വാർത്തകൾ വിരൽത്തുമ്പിൽ

പ്രഭാത വാർത്തകൾ
2023 | ഡിസംബർ 1 | വെള്ളി | 1199 | വൃശ്ചികം 15 | പുണർതം
???➖➖➖
© Copy rights reserved.
ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.
➖➖➖➖➖➖➖➖
◾സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സ്ഥാനമൊഴിഞ്ഞു. ചട്ടം ലംഘിച്ചുള്ള നിയമനമാണെന്നു സുപ്രീം വിമര്‍ശിച്ചിരുന്നു. സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കില്ലെന്നു സംസ്ഥാന സര്‍ക്കാരും ഡോ. ഗോപിനാഥ് രവീന്ദ്രനും വ്യക്തമാക്കി. മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയതിനാലാണു പുനര്‍നിയമനം നല്‍കിയതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം.

◾കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ റെജിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. റെജി താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ടു സ്ത്രീകളുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റേയും രേഖാചിത്രം പോലീസ് പുറത്തുവിട്ടു.

◾സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ ഇന്ന് അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കും. കോളേജുകളിലെ അദ്ധ്യയനവും രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളില്‍നിന്നു വിട്ടു നില്‍ക്കും. മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ യുടെ നേതൃത്വത്തിലാണു സമരം.

◾സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. ആരോഗ്യപരമായ കാരണങ്ങളാല്‍ മൂന്നു മാസത്തേക്ക് അവധി വേണമെന്ന അപേക്ഷയില്‍ സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തില്ല. തീരുമാനം ദേശീയ നേതൃത്വത്തിനു വിടാന്‍ യോഗം തീരുമാനിച്ചു.

◾റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18 വരെ പെര്‍മിറ്റ് പുനസ്ഥാപിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. സര്‍ക്കാരിന്റെ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ബസ് പിടിച്ചെടുക്കുകയാണെങ്കില്‍ പിഴ ഈടാക്കി വിട്ടുകൊടുക്കണമെന്നും കോടതി പറഞ്ഞു.

◾മുഖ്യമന്ത്രിക്കു കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനം. മലപ്പുറം വണ്ടൂര്‍ താഴെ ചെട്ടിയാറയില്‍ കരിങ്കൊടി കാണിച്ച സംഘത്തിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിപി സിറാജിന്റെ തല അടിച്ചു പൊട്ടിച്ചു. ഇയാളെ വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾മലപ്പുറം പാണ്ടിക്കാട്ട് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓടിക്കുന്നതിനിടെ പോലീസ് ജീപ്പില്‍നിന്നു തെറിച്ചുവീണ ലാത്തിയുമായി പ്രകടനം. മുഖ്യമന്ത്രിയും മന്ത്രിമാരും പെരിന്തല്‍മണ്ണയിലെ നവകേരളാ സദസിലേക്കു പോകുമ്പോഴായിരുന്നു കരിങ്കൊടി വീശിയത്.

◾കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിയമലംഘനവും സ്വജനപക്ഷപാതവും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അവിഹിത നിയമനത്തിന് ചുക്കാന്‍പിടിച്ച മുഖ്യമന്ത്രിക്കു തുടരാന്‍ ധാര്‍മികാവകാശമില്ല. മുഖ്യമന്ത്രിയുടെ ആവശ്യത്തിനു കീഴടങ്ങിയ ഗവര്‍ണറും ഗുരുതരമായ വീഴ്ച വരുത്തി. സുധാകരന്‍ കുറ്റപ്പെടുത്തി.

◾മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്താണ് കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിലുണ്ടായതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരവും സമ്മര്‍ദ്ദപ്രകാരവും കൈക്കൊണ്ട നടപടിക്കാണ് തിരിച്ചടി. അഴിമതിക്കാരനായ മുഖ്യമന്ത്രിയെ ചുമക്കണോയെന്ന് സിപിഎം തീരുമാനിക്കട്ടെ. അദ്ദേഹം പറഞ്ഞു.

