2023 നവംബർ 26 ഞായർ
1199 വൃശ്ചികം 10 ഭരണി
◾മഴമൂലം ആളുകള്‍ തള്ളിക്കയറിയതുകൊണ്ടല്ല, അകത്തേക്കുള്ള പ്രവേശനം വൈകിയതും നിയന്ത്രണങ്ങളിലെ പാളിച്ചകളുമാണു കുസാറ്റ് ദുരന്തത്തിനു കാരണമെന്നു രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍. സംഗീതപരിപാടിക്കായി അകത്തക്കു ആളുകളെ പ്രവേശിപ്പിക്കാനുള്ള ഗേറ്റ് തുറക്കാന്‍ വൈകി. ഗേറ്റ് തുറന്നപ്പോള്‍ എല്ലാവരും കൂടി തള്ളിക്കയറി. താഴോട്ടു സ്ലോപ്പായിട്ടുള്ള സ്റ്റെപ്പുകളില്‍ നിന്നവരുടേയും ഇരുന്നവരുടേയും മേലേക്ക് മുകളിലെ പടവുകളിലുണ്ടായിരുന്നവര് വീണുപോയി. വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
◾കുസാറ്റും മരിച്ച വിദ്യാര്‍ത്ഥികളുടെ വീടുകളും കണ്ണീര്പാടങ്ങളായി. അപ്രതീക്ഷിത ദുരന്തത്തില്‍ പ്രിയ കൂട്ടുകാര്‍ വിടവാങ്ങിയതിന്റെ തീരാവേദനയിലാണ് കുസാറ്റ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ കണ്ണീരടക്കാനാകാതെയാണ് സഹപാഠികളും അധ്യാപകരും അന്തിമോപചാരമര്‍പ്പിച്ചത്. അതുല്‍ തമ്പി, ആന്‍ റുഫ്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനുവച്ചത്. മിക്കവരുടേയും മുഖം ചവിട്ടേറ്റ് തിരിച്ചറിയാനാകാത്ത സ്ഥിതിയിലായിരുന്നു.
◾കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിനു കാരണം ഓഡിറ്റോറിയത്തിലേക്കു കടത്തിവിടുന്നതിലെ വീഴ്ചയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പിജി ശങ്കരന്. ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. തിരക്കു നിയന്ത്രിക്കാനായില്ല. സ്റ്റെപ്പില്‍ നില്ക്കുന്നവര് താഴേക്കു വീണതോടെ ദുരന്തമായി. അദ്ദേഹം പറഞ്ഞു.
◾കുസാറ്റ് ദുരന്തത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിബന്ധനയും നിയമവും കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. പരിക്കേറ്റവര്‍ക്കു സര്‍ക്കാര്‍ സൗജന്യ ചികില്‍സ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
◾കുസാറ്റ് ദുരന്തത്തെത്തുടര്‍ന്ന് നാളെ നടക്കാനിരുന്ന പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
◾കുസാറ്റില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച വിവരമറിഞ്ഞ് ഹൃദയം തകര്‍ന്നുപോയെന്ന് ഗായിക നിഖിത ഗാന്ധി. നിഖിതയുടെ സംഗീത പരിപാടി തുടങ്ങുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പാണ് ദുരന്തമുണ്ടായത്. അഗാധമായ ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. നിഖിത ഗാന്ധി പ്രതികരിച്ചു.
◾കേരളത്തിനു ലഭിക്കേണ്ട 57,400 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്ര ധനമന്ത്രിയാണ് ഇവിടെ വന്ന് എല്ലാം തന്നെന്നു പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേമ പെന്ഷന് വിഹിതം മൂന്നരവര്‍ഷം പിടിച്ചുവച്ച് വിഷമിപ്പിച്ചു. ചുരുക്കം ചില ഇനങ്ങള്‍ക്കാണ് കേന്ദ്രസഹായം കിട്ടുന്നത്. സംസ്ഥാനത്തിന് 34,714 കോടി രൂപ ഗ്രാന്‍ഡ് അനുവദിച്ചെന്നാണ് ധനമന്ത്രിയുടെ വാദം. അതു കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. വരുമാന നഷ്ടത്തിന്റെ പകുതിപോലും തന്നിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു.
