01.12.2023
ഛത്തീഗഡിൽ കോൺഗ്രസിന് അധികാര തുടർച്ച; എക്സിറ്റ് പോൾ ഫലം പുറത്ത്
?️നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണ് പ്രവചനം. അതേസമയം മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് മത്സരമായിരിക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. തെലങ്കാനയിൽ കോൺഗ്രസ് നേടുമെന്ന് പറയുമ്പോൾ മിസോറാമിൽ സോറം പീപ്പിൾ മൂവ്മെന്‍റ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 2 പേരുടെ കൂടി രേഖാചിത്രം പുറത്ത്
?️ഓവീയുരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒന്നിലധികം സ്ത്രീകളുണ്ടായിരുന്നതായി കുട്ടിയുടെ മൊഴി. ഇവരുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. ഒരു സത്രീയുടെയും പുരുഷന്‍റെയും രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്. അതേസമയം തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ 2 സ്ത്രീകളുണ്ടെന്നും തിങ്കളാഴ്ച രാത്രി താമസിച്ചിരുന്ന വീട്ടിൽ ഇവരുണ്ടായിരുന്നതായും കുട്ടി പറഞ്ഞു. മറ്റുള്ളവരുടെ മുഖങ്ങൾ ഓർമ്മയില്ലെന്നുമാണ് കുട്ടി പൊലീസിനു നൽകിയ മൊഴി. രേഖാ ചിത്രം കൊല്ലം എസിപിക്കും കൊട്ടാരക്കരയിലെ അന്വേഷണസംഘത്തിനും കൈമാറി.
ഗവർണറുടെ രാജി ആവശ്യപ്പെട്ട് സിപിഎം
?️ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ രാജി ആവശ്യപ്പെട്ട് സിപിഎം. സാമാന്യ മര്യാദയുണ്ടെങ്കിൽ ഗവർണർ രാജിവച്ച് ഒഴിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ഗവർണറെ വിമർശിച്ചു കൊണ്ടുള്ള കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. കണ്ണൂർ വിസി നിയമനം റദ്ദാക്കികൊണ്ടുള്ള കോടതി വിധി വന്നതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി ഗവർണർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോവിന്ദന്‍റെ പ്രതികരണം.
നവകേരളസദസിൽ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനെതിരെ ഹൈക്കോടതി
?️കോടതി വിലക്കുണ്ടായിട്ടും നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത് ഗൗരവമുള്ള കാര്യമെന്ന് ഹൈക്കോടതി. ഇനിയും ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കും. നവകേരള സദസിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഉപഹർജിയാണ് കോടതി പരിഗണിച്ചത്. എടപ്പാള്‍ തുയ്യം ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ റോഡരികില്‍ നിർത്തിയത്.
ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
?️മഞ്ചേരിയിലെ നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നാണ് ചിലർ വാർത്ത നൽകിയത്. ആ വാർത്ത കണ്ട് വിഷമിച്ച വിദ്യാർഥി മുഖ്യമന്ത്രിയെ കാണണമെന്ന് താൽപ്പര്യപ്പെടുകയായിരുന്നു.
റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കി
?️വിവാദങ്ങൾക്കിടെ റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്റ്റേറ്റ് ട്രാൻസ്പോർട് അതോറിറ്റി സെക്രട്ടറി കൂടിയായ മോട്ടോർ വാഹനവകുപ്പ് ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ. മനോജ് കുമാറാണ് പെർമിറ്റ് റദ്ദാക്കിയത്. പത്തനംതിട്ട എൻഫോഴ്സ്മെന്‍റ് വിഭാഗം ആർടിഒയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ 2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് പ്രകാരമാണ് നടപടി.
