03.12.2023
കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച; 3 പ്രതികളും 14 ദിവസം റിമാൻഡിൽ
?️ഓയൂരിൽ നിന്നും 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ റിമാൻഡു ചെയ്തു. ഈ മാസം 15 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ചാത്തനൂർ സ്വദേശി പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരാണ് പ്രതികൾ.അനിതകുമാരിയെയും മകൾ അനുപമയെയും അട്ടക്കുളങ്ങരയിലേക്കും പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മാറ്റും. പ്രതികൾക്കായി 2 അഭിഭാഷകരാണ് ഹാജരായത്. ലളിതയെന്ന ബന്ധുവാണ് ഇവർക്ക് വേണ്ടി വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്. കോടതി മുറിയിൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെയാണ് ഇവർ നിന്നിരുന്നത്. മൂന്നുപേരും പരസ്പരം സംസാരിക്കുകയും ചെയ്തു.
സംഘടനക്കുള്ളിലെ പ്രശ്നമെന്ന് വരുത്തിതീർക്കാൻ ആസൂത്രിതശ്രമം
?️ഓയൂരിൽ നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യഥാർഥ പ്രതികൾ പിടിയിലായകോടെ യൂണൈറ്റഡ് നഴ്സസ് അസോസിയേഷനെതിരേ (യുഎൻഎ) നടന്നത് ആസൂത്രിത പ്രചരണമെന്നു വ്യക്തമാക്കുന്നതാണെന്ന് സംഘടനാ നേതാവ് ജാസ്മിൻ ഷാ.കുട്ടിയെ കാണാതായപ്പോൾ തന്നെ യുഎൻഎയിലെ ഉൾപ്പോരാണ് ഇതിനു പിന്നിലെന്നു വരുത്തിതീർക്കാനാണ് ഒരു ഭാഗത്തു നിന്നും ശ്രമമുണ്ടായി. വ്യക്തമായ അജണ്ടയോടെയായിരുന്നു ശ്രമങ്ങൾ. കിട്ടിയ അവസരം മുതലാക്കി വളരെ മോശമായിട്ടായിരുന്നു സംഘടനയ്ക്കെതിരെയും കുട്ടിയുടെ പിതാവിനെതിരെയും പ്രചരണം നടന്നത്. പൊലീസിനെ ഉൾപ്പെടെ വഴിതെറ്റിക്കുന്ന സമീപനമാണ് ഉയർന്നു വന്നതെന്നും കുട്ടിയുടെ പിതാവിനെ അപമാനിച്ചവർ മാപ്പു പറയണമെന്നും സംഘടനയ്ക്കെതിരെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
”പ്രതി പത്മകുമാറിന്റെ മൊഴി വിശ്വസനീയമല്ല”, കെ.ബി. ഗണേഷ്കുമാർ
?️ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ, പ്രതി പത്മകുമാറിന്റെ മൊഴി വിശ്വസനീയമല്ലെന്ന് കെ.ബി. ഗണേഷ്കുമാർ എംഎൽഎ. അഞ്ചു കോടി രൂപ കടമുള്ളയാൾ അതു തീർക്കാൻ സാധാരണക്കാരനായ ഒരാളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വാസിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഏതു കുറ്റകൃത്യമാണ് പിടിക്കപ്പെടാത്തത്. ഒരു പക്ഷേ ഇത് മാധ്യമങ്ങളിലൂടെ പുറത്തെത്തിയില്ലായിരുന്നെങ്കിൽ ആ കുടുംബം ഭയന്ന് പണം നൽകിയേനെ. പക്ഷേ അപ്പോഴേക്കും പൊലീസ് മാധ്യമങ്ങളും നാട്ടുകാരം രംഗത്തുവന്നതോടെ എല്ലാം കൈവിട്ടുപോയി.
കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി
?️കളമശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.തൊടുപുഴ വണ്ടമറ്റം സ്വദേശി കെവി ജോൺ (78) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇതോടെ കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി. സ്ഫോടനം നടന്ന ഒരു മാസം പിന്നിടുമ്പോഴാണ് ഏഴാമത്തെ മരണം സംഭവിക്കുന്നത്.
