ആറു വയസുകാരിയെ തട്ടികൊണ്ടു പോയി; മലയാളി മനസ് ഉദ്വേഗത്തിന്റെ മുൾമുനയിൽ.
?️മലയാളി മനസ് ഉദ്വേഗത്തിന്റെ മുൾമുനയിൽ. കൊല്ലം ഓയൂർ മരുതൺപള്ളിക്കു സമീപം 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോഴാണു ഇന്നലെ ഉച്ചതിരിഞ്ഞ് നാലരയോടെ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാറിൽ 3 പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരൻ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണ് സംഘമെത്തിയത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം ശക്തമാക്കി പൊലീസ്
?️ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നു കരുതുന്ന വാഹനത്തിന്റെ ഉടമയെയും പണം ആവശ്യപ്പെട്ടു കൊണ്ടു കുട്ടിയുടെ അമ്മയെ ബന്ധപ്പെട്ട ഫോൺ നമ്പറിന്റെ ഉടമയെയും കണ്ടെത്തി എന്നാണ് സൂചന. കുട്ടിയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം , പത്തനംതിട്ട ജില്ലകളിൽ വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിനായി തമിഴ്നാട് പൊലീസിന്റെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിക്കൊണ്ടു പോയ കുട്ടിയെ വിട്ടു നൽകാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ കോൾ
?️ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയ ആറു വയസുകാരിയെ വിട്ടു നൽകാൻ 5 ലക്ഷം രൂപ മോചനദ്രവ്യമായി നൽകണമെന്നാവശ്യപ്പെട്ട് ഫോൺ കോൾ. കുട്ടിയുടെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണെന്ന് അറിയിച്ചതായും കുട്ടിയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. കുട്ടിയുടെ അമ്മയ്ക്കു വന്ന ഫോൺ കോളിന്റെ ആധികാരികത പൊലീസ് പരിശോധിച്ചു വരുന്നു.
കുസാറ്റ് ദുരന്തം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
?️കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി രണ്ടായ്ചയ്ക്കകം അടിയന്തര റിപ്പോർട്ടു സമർപ്പിക്കാൻ ആലുവ റൂറൽ എസ്പിക്ക് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നോട്ടീസയച്ചു. സർവകലാ ശാലയിലെ സുരക്ഷാ വീഴ്ചയടക്കം പരിശോധിക്കാനാണ് നിർദേശം. കുസാറ്റിന്റെ വീഴ്ച ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2500 പേർ ഉൾകൊള്ളുന്ന ഹാളിന് ഒരു പ്രവേശന വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് വലിയ പിഴവാണ്. പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ല, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ പരാതിയിൽ വ്യക്തമാക്കുന്നു.
കുസാറ്റ് ദുരന്തം: ആൾക്കൂട്ട പരിപാടികൾക്കുള്ള മാർഗരേഖ പുതുക്കും
?️കുസാറ്റിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നിലവിലുള്ള മാര്‍ഗരേഖ പുതുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി. ഉന്നതതല യോഗത്തില്‍ ഇതിന്റെ നിയമപരമായും സാങ്കേതികമായുമുള്ള വശങ്ങള് പരിശോധിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആള്‍ക്കൂട്ട പരിപാടികള്‍ക്ക് നിലവിലുള്ള മാര്‍ഗരേഖ പുതുക്കുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
നവകേരള സദസിന്റ പേരിൽ സിപിഎം ആക്രമണം അഴിച്ചു വിടുന്നെന്ന് വി.ഡി. സതീശൻ.
?️നവകേരള സദസിന്റ പേരിൽ സിപിഎം ആക്രമണം അഴിച്ചു വിടുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് പ്രവർത്തകരെ ആവശ്യമില്ലാതെ കരുതൽ തടങ്കലിലാക്കുകയാണെന്നും മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് അകമ്പടി പോവുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും കറുപ്പു കണ്ടാൽ മുഖ്യമന്ത്രിക്ക് കലിയാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി
?️നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി. ഗതാഗത മന്ത്രിയുടെ ഓഫീസിലേക്കാണ് ഭീഷണി കത്ത് എത്തിയത്. മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നൽകിയ പരാതിയിൽ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഗതാഗത മന്ത്രിയുടെ അസിസ്റ്റന്റ് പേഴ്സണല്‍ സെക്രട്ടറിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കത്ത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെയും കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത് ലഭിച്ചിരുന്നു. വയനാട് ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വയനാട് കളക്ട്രേറ്റിലേക്കും ഭീഷണിക്കത്ത് ലഭിച്ചിരുന്നു.
