ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന മുദ്രവാക്യവുമായി എല്‍ഡിഎഫ് നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ നടപടിയില്ല. മാര്‍ച്ചില്‍ പങ്കെടുത്ത ഇടതു സര്‍വീസ് സംഘടനാ നേതാക്കളായ ജീവനക്കാര്‍ തന്ന വിശദീകരണം തൃപ്തികരമാണെന്നും നടപടിയെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ രാജ്ഭവനു റിപ്പോര്‍ട്ടു നല്കി. ബിജെപി നേതൃത്വത്തിന്റെ പരാതിയെത്തുടര്‍ന്നാണ് രാജ്ഭവന് സര്‍ക്കാരിനോടു വിശദീകരണം തേടിയത്.
പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറസ്റ്റു ചെയ്തു. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങള്‍ മറിച്ചു വിറ്റെന്ന കേസില്‍ മൂന്നു വര്‍ഷം തടവിനും ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചതിനു പിറകേയാണ് അറസ്റ്റ്. അഞ്ചു വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വത്തിനുള്ള അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിനു കത്തു നല്കി. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്സഭാ സ്പീക്കറുടെ വീട്ടിലെത്തി കത്ത് നല്‍കിയത്. വിജ്ഞാപനമിറക്കുന്നതു നീട്ടിക്കൊണ്ട് പോയാല്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും.
തമിഴ്നാട്ടിലെ തേനിക്കു സമീപം ഉത്തമപാളയത്ത് മനുഷ്യരുടെ ആന്തരിക അവയവങ്ങളുമായി മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് അവ കൈമാറിയ പത്തനംതിട്ട പരുമല സ്വദേശി ചെല്ലപ്പനും പിടിയിലായി. വാഹന പരിശോധനയ്ക്കിടെയാണു പെട്ടിയില്‍ ഹൃദയം, കരള്‍, നാവ് തുടങ്ങിയ അവയവങ്ങള്‍ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യന്, ഡേവിഡ് പ്രതാപ് സിംഗ്, മുരുകന് എന്നിവരെ കസ്റ്റഡിയിലെടുത്തു. ദുര്‍മന്ത്രവാദം ചെയ്ത മനുഷ്യാവയവങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ സമ്പത്തുണ്ടാകുമെന്നു പറഞ്ഞായിരുന്നു ഇടപാടെന്നു പൊലീസ്. വിശദമായ അന്വേഷണം തുടരുന്നു.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ മിത്ത് വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാട് തിങ്കളാഴ്ച രാവിലെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കും. ചൊവ്വാഴ്ച മുതലാണു സഭാ നടപടികള്‍. സ്പീക്കര്‍ക്കെതിരെ എന്ത് നിലപാടെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപി മുതലെടുക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്ക്.
മിത്ത് വിവാദത്തില്‍ നിയമസഭയ്ക്കു മുന്നില്‍ നാമജപ ഘോഷയാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്ന് പറഞ്ഞ അദ്ദേഹം വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസെന്നും കുറ്റപ്പെടുത്തി.
തിരുവല്ലയില്‍ കാമുകന് അരുണിനെ സ്വന്തമാക്കാന്‍ അയാളുടെ ഭാര്യ സ്നേഹയെ കൊല്ലാന്‍ ശ്രമിച്ച അനുഷ എന്ന 25 കാരി ഇതിനകം രണ്ടു തവണ വിവാഹിതയായിട്ടുണ്ടെന്നു പോലീസ്. അരുണിനെ വിളിച്ചു പറഞ്ഞ ശേഷമാണ് ഫാര്‍മസിസ്റ്റ് കൂടിയായ അനുഷ സിറിഞ്ചുമായി ആശുപത്രിയിലെത്തിയത്. കോളേജ് പഠനകാലം മുതലേ അനുഷയും അരുണം അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അകലുകയും വേറെ വിവാഹം കഴിക്കുകയും ചെയ്തു. അനുഷയുടെ ഭര്‍ത്താവ് വിദേശത്താണ്. ഈയിടെ അനുഷയും അരുണും തമ്മില്‍ വീണ്ടും അടുപ്പത്തിലാകുകയും ഇരുവരുടേയും വാട്സ്ആപ് ചാറ്റ് സ്നേഹ കണ്ടുപിടിക്കുകയും ചെയ്തിരുന്നു. പോലീസ് പറഞ്ഞു.