”വിധി അംഗീകരിക്കുന്നു, റിവ്യു ഹർജി നൽകില്ല”, ഗോപിനാഥ് രവീന്ദ്രൻ
?️കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർ നിയമനം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി ഗോപിനാഥ് രവീന്ദ്രൻ. വിധി അംഗീകരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വിധിക്കെതിരേ റിവ്യു ഹർജി നൽകില്ലെന്നും ഒരുപാടു കാര്യങ്ങൾ തനിക്ക് ചെയ്യാനായെന്നും അദ്ദേഹം പ്രതികരിച്ചു. വൈസ് ചാന്‍സലറെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
”സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി ഖാദി ബോർഡിനേയും ഞെരുക്കുന്നു”; പി. ജയരാജൻ
?️സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി ഖാദി ബോർഡിനേയും ഞെരുക്കുകയാണെന്ന് ഖാദി ബോർഡ് ചെയർമാൻ പി.ജയരാജൻ. ബോർഡിനു കിട്ടേണ്ടത് ഫണ്ട് കുടിശികയാണെന്നും സർക്കാർ അത് വേഗം തന്നെ തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫയൽ ധനമന്ത്രിയുടെ പരിഗണനയിലാണ്. പൗരപ്രമുഖൻമാർ എന്ന ആക്ഷേപം തന്നെ നവകേരളത്തിനെ അപമാനിക്കുന്നതാണ്. പിണറായി വിജയൻ മികച്ച സുരക്ഷ വേണ്ട വ്യക്തിയാണ്. നവകേരള സദസിനെ അനാവശ്യമായി എതിർക്കുകയാണ് ചിലരെന്നും നവകേരളത്തിനെതിരേ സങ്കുചിത രാഷ്ട്രീയ കൂട്ട് കെട്ട് സജീവമാണെന്നും ജയരാജൻ പറഞ്ഞു.
വൈദികപട്ടം വേണമെങ്കില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം
?️ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ പുതിയ വൈദികര്‍ക്ക് വൈദിക പട്ടം നല്‍കില്ലെന്ന മുന്നറിയിപ്പുമായി ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഡിസംബര്‍ മാസം വൈദിക പട്ടം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കാണ് കത്ത് നല്‍കിയത്. സിനഡ് കുര്‍ബാന അര്‍പ്പിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ആർ. സുബ്ബലക്ഷ്മി അന്തരിച്ചു
?️ മുത്തശി വേഷങ്ങളിലൂടെ ശ്രദ്ധേയായ നടി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സുബ്ബലക്ഷ്മി മുപ്പതു വർഷത്തോളം ജവഹർ ബാലഭവനിൽ സംഗീത അധ്യാപികയായിരുന്നു. ആകാശവാണിയിലും ദീർഘകാലം പ്രവർത്തിച്ചു. ആകാശവാണിയുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിത കംപോസർമാരിൽ ഒരാൾകൂടിയാണ് സുബ്ബലക്ഷ്മി.
മുല്ലപ്പെരിയാർ സർവേ
?️മുല്ലപ്പെരിയാർ അണക്കെട്ട് മേഖലയിൽ സർവേ നടത്താൻ സുപ്രീം കോടതി തമിഴ്‌നാടിന് അനുമതി നൽകിയത് കേരളത്തിനു തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തൽ. 2017ൽ പെരിയാർ കടുവാ സങ്കേതത്തിനടുത്ത് പാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിന് കേരള വനം വകുപ്പ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ അനുമതി നേടിയെടുത്തിരുന്നതാണ്. ഇത് ജലവിഭവ വഷയവുമായി ബന്ധപ്പെടുത്തി സുപ്രീം കോടതിയിൽ തമിഴ്‌നാട് ചോദ്യം ചെയ്തു. എന്നാൽ, പ്രതിരോധമുയർത്തുന്നതിൽ കേരളത്തിന്‍റെ ജലവിഭവ വകുപ്പ് അനാസ്ഥ കാണിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ എതിർ വിധിയുണ്ടാകാൻ കാരണം.
