ബില്ലുകള്‍ തടഞ്ഞു വയ്ക്കാനാവില്ല: സുപ്രീം കോടതി
?️ഗവർണറുടെ അധികാരത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. ബില്ലുകള്‍ ഗവര്‍ണര്‍ക്ക് തടഞ്ഞു വയ്ക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. തീരുമാനം എടുത്തില്ലെങ്കിൽ ബിൽ ഗവർണർ തിരിച്ചയക്കണം. അങ്ങനെയാണ് ഭരണഘടന നിർവചിക്കുന്നത്. ഭരണഘടനാ വിധേയമായി മാത്രമേ തീരുമാനം എടുക്കാൻ കഴിയൂ എന്നും സുപ്രീം കോടതി പറഞ്ഞു. ഗവർണർക്ക് എതിരായ പഞ്ചാബ് സർക്കാരിന്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം.
ഗാസയിൽ 4 ദിവസം വെടിനിർത്തൽ
?️ഒരു മാസം പിന്നിട്ട ഇസ്രയേൽ- ഹമാസ് യുദ്ധത്തിനൊടു വിൽ വെടിനിർത്തൽ. നാലു ദിവസത്തെ വെടിനിർത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരു വിഭാഗങ്ങളും ഒപ്പു വച്ചത്. ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീനികളെയും വിട്ടുനൽകുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മന്ത്രാലയം വ്യക്തമാക്കി. ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകൾ ഗാസയിൽ എത്തുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു.
കെഎസ്ആർടിസിക്ക് 90 കോടി രൂപ കൂടി അനുവദിച്ചു
?️കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. ഈ മാസം ആദ്യം 30 കോടി നൽകിയിരുന്നു. കോർപറേഷന് ഈ വർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈ വർഷം ഇതുവരെ 1234.16 കോടി രൂപ അനുവദിച്ചു.
63 ലക്ഷം തട്ടി: മന്ത്രിക്കെതിരെ നവകേരള സദസിൽ പരാതി
?️മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി. വടകര സ്വദേശി എം.കെ യൂസഫ് ആണ് പരാതി നൽകിയത്. കോടതി വിധി അനുസരിക്കാതെ മന്ത്രി കബളിപ്പിക്കുന്നെന്നും സാമ്പത്തിക തട്ടിപ്പുകേസിൽ 63 ലക്ഷം രൂപ വാങ്ങിനൽകാൻ ഇടപെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഇതിനു മുമ്പും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാരൻ പറയുന്നു. അതിനാലാണ് മന്ത്രിക്കെതിരെയുള്ള പരാതിയുമായി നവകേരളസദസിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
മറിയക്കുട്ടിക്ക് കെപിസിസി വീട് നിർമിച്ച് നല്‍കും: കെ.സുധാകരന്
?️മറിയക്കുട്ടിക്ക് കെപിസിസി വീട് നിർമിച്ച് നല്‍കുമെന്ന് കെ.സുധാകരന്. 2 മാസം കൊണ്ട് വീടിന്റെ നിർമാണം പൂര്‍ത്തിയാക്കും. നവകേരള സദസില്‍ നിന്ന് കുട്ടികളെ ഒഴിവാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹം. ഭരണത്തിന്റെ മുഴുവന്‍ സ്വാധീനവും ഉപയോഗിച്ച് നടത്തുന്ന കൊള്ളയാണ് നവകേരള സദസ്. മുഖ്യമന്ത്രിക്ക് ഷോ കാണിക്കാന്‍ വേണ്ടി നടത്തുന്ന ജനസദസ് പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് നടത്തണം. അല്ലാതെ, പാവപ്പെട്ട നിക്ഷേപകരുടെയും സഹകരണ സ്ഥാപനങ്ങളിലെയും പണം ഉപയോഗിച്ചല്ല മുഖ്യമന്ത്രിയുടെ ഗുണ്ടാ സദസ് സംഘടിപ്പിക്കേണ്ടതെന്നും കെ.സുധാകരന് പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി താക്കീതിലൊതുക്കി കെപിസിസി
?️പാര്‍ട്ടി വിലക്ക് ലംഘിച്ച് ആര്യാടന് ഫൗണ്ടേഷന്റെ പേരില്‍ പലസ്തീന് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച ആര്യാടന്ഷൗക്കത്തിനെതിരായ നടപടി താക്കീതില്‍ അവസാനിപ്പിച്ച് കെപിസിസി. പാര്‍ട്ടി ഘടകങ്ങള്‍ക്ക് സമാന്തരമായി ആര്യാടന് ഫൗണ്ടേഷന് പ്രവര്‍ത്തിക്കരുതെന്നും ഫൗണ്ടേഷന്റെ പരിപാടികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയെ (ഡിസിസി) മുന്‍കൂട്ടി അറിയിക്കണമെന്നും ഷൗക്കത്തിന് നല്കിയ കത്തില്‍ കെപിസിസി ആവശ്യപ്പെട്ടു.