◾കണ്ണൂര്‍ സര്‍വകലാശാല വിസി നിയമന കേസില്‍ നിയമനം നല്‍കിയ ഗവര്‍ണര്‍ തന്നെയാണ് നിയമനത്തിനെതിരെ തെളിവും സാക്ഷി മൊഴിയും നല്‍കിയതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണര്‍ നല്‍കിയത് കള്ളമൊഴിയാണ്. ബാഹ്യ സമ്മര്‍ദ്ദത്തിനു വഴങ്ങിയെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍ അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് വ്യക്തമാകുന്നത്. ജയരാജന്‍ പറഞ്ഞു.

◾മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ റെജി. പൊലീസ് പത്തനംതിട്ടയിലെ താമസസ്ഥലത്തുനിന്ന് കൊണ്ടുപോയത് താന്‍ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. ഏതു പരിശോധനയും നടത്തട്ടെ. തെളിവുണ്ടെങ്കില്‍ പൊലീസ് കണ്ടെത്തട്ടെയെന്നും റെജി പ്രതികരിച്ചു.

◾നവകേരള സദസ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ. പി അബൂബക്കര്‍ മുസലിയാര്‍. ഇലക്ഷന്‍ വരുമ്പോള്‍ എല്ലാ പാര്‍ട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം നടത്തും. ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നപ്പോള്‍ പതിനായിരങ്ങള്‍ വന്നിരുന്നു. ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും കാന്തപുരം വ്യക്തമാക്കി.

◾സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എപി ജയനെ നീക്കി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനമെടുത്തത്. മുല്ലക്കര രത്നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ നാലംഗ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു.

◾കെഎസ്ആര്‍ടിസിയില്‍ നാല് ജനറല്‍ മാനേജര്‍ തസ്തിക സൃഷ്ടിച്ച് കെഎഎസ് ഓഫീസര്‍മാരെ നിയമിച്ചു. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശയനുസരിച്ചാണ് എന്‍ജിനീയറിംഗ് ബിരുദമുള്ള നാല് കെഎഎസ് ഓഫീസര്‍മാരെ നിയമിച്ചത്. മലപ്പുറം ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ്. സരിന്‍, കോഴിക്കോട് ജില്ലാ ഓഡിറ്റ് ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷോ ബെനെറ്റ് ജോണ്‍, ജിഎസ്ടി ഇടുക്കി ഓഫീസിലെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. രാരാരാജ്, കണ്ണൂര്‍ ഇറിഗേഷന്‍ പ്രോജക്ടിലെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് റോഷ്ന അലിക്കുഞ്ഞ് എന്നിവരെയാണ് നിയമിച്ചത്.

◾തന്റെ കണ്ണില്‍ അബദ്ധത്തില്‍ കൈ തട്ടിയ എന്‍സിസി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി വി അന്‍വര്‍ എംഎല്‍എയുടെ വസതിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ എന്‍സിസി കേഡറ്റ് ജിന്റോ കണ്ടത്. ‘അബദ്ധത്തില്‍ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’ എന്നു പറഞ്ഞ് പേന സമ്മാനിച്ചാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയാക്കിയത്. മഞ്ചേരി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിന്റോ.

◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് 13 കോടി രൂപ ശനിയാഴ്ച മുതല്‍ നല്‍കും. അഞ്ചു ലക്ഷത്തിലേറെ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് ഡിസംബര്‍ 11 മുതല്‍ 10 ശതമാനം വരെ തുക പലിശ സഹിതം തിരികെ നല്‍കും. അര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാം. ചെറുകിട സ്ഥിര നിക്ഷേപകര്‍ക്ക് നിശ്ചിത ശതമാനം തുകയും പലിശയും പിന്‍വലിക്കാമെന്നും കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചു.

◾തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം ലത്തീന്‍ രൂപത മെത്രാനായി റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി മെയ് ഒന്നിന് വിരമിച്ച ഒഴിവിലേക്കാണു നിയമനം.

