ഉച്ചനീചത്വം ഇല്ലാതാക്കാന്‍ പാല്‍സംഭരണത്തിലൂടെസാധിക്കുമെന്ന് ഡോ. വര്‍ഗീസ് കുര്യന്‍ കാണിച്ചു തന്നു- നിര്‍മല കുര്യന്‍

അങ്കമാലി: സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വം അവസാനിപ്പിക്കാന്‍ പാല്‍ സംഭരണത്തില്‍ ഡോ. വര്‍ഗീസ് കുര്യന്‍ ഏര്‍പ്പെടുത്തിയ ഒറ്റവരി നിയമം ഏറെ പ്രയോജനം ചെയ്തുവെന്ന് ഡോ. വര്‍ഗീസ് കുര്യന്‍റെ പുത്രി നിര്‍മല കുര്യന്‍ ചൂണ്ടിക്കാട്ടി. ദേശീയ ക്ഷീര ദിനത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

പാല്‍ സംഭരണത്തിനായി ഒറ്റവരിയും ഒരു പാത്രവും മാത്രമേ അനുവദിക്കൂവെന്ന് നിലപാട് വിപ്ലവകരമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആഗോളവത്കരണത്തിനെ സംശയത്തോടെയാണ് ഡോ. കുര്യന്‍ കണ്ടിരുന്നതെന്ന് നിര്‍മല കുര്യന്‍ പറഞ്ഞു. വ്യവസായമേഖലയില്‍ വിദേശനിക്ഷേപം ആവശ്യമാണെങ്കിലും കാര്‍ഷികമേഖലയില്‍ വിദേശനിക്ഷേപം ദോഷം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചുവെന്നും അവര്‍ പറഞ്ഞു.

ഡോ. വര്‍ഗീസ് കുര്യന്‍ വിഭാവനം ചെയ്ത ത്രിതല പങ്കാളിത്ത സംവിധാനമാണ് മില്‍മ പൂര്‍ണമായും നടപ്പാക്കുന്നതെന്ന് പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിവിധ ക്ഷേമ പദ്ധതികളാണ് കര്‍ഷകര്‍ക്കായി മില്‍മ നടപ്പാക്കി വരുന്നത്. തീറ്റച്ചെലവ് അടക്കമുള്ള ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന അനുബന്ധ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സഹകരണസംഘമായി അമുലിന് വളര്‍ത്തിയതിനൊപ്പം ലക്ഷക്കണക്കിന് കുടുംബങ്ങളെ പട്ടിണിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ ഡോ. വര്‍ഗീസ് കുര്യന് സാധിച്ചുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റോജി എം ജോണ്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. കാലിത്തീറ്റയുടെ വില നിയന്ത്രിച്ച് നിറുത്തിയാല്‍ മാത്രമേ പാല്‍വില വര്‍ധനയുടെ ഗുണം ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

മില്‍മ എറണാകുളം മേഖലാ യൂണിയന്‍റെ കീഴിലുള്ള കന്നുകാലികള്‍ക്കായുള്ള സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം ചാലക്കുടി എംപി ബെന്നി ബഹനാന്‍ നിര്‍വഹിച്ചു.

ഡോ. വര്‍ഗീസ് കുര്യനുമായി ആശയവിനിമയം നടത്തിയ ഓര്‍മ്മകള്‍ മില്‍മ ചെയര്‍മാന്‍ കെ എസ് മണി പങ്ക് വച്ചു. പാലുല്‍പാദനത്തില്‍ ഒന്നാമതെത്താന്‍ കഴിയില്ലെങ്കിലും ഉത്പാദനക്ഷമതയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കേരളത്തിന് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാകുന്ന സഹകരണസംഘങ്ങള്‍ ക്ഷീരമേഖലയില്‍ വളര്‍ത്തിയെടുക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. റി-പൊസിഷനിംഗിലൂടെ ആഗോള ക്ഷീരോത്പന്ന ബ്രാന്‍ഡുകളുമായി മില്‍മയ്ക്ക് കിടപിടിക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലുലു ഇന്‍റര്‍നാഷണലുമായി ചേര്‍ന്ന് മില്‍മ ഉത്പന്നങ്ങള്‍ ഇനി ലോകവിപണിയിലേക്കെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രീമയത്തില്‍ 500 രൂപ സബ്സിഡിയോടു കൂടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും, രാജ്യത്താദ്യമായി നടപ്പാക്കുന്ന ടെലി-വെറ്റിനറി മെഡിസിന്‍ പരിപാടിയും ക്ഷീരകര്‍ഷകര്‍ക്ക് ഏറെ സഹായകരമാകുമെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍ പറഞ്ഞു. വൈവിദ്ധ്യവത്കരണത്തില്‍ മില്‍മ എന്നും ശ്രദ്ധ നല്‍കിയിട്ടുണ്ട്. ചാലക്കുടിയിലെ ബേക്കറി ആന്‍ഡ് കോണ്‍ഫക്ഷ്ണറി യൂണിറ്റ് ഈ മേഖലയിലെ പുതിയ കാല്‍വയ്പ്പാണ്. താമസിയാതെ ഡാര്‍ക്ക് ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള ഉത്പാദനം ഇവിടെ നടത്താന്‍ വിധത്തില്‍ യൂണിറ്റ് ആധുനികവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മില്‍മയുടെ തലപ്പത്തേക്ക് ആദ്യമായി കടന്നു വന്ന സ്ത്രീയെന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് തിരുവനന്തപുരം മേഖലാ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ മണി വിശ്വനാഥ് പറഞ്ഞു. മില്‍മ എം ഡി ആസിഫ് കെ യൂസഫ് കൃതജ്ഞത രേഖപ്പെടുത്തി. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, 1500 ഓളം ക്ഷീകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.