഗിലേക്കു വിനോദയാത്രയ്ക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്നു തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടമെന്ന് അധികൃതർ അറിയിച്ചു. മരിച്ചവർ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനില്‍, രാഹുല്‍, വിഗ്നേഷ്, ഡ്രൈവര്‍ ഐജാസ് അഹമ്മദ് എന്നിവരാണു മരിച്ചത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
‘കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നത്, വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തരുത്’: ഹൈക്കോടതി
?️കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ചില സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്. അതിന്റെ പേരിൽ വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തരുതെന്നും ഹൈക്കോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.ജുഡീഷ്യൽ അന്വേഷണം അവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. പക്ഷേ അതിൽ ആരെയും കുറ്റപ്പെടുത്താൻ താൽപ്പര്യപ്പെടുന്നില്ല. ഈ ഘട്ടത്തില്‍ ആരെയും കുറ്റം പറയുന്നില്ല. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണം. സര്‍ക്കാരും സര്‍വകലാശാലയും നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്കി.
സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രത്തിനല്ല:വി. ഡി സതീശൻ
?️കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന ടിഎന്‍ പ്രതാപന്റെ വാദം തള്ളി കോണ്‍ഗ്രസ്. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.
നവകേരള സദസ് പൂർണ പരാജയം, പരാതികളിൽ നടപടിയില്ല; ചെന്നിത്തല
?️മുഖ്യമന്ത്രിയുടെ നവകേരള സദസ് പൂർണ പരാജയമാണെന്ന് രമേശ് ചെന്നിത്തല. നവകേരള സദസിൽ ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞിട്ട് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണം മാത്രമാണിതെന്നും ചെന്നിത്തല ആരോപിച്ചു. കണക്കുകൾ പ്രകാരം കാസർകോഡ് ജില്ലയിൽ ഇതുവരെ 198 പരാതികൾ മാത്രമേ പരിഹരിച്ചിട്ടുള്ളൂ. ഇതിൽ തന്നെ പലതും വിവിധ വകുപ്പുകൾക്ക് അയച്ചു കൊടുക്കുകയല്ലാതെ പരാതി പരിഹരിക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ല.
നവകേരള സദസ്: പണം അനുവദിക്കില്ലെന്ന് വിജയപുരം ഗ്രാമ പഞ്ചായത്ത്
?️സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനായി പണം അനുവദിക്കില്ലെന്ന് കോട്ടയത്തെ വിജയപുരം ഗ്രാമ പഞ്ചായത്ത്.നവകേരള സദസിനായി 50,000 രൂപ തനത് ഫണ്ടിൽ നിന്നും അനുവദിക്കണമെന്ന് ഇടതുപക്ഷ അംഗങ്ങൾ നിർദേശം ഉയർത്തിയെങ്കിലും യുഡിഎഫ് ഭരിക്കുന്ന വിജയപുരം പഞ്ചായത്ത് ഭരണസമിതി ഇന്ന് ചേർന്ന യോഗത്തിൽ ആവശ്യം തള്ളുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് വി.റ്റി സോമൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് കമ്മറ്റിയിലാണ് തീരുമാനം.
‘വാരിക്കോരിയുള്ള മാർക്ക് വിതരണം, കുട്ടികളോടു ചെയ്യുന്ന ചതി’
?️വിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തെയും സ്വന്തം പേരു പോലും തെറ്റാതെ എഴുതാനറിയാത്ത കുട്ടികൾക്കു വരെ എ പ്ലസ് വാരിക്കോരി കൊടുക്കുന്നത് കുട്ടികളോട് ചെയ്യുന്ന ചതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം.
ഇന്ദ്രന്‍സിന് വീണ്ടും പഠനക്കുരുക്ക്
?️ജീവിത സാഹചര്യം മൂലം സ്കൂള്‍ പഠനം മുടക്കിയ നടന് ഇന്ദ്രന്‍സിന്റെ പത്താം ക്ലാസ് തുല്യതാ പഠനത്തിനും കുരുക്ക്. എഴാം ക്ലാസ് ജയിച്ചാലേ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനാവൂ എന്ന സാക്ഷരതാ മിഷന്റെ ചട്ടമാണ് ഇപ്പോഴത്തെ പ്രശ്നം. അതിനാല്‍ ഇന്ദ്രന്‍സ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കേണ്ടിവരും. അതിനു ശേഷമെ പത്തില്‍ പഠിക്കാനാവൂ.നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാ മിഷന് ഡയറക്ടര്‍ പ്രൊഫ. എജി ഒലീന പറയുന്നു. എന്നാല്‍, ഏഴ് ജയിച്ചതിന്റെ രേഖയില്ലാത്തതാണ് പഠനത്തിന് തടസമായത്.