തിരുവനന്തപുരം തുമ്പയില്‍ വെങ്കിടേഷ് എന്ന യുവാവിനെക്കൊണ്ട് കാലില്‍ പിടിപ്പിച്ച് മാപ്പുപറയിക്കുകയും കാലില്‍ ചുംബിപ്പിക്കുകയും ചെയ്ത ഗുണ്ട ഡാനി രാജ്യം വിട്ടെന്നു റിപ്പോര്‍ട്ട്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ പോലീസ് കേസെടുക്കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്നലെയാണ് കേസെടുത്തത്.
ചെകുത്താന് എന്ന യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന് ബാലയ്ക്കെതിരെ പൊലീസ് കേസ്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്. ആറാട്ട് അണ്ണന് എന്നു വിളിപ്പേരുള്ള സന്തോഷ് വര്ക്കിയുമൊത്ത് ബാല രണ്ടു ഗുണ്ടകള്‍ക്കൊപ്പം വന്നെന്നാണ് അജു അലക്സിന്റെ പരാതി.
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
വീണു പരിക്കേറ്റതിനെത്തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് വോര്‍ക്കാടിയില്‍ ബൂത്ത് തല സന്ദര്‍ശനത്തിനിടെ വഴുതി വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കി.
നാമജപ യാത്രക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ മിത്ത് വിഷയം അടക്കമുള്ള വിവാദങ്ങളില്‍ സമരം കടുപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം നാളെ. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണു യോഗം.
മിത്ത് വിവാദത്തില്‍ സ്പീക്കറെ തിരുത്താന്‍ സിപിഎം സെക്രട്ടറി എം വി ഗോവിന്ദന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും കെ സുധാകരന് ആവശ്യപ്പെട്ടു.
മിത്ത് വിവാദത്തില്‍ സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ സുരേന്ദ്രന് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിലപാട് ആരും തിരുത്തിയിട്ടില്ല. മത- സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഒരു മത വിശ്വാസത്തിനും എതിരായി ഒന്നും പറഞ്ഞിട്ടില്ല. മുഹമ്മദ് റിയാസ് പറഞ്ഞു.
പത്മനാഭ സ്വാമി ക്ഷേത്രം ‘നോ ഫ്ളൈയിംഗ് സോണ്‍’ ആയി പ്രഖ്യാപിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. ഹെലികോപ്റ്ററിനു വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. നിലവില്‍ ഡ്രോണിന് നിയന്ത്രണമുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യ ഹെലികോപ്റ്റര്‍ നിരവധി പ്രാവശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്നിരുന്നു.
അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഏഴു വര്‍ഷം കഠിനതടവിനും അഞ്ചു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട കോഴിക്കോട് ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ പികെ ബീനയെ പരിച്ചുവിട്ടു. കുറ്റക്കാരിയാണെന്ന് 2020 ജൂണ്‍ 26 ന് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി കണ്ടെത്തി ശിക്ഷിച്ചിരുന്നു.
കുര്‍ബാനയ്ക്കിടെ ഹൃദയാഘാതമുണ്ടായി ഇടുക്കിയില്‍നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് അതിവേഗം എത്തിച്ചു രണ്ടു മാസമായി കോട്ടയത്തു ചികിത്സയില്‍ കഴിഞ്ഞ 17 കാരി ആന്‍ മരിയ ജോയ് അന്തരിച്ചു. ജൂണ്‍ ഒന്നാം തീയതി രാവിലെ ഇരട്ടയാറിലെ പള്ളിയില്‍ കുര്‍ബാനക്കിടെയാണ് ആന്‍മരിയക്ക് ഹൃദയാഘാതം ഉണ്ടായത്.