നവകേരള സദസിൽ പങ്കെടുത്തു; കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
?️തിരൂരിൽ നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡു ചെയ്തു. മലപ്പുറം ഡിസിസി അംഗം എ.പി. മൊയ്തിനെതിരേയാണ് നടപടി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും നിർദേശം ലംഘിച്ചെന്നും കാട്ടി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടേതാണ് അച്ചടക്ക നടപടി. കോൺഗ്രസ് നേതാക്കൾക്കു പുറമേ നിരവധി മുസ്ലീം ലീഗ് നേതാക്കളും നവകേരള യാത്രയുടെ ഭാഗമായിരുന്നു. ഇവരെല്ലാം നാടിന്റെ പൊതു വികാരം മനസിലാക്കിയാണ് എത്തിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ പാർട്ടിയുടെ രാഷ്ട്രീയ തീരുമാനത്തെ എതിർക്കുന്നവർക്കെതിരേ നടപടിയുണ്ടാവുമെന്ന് സതീശൻ പറഞ്ഞിരുന്നു. പിന്നാലെയാണ് എ.പി. മൊയ്തീനെതിരായ നടപടി.
സർക്കാർ ആശുപത്രികളുടെ പേരു മാറ്റാൻ കേന്ദ്ര നിർദേശം
?️സർക്കാർ ആശുപത്രികളുടെ പേരു മാറ്റാൻ നിർദേശവുമായി കേന്ദ്രം. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്ന പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റാനാണ് നിർദേശം. സംസ്ഥാന ആരോഗ്യകേന്ദ്രങ്ങൾ (SHC), പ്രാഥമിക ആരോഗ്യകേന്ദ്രം (PHC), അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (UPHC) അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റേഴ്സ് (UHWC) തുടങ്ങിയവരുടെ പേരിൽ മാറ്റം വരുത്താനാണ് നിർദേശം.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായിട്ടില്ല. ഏതൊക്കെ ആശുപത്രികളുടെ പേരിലാണ് മാറ്റം വരുത്തേണ്ടത് എന്ന കാര്യത്തിൽ കൃത്യമായ വ്യക്തത വന്നിട്ടില്ല. ചർച്ച ചെയ്ത ശേഷം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
മലപ്പുറത്തും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി
?️പൊന്നാനിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. നവകേരള ബസ് പൊന്നാനിയിലേക്ക് പോകുന്നതിനിടെ കർമ റോഡിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു.സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബസ് കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ് പ്രവർത്തകർ പ്രതിഷേധമായെത്തിയത്.
പുഴുവരിച്ച നിലയിലുള്ള ആദിവാസി വനിതയ്ക്ക് ചികിത്സ ഉറപ്പാക്കി
?️അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ പുഴുവരിച്ച നിലയിലായിരുന്ന വനിതയെ ഊരിനു പുറത്തെത്തിച്ച് ചികിത്സ നൽകാൻ നടപടിയായി. വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്. ചികിത്സയ്ക്കായി ട്രൈബൽ ഡിപ്പാർട്ട്മെന്റിനോടും ആരോഗ്യവകുപ്പിനോടും സഹായം തേടിയെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. സംഭവം പുറംലോകം അറിഞ്ഞപ്പോഴാണ് അടിയന്തര ചികിത്സയ്ക്കായി ജില്ലാ ട്രൈബൽ ഓഫീസറെ ജില്ലാ കലക്റ്റർ ചുമതലപ്പെടുത്തിയത്.
റേഷൻ കടകൾ വഴി ഇനി 10 രൂപയ്ക്ക് കുപ്പിവെള്ളം
?️സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കാൻ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി വിൽപ്പന നടത്തുക. കെഐഐഡിസിയുടെ അപേക്ഷ പരിഗണിച്ച് മന്ത്രി ജി ആർ അനിലാണ് അനുമതി നൽകിയിരിക്കുന്നത്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ചു
?️പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ചു. 1000 ലിറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പ്ലാന്റ് പൂർണമായും തകർന്നു. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ആയിരത്തിന്റെയും മൂന്നുറിന്റെയും രണ്ടു സിലണ്ടറുകളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകി.