ഗുർപത്വന്ത് പന്നൂണിനെതിരായ വധശ്രമം: അന്വേഷിക്കുമെന്നു കേന്ദ്രം
?️ഖാലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിങ് പന്നൂണിനെ അമെരിക്കൻ മണ്ണിൽ ഇന്ത്യൻ ഏജൻസികൾ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷിക്കും. ഇതിനായി ഉന്നതതല സമിതി രൂപീകരിച്ചെന്നു വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി.
യുഎസ്, ക്യാനഡ പൗരനായ പന്നൂൺ ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളെ വധിക്കാനുള്ള ഇന്ത്യൻ ഏജൻസികളുടെ ശ്രമം യുഎസ് സുരക്ഷാ ഏജൻസികൾ തടഞ്ഞെന്ന് ഫിനാൻഷ്യൽ ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
ഉത്തരാഖണ്ഡിൽ തുരങ്ക നിർമാണം തുടരും
?️സുരക്ഷാ പരിശോധനയ്ക്കുശേഷം ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിന്‍റെ നിർമാണം തുടരുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയ വൃത്തങ്ങൾ. തകർന്ന ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയശേഷം വീണ്ടും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തും. ഇതിനുശേഷം സുരക്ഷ ഉറപ്പാക്കി നിർമാണം തുടരും. വർഷം മുഴുവനും ചാർധാം തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതാണ് 12,000 കോടിയുടെ റോഡ് പദ്ധതി.അതേസമയം, തുരങ്കത്തിൽ നിന്നു രക്ഷപെടുത്തിയ 41 തൊഴിലാളികളെയും ഇന്നലെ ഋഷികേശിലെ എയിംസിൽ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. ഹെലികോപ്റ്ററിലാണു തൊഴിലാളികളെ എത്തിച്ചത്.
കെഎസ്ആർടിസിയിൽ ജനറൽ മാനേജർമാരായി 4 കെഎഎസ് ഓഫീസർമാർ
?️ജനറൽ മാനെജർ തസ്തികയിൽ എൻജനീയറിങ് ബിരുദമുള്ള 4 കെഎഎസ് ഓഫിസർമാരെ കെഎസ്ആർടിസിയിലേക്ക് നിയമിച്ചു. കെഎസ്ആർടിസി ഡയറക്റ്റർ ബോർഡിന്‍റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം. കെഎഎസ് ഓഫിസർമാരെ ആദ്യമായാണ് ഒരു പൊതു മേഖല സ്ഥാപനത്തിൽ നിയമിക്കുന്നത്.
നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ ഇനി ‘ധന്വന്തരിയും ഭാരതും’
?️നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയിലെ അശോക സ്തംഭത്തെ മാറ്റി ഹിന്ദുദൈവമായ ധന്വന്തരിയുടെ കളർ ചിത്രം ചേർക്കുകയായിരുന്നു. ‘ഇന്ത്യ’ എന്നതിനു പകരം ‘ഭാരത്’ എന്നും ചേർത്തു. ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതവുമെന്നാം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയെന്ന് പേരുമാറ്റി രാജ്യത്തിന് ഭാരതം എന്നാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നെന്ന് ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് നാഷണൽ മെഡിക്കൽ കമ്മീഷനിലെ ഈ മാറ്റം.