◾ഇസ്രയേല്‍ സ്വദേശിനിയെ കഴുത്തറുത്തു കൊന്ന് മലയാളിയായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് ഇസ്രയേല്‍ സ്വദേശിനിയായ സ്വത്വാ (36) കൊല്ലപ്പെട്ടത്. സ്വയം കത്തികൊണ്ട് ശരീരത്തില്‍ കുത്തി ആത്മഹത്യക്കു ശ്രമിച്ച ഭര്‍ത്താവ് കൃഷ്ണചന്ദ്രനെ (75) കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനു രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു തടവും പിഴയും. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ക്ലര്‍ക്കുമാരായിരുന്ന ടി. സെല്‍വരാജിനു മൂന്നു വര്‍ഷവും എന്‍. അജിത്കുമാറിനു നാലു വര്‍ഷവുമാണ് തടവുശിക്ഷ. പതിനായിരം രൂപ വീതം പിഴയും അടയ്ക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിച്ചു. ശ്രീകുമാര്‍ എന്നയാള്‍ക്ക് എസ്.ബി.ഐയില്‍ നിന്ന് നാലു ലക്ഷം രൂപ വായ്പയെടുടുക്കാനാണ് വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റു നല്‍കിയത്.

◾അരീക്കോട് ജിഎം എല്‍പി സ്‌കൂളിനു കെട്ടിടം നിര്‍മ്മിക്കാന്‍ പണം അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏറനാട് നിയോജക മണ്ഡലം നവകേരള സദസില്‍ നിവേദനവുമായി എത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം ഫോട്ടോയെടുത്തു പങ്കുവച്ചുകൊണ്ടാണ് മന്ത്രി തീരുമാനം അറിയിച്ചത്.

◾കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എട്ടു മണിക്കൂറിലധികം വൈകിയതോടെ മലയാളികളായ യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി. ഉച്ചകഴിഞ്ഞു മൂന്നിന് പുറപ്പെടേണ്ടിയിരുന്ന എഐ 465 വിമാനമാണ് വൈകിയത്.

◾മുന്‍ കൃഷി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിറിയക് ജോണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് കോവൂരിലെ ഗുഡ് എര്‍ത്ത് അപ്പാര്‍ട്ട്മെന്റിലായിരുന്നു അന്ത്യം. കലപ്പറ്റ, തിരുവമ്പാടി മണ്ഡലങ്ങളില്‍നിന്നു ജയിച്ച ഇദ്ദേഹം കരുണാകരന്‍ മന്ത്രിസഭയിലെ കൃഷിമന്തിയായിരുന്നു.

◾നടിയും സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

◾വളാഞ്ചേരിയിലെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ 18 വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് തച്ചന്‍പാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്.

◾ടാറിംഗ് നടക്കുന്നതിനാല്‍ തിരുവനന്തപുരം വഴുതയ്ക്കാട് ജംഗ്ഷന്‍ മുതല്‍ ജഗതി വരെയുള്ള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കരമന- സോമന്‍ നഗര്‍ റോഡില്‍ കരമന ജങ്ഷന്‍ മുതല്‍ സോമന്‍ നഗര്‍ വരെ ടാറിടുന്നതിനാല്‍ ഗതാഗതം നിരോധിച്ചു.

◾പഞ്ചായത്ത് പട്ടികജാതി ഫണ്ടില്‍നിന്ന് 75,749 രൂപ തിരിമറി നടത്തിയ സംഭവത്തില്‍ മുന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കും അഞ്ചു മെമ്പര്‍മാര്‍ക്കും കോടതി കഠിന തടവ് ശിക്ഷ വിധിച്ചു. കൊല്ലം ജില്ലയിലെ ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.റ്റി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റായിരുന്ന എ ഇക്ബാല്‍, മുന്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന വസുന്ധര തുടങ്ങിയവരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

◾തൊടുപുഴ മുലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്തു ഞെരിച്ച് കൊന്ന കേസില്‍ അമ്മ 28 കാരിയായ ജെയിസമ്മക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. 2016 ഫെബ്രുവരി 16 ന് ബെഡ് റൂമില്‍ 15 മാസം പ്രായമുള്ള മകനെ കഴുത്തുഞെരിച്ചു കൊന്ന് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.