ശീതകാല സമ്മേളനം തിങ്കളാഴ്ച മുതൽ
?️പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു തിങ്കളാഴ്ച തുടക്കമാകും. അതിനു മുന്നോടിയായി കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു കൂട്ടി. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, പിയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് ജയറാ രമേശ്, ഗൗരവ് ഗോഗോയ്, പ്രമോദ് തീവാരി തൃണമൂൽ നേതാവ് സുധീപ് ബാധ്യോപാധ്യായ്, എൻസിപി നേതാവ് ഫൗസിയ ഖാൻ, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഡിസംബർ 22 വരെയാണ് ശീതകാല സമ്മേളനം നീണ്ടു നിൽക്കുക. 15 സിറ്റിങ്ങുകളിലായി നിർണായകമായ നാലു ബില്ലുകൾ സഭ ചർച്ച ചെയ്തേക്കും.
‘ജൊനാഥും അബിഗേലും രേഖാ ചിത്രം വരച്ചവരും ഹീറോകൾ’; പ്രതികൾ പല കുട്ടികളെയും ലക്ഷ്യമിട്ടെന്നും എഡിജിപി
?️ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ എല്ലാ പ്രതികളെയും പിടി കൂടിയതായി എഡിജിപി എം.ആർ. അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെയാണ് എഡിജിപി മാധ്യമങ്ങളോട് സംസാരിച്ചത്. കേസ് തെളിയിക്കാൻ സഹായിച്ചത് മൂന്നു ഹീറോകളാണ്, ഒന്നാമത്തെയാൾ പെൺകുട്ടിയുടെ സഹോദരൻ ജൊനാഥനാണ് രണ്ടാത്തെയാൾ പെൺകുട്ടി, രേഖാ ചിത്രം വരച്ചവരാണ് മൂന്നാമത്തെ ഹീറോകളെന്നും എഡിജിപി പറഞ്ഞു.
കേരളവർമ കോളെജിൽ റീകൗണ്ടിങ്ങിലും എസ്എഫ്ഐ തന്നെ
?️കേരളവര്‍മ്മ കോളെജ് യൂണിയന് ചെയര്മാന് സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ്എഫ്ഐക്ക് ജയം. 3 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധൻ വിജയിച്ചത്. കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ 889 വോട്ടും എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധൻ 892 വോട്ടും നേടി.കൗണ്ടിംഗിൽ അട്ടിമറി നടത്തിയെന്നാരോപിച്ച് കെഎസ്യു ചെയർമാൻ സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി റീ കൗണ്ടിംങ്ങിന് ഉത്തരവിടുകയായിരുന്നു.
സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിലേക്ക് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് യുവാവ് തള്ളിക്കയറി
?️കൂർക്കഞ്ചേരിയിൽ സുരേഷ് ഗോപി പങ്കെടുത്ത ബിജെപി പരിപാടിയിലേക്ക് ദേഹത്തു മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറി യുവാവ്. സുരേഷ് ഗോപി മടങ്ങിയതിനു ശേഷമാണ് സംഭവം. യുവാവിനെ പൊലീസിന് കൈമാറി. ശനിയാഴ്ച രാവിലെ നടന്ന പരിപാടിയിലാണ് സംഭവം. തളിക്കുളം സ്വദേശി സുരേഷ് കുമാറാണ് ( 43) വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം “ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ലെന്ന” വിചിത്ര ഉത്തരവ് പുതുക്കി പൊലീസ്
?️നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സര്‍ക്കുലറില്‍ മാറ്റം വരുത്തി പൊലീസ്. നവ കേരള സദസ് നടക്കുന്ന 2 മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്നാണ് കച്ചവടക്കാര്‍ക്ക് നൽകിയിരിക്കുന്ന പുതിയ നിര്‍ദേശം. നവകേരള സദസ് നടക്കുന്ന ദിവസം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന നിര്‍ദേശം വിവാദമായതോടെയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് ആലുവ ഈസ്റ്റ് പൊലീസിന്റെ നിർദേശം. പാചകം പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും പൊലീസിന് നിർദേശത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ഓയൂരില്‍ കണ്ടത് പൊലീസിന്റെ അന്വേഷണ മികവ്: പ്രശംസിച്ച് മുഖ്യമന്ത്രി
?️ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലിസ് നല്ല രീതിയിലുള്ള അന്വേഷണമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലിസിന്റെ അന്വേഷണ മികവാണ് പ്രതികളിലേക്ക് കൃത്യമായി എത്തുന്നതിന് ഇടായാക്കിയത്. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗുണ്ടാ തലവൻ ഓം പ്രകാശ് പിടിയിൽ
?️ഗുണ്ടാ തലവൻ ഓം പ്രകാശ് പിടിൽ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘമാണ് ഗോവയിൽ നിന്നും ഓം പ്രകാശിനെ പിടികൂടിയത്. തിരുവനന്തപുരം പാറ്റൂരിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസിൽ ഇയാൾ ഒളിവിലായിരുന്നു.പൂത്തിരി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖർ (35) എന്നിവർക്കാണ് പരുക്കേൽപ്പിച്ചത്. കൊലപാതകമുൾപ്പെടെ നഗരത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ ഓംപ്രകാശും ഇയാളുടെ സംഘത്തിൽപ്പെട്ട ഇബ്രാഹിം റാവുത്തർ, ആരിഫ്, മുന്ന, ജോമോൻ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവർ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.