◾മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ ഒരു എസ്ഐയുടെ തോക്കും തിരയും കാണാതായി. കൂടെയുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ തോക്കും തിരയും അടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് ഒരു പൊലീസുകാരന് മൊഴി നല്‍കിയതോടെ സംഭവം വിവാദമായി.
◾മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കം മാങ്ങാപ്പൊയിലില്‍ എട്ടു പേരെയാണ് കസ്റ്റഡിയിലെടുത്തത്.
◾നവകേരള സദസിനെതിരെ കോഴിക്കോട്ട് മുക്കത്ത് യൂത്ത് ലീഗിന്റെ പേരില്‍ പോസ്റ്ററുകള്‍. ‘ഇത് നവകേരളം ഉണ്ടാക്കുകയല്ല, സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂര്ത്താണെ’ന്നാണ് പോസ്റ്ററിലുളളത്.
◾നവകേരള സദസിനെതിരെ കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ വാഴ നട്ടും പ്രതിഷേം. 21 മന്ത്രിമാര്‍ക്കെതിരേ പ്രതീകാത്മകമായി 21 വാഴകളാണ് നട്ടത്.
◾കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ നവകേരള സദസിന്റെ പ്രഭാത ഭക്ഷണ യോഗത്തില്‍ പങ്കെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കോണ്‍ഗ്രസ് നേതാവ് എന്‍. അബൂബക്കര്‍, ലീഗ് നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശ്ശേരിയിലെ യോഗത്തില്‍ പങ്കെടുത്തത്.
◾വയലനിസ്റ്റ് ബി ശശികുമാര്‍ തിരുവനന്തപുരത്തെ ജഗതിയില്‍ അന്തരിച്ചു. 74 വയസായിരുന്നു. ആകാശവാണി ആര്ടിസ്റ്റായിരുന്നു ബി. ശശികുമാര്‍.
◾റോബിന് ബസ് നടത്തിപ്പുകാരന് ഗിരീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നിലനില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പു കേസിലാണ് അറസ്റ്റ്.
◾റോബിന് ബസ് ഉടമ ഗിരീഷിനെതിരെ മൂത്ത സഹോദരന് ഡിക്രൂസ് മുഖ്യമന്ത്രിക്കു പരാതി നല്കി. ഗിരീഷ് വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുകയും സ്വത്തു തട്ടിയെടുത്തെന്നുമാണ് പരാതിയിലെ ആരോപണം.
◾യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കഞ്ചാവ് കേസ് പ്രതിയെന്നു ഡിവൈഎഫ്ഐ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ സഹോദരന് നസീബ് സുലൈമാന്‍ ആണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
◾മലപ്പുറം ചാലിയാറില്‍ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാളംതോട് കോളനിയിലെ അമ്പലപ്പറമ്പില്‍ അനൂപാണ് (31)മരിച്ചത്.
◾ചാവക്കാട് എടക്കഴിയൂര്‍ ചങ്ങാടം പാലത്തിനു സമീപം 1505 ലിറ്റര്‍ സ്പിരിറ്റുമായി രണ്ടു പേര് അറസ്റ്റിലായി. 43 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്.
◾തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി 115 കഞ്ചാവ് പൊതികളുമായി എക്സൈസിന്റെ പിടിയില്‍. ബാഗില്‍ മിഠായി കുപ്പികളിലാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്.
◾മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ രക്തസാക്ഷികളായവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയില്‍ നടന്നതെന്നും ഭീകരവാദത്തെ എല്ലാ ശക്തിയുമെടുത്ത് ഇന്ത്യ തടയുമെന്നും മന് കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
◾മദ്യപിച്ചു ലക്കുകെട്ട് റെയില്‍വേ ട്രാക്കില്‍ ലോറി നിര്‍ത്തിയിട്ട ഡ്രൈവറെ ഒടുവില്‍ പോലീസ് പൊക്കി. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. ലുധിയാനയിലാണ് സംഭവം. ലുധിയാന ഡല്‍ഹി റെയില്പാതയിലാണു രാത്രി ട്രക്ക് നിര്‍ത്തിയിട്ടത്. പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റ് ട്രാക്കില്‍ ലോറി കണ്ട് ട്രെയിന്‍ നിര്‍ത്തി പോലീസില്‍ അറിയിക്കുകയായിരുന്നു.