◾കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറിില്‍നിന്ന് 200 പവന്‍ മോഷ്ടിച്ച കേസില്‍ മുഖ്യപ്രതിയുടെ ഭാര്യ നര്‍മദ അറസ്റ്റിലായി. ധര്‍മ്മപുരി സ്വദേശി വിജയ് (24) ആണ് മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഭാര്യ നര്‍മദയില്‍നിന്ന് മൂന്നു കിലോ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു.

◾തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ യുവാവിനെ ചവിട്ടിക്കൊന്ന കേസില്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക് ഏഴു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തമിഴ്‌നാട് കന്യാകുമാരി സ്വദേശി ഗണേശന്‍ മകന്‍ സത്യരാജ്(32) പാലക്കാട് വാഴക്കാക്കുടം സ്വദേശി പരമശിവ മകന്‍ ബാബു(36) എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡി. ജില്ലാ കോടതി ശിക്ഷിച്ചത്.
കൂടെയുള്ള സ്തീകളെ കളിയാക്കി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് പ്രതികള്‍ നെല്ലിയാംപതി ചന്ദ്രമല എസ്റ്റേറ്റ് സ്വദേശി ബേബി മകന്‍ ജയനെ(40) കൊലപ്പെടുത്തിയത്.

◾സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉരുക്കിയ 244 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട്ടേക്കു പോകുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഘത്തിലെ മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ ബിനോയ് (52), മിഥുന്‍ മോഹന്‍ (33), തൃശൂര്‍ ചേറൂര്‍ സ്വദേശി വിനീഷ് കുമാര്‍ (45) എന്നിവരെയാണ് പിടികൂടിയത്.

◾കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും വലതു തോളിനും ക്ഷതമേറ്റിരുന്നു.

◾മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസിലെ അതിജീവിതയെ പിന്തുണച്ച നഴ്സിംഗ് ഓഫീസര്‍ പി ബി അനിതയെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം. സ്ഥലം മാറ്റിയത് തന്നോടുള്ള ക്രൂരതയാണെന്നും നടപടിക്കെതിരെ പോരാടുമെന്നും അതിജീവിത പ്രതികരിച്ചു.

◾ഓട്ടിസം രോഗബാധിതനായ മകനെ അമ്മ കൊലപ്പെടുത്തിയതാണെന്നു റിപ്പോര്‍ട്ട്. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട ‘മകം’ വീട്ടിലെ ശോഭയാണ് മകന്‍ മഹേഷിനെ(35) കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ബെഡ് റൂമില്‍ തീയിട്ട ശോഭ (63) യുടെ ആരോഗ്യനില ഗുരുതരമാണ്. ശോഭയുടെ ഭര്‍ത്താവ് നാലു വര്‍ഷം മുമ്പ് മരിച്ചിരുന്നു.

◾തെക്കന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസിനെ കൂടുതല്‍ ശക്തമായി കെട്ടിപ്പടുക്കാന്‍ നീക്കം. ഇതിനായി ഡിസംബര്‍ 12 ന് ബ്രിഡ്ജിംഗ് സൗത്ത് എന്ന പേരില്‍ ഡല്‍ഹിയില്‍ കോണ്‍ക്ലേവ് നടത്തും. കേന്ദ്ര മന്ത്രിമാരും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പരിപാടിയില്‍ പങ്കെടുക്കും.

◾അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തും. രാജസ്ഥാനില്‍ തൂക്കസഭയ്ക്കു സാധ്യത. തെലങ്കാനയിലും ഛത്തീസ് ഘട്ടിലും കോണ്‍ഗ്രസ് മുന്നേറ്റം. മിസോറമില്‍ ഭരണമാറ്റത്തിനു സാധ്യത.