”2021 ൽ കോൺഗ്രസിൽ നിന്നു രാജിവച്ചതാണ്, പിന്നെ എന്ത് പുറത്താക്കൽ”, എ.വി. ഗോപിനാഥ്
?️നവകേരള സദസിൽ പങ്കെടുത്തതിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ച് എ.വി. ഗോപിനാഥ് രംഗത്ത്. 2021 ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചതാണെന്നും പിന്നെ എന്തു പുറത്താക്കലാണെന്ന് അറിയില്ലെന്നുമായികുന്നു ഗോപിനാഥിന്റെ പ്രതികരണം.പല തവണ കോൺഗ്രസിലേക്ക് ക്ഷണിച്ചു. സസ്പെൻഷൻ സംബന്ധിച്ച് കത്ത് കിട്ടിയിട്ടില്ല, കൈയ്യിൽ കിട്ടിയാൽ മറ്റു നടപടി സ്വീകരിക്കും.രാജി സ്വീകരിച്ചോ ഇല്ലയോ എന്നത് എനിക്ക് വിഷയമില്ല, ഇതിനെ ഗൗരവകരാമായി കാണുന്നില്ല. കോൺഗ്രസ് അനുഭാവിയായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിനു തിരിച്ചടി: കേരളത്തിലും പ്രകടമാവും
?️നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിലെന്ന പോലെ സംസ്ഥാനത്തും വിലപേശൽ ശേഷി നഷ്ടമാവും. യുഡിഎഫിൽ മുസ്ലിം ലീഗുൾപ്പെടെയുള്ളവർ കൂടുതൽ കരുത്താർജിക്കും. സംസ്ഥാന കോൺഗ്രസിൽ ഇതുവരെ ഹൈക്കമാൻഡിന്റെ ബലത്തിൽ ശക്തമായി ഇടപെട്ട വിഭാഗത്തിനെതിരെ ഇതര വിഭാഗക്കാർ ഒരുമിക്കാനാണ് സാധ്യത.
ചെന്നൈയില്‍ മഴയ്ക്ക് താത്ക്കാലിക ശമനം
?️ചെന്നൈയിൽ 30 മണിക്കൂറായി ആശങ്കയായി പെയ്തിറങ്ങിയ കനത്ത മഴയ്ക്ക് നേരിയ ശമനം. മിചൗങ് ആന്ധ്രാ തീരത്തേക്ക് നീങ്ങിയതോടെയാണ് മഴയ്ക്ക് ശമനമായത്. എന്നാൽ തോരാതെ പെയ്ത പെരുമഴയിൽ ഇതുവരെ 5 ജീവനുകളാണ് പൊലിഞ്ഞത്. വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളുമുൾപ്പെടെ 5 പേർ മരിച്ചു. പ്രദേശത്ത് വിവിധയിടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. വെദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ ഇതുവരെ സർക്കാർ സംവിധാനങ്ങൾക്ക് സാധ്യമായിട്ടില്ല. നഗരങ്ങളിൽ പലയിടത്തും വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
നാവിക സേനാ പദവികൾ ഇന്ത്യൻ സംസ്കാരത്തിനനുസരിച്ച് പുനർനാമകരണം ചെയ്യും: പ്രധാനമന്ത്രി
?️നാവിക സേനയിലെ പദവികൾ ഇന്ത്യൻ സംസ്ക്കാരത്തിനനുസരിച്ച് പുനർനാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സായുധസേനയിലെ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. യുദ്ധക്കപ്പലിന്റെ കമാന്‍ഡിങ് ഓഫീസറായി ഒരു വനിതയെ നിയോഗിച്ചതിന് പ്രധാനമന്ത്രി നാവികസേനയെ അദ്ദേഹം അഭിനന്ദിച്ചു.മഹാരാഷ്ട്രയിൽ നടന്ന നാവികസേന ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാവികസേനാ ദിന പരിപാടിയില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുന്‍പ് രാജ്കോട്ട് കോട്ടയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത മോദി അദ്ദേഹത്തിന് ആദരം അർപ്പിക്കുകയും ചെയ്തു.
ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ ലേക്സഭയിലവതരിപ്പിച്ച് അമിത് ഷാ
?️ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ ലേക്സഭയിലവതരിപ്പിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിVz സംസ്ഥാന പദവി എടുത്തുമാറ്റി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ പുനഃസംഘടനാ ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. പുനഃസംഘടനാ ബില്ലിൽ ജമ്മുകശ്മീരെന്ന സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നു. ജമ്മു കശ്മീര്‍ നിയമസഭയിലെ മൊത്തം സീറ്റുകളുടെ എണ്ണം 83 ല്‍ നിന്ന് 90 ആയി ഉയര്‍ത്തുന്നു. കൂടാതെ ഏഴ് സീറ്റുകള്‍ പട്ടികജാതികള്‍ക്കും ഒമ്പത് സീറ്റുകള്‍ പട്ടികവര്‍ഗത്തിനും സംവരണം ചെയ്യുന്നു.
രജ്പുത് കർണിസേന നേതാവ് സുഖ്ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു
?️രാജസ്ഥാനിലെ പ്രമുഖ രജപുത്ര നേതാവ് സുഖ്ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു. സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ വീടിന് പുറത്ത് സ്കൂട്ടറിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജയ്പൂര്‍ പൊലീസ് അറിയിച്ചു. അക്രമത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിലെത്തിയ നാലംഗസംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗോഗമെഡിയുടെ തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്നാണ് വിവരം.
മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ പാക് ജയിലിൽ വിഷബാധയേറ്റു
?️മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാൾ എന്നു കരുതപ്പെടുന്ന സാജിദ് മിറിന് പാക്കിസ്ഥാനിലെ ജയിലിൽ വച്ച് വിഷബാധയേറ്റു. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. കഴിഞ്ഞ വർഷം ജൂണിൽ പാക്കിസ്ഥാനിലെ ഭീകര വിരുദ്ധ കോടതി ശിക്ഷ വിധിച്ചതിനെത്തുടർന്നാണ് ഇയാൾ ജയിലിലായത്. ഭീകര പ്രവർത്തനത്തിനു ഫണ്ട് നൽകിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. കോട് ലാഖ്പത് ജയിലിലായിരുന്ന ഇയാളുടെ സുരക്ഷ കണക്കിലെടുത്താണ് അടുത്തിടെ ദേര ഗാസി ഖാൻ ജയിലിലേക്കു മാറ്റിയത്. അതേസമയം, വിഷബാധയേറ്റെന്നത് കെട്ടിച്ചമച്ച കഥയാണെന്ന സംശയവും ശക്തമാണ്.
കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് മഴ; ശനിയാഴ്ച 2 ജില്ലകളിൽ യെലോ അലർട്ട്
?️കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേ സമയം, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 70 സെന്റീമീറ്റർ ഉയർത്തി.
”രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്, ഇന്ത്യാ മുന്നണിയല്ല”, മുഖ്യമന്ത്രി
?️രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന മുന്നണിയല്ല ഇന്ത്യാ മുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സിപിഎമ്മിനെതിരേയാണോ ബിജെപിക്കെതിരേയാണോ മത്സരിക്കേണ്ടതെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
വായ്പ തട്ടിപ്പുകേസ്: ഹീര ഗ്രൂപ്പ് എംഡി ഇഡി അറസ്റ്റിൽ
?️തട്ടിപ്പുകേസില്‍ ഹീര ഗ്രൂപ്പ് എംഡി ഹീര ബാബുവിനെ ഇഡി അറസ്റ്റ് ചെയ്തു. കൊച്ചി ഇ.ഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. ആക്കുളത്തെ ഫ്ളാറ്റ് സമുച്ചയ നിര്‍മ്മാണത്തിനാണ് ഇയാൾ വായ്പ എടുത്തത്. ഫ്ളാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്നതായിരുന്നു എസ്ബിഐയുടെ പരാതി. കഴിഞ്ഞ ഫെബ്രുവരിയിലും നിരവധി സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
അതിർത്തി തർക്കം; കോഴിക്കോട് അച്ഛനും മകനും വെട്ടേറ്റു
?️കോടഞ്ചേരിയിൽ അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. മൈക്കാവ് കാഞ്ഞിരാട് ഭാഗത്താണ് സംഭവം. അശോക് കുമാർ, മകൻ ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.അയൽവാസിയായ ബൈജു ആണ് വെട്ടിയതെന്ന് ഇവർ പറയുന്നു. ഇരുവർക്കും കൈക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അശോക് കുമാറിന്റെ വീട്ടിലേക്ക് കോണ്‍ക്രീറ്റിനുള്ള സാധനങ്ങളുമായി വന്ന ലോറി കടന്നുപോകാനായി റോഡിലുണ്ടായിരുന്ന ബൈജുവിന്റെ ബൈക്ക് റോഡ് സൈഡിൽ പാർക്കു ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ അവസാനിച്ചതെന്നാണ് വിവരം.