◾വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളടക്കം 17 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാല്‍ ബന്ദികളുടെ മോചനം നീളുമെന്ന് ഹമാസ്. ഇതേസമയം, 39 പലസ്തീനികളെ കൂടി ഇസ്രയേല്‍ മോചിപ്പിച്ചു.
◾തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കു ക്രിക്കറ്റ് പ്രേമികളുടെ പ്രവാഹം. ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരം ഇന്നു വൈകുന്നേരം ഏഴിനാണ്. പ്ലാസ്റ്റിക് ഇനങ്ങളുമായി കാണികള്‍ക്കു പ്രവേശനം അനുവദിക്കില്ലെന്നാണു തിരുവനന്തപുരം കോര്‍പറേഷന്റെ നിലപാട്.
◾ഒഴിവുവേളകള്‍ ആനന്ദകരമാക്കുന്നതിന്റെ ഭാഗമായാണ് മിക്ക ആളുകളും ഗെയിം കളിക്കാറുള്ളത്. പലരും നേരമ്പോക്കായി കാണുന്ന മേഖല കൂടിയാണ് ഗെയിമിംഗ്. എന്നാല്‍, ഗെയിമിംഗ് ഗൗരവമായി എടുക്കുകയാണെങ്കില്‍ ലക്ഷങ്ങള്‍ വരുമാനം ഉണ്ടാക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇ-സ്പോര്‍ട്സ് വ്യവസായം വളരെയധികം വളര്‍ച്ച പ്രാപിച്ച ഈ കാലത്താണ് ഗെയിമര്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും, വരുമാനവും ലഭിക്കുന്നത്. എച്ച്പി ഇന്ത്യ ഗെയിമിംഗ് ലാന്‍ഡ്സ്കേപ്പ് സ്റ്റഡി റിപ്പോര്‍ട്ട് അനുസരിച്ച്, ഗെയിമിംഗ് മേഖലയില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായാണ് ഉയര്‍ന്നിരിക്കുന്നത്. ഗെയിമിംഗ് ഗൗരവമായി കണ്ടവരില്‍ ഭൂരിഭാഗം ആളുകളും ഏറ്റവും ചുരുങ്ങിയത് 6 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് വരുമാനം ഉണ്ടാക്കുന്നത്. രാജ്യത്തെ 61 ശതമാനം ആളുകള്‍ക്ക് ഗെയിമിംഗ് കോഴ്സുകളെ കുറിച്ച് കൃത്യമായ അറിവില്ലെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അതേസമയം, ഗെയിമിംഗിന്റെ വ്യാവസായിക വളര്‍ച്ച തിരിച്ചറിഞ്ഞ ചുരുക്കം ചില രക്ഷിതാക്കള്‍ ഗെയിമിംഗ് ഹോബിയായി അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ഗെയിമിംഗിന്റെ കരിയര്‍ സ്ഥിരതയെക്കുറിച്ചും. സാമൂഹികമായ ഒറ്റപ്പെടല്‍ സാധ്യതയെക്കുറിച്ചും രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കണക്കുകള്‍ അനുസരിച്ച്, ചുരുങ്ങിയ കാലയളവിനുള്ളില്‍ ആഗോളതലത്തിലെ ഏറ്റവും മികച്ച മൂന്ന് പിസി ഗെയിമിംഗ് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ട്.