◾വ്യാജ നോട്ട് കേസിലും മണിചെയിന്‍ മോഡല്‍ തട്ടിപ്പ് കേസിലും സോഷ്യല്‍മീഡിയ താരം അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി അതീജ് മൗര്യ (41)ആണ് സരോജിനി നഗര്‍ പൊലീസിന്റെ പിടിയിലായത്. പുതുവത്സരം ആഘോഷിക്കാനായി രണ്ടാം ഭാര്യയുമൊത്ത് വിദേശത്തേക്ക് പറക്കാനിരിക്കെയാണ് പിടിയിലായത്.

◾ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക്കിസ്ഥാനി നസറുല്ലയെ വിവാഹം ചെയ്തശേഷം കഴിഞ്ഞ ദിവസം അഞ്ജു എന്ന മുപ്പത്തഞ്ചുകാരി തിരിച്ചെത്തിയത് വിവാഹ മോചനത്തിനും 15 കാരിയായ മകളെയും ആറു വയസുകാരനായ മകനെയും പാക്കിസ്ഥാനിലേക്കു കൊണ്ടുപോകാനുമാണെന്ന് അന്വേഷണ ഏജന്‍സികള്‍. വാഗ- അട്ടാരി അതിര്‍ത്തി വഴി എത്തിയ അഞ്ജുവിനെ വിശദമായി അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതിരുന്നു.

◾നേപ്പാളില്‍ ആദ്യത്തെ സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്തു. സൗത്ത് ഏഷ്യയിലെ ആദ്യ സ്വവര്‍ഗവിവാഹമാണിത്. പടിഞ്ഞാറന്‍ ലുംജംഗ് ജില്ലയിലാണ് മായ ഗുരുങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവര്‍ തമ്മില്‍ വിവാഹിതരായത്.

◾റഷ്യന്‍ മോഡലും 15കാരിയായ മകളും വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍. തുര്‍ക്കിയിലെ ബോഡ്രമിലെ റിസോര്‍ട്ടിനു സമീപം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് 42 കാരിയായ ഐറിന ഡ്വിസോവയുടെയും 15 കാരിയായ മകള്‍ ഡയാനയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

◾ഐഎസ്എല്ലിലെ ആറ് ഗോളുകള്‍ പിറന്ന ആവേശകരായ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ സമനിലയില്‍ കുരുക്കി പഞ്ചാബ് എഫ്‌സി. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി.

◾മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയും വിരാട് കോലിയും ഇടവേള ആവശ്യപ്പെട്ടതിനാല്‍ ഇരുവരെയും ഏകദിന-ട്വന്റി 20 ടീമുകളിലേക്ക് പരിഗണിച്ചിട്ടില്ല. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇരുവരുമുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് തന്നെ നയിക്കും. കെ.എല്‍ രാഹുലാണ് ഏകദിന ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാസണ്‍ ഏകദിന ടീമില്‍ ഇടംനേടി. സൂര്യകുമാര്‍ യാദവാണ് ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് ഏതാനും മാസങ്ങള്‍ കൂടി ചികിത്സ വേണ്ടി വരും.

◾ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള 20-ാമത്തെ ടീമായി യോഗ്യത നേടി. ആതിഥേയരായ യുഎസ്എ, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്സ്, ന്യൂസീലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, സ്‌കോട്ട്ലന്‍ഡ്, പാപുവ ന്യൂ ഗിനി, കാനഡ, നേപ്പാള്‍, ഒമാന്‍, നമീബിയ, ഉഗാണ്ട എന്നിവരാണ് യോഗ്യത നേടിയ 20 ടീമുകള്‍. 2024 ജൂണ്‍ നാല് മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ്.