സവർണരെന്ന് മുദ്രകുത്തി ഒരു വിഭാഗത്തെ മാറ്റിനിർത്താൻ ശ്രമം: ജി. സുകുമാരൻ നായർ
?️സവർണരെന്ന് മുദ്രകുത്തി ഒരു വിഭാഗത്തെ മാറ്റിനിർത്താനും ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമൂഹത്തില്‍ സവര്‍ണ – അവര്‍ണ ചേരിതിരിവുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് നോക്കുന്നതെന്നും പാലക്കാട് എൻഎസ്എസ് താലൂക്ക് യൂണിയൻ നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മുന്നൂ ദിവസംകൊണ്ട് കോഴിക്കോട് ലഭിച്ചത് 45,897 നിവേദനങ്ങൾ
?️മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കൂടി നടത്തുന്ന നവകേരള സദസ് കോഴിക്കോട് പൂർത്തിയായി. മൂന്നുദിവസങ്ങളിലായി 12 വേദികളിൽ 13 നിയോജക മണ്ഡലങ്ങളിലായിട്ടായിരുന്നു പര്യടനം. മൂന്നു ദിവസത്തെ നവകേരള സദസ് അവസാനിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 45,897 നിവേദനങ്ങളാണ് ലഭിച്ചത്.
ഡൽഹിക്ക് നേരിയ ആശ്വാസം
?️ഡൽഹിയിൽ വായു മലിനീകരണ തോതിൽ നേരിയ കുറവ് രേഖപ്പെടുത്തി. വായു മലിനീകരണ തോത് 400 ൽ താഴെ എത്തിയതായാണ് കണക്കുകൾ. എന്നാൽ വായു മലിനീകരണത്തിൽ താപനിലയങ്ങൾക്കും പങ്കുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസമാണ് ഡൽഹിയിൽ എറ്റവും ഗുരുതരമായ രീതിയിലേക്ക് വായു മലീകരണ തോത് എത്തിയിരുന്നത്. ഈമാസം പത്ത് ദിവസമാണ് വായുഗുണനിലവാരം ഗുരുതരാവസ്ഥയിലേക്ക് എത്തിയത്.
കടബാധ്യത; കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു
?️കണ്ണൂർ കണിച്ചാലിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നാണെന്ന് കുടുംബാംഗങ്ങൾ. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്നും ബാങ്കിൽ നിന്നും ഈ മാസം 18 ന് മേൽനടപടി സ്വീകരിക്കുമെന്നുകാട്ടി നോട്ടീസ് വന്നിരുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.കൊളക്കാട് സ്വദേശി ആൽബർട്ടി (68) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു ആൽബർട്ട്.
മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ്; പ്രതിഷേധം
?️മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ. മണ്ണെടുപ്പ് നിർത്തണമെന്ന സർവ്വകക്ഷി യോഗതീരുമാനം നിലനിൽക്കെയാണ് വീണ്ടും കുന്നിടിക്കുന്നത്. അതേസമയം കുന്നിടിക്കരുതെന്ന് കാണിച്ച് സ്റ്റേപ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാർ കമ്പനി വ്യക്തമാക്കി.
ചോളത്തണ്ട് കേരളത്തിലേക്ക് കടത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി കർണാടക
?️കേരളത്തിലേക്ക് ചോളത്തണ്ട് കടത്തുന്നത് നിയന്ത്രിച്ച് കർണാടകം. ചാമരാജ് നഗർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ഗുണ്ടൽപേട്ട അടക്കം വയനാടിനോട് ചേർന്നുള്ള കർണാടകത്തിലെ ഗ്രാമങ്ങളിൽ നിന്ന് ചോളത്തണ്ട് കടത്തുന്നതിനാണ് ചാമരാജ് നഗർ ഡെപ്യൂട്ടി കമ്മീഷണർ നിയന്ത്രണം കൊണ്ടുവന്നത്. ഇതോടെ വയനാട്ടിലെ കർഷകർ പ്രതിസന്ധിയിലായി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പു കേസ്
?️യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പു വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് നോട്ടീസയച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി. നേരിട്ടോ അഭിഭാഷകൻ വഴിയോ ഹാജരാവാനാണ് കോടതി നിർദേശം.തെരഞ്ഞെടുപ്പിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശി സുനിൽ പി.എസ് സമർപ്പിച്ച ഹർജിയിലണ് കോടതി നടപടി. രാഹുൽ മാങ്കൂട്ടത്തിന് സംസ്ഥാന പ്രസിഡന്റ് പദവി നൽകരുതെന്നാണ് ഹർജിയിലെ ആവശ്യം.