◾യൂട്യൂബില്‍ വീഡിയോകളും കാണുമ്പോള്‍ അവ ലോഡ് ചെയ്ത് വരാന്‍ സമയം എടുക്കുന്നതായി തോന്നിയിട്ടുണ്ടോ? സാധാരണയായി നെറ്റ്വര്‍ക്ക് പ്രോബ്ലം കാരമാണ് ഇത് സംഭവിക്കാറ്. എന്നാല്‍ ഇത് മാത്രമല്ല കാരണം. യൂട്യൂബ് ഉപയോഗിക്കുന്നവര്‍ ആഡ്-ബ്ലോക്കിങ്ങ് എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുന്നത് വീഡിയോകള്‍ ലോഡാകുന്നതില്‍ താമസമുണ്ടാക്കുമെന്ന മുന്നറിയിപ്പ് നല്‍കുയാണ് യൂട്യൂബ്. ആഡ്-ബ്ലോക്കറുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് സബ് ഒപ്റ്റിമല്‍ വ്യൂ അനുഭവപ്പെട്ടിരിക്കാം കൂടാതെ ഇത്തരം എക്സ്റ്റന്‍ഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തിട്ടും പ്രശ്നങ്ങള്‍ നേരിടുന്നവര്‍ അത് പരിഹരിക്കാനായി ‘കാഷെ’യും ‘കുക്കീസും’ ഡിലീറ്റാക്കണം. കഴിഞ്ഞയാഴ്ച മുതല്‍ യൂട്യൂബ് തുറക്കുമ്പോള്‍ ലോഡാകാന്‍ താമസം അനുഭവപ്പെടുന്നതായി നൂറുകണക്കിന് ഉപയോക്താക്കളാണ് റെഡ്ഡിറ്റ് അടക്കമുള്ള സേവനങ്ങളിലൂടെ പരാതിപ്പെട്ടത്. പ്രധാനമായും മോസില്ല ഫയര്‍ഫോക്സ് ഉപയോക്താക്കളാണ് ഈ പ്രശ്നം കൂടുതല്‍ നേരിട്ടത്. ഫയര്‍ഫോക്സില്‍ യൂട്യൂബ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ടന്റുകള്‍ കാണിക്കാതെ തന്നെ ലോഡിങ് എന്ന് കാണിച്ചിരുന്നു. ഇത് നെറ്റ്വര്‍ക്ക് പ്രശ്നമായിരിക്കുമെന്നാണ് ഉപയോക്താക്കള്‍ ആദ്യം കരുതിയിരുന്നത്, പിന്നീടാണ് ഫയര്‍ഫോക്സില്‍ മാത്രമാണ് ഈ പ്രശ്നം ഉണ്ടായിരുന്നത്. എന്നാല്‍ എഡ്ജ്, ക്രോം യൂസേഴ്സും ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. പരസ്യമില്ലാതെ വീഡിയോ കാണാന്‍ യൂട്യൂബ്, ഉപയോക്താക്കള്‍ പ്രീമിയം മെമ്പര്ഷിപ്പിപ്പ് സേവനം നല്‍കുന്നുണ്ട്. പ്രതിമാസം 129 രൂപയും അല്ലെങ്കില്‍ പ്രതിവര്‍ഷം 1,290 രൂപയുമാണ് കമ്പനി ഇതിന് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കും.
◾ആര്. എ ഷഹീര്‍ സംവിധാനം ചെയ്ത് ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘നിമ്രോദ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ദുബായില്‍ വെച്ച് നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിങ്ങും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയത്. ചിത്രത്തില്‍ പൊലീസ് ഓഫീസര്‍ ആയാണ് ഷൈന്‍ ടു ചാക്കോ എത്തുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഡെവിള്‍സ് സൈക്കോളജി എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. കെ. എം പ്രതീഷ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ദിവ്യ പിള്ള, ആത്മീയ രാജന് എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂട്യൂബ് വ്ളോഗര്‍ പാര്‍വതി ബാബു, സംവിധായകന് ലാല്‍ ജോസ്, അമീര്‍ നിയാസ് എന്നിവരടക്കം നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകനായ ആര്. എ ഷഹീര്‍ തന്നെയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിറ്റി ടാര്‍ഗറ്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഗസ്റ്റിന് ജോസഫ് ആണ് നിമ്രോദ് നിര്‍മ്മിക്കുന്നത്.
