പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ ഷണ്‍മുഖം(18), തിരുപ്പതി(18) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടാകുന്നത്. അവധിദിവസം ചെലവഴിക്കാൻ സഹപാഠികളോടൊപ്പമാണ് വിദ്യാര്‍ഥികളെത്തിയത്. ഡാമില്‍ കുളിക്കാനിറങ്ങിയ എട്ടു വിദ്യാര്‍ഥികളില്‍ മൂന്നു പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വിഷ്ണുകുമാര്‍ എന്ന വിദ്യാര്‍ഥിയെ പ്രദേശത്തുള്ള രണ്ടു കുട്ടികള്‍ പിടിച്ചുകയറ്റി രക്ഷപ്പെടുത്തി. പക്ഷേ ഷണ്‍മുഖത്തെയും, തിരുപ്പതിയേയും കാണാതാകുകയായിരുന്നു.
ഇവര്‍ക്കായി ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഒന്നര മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.