വിഴിഞ്ഞത്ത് മൂന്നാമത്തെ കപ്പലും എത്തി
?️ അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയ്നുകളുമായി മൂന്നാമത്തെ കപ്പലും വിഴിഞ്ഞത്തെത്തി. ചൈനയിൽ നിന്നുള്ള ഷെൻഹുവ 24 കപ്പലാണ് തിങ്കളാഴ്ച ഉച്ചയോടെയാണ് വിഴിഞ്ഞത്ത് എത്തിയത്. 6 ക്രെയ്നുകളാണു കപ്പിലുള്ളത്. 6 മാസത്തിനുള്ളിൽ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യാനാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം.ഇസഡ് പിഎംസി എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയ്നുകൾ വാങ്ങുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പ്രവർത്തന സജ്ജമാകാൻ ആകെ 22 യാർഡ് ക്രെയ്നുകളും 7 ഷിഫ്റ്റു ടു ഷോർ ക്രെയ്നുകളും വേണം. നാലാമത്തെ കപ്പൽ ഷെൻഹുവ-15 രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും 3 യാർഡ് ക്രെയിനുകളുമായി ഡിസംബർ 15ന് എത്തും.
തൃശൂരിൽ വ്യാജ ഡോക്ടർമാർ പിടിയിൽ
?️ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാജ ചികിത്സ നടത്തിയതിന് കുന്നംകുളം, തൃശൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ നിന്നായി രണ്ടുപേർ പിടിയിൽ. പിടിയിലായ രണ്ടു പേരും ഗുഹ്യരോഗങ്ങൾക്ക് ചികിത്സ നടത്തിയിരുന്നവരാണ്. കുന്നംകുളം യൂണിറ്റി ആശുപത്രിക്കുസമീപം പൈൽസ്, ഫിസ്റ്റുല ക്ലിനിക് എന്നപേരിൽ ക്ലിനിക്ക് നടത്തിയിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ത്രിദീപ് കുമാർ റോയ് (55), കിഴക്കുംപാട്ടുകര താഹോർ അവന്യൂവിൽ ചാന്ദ്രീസ് ക്ലിനിക് എന്നപേരിൽ പൈൽസ്, ഹിസ്റ്റുല രോഗങ്ങൾക്ക് ഹോമിയോ ക്ലീനിക് നടത്തിവന്നിരുന്ന ദിലീപ് കുമാർ സിക്തർ (67) എന്നിവരാണ് പിടിയിലായത്.
അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ
?️സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. നവംബർ 27 മുതൽ ഡിസംബർ ഒന്നുവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളം ഒഡീശയെ കീഴടക്കി
?️വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഒഡീശയ്ക്കെതിരേ കേരളത്തിന് 78 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണെടുത്തത്. ഒഡീശ 43.3 ഓവറിൽ 208 റൺസിന് ഓൾഔട്ടായി. മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിയ കേരളത്തിന്റെ രണ്ടാം വിജയമാണിത്.
അനന്തപുരിയിലെ റൺ മഴയിൽ ഇന്ത്യയുടെ ആറാട്ട്
?️മഴ ഒഴിഞ്ഞു നിന്നു, പകരം റൺ മഴ പെയ്തു. പിന്നെ വിക്കറ്റ് മഴ. ഒടുവിൽ കംഗാരുക്കളുടെ നെഞ്ചത്ത് കടുവകളുടെ ആറാട്ട്. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 44 റൺസ് വിജയം. നിറയാത്ത ഗ്യാലറിയെ സാക്ഷി നിർത്തി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 235 റൺസാണ് അടിച്ചുകൂട്ടിയത്. ഓസ്ട്രേലിയയുടെ മറുപടി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിൽ ഒതുങ്ങി.
ഐപിഎല്ലിൽ വമ്പൻ ട്വിസ്റ്റ്
?️ഐപിഎല്ലിലെ താര കൈമാറ്റത്തിൽ തന്ത്രപരമായ കരുനീക്കങ്ങളുമായി മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെ സ്വന്തം കൂടാരത്തിൽ തിരിച്ചെത്തിച്ചു. മിനി ലേലത്തിനു മുൻപ് നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന താരങ്ങളുടെ പട്ടിക ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കുമ്പോഴും ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായിരുന്നു. എന്നാൽ, കളിക്കാരെ കൈമാറ്റം ചെയ്യുന്നതിനുള്ള വിൻഡോ ഡിസംബർ 12 വരെ തുടരുന്ന പശ്ചാത്തലത്തിൽ നടത്തിയ സമർഥമായ ഇടപെടലുകളിലൂടെ ഹാർദികിനെ സ്വന്തമാക്കുകയായിരുന്നു മുംബൈ ഇന്ത്യൻസ് അധികൃതർ.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5735 രൂപ
പവന് 45880 രൂപ