◾മഹിമാ നമ്പ്യാരുടെ പുതിയ തമിഴ് ചിത്രമാണ് ‘നാട്’. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ചിത്രം ആര്‍ഡിഎക്സിലെ നായികയായി പ്രേക്ഷകരുടെ പ്രിയങ്കരിയായ മഹിമ നമ്പ്യാര്‍ തമിഴില്‍ ഇനി ഒരു ഡോക്ടറുടെ വേഷത്തിലാകും. മഹിമയ്ക്ക് പ്രധാന്യമുള്ള ഒരു വേഷമാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നാടിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നതാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം ശരവണനാണ്. എങ്കേയും എപ്പോതും എന്ന ചിത്രത്തിന്റെ സംവിധായകനായി പ്രേക്ഷക പ്രീതി നേടിയ എം ശരവണനൊപ്പം മഹിമ നമ്പ്യാരും എത്തുമ്പോള്‍ വന്‍ ഹിറ്റാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലേതായി പുറത്തുവിട്ട ഗാനം ഹിറ്റായിരുന്നു. വികസനമെത്താത്ത ഗ്രാമത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഒരു ഡോക്ടര്‍ കഥാപാത്രമാണ് മഹിമയുടേത്. തര്‍ശന്‍ നായകനായി എത്തുന്നു. കെ എ ശക്തിവേലാണ് ഛായാഗ്രാഹണം. തര്ശനും മഹിമയ്ക്കുമൊപ്പും നാട് എന്ന ചിത്രത്തില്‍ സിംഗം പുലിയും ആര് എസ് ശിവജിയും അരുള്‍ ദാസും രവികുമാറും വസന്തയും മറ്റ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. ഉണ്ണി മുകുന്ദന് നായകനാകുന്ന പുതിയ ചിത്രത്തിലും മഹിമാ നമ്പ്യാരാണ് നായിക. ജയ് ഗണേഷ് എന്ന ഒരു ചിത്രത്തിലാണ് മഹിമാ നമ്പ്യാര്‍ നായികയാകുന്നത്.
◾ഷോട്ഗണ്‍ 650 മോട്ടോവേഴ്സ് എഡിഷന് എന്ന നിയോ റെട്രോ മോട്ടര്‍സൈക്കിള്‍ അവതരിപ്പിച്ച് റോയല്‍എന്‍ഫീല്‍ഡ്. റോയല്‍ എന്ഫീല്ഡ്മോട്ടോവേഴ്സില് വച്ചാണ് പുതിയ ഹിമാലയനേയും ഷോട്ഗണ്‍ 650 മോട്ടോവേഴ്സ് എഡിഷനേയും കമ്പനി അവതരിപ്പിച്ചത്. ഷോട്ഗണ്‍ 650 മോട്ടോവേഴ്സ് എഡിഷന് എന്ന കസ്റ്റം ഇന്‍സ്പയേര്‍ഡ് റോഡ്സ്റ്റര്‍ എന്നാണ് എന്‍ഫീല്‍ഡ് വിശേഷിപ്പിക്കുന്നത്. ലോകത്ത് 25 എണ്ണം മാത്രം നിര്‍മിക്കുന്ന ഷോട്ഗണ്‍ 650 മോട്ടോവേഴ്സ് എഡിഷന് ബുക്കിംഗ് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 4.25 ലക്ഷം രൂപയാണ് വില. ബുക്ക് ചെയ്തവര്‍ക്ക് ജനുവരിയില്‍ വാഹനം കൈമാറും. 2018 ല്‍ ആദ്യമായി ഇറങ്ങിയ 650 ട്വിന്‍ മോട്ടര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് പുതിയ ബൈക്കിന്റെ വരവ്. ഇന്റഗ്രേറ്റഡ് എബിഎസ് ഉള്ള വീല്‍, മുന്നിലും പിന്നുലും ഡിസ്ക് ബ്രേക്കുകള്‍, തലതിരിഞ്ഞു നില്ക്കുന്ന മുന്‍ ഫോര്‍ക്ക് രൂപകല്പന, ട്വിന്‍ റിയര്‍ ഷോക്ക്സ്, ലെതര്‍ സോളോ സീറ്റ് എന്നിവ ഷോട്ഗണ്ണിലുണ്ട്. ഇന്റര്‍സെപ്റ്ററിലും കോണ്ടിനെന്റല് ജിടിയിലും മീറ്റോയോറിലും ഉപയോഗിക്കുന്ന പാരലല്‍ ട്വിന്‍ എന്ജിന് തന്നെയാണ് കണ്‍സെപ്റ്റിലും. 47 എച്ച്പി കരുത്തുള്ള എന്ജിന് 52 എന്‍എം ടോര്‍ക്കുമുണ്ട്. അടുത്ത വര്‍ഷം ആദ്യം പുതിയ ബൈക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