ഒരു കോടി രൂപയുടെ വാടക കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിലെ ഐഎച്ച്ആര്‍ഡി കോളജിന് ജലസേചന വകുപ്പ് നോട്ടീസ് നല്കി. കുടിശ്ശിക നല്‍കിയില്ലെങ്കില്‍ കോളേജിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.
തിരുവോണത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിനായിരം ഭക്തര്‍ക്ക് പ്രസാദ ഊട്ട് നല്കാന് ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വിഐപി ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കാളന്, ഓലന്‍, കായ വറവ്, മോര്, പപ്പടം എന്നിവയ്ക്ക് പുറമേ തിരുവോണ വിശേഷാല്‍ വിഭവമായി പഴം പ്രഥമനും ഉണ്ടാകും. രാവിലെ പത്തിന് പ്രസാദ ഊട്ട് ആരംഭിക്കും. അന്നലക്ഷ്മി ഹാളിലും പന്തലിലുമുള്ള പ്രസാദ ഊട്ടിന് പൊതുവരി ഒമ്പതിനു തുടങ്ങും. രണ്ടിന് അവസാനിപ്പിക്കും.
അയല്‍വാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബി (56) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തേഴത്ത് വീട്ടില്‍ ഷാജിയെയും മകന് വിഷ്ണുവിനെയും വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്നാണു കേസ്.
എറണാകുളം മട്ടാഞ്ചേരിയില്‍ രണ്ടു വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കൊല്ലം ചടയമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചവറ പന്മന സ്വദേശിയും 23 കാരനുമായ അനന്തുവിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
വിധവയുടെ ക്ഷേത്രപ്രവേശനം തടയരുതെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയില്‍തന്നെ ഏതൊരാള്‍ക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധമില്ലെന്നും ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടെഷ് വ്യക്തമാക്കി. ഇറോഡ് ജില്ലയിലെ പെരിയകറുപ്പന് ക്ഷേത്രത്തിലെ പൂജാരിയുടെ മരണശേഷം ഉത്സവങ്ങളില്‍നിന്ന് ഭാര്യയെ വിലക്കിയതു ചോദ്യം ചെയ്തുള്ള കേസിലാണ് കോടതിയുടെ ഇടപെടല്‍. ക്ഷേത്രോത്സവത്തില്‍ ഇവര്‍ക്കു സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ബോളിവുഡ് കലാ സംവിധായകന് നിതിന്‍ ദേശായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഡില്‍വെയ്സ് ഗ്രൂപ്പ് ചെയര്മാന് റഷീഷ് ഷാ ഉള്‍പെടെ അഞ്ചുപേര്‍ക്കെതിരേ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ കര്‍ജത്തില്‍ നിതിന്‍ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. നാലു തവണ കലാ സംവിധാനത്തിനു ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
കാഷ്മീരിലെ മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി. കാഷ്മീര്‍ വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ചെയ്തതിന്റെ നാലാം വാര്‍ഷികത്തിനു മുന്നോടിയായാണ് നടപടി. കാഷ്മീര്‍ ശാന്തമല്ലെന്നതിനു തെളിവാണ് അറസ്റ്റെന്ന് അവര്‍ സാമൂഹ്യ മാധ്യമങ്ങളിലുടെ ആരോപിച്ചു.
ജമ്മു കാഷ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. കുല്‍ഗാം ജില്ലയിലെ ഹനാന് മേഖലയിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്.
മണിപ്പൂരിലെ ബിഷ്ണുപൂരിലുണ്ടായ വെടിവയ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. കേന്ദ്രസേന സായുധരായി നിലയുറപ്പിച്ച മേഖലയിലൂടെ നുഴഞ്ഞുകയറിയാണ് ആക്രമണം നടത്തിയത്.