ഗാസയിൽ വീണ്ടും യുദ്ധം ; ഇസ്രയേൽ ആക്രമണത്തിൽ 109 പേർ കൊല്ലപ്പെട്ടു
?️ഒരാഴ്ച നീണ്ട വെടിനിർത്തലിനുശേഷം ഗാസയിൽ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. വെള്ളിയാഴ്ച രാവിലെ ഏഴിന് വെടിനിർത്തൽ കാലാവധി അവസാനിച്ച് നിമിഷങ്ങൾക്കുള്ളിൽ കര, വ്യോമ, നാവിക സേനകൾ ആക്രമണം തുടങ്ങി. 200 ഇടങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. വൈകിട്ടുവരെ 109 പേരുടെ മരണം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ എഴുപതോളംപേർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു.
റഹീമിനും സ്വരാജിനും ഒരു വർഷം തടവും പിഴയും
?️ ഉമ്മൻ ചാണ്ടി സർക്കാറിനെതിരായ എസ്എഫ്ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസിൽ എ.എം. റഹിം എംപിക്കും എ.സ്വരാജിനും തടവും പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം ജ്യൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. 2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരേ എസ്എഫ്ഐ നടത്തിയ നിയമസഭാ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, നിയമവിരുദ്ധമായി കൂട്ടംകൂടി തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. 2010ല്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റിലായ അനുപമ യൂട്യൂബ് താരം, 5 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ്; വീഡിയോസും വൈറൽ
?️ഓയൂരില്‍നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകൾ അനുപമ യൂട്യൂബിലെ താരം. ‘അനുപമ പത്മന്’ എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 5 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഇംഗ്ലിഷിലാണ് അവതരണം. 381 വീഡിയോ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന് വീഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
പണം പിരിക്കാൻ പറഞ്ഞിട്ടില്ല; വി.ശിവൻകുട്ടി
?️ പേരാമ്പ്രയിൽ റവന്യൂ ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്ഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരേ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനെജർക്ക് നിർദേശം നൽകിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അൺ എയ്ഡഡ് സ്ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു മാനെജർക്ക് നിർദേശം നൽകിയത്. അടിയന്തരമായി നടപടി സ്വീകരിക്കാനാണ് നിർദേശം. ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൽകിയിട്ടില്ല.