കോട്ടയം നഗരം ചുവപ്പിച്ച് മൂവായിരത്തോളം ക്രിസ്മസ് പാപ്പാമാർ
?️ക്രിസ്മസിന്റ വരവറിയിച്ചും ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചും പാപ്പാമാർ നഗരം ചുവപ്പിച്ചു. കോട്ടയത്ത് നടന്ന ബോൺ നതാലെ ക്രിസ്മസ് പാപ്പാ വിളംബരയാത്രയിൽ ഒന്നും രണ്ടുമല്ല മൂവായിരത്തോളം ക്രിസ്മസ് പാപ്പാമാരാണ് റാലിയിൽ പങ്കുചേർന്ന് വിസ്മയക്കാഴ്ചയൊരുക്കിയത്.കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച യാത്ര ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയത്തെ പ്രധാന വീഥിയിലൂടെ കടന്ന് തിരുനക്കരയിൽ അവസാനിച്ചപ്പോൾ നഗരം ചുവന്ന് തുടുത്തു.
ഗാസയിൽ ഓരോ 10 മിനിറ്റിലും ഒരു കുഞ്ഞ് വീതം കൊല്ലപ്പെടുന്നു : ലോകാരോഗ്യസംഘടന
?️ഗാസയിൽ ഓരോ പത്ത് മിനിറ്റിലും ഒരു കുഞ്ഞ് വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. മാനവികതയുടെ ഇരുണ്ടസമയങ്ങളിലൂടെയാണ് ഗാസ കടന്നു പോകുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ പലസ്തീൻ പ്രദേശത്തെ പ്രതിനിധി റിച്ചാർഡ് പീപ്പർകോൺ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ അറുപതു ശതമാനത്തിലധികം സ്ത്രീകളും കുട്ടികളുമാണ്. 42,000ത്തോളം ആളുകൾക്ക് പരുക്കേറ്റിട്ടുമുണ്ടെന്ന് റിച്ചാർഡ് അറിയിച്ചു. ജനീവയിൽ മാധ്യമപ്രവർത്തകരോട് വിഡിയൊ കോളിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈജൂസിന് ബിസിസിഐയുടെ നോട്ടീസ്
?️ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്സര് ആയിരുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള ബൈജൂസ് 158 കോടി രൂപയുടെ കുടിശിക നല്കാന് ആവശ്യപ്പെടണമെന്ന് കാണിച്ച് കോടതിയില്‍ ബിസിസിഐയുടെ ഹര്‍ജി. ഹര്‍ജിയില്‍ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന് കോടി നോട്ടീസ അയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കാട്ടി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) ആണ് ബൈജൂസിന് നോട്ടീസ് നല്‍കിയത്. 22ന് ട്രൈബ്യൂണല്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ബൈജൂസ് നല്കുന്ന മറുപടിക്കെതിരെ എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ അതിന് അവസരം നല്കി തുടര്‍ന്ന് ബിസിസിഐയ്ക്കും ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
കായിക ‘ലോകം’: അനുഭവങ്ങൾ പങ്കുവച്ച് മാധ്യമ പ്രവർത്തകർ
?️ഖത്തർ ലോകകപ്പ് ഫുട്ബോൾ, ഹാങ്ചോ ഏഷ്യൻ ഗയിംസ്, ലോകകപ്പ് ക്രിക്കറ്റ് എന്നീ മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത കോട്ടയത്തെ മാധ്യമ പ്രവർത്തകർ പ്രസ് ക്ലബ്ബിൽ ഒത്ത് ചേർന്ന് തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.പരിപാടിയിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് മുഖ്യാതിഥിയായി. മാധ്യമ പ്രവർത്തകരായ സി.കെ രാജേഷ് കുമാർ, മുഹമ്മദ് ദാവുദ്, അജയ് ബെൻ, അനീഷ് ആലക്കോട്, അർജുൻ രാധാകൃഷ്ണൻ എന്നിവരാണ് ലോക കപ്പിന്റെയും ഏഷ്യൻ ഗയിംസിന്റെയും അനുഭവങ്ങൾ മറ്റ് മാധ്യമ പ്രവർത്തകരോടും മാധ്യമ വിദ്യാർഥികളോടുമായി പങ്കുവച്ചത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5785 രൂപ
പവന് 46280 രൂപ