യുഎസ് ആരോപണത്തെ പിന്താങ്ങി ട്രൂഡോ
?️ഖാലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിങ് പന്നൂണിനെ അമെരിക്കൻ മണ്ണിൽ ഇന്ത്യൻ ഏജൻസികൾ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുഎസ് ആരോപണത്തിനു പിന്നാലെ ഇന്ത്യയ്ക്കെതിരേ വിമർശനം കടുപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇനിയെങ്കിലും ഇന്ത്യ ആരോപണങ്ങൾ ഗൗരവത്തിൽ എടുക്കണമെന്ന് ട്രൂഡോ പറഞ്ഞു. യുഎസിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ആരോപണങ്ങൾക്ക് അടിവരയിടുകയാണ്. ഇതു തന്നെയാണ് ഞങ്ങൾ തുടക്കം മുതൽ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇക്കാര്യം ഇന്ത്യ ഗൗരവത്തിൽ എടുക്കേണ്ടിയിരിക്കുന്നു. ഇതിന്‍റെ അടിത്തറ കണ്ടെത്തുന്നതിനായി ഇന്ത്യൻ സർക്കാർ ഞങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകേണ്ടിയിരിക്കുന്നു എന്നാണ് ട്രൂഡോ കനേഡിയൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഗ്യാൻവാപി സർവേ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കണം: വാരാണസി കോടതി
?️ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് വാരാണസി കോടതി. റിപ്പോർട്ട് സമർപ്പിക്കാൻ 3 ആഴ്ചകൾ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. എഎസ്ഐ കൃത്യസമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ ജഡ്ജി എ.കെ. വിശ്വേഷ് പറഞ്ഞു. ഹർജി ഡിസംബർ 11ന് വീണ്ടും പരിഗണിക്കും.
ഗുജറാത്തിൽ അരിഷ്ടം കുടിച്ച് 5 പേർ മരിച്ചു
?️ ഗുജറാത്തിൽ ആയുർവേദ അരിഷ്ടം കുടിച്ച അഞ്ചുപേർ മരിച്ചു. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിലോദര ഗ്രാമത്തിലെ ഒരു കടയിൽ നിന്ന് കൽമേഗസാവ് ആസവാരിഷ്ടം വാങ്ങി കുടിച്ചവരാണ് മരിച്ചത്. 50 ഓളം പേർക്ക് മരുന്ന് നൽകിയതായാണ് വിവരം. മീതൈൽ ആൽക്കഹോളിന്‍റെ സാന്നിധ്യമാണ് മരണത്തിനിടയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് കടക്കാരുനുൾപ്പെടെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
പോർ വിമാനങ്ങൾ സ്വന്തമാക്കാൻ സൈന്യം
?️രാജ്യത്തിന്‍റെ പ്രതിരോധശേഷി ഉയർത്താൻ 97 തേജസ് യുദ്ധവിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്‍റെ അനുമതി. വ്യോമസേനയ്ക്കു വേണ്ടിയാണ് തേജസ് മാർക്ക് 1 എ യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്. പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കരസേനയും വ്യോമസേനയ്ക്കുമായി നൽകും. ആത്മനിർഭർ ഭാരത് പദ്ധതിക്ക് ഉണർവേകുന്നതാണ് 1.18 ലക്ഷം കോടി രൂപയുടെ ഇടപാട്.
റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറം ബിഷപ്
?️റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്‌സ് ഹൗസിലും നടത്തി. ചെട്ടിക്കാട് സെന്‍റ് ആന്‍റണീസ് തീർഥാടന കേന്ദ്രത്തിന്‍റെ റെക്ടറും വികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
അമെരിക്കയില്‍ കൊവിഡ് വകഭേദം രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടിയായതായി റിപ്പോർട്ട്
?️ അമെരിക്കയില്‍ കൊവിഡ് വകഭേദം രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടിയായതായി റിപ്പോർട്ട്. കൊവിഡ് വകഭേദമായ ബി.എ. 2.86 ആണ് ഇരട്ടിച്ചത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോര്‍ട്ട് പ്രകാരം എല്ലാ അണുബാധകളെയും അപേക്ഷിച്ച് 5 ശതമാനം മുതല്‍ 15 ശതമാനം വരെയാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട്.