ജിഎസ്ടി വിഹിതത്തിൽ നിന്ന് 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു
?️കേരളത്തിന് ലഭിക്കേണ്ട ജിഎസ്ടി വിഹിതത്തിൽ നിന്ന് കാരണം കൂടാതെ കേന്ദ്രം 332 കോടി രൂപ വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നവംബർ അവസാനത്തോടെ ലഭിക്കേണ്ട തുകയാണ് വെട്ടിക്കുറച്ചത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.നവംബറിൽ 1450 കോടി രൂപയായിരുന്നു കിട്ടേണ്ടിയിരുന്നു. ഇതിൽ നിന്നാണ് വെട്ടിക്കുറച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും തുക വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെയല്ല പരിഗണിച്ചിരിക്കുന്നത്.ഏറ്റവും വലിയ വെട്ടിക്കുറവു വന്ന സംസ്ഥാനം കേരളമാണ്. ഇത്ര വലിയ തുക വെട്ടിക്കുറച്ചത് ബോംബ് ഇടുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
”കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് അനുകൂലമായ സാഹചര്യം”; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
?️ കേരളത്തിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് മത്സരിക്കുകയല്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യ പുരോഗതിക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ബിജെപി ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ അകത്തും പുറത്തും പല ശക്തികളും ശ്രമിക്കുന്നുണ്ടെന്നും ഈ വെല്ലുവിളികളെ തടയാൻ ബിജെപിക്ക് ശക്തിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. . ബിജെപിയുടെ പൂര്‍വ്വകാല പ്രവര്‍ത്തകരുടെ സംഗമം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തടവുകാർക്ക് ഇനി മുതൽ ഐസ്ക്രീമും, പഴങ്ങളും
?️തടവുകാർക്കായി പുതിയ വിഭവങ്ങൾ ഒരുക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. പാനി പൂരി, ഐസ്ക്രീം, തുടങ്ങി നിരവധി വിഭവങ്ങളോടൊപ്പം, ടീഷർട്ട്, ഹെയർ ഡൈ തുടങ്ങിയവയും നൽകും. തടവുകാരുടെ മാനസികാരോഗ്യത്തെക്കരുതിയാണ് സർക്കാർ പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി ഉൾപ്പെടെ 173 പുതിയ ഇനങ്ങൾ ചേർത്തു.
അച്ചാർ, തേങ്ങ, കാപ്പിപ്പൊടി, മധുരപലഹാരങ്ങൾ, പാനിപ്പൂരി, ഐസ്ക്രീം, പഴങ്ങൾ എന്നിവ അവയിൽ ചിലത് മാത്രം.
അതിതീവ്ര ന്യൂനമർദം
?️സംസ്ഥാനത്ത് 2 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു കിഴക്കൻ – തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഈ അതിതീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനത്തിൽ പറയുന്നു. അങ്ങനെയെങ്കിൽ മഴ സാധ്യത വീണ്ടും ശക്തമായേക്കാൻ സാധ്യതയുണ്ട്.
ഡൽഹിയിൽ ഇറങ്ങേണ്ട 18 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
?️മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 18 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ജയ്പുർ, ലക്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. ശനിയാഴ്ച രാവിലെ 7.30 മുതൽ 10.30 വരെ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. മുപ്പതോളം ഫ്ലൈറ്റുകൾ വൈകി ലാൻഡ് ചെയ്യുമെന്നും വിമാനത്താവളം വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ ഭൂരിഭാഗം പ്രദേശത്തും അന്തരീക്ഷ മലിനീകരണം രൂക്ഷമായതാണ് വിമാനത്താവളത്തെയും ബാധിച്ചിരിക്കുന്നത്.
ഐപിഎല്‍ ലേലത്തിന് 1166 താരങ്ങള്‍
?️ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടിക ഐപിഎല്‍ ഭരണസമിതി പുറത്തുവിട്ടു. 1166 താരങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്. 77 താരങ്ങളെയാണ് വിവിധ ടീമുകള്‍ക്ക് വേണ്ടത്. അതിലേക്കാണ് ഇത്രയധികം അപേക്ഷകര്‍ എത്തിയിരിക്കുന്നത്. ഇതില്‍ 30 താരങ്ങളാണ് വിദേശത്തുനിന്നു വേണ്ടത്. ദുബായിയില്‍ 19ാം തീയതിയാണ് ഐപിഎല്‍ ലേലം നടക്കുന്നത്. ഓസീസ് താരങ്ങളായ പാറ്റ് കമിന്‍സ്, ട്രാവിസ് ഹെഡ്, കിവീസ് താരങ്ങളായ ഡാരില്‍ മിച്ചല്‍, രചിന് രവീന്ദ്ര എന്നിവര്‍ പട്ടികയിലുണ്ട്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5845 രൂപ
പവന് 46760 രൂപ