◾പൊതുമരാമത്ത് വകുപ്പിന്റെ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച ശേഷം ബുക്കിംഗിലും വരുമാനത്തിലും വന്‍വര്‍ധന. 2021 നവംബറിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 11 കോടി രൂപയുടെ വരുമാനമാണ് ഓണ്‍ലൈന്‍ ബുക്കിംഗ് വഴി മാത്രം നേടിയത്. രണ്ട് ലക്ഷത്തോളം പേരാണ് ഓണ്‍ലൈന്‍ ബുക്കിംഗ് വഴി റൂമെടുത്തത്. ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം വന്നതോടു കൂടി കൂടുതല്‍ പേര്‍ സേവനം പ്രയോജനപ്പെടുത്തി. മൊത്തം 156 റസ്റ്റ് ഹൗസുകളാണ് കേരളത്തിലുള്ളത്. ഇതിലെല്ലാം കൂടി 1,161 റൂമുകളുമുണ്ട്. നിലവില്‍ 143 എണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ബാക്കിയുള്ളവ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. റസ്റ്റ് ഹൗസുകളെ രണ്ട് ക്ലാസുകളായി തിരിച്ചാണ് മുറികളുടെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്ലാസ് 1ല്‍ ഉള്‍പ്പെടുന്ന റസ്റ്റ്ഹൗസുകളില്‍ നോണ്‍ എ.സി റൂമുകള്‍ക്ക് 600 രൂപയും എ.സി റൂമുകള്‍ക്ക് 1000 രൂപയുമാണ് നിരക്ക്. ക്ലാസ് 2ല്‍ നോണ്‍ എ.സി റൂമുകള്‍ക്ക് 400 രൂപയും എ.സി റൂമുകള്‍ക്ക് 750 രൂപയുമാണ്. ഇതു കൂടാതെ സ്യൂട്ട് റൂമുകള്‍ക്ക് എല്ലാ ക്ലാസിലും 2,000 രൂപയാണ് നിരക്ക്. ഏറ്റവും കൂടുതല്‍ പേര്‍ റസ്റ്റ് ഹൗസ് സേവനം പ്രയോജനപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയശേഷം 1.57 കോടി രൂപയുടെ വരുമാനമാണ് എറണാകുളം ജില്ലയിലെ റസ്റ്റ് ഹൗസുകള്‍ നേടിയത്. 1.47 കോടി വരുമാനവുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 1.03കോടി വരുമാനവുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. മൂന്നാര്‍, തേക്കടി, പൊന്‍മുടി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പീപ്പിള്‍സ് റസ്റ്റ് ഹൗസുകളുണ്ട്. തിരുനന്തപുരം, കൊല്ലം, എറണാകുളം തുടങ്ങിയ മുഖ്യ റസ്റ്റ്ഹൗസുകളില്‍ മാത്രമാണ് നിലവില്‍ ഭക്ഷണശാലകളുള്ളത്.

◾പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. ‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

◾തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു. തമിഴ്നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്. കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