ടി.പി. രാമകൃഷ്ണൻ സിഐടിയു സംസ്ഥാന പ്രസിഡന്‍റ്
?️സിഐടിയു സംസ്ഥാന പ്രസിഡന്‍റായി സിപിഎം സെക്രട്ടേറിയറ്റ് അംഗമായ ടി.പി. രാമകൃഷ്ണനെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലായിരുന്നു തീരുമാനം. ആനത്തലവട്ടം ആനന്ദന്‍റെ വിയോഗത്തെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിലവിൽ വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളായിരുന്ന ടി.പി. രാമകൃഷ്ണനെ തെരഞ്ഞെടുത്തത്. ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തുടരും
?️സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ തുടരും. ആരോഗ്യപരമായ കാരണങ്ങൾ മൂന്നു മാസത്തേക്ക് സെക്രട്ടറി സ്ഥാനത്തു നിന്നും അവധി നൽകണമെന്ന് അപേക്ഷിച്ചെങ്കിലും ചുമതല ആർക്കും നൽകിയിട്ടില്ല. കാനം മടങ്ങിയെത്തുന്നതുവരെ നേതൃത്വം ഒന്നടങ്കം സെക്രട്ടറിയുടെ ചുമതലകൾ വഹിക്കും.
എ.പി. ജയരാജനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി
?️സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയരാജനെ തൽസ്ഥാനത്ത് നിന്ന് നീക്കി. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് നടപടി. പകരം മുല്ലക്കര രത്നകരനു ചുമതല നൽകി.ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ സിപിഐ എക്സിക്യൂട്ടീവാണ് തീരുമാനമെടുത്തത്.
ആനയെ ട്രെയിൻ ഇടിക്കാതിരിക്കാനും ഇനി എഐ
?️റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയുമായി റെയ്‌ൽവേ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന “ഗജരാജ് സുരക്ഷ’യാണ് വനമേഖലകളിലെ റെയ്‌ൽ പാതകളിൽ കാട്ടാനകൾക്കു സുരക്ഷയൊരുക്കാൻ സജ്ജമാക്കിയത്. ട്രെയ്‌നുകളുടെ കൂട്ടിയിടി തടയാൻ ഉപയോഗിക്കുന്ന “കവച്’ സംവിധാനത്തിന് ഏറെക്കുറെ സമാനമാണ് ഗജരാജ് സുരക്ഷ. വൈകാതെ ഇത് കേരള- തമിഴ്നാട് അതിർത്തിയിലെ വാളയാർ വനമേഖലയിലടക്കം പാളങ്ങളിൽ സജ്ജമാക്കും.
ഓട്ടിസം ബാധിച്ച കുട്ടി വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ചു
?️വീടിനുള്ളില്‍ തീപ്പടര്‍ന്നുണ്ടായ അപകടത്തില്‍ ഓട്ടിസം ബാധിച്ച മകന്‍ മരിച്ചു. മാതാവിന് ഗുരുതരമായി പരിക്കേറ്റു. അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കേ നടയില്‍ മകം വീട്ടില്‍ പരേതനായ മണിയുടെ വീട്ടിലാണ് ഉച്ചയോടെ അപകടമുണ്ടായത്.
ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടും
?️ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച പുലർച്ചയോടെ ഇത് പിന്നീട് വടക്കൻ തമിഴ്നാട്-തെക്കൻ ആന്ധ്രാ തീരത്ത് എത്താനാണ് സാധ്യത. ഈ ദിവസങ്ങളിൽ കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ
?️ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു പോകുന്ന ഇന്ത്യൻ ട്വന്‍റി20 ടീമിനെ സൂര്യകുമാർ യാദവും ഏകദിന ടീമിനെ കെ.എൽ. രാഹുലും നയിക്കും. വിരാട് കോലിക്കും രോഹിത് ശർമയ്ക്കും വൈറ്റ് ബോൾ ഫോർമാറ്റുകൾ വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ ഇരുവരെയും ടെസ്റ്റ് ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റിൽ രോഹിത് ക്യാപ്റ്റനും ജസ്പ്രീത് ബുംറ വൈസ് ക്യാപ്റ്റനുമായിരിക്കും.
ഇന്ത്യക്ക് മിന്നുമണി ജയം
?️നായികാവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച് മലയാളി താരം മിന്നുമണി. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീമിന് മൂന്നുറണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം. മുംബൈ വാംഖെഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5370 രൂപ
പവന് 45380 രൂപ