◾വറുതിയുടെ തീവെയില്പ്പാത താണ്ടി ഗിരീശന് എത്തിയത് ബുള്ളറ്റുകള്‍ തൊടുത്തും ജീവനില്‍ അവ തറഞ്ഞും അമരരാവുന്നവരെ കാത്തിരിക്കുന്ന യുദ്ധദേവന്റെ കൂടാരത്തിലാണ്. ബാരക്കിന്റെ അച്ചടക്കവും പടനിലത്തിന്റെ ക്രൗര്യവും ആര്മിനിയമത്തിന്റെ കര്‍ക്കശതയും തുറുകണ്ണുകളോടെ നിരീക്ഷിച്ച ആ സൈനികന്റെ ഭാഗപത്രമാണ് ഈ നോവല്‍. ദൂരക്കാഴ്ചയില്‍ ശക്തിദുര്ഗമെന്നു തോന്നിച്ച സേന അവന് സമീപക്കാഴ്ചയില്‍ ഒറ്റപ്പെട്ടവരുടെ സങ്കടത്തുരുത്താകുന്നു; യാന്ത്രികതയും വിരസതയും അക്രമോത്സുകതയും വെറുപ്പും പല്ലിറുമ്മുന്ന തുരുത്ത്. വിശപ്പും വിഷണ്ണതയും കടിച്ചുകുടഞ്ഞ കൗമാരവുമായി കനോലിക്കനാലിന്റെ തീരത്തുനിന്നും പട്ടാളക്യാമ്പണഞ്ഞ ഗിരീശന്, തന്റെ ശരിക്കുമുള്ള പോര്‍ക്കളം ഏതായിരുന്നു എന്ന് ഇതില്‍ ഉദ്വിഗ്നനാകുന്നു. ‘കൂട്ടംതെറ്റിയ കുട്ടി’. ടി കെ ഗംഗാധരന്. എച്ആന്‍ഡ്സി ബുക്സ്. വില 190 രൂപ.
◾വീട്ടിലെ മുതിര്‍ന്നവര്‍ സദ്യയും ബിരിയാണിയുമൊക്കെ കഴിച്ച ശേഷം രസം കുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? വെറുതേ ഒരു രസത്തിന് കുടിക്കുന്നതല്ല. ദഹനം എളുപ്പമാക്കാനാണത്. പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുണ്ടാക്കുന്ന രസത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. രസം നമ്മള്‍ക്ക് ചോറിനൊപ്പം ഒരു കറി ആയും ഭക്ഷണത്തിന് ശേഷം സൂപ്പ് പോലെയും ആസ്വദിക്കാം. രസത്തില്‍ അടങ്ങിയിട്ടുള്ള പുളിയുടെ സത്ത്, മഞ്ഞള്‍, കുരുമുളക്, കടുക്, ജീരകം തുടങ്ങിയയാണ് രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളില്‍ ഒന്നാക്കി മാറ്റുന്നത്. പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് രസം. നിയാസിന്, വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, തയാമിന്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള കുരുമുളകാണ് ദഹനത്തെ എളുപ്പമാക്കാന്‍ സഹായിക്കുന്നത്. രസത്തില്‍ ചേര്‍ത്തിരിക്കുന്ന പുളിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മലബന്ധം പോലുള്ള വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കൂടിയാണ് രസം. പുളിയില്‍ സമ്പന്നമായ അളവില്‍ ഡയറ്ററി ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. രസം കുടിക്കുന്നത് കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, ശരീരത്തിന്റെ മെറ്റബോളിസം ശരിയായി പ്രവര്‍ത്തിക്കുന്നു.