◾ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ ടിടി സ്പോര്‍ട്സ് കൂപ്പെയുടെ ഉത്പാദനം ഔദ്യോഗികമായി അവസാനിപ്പിച്ചു. 1998-ല്‍ ആണ് കമ്പനി ഈ കാറിനെ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. എത്തി 25 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ ഔഡി ടിടി സ്പോര്‍ട്സ് കൂപ്പെയുടെ 6,62,762 യൂണിറ്റുകള്‍ കമ്പനി വിറ്റു. ക്രോണോസ് ഗ്രേ മെറ്റാലിക് പെയിന്റില്‍ ഡാര്‍ക്ക് ക്രോം മാറ്റ് ആക്‌സന്റുകളോട് കൂടിയ അസംബ്ലി ലൈനില്‍ നിന്ന് ഇറങ്ങിയ അവസാന മോഡലാണ് ഓഡി ടിടിഎസ് കൂപ്പെ. അവസാന ഔഡി ടിടിഎസില്‍ ക്രോണോസ് ഗ്രേ മെറ്റാലിക് നിറമുണ്ട്, ഡാര്‍ക്ക് ക്രോം മാറ്റ് ആക്‌സന്റുകളും ലഭിക്കുന്നു. മൂന്നാം തലമുറ ഔഡി ടിടിഎസിന് 2.0-ലിറ്റര്‍, ടിഎഫ്എസ്ഐ, 4-സിലിണ്ടര്‍ എഞ്ചിന്‍ ലഭിക്കുന്നു, അത് 306 ബിഎച്ച്പി ക്രാങ്ക് ചെയ്യുന്നു. ഇത് 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാക്കുന്നു. അവസാന പതിപ്പിനെ ടിടി റോഡ്സ്റ്റര്‍ ഫൈനല്‍ എഡിഷന്‍ എന്ന് വിളിക്കുന്നു. ഇത് കണ്‍വേര്‍ട്ടിബിള്‍ ആണ്, ഇത് വെറും 50 യൂണിറ്റുകളായി പരിമിതപ്പെടുത്തും. ഇത് അമേരിക്കയില്‍ മാത്രമേ വില്‍ക്കുകയുള്ളൂ. 315 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിഎഫ്എസ്ഐ, ഫോര്‍ സിലിണ്ടര്‍, ഗ്യാസോലിന്‍ മില്‍ എന്നിവയുമായാണ് ഇത് വരുന്നത്. ഈ മോട്ടോര്‍ 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു, ഇത് ബ്രാന്‍ഡിന്റെ ക്വാട്രോ എഡബ്ല്യുഡി സിസ്റ്റത്തിലൂടെ എല്ലാ 4-വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. അതേസമയം ഔഡി ഇന്ത്യ അടുത്തിടെ അതിന്റെ മുഴുവന്‍ പോര്‍ട്ട്‌ഫോളിയോയിലും രണ്ട് ശതമാനം വരെ വിലവര്‍ദ്ധന പ്രഖ്യാപിച്ചു. ഈ വിലവര്‍ദ്ധന 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

◾മാതാപിതാക്കള്‍ നഷ്ടപ്പെട്ട് 12-ാം വയസ്സില്‍ അനാഥനായ ബൊകാസ. തന്റെ വീരനായകനായ നെപ്പോളിയനെപ്പോലെ ഭാവിയില്‍ ഒരു ചക്രവര്‍ത്തിയാകുമെന്ന് സ്വപ്നം കണ്ടിരുന്നവന്‍… എന്നാല്‍ അധികാരത്തിലേറിയപ്പോള്‍ കൊച്ചുകുട്ടികളെയടക്കം അതിക്രൂരമായി കൊലചെയ്യുന്നവനായി ബൊകാസ മാറി. ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാനവസരം കിട്ടിയപ്പോള്‍ ക്രൂരനായി മാറിയ സ്റ്റാലിന്‍, യാതൊരു ദയയും കൂടാതെ ജനങ്ങളെ കൊന്ന ഹിറ്റ്ലര്‍, മുസ്സോളിനി, തന്നെ അധികാരത്തിലെത്തിക്കാന്‍ വലംകൈയായിനിന്നു പ്രവര്‍ത്തിച്ച അമ്മാവനെ വേട്ടപ്പട്ടികള്‍ക്കു മുന്നിലെറിഞ്ഞുകൊടുത്തു രസിച്ച ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, ഇങ്ങനെ എ ഡി 1491 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ലോകമെമ്പാടും വിവിധ തലങ്ങളില്‍നിന്ന് ഭരണാധികാരികളായി ഉയര്‍ന്നുവന്നവരുടെ ജീവിതകഥകളാണ് ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ‘ഏകാധിപതികളുടെ ക്രൂരമുഖം’. ഗീതാലയം ഗീതാകൃഷ്ണന്‍. കറന്റ് ബുക്സ്. വില 270 രൂപ.

