നെന്മാറ : നെന്മാറ കരിമ്പാറ റോഡിൽ പകൽ സമയത്ത് പുലിയിറങ്ങി പട്ടിയെ പിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് തളിപ്പടത്തിനും കരിമ്പാറയ്ക്കും ഇടയിലുള്ള പൊതുമരാമത്ത് റോഡിലാണ് സംഭവം. ആടുകളെ മേച്ച് തിരിച്ചുവരുന്ന എ. വാസുവിന്റെ പിന്നിലായി വന്ന രണ്ട് നായകളിൽ ഒന്നിനെയാണ് റോഡിന് നടുവിൽ പുലി പിടിച്ചത്. നായകളുടെ നിലവിളി കേട്ട് തിരിഞ്ഞു നോക്കിയ വാസു നിലവിളിച്ച് നെഞ്ചിടിപ്പോടെ തളർന്നുവീണു. തൊട്ടു പിന്നിലായി റോഡിലൂടെ കാറും പെട്ടിഓട്ടോയും പുലിയുടെ മുന്നിലെത്തിയതോടെ പുലി നായയെ ഉപേക്ഷിച്ച തൊട്ടടുത്ത കനാലിനു സമീപമുള്ള പൊന്തക്കാട്ടിലേക്ക് ഓടി. രണ്ടാഴ്ച മുമ്പ് വാസുവിന്റെ മേയാൻ വിട്ട ആടിനെ പകൽ സമയത്ത് ഇപ്പോൾ നായയെ പിടിച്ചതിന് 100 മീറ്റർ അകലെ ആടിനെ പിടിച്ചിരുന്നു. വാസുവിന്റെ തന്നെ മറ്റൊരാടിനെ കൂട്ടിൽ നിന്നും ഒരു മാസം മുമ്പ് രാത്രിയിലും പുലി പിടിച്ചത്. പ്രദേശവാസികളെ ഭീതിയിലാക്കി. കൂട് സ്ഥാപിച്ച് പുലിയെ പിടിച്ച് പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മേഖലയിൽ സ്ഥിരമായി ആടിനെ പുലി പിടിക്കുന്നത് ഒഴിവാക്കാൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കാത്തതും പ്രദേശവാസികൾ അമർഷം പ്രകടിപ്പിച്ചു. റോഡിന് തൊട്ടടുത്ത വനമേഖലയിൽ വൈദ്യുത വേലി പകൽ പ്രവർത്തിക്കാത്തതും. രാത്രി പൂർണ്ണസമയം വൈദ്യുത വേലി പ്രവർത്തിക്കുന്നില്ലെന്നും പരാതി ഉയർന്നു. വൈദ്യുതി വേലിക്ക് സമീപമുള്ള കാട് വെട്ടിതെളിച്ച് റോഡിലൂടെ പോകുന്നവർക്ക് ആന കാട്ടുപന്നി കരടി മാൻ തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യം അറിയുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും പ്രദേശത്ത് തടിച്ചുകൂടിയവർ ആവശ്യപ്പെട്ടു.