ബ്രേക്കിംഗ് ബാഡ്, ബെറ്റര്‍ കോള്‍ സോള്‍ എന്നീ ഹിറ്റ് ടിവി സീരിസുകളിലെ ശക്തനായ കഥാപാത്രം ഡോണ്‍ ഹെക്ടര്‍ സലാമങ്കയായി വേഷമിട്ട മാര്‍ക്ക് മാര്‍ഗോലിസ് (83) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ ആശുപത്രിയിലായിരുന്നു മാര്‍ഗോലിസ് മരിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധന. പലിശയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് എസ്.ബി.ഐക്ക് കരുത്തായത്. ഒന്നാം പാദത്തില്‍ അറ്റാദായത്തില്‍ 178.25 ശതമാനം വര്‍ധനയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാംപാദവുമായി താരതമ്യം ചെയ്യുമ്പോഴാണ് അറ്റാദായം വര്‍ധിച്ചത്. 16,884.3 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 16,695 കോടിയായിരുന്നു കമ്പനിയുടെ ലാഭം. 14,948.66 കോടിയുടെ അറ്റാദായം എസ്.ബി.ഐക്കുണ്ടാവുമെന്നായിരുന്നു ബ്ലുംബെര്‍ഗ് പ്രവചനം. പലിശയില്‍ നിന്നുള്ള എസ്.ബി.ഐയുടെ വരുമാനത്തില്‍ 24.71 ശതമാനം വര്‍ധന രേഖപ്പെടുത്തി. 38,904.9 കോടിയാണ് എസ്.ബി.ഐയുടെ പലിശ വരുമാനം.12,063.4 കോടിയാണ് എസ്.ബി.ഐയുടെ മറ്റുള്ള വരുമാനം. കിട്ടാകടം 2.78 ശതമാനത്തില്‍ നിന്നും 2.76 ശതമാനമായാണ് കിട്ടാകടം കുറഞ്ഞത്. എസ്.ബി.ഐയുടെ നിക്ഷേപത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. നിക്ഷേപം 12 ശതമാനമാണ് വര്‍ധിച്ചത്. 45.3 ലക്ഷം കോടിയായാണ് നിക്ഷേപം വര്‍ധിച്ചത്.
രണ്ടു വര്‍ഷമായി ലോഗിന്‍ ചെയ്യാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ 1 മുതല്‍ ഡിലീറ്റ് ചെയ്തു തുടങ്ങുമെന്ന് അറിയിപ്പുമായി ഗൂഗിള്‍. ജിമെയില്‍, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കങ്ങളെല്ലാം അപ്രത്യക്ഷമാകും. സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് ഗൂഗിള്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് അവ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം. രണ്ടു വര്‍ഷത്തിനിടെ ലോഗിന്‍ ചെയ്യാത്തതോ ആക്ടീവ് ആകാത്തതോ ആയ അക്കൗണ്ടുകളെയാണ് തീരുമാനം ബാധിക്കുക. ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകളുടെ റിക്കവറി ഇമെയിലുകളിലേക്ക് ഇതിനോടകം ഗൂഗിള്‍ ഇക്കാര്യം സൂചിപ്പിച്ച് മെയിലുകള്‍ അയച്ചിട്ടുണ്ടാകും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോഗിന്‍ ചെയ്തോ, പ്ലേസ്റ്റോര്‍, യുട്യൂബ്, ഗൂഗിള്‍ സേര്‍ച് തുടങ്ങിയ സേവനങ്ങള്‍ക്കായി ഉപയോഗിച്ചാലും ഗൂഗിള്‍ അക്കൗണ്ട് നിലനിര്‍ത്താനാകും. അതേസമയം ഈ നിയമം വ്യക്തിപരമായ അക്കൗണ്ടുകള്‍ക്കാണ് ബാധകമാകുക. സ്ഥാപനങ്ങളുടെ മെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല.
മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയി എത്തിയ തമിഴ് ചിത്രം ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ചന്ദ്രമുഖി 2 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സ് ആണ് നായകനായി എത്തുന്നത്. ‘നാഗവല്ലി’യായി എത്തുന്നത് കങ്കണ റണൗട്ട് ആണ്. ചന്ദ്രമുഖി 2 ചിത്രത്തിലെ കങ്കണ റണൌട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. സാരിയില്‍ വലിയ ആഭരണങ്ങളുമായി ഒരു രാജകുമാരി ലുക്കിലാണ് കങ്കണ ഫസ്റ്റ്ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ ഗണേശ ചതുര്‍ത്ഥിക്ക് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും. മണിച്ചിത്രത്താഴില്‍ പറയുന്ന പഴം കഥയായ ശങ്കരന് തമ്പിയുടെയും നാഗവല്ലിയുടെയും ജീവിതമാണ് ചന്ദ്രമുഖി 2 പറയുന്നത്. തമിഴില്‍ വേട്ടയ്യന് എന്നാണ് ശങ്കരന് തമ്പിയുടെ കഥാപാത്രത്തിന് നല്കിയ പേര്. ചന്ദ്രമുഖി 2വില്‍ രാഘവ ലോറന്‍സ് വേട്ടയ്യനാകുന്നു. ആദ്യഭാഗമൊരുക്കിയ പി. വാസു തന്നെയാണ് ചന്ദ്രമുഖി 2 സംവിധാനം ചെയ്യുന്നത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്നു. വടിവേലു, ലക്ഷ്മി മേനോന്, സൃഷ്ടി ഡാന്ഗെ, രാധിക ശരത്കുമാര്, മഹിമ നമ്പ്യാര്‍, രവി മരിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആര്.ഡി. രാജശേഖറാണ് ഛായാഗ്രഹണം. സംഗീതം എം.എം. കീരവാണി.
റൊമാന്റിക് കോമഡി ജോണറില്‍ റിലീസിനൊരുങ്ങുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യിലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തില്‍ നായകനായെത്തുന്ന ജോസ്കുട്ടി ജേക്കബിന്റേയും നായികയായെത്തുന്ന കീര്‍ത്തനയുടേയും പ്രണയപൂര്‍വ്വമുള്ള നിമിഷങ്ങളാണ് ‘ആരും കാണാ കായല്‍ കുയിലേ…’ എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ കാണിച്ചിരിക്കുന്നത്. പിങ്കു പീറ്റര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായക് ശശികുമാര്‍ രചന നിര്‍വ്വഹിച്ച് മനോജ് ജോര്‍ജ് സംഗീതം നല്കി ഹരിശങ്കര്‍ ആലപിച്ചിരിക്കുന്നതാണ് ഈ ഗാനം. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ളതാണ് സിനിമയുടെ പ്രമേയം. ഈ പ്രദേശത്ത് വസിക്കുന്ന ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയായ അച്ഛനില്‍ നിന്ന് ആ ബിസിനസ് മകന് ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കന്‍ഡ് ജനറേഷന് ബിസിനസ് പ്രശ്നങ്ങളുമൊക്കെയാണ് റൊമാന്റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്. ജോസ്കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയില്‍ കീര്‍ത്തന ശ്രീകുമാര്‍, കോട്ടയം നസീര്‍, വൈശാഖ് വിജയന്, അഭിഷേക് രവീന്ദ്രന്, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.68, പൗണ്ട് – 105.41, യൂറോ – 91.17, സ്വിസ് ഫ്രാങ്ക് – 94.75, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.45, ബഹറിന്‍ ദിനാര്‍ – 221.19, കുവൈത്ത് ദിനാര്‍ -271.07, ഒമാനി റിയാല്‍ – 216.59, സൗദി റിയാല്‍ – 22.04, യു.എ.ഇ ദിര്‍ഹം -22.51, ഖത്തര്‍ റിയാല്‍ – 22.71, കനേഡിയന്‍ ഡോളര്‍ – 61.78.