◾തലമുടി കൊഴിച്ചില്‍ തടയാനും ആരോഗ്യമുള്ള മുടി വളരാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. നെല്ലിക്കയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി കൊഴിച്ചില്‍ തടയാനും അകാലനരയെ തടയാനും മുടി വളരാനും സഹായിക്കും. കറിവേപ്പിലയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയേണ്‍, സിങ്ക്, മറ്റ് ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഏറെ നല്ലതാണ്. ഉലുവയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും മറ്റും അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും. വെളിച്ചെണ്ണയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റി ആസിഡും വിറ്റാമിനുകളും മിനറലുകളും അടങ്ങിയ വെളിച്ചെണ്ണ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍, ബി വിറ്റാമിനുകള്‍, കാത്സ്യം തുടങ്ങിയവ അടങ്ങിയ തൈര് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. സാല്‍മണ്‍ ഫിഷാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും. സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചീരയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിന്‍ ബിയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബയോട്ടിന്‍, സിങ്ക്, അമിനോ ആസിഡ് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നട്സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്കും അയേണും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാം, അണ്ടിപരിപ്പ്, വാള്‍നട്സ് തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ശുഭദിനം
കവിത കണ്ണന്‍
അയാള്‍ യാത്ര ചെയ്ത് ഒരു പുതിയ ഗ്രാമത്തിലേക്ക് വന്നു. അയാള്‍ക്ക് അവിടമൊന്നും തീരെ പരിചയമുണ്ടായിരുന്നില്ല. പുതിയ ഗ്രാമത്തില്‍ കണ്ട സന്യാസിയോട് അയാള്‍ ചോദിച്ചു: ഇവിടെയുള്ള ആളുകള്‍ എങ്ങനെയുള്ളവരാണ്? സന്യാസി അയാളോട് ഒരു മറുചോദ്യം ചോദിച്ചു: നിങ്ങള്‍ വന്ന ഗ്രാമത്തിലെ ആളുകള്‍ എങ്ങനെയുള്ളവരാണ്? അയാള്‍ പറഞ്ഞു: അവിടെയുളളവര്‍ തീരെ സഹകരണമനോഭാവമില്ലാത്തവരാണ്. പരസ്പരസ്‌നേഹമോ വിശ്വാസമോ ഇല്ലാത്തവരാണ്. സന്യാസി പറഞ്ഞു: ഈ ഗ്രാമത്തിലുള്ളവരും അങ്ങനെയുള്ളവരാണ്.. അടുത്തദിവസം മറ്റൊരാള്‍ ഒരു ഗ്രാമത്തില്‍ നിന്നും വന്നു. അയാളും സന്യാസിയെ കണ്ട് ഈ ഗ്രാമത്തിലുളളവര്‍ എങ്ങിനെയുളളവരാണെന്ന് ചോദിച്ചു: സന്യാസി തന്റെ ചോദ്യം ആവര്‍ത്തിച്ചു. നിങ്ങളുടെ ഗ്രാമത്തിലുളളവര്‍ എങ്ങിനെയുള്ളവരാണ്? രണ്ടാമത് വന്നയാള്‍ പറഞ്ഞു: ഞാന്‍ വന്ന ഗ്രാമത്തിലെ ആളുകള്‍ വളരെ നല്ലവരാണ്. പരസ്പര സ്‌നേഹവും സഹകരണവും ഉളളവരാണ്. സന്യാസി പറഞ്ഞു: ഈ ഗ്രാമത്തിലുള്ളവരും അങ്ങിനെ തന്നെ. നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ശരിക്കും ഇങ്ങനെ തന്നെയല്ലേ.. നാം എന്തൊക്കെ മറ്റുള്ളവരില്‍ കാണുന്നുവോ അതൊക്കെ അവര്‍ നമ്മളിലും കാണുന്നു. നമുക്കും ചുറ്റുമുള്ളവരിലെ നല്ല വശങ്ങള്‍ മാത്രം കാണാന്‍ ശ്രമിക്കാം. അപ്പോള്‍ നമ്മുടെ ലോകവും അതുപോലെ നല്ലതുകള്‍ തിരിച്ചുനല്‍കുന്നത് കാണാം – ശുഭദിനം.
➖➖➖➖➖➖➖➖