ഹയർ സെക്കന്ററി വരെയുള്ള വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്
?️സംസ്ഥാനത്തെ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല എന്നും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന് അറിയിച്ചു. നവകേരള സദസിന് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് നേരത്തെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ തന്നെ പിൻവലിക്കും. നവകേരള സദസിനായി സ്കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ ഭീഷണി ജനാധിപത്യ വിരുദ്ധം; മുഖ്യമന്ത്രി
?️യുഡിഎഫ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് മൂക്കു കയറിടുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂർ നഗരസഭാ അധ്യക്ഷനെ വി.ഡി. സതീശൻ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വടകരയിൽ നവകേരള സദസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പിണറായി വിജയൻ പറഞ്ഞു.
നവ കേരള സദസിന് കോഴിക്കോട് മാവോയിസ്റ്റ് ഭീഷണി
?️നവകേരള സദസിന് കോഴിക്കോട് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കലക്ടറേറ്റിലേക്കാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്. മാവോയിസ്റ്റ് റെഡ് ഫ്ളാഗിന്റെ പേരിലാണ് ഭീഷണി കത്ത്. സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നാണ് കത്തിൽ പറയുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ നവകേരള സദസിന് പൊലീസ് സുരക്ഷ ശക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് സുരേഷ് ഗോപി
?️നവകേരള ബസിനു മുന്നിൽ ചാടി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം. തല്ലുകൊണ്ടതും വണ്ടിക്കു മുന്നിൽ ചാടിയതും ജനങ്ങൾക്കു വേണ്ടിയാണ്. ജനകീയ സമരങ്ങൾ ശക്തി പ്രാപിക്കേണ്ട കാലം വളരെയധികം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൈനയിലെ ‘നിഗൂഢ ന്യുമോണിയ’
?️ചൈനയിലെ എച്ച്9എൻ2 വൈറസ് ബാധ പടരുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഈ പുതിയ ഇൻഫ്ലുവൻസയെക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. എന്നിരുന്നാലും ‘കുറഞ്ഞ അപകടസാധ്യത’ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വ്യാജപ്രചാരണം: ബൃന്ദകാരാട്ട് പരാതി നൽകി
?️നവകേരള സദസുമായി ബന്ധിപ്പിച്ച് തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരേ സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ എംപിയുമായ ബൃന്ദകാരാട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച് അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ബൃന്ദകാരാട്ട് ആവശ്യപ്പെട്ടു.
കൊച്ചിയിലെ ജലവിതരണം; 17 കോടി അമെരിക്കൻ ഡോളർ വായ്പ അനുമതി നൽകി എഡിബി ബാങ്ക്
?️കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്ന കൊച്ചിയിലെ കുടിവെള്ള വിതരണം ആധുനിക വത്കരിക്കുന്നതിനായി 17 കോടി അമെരിക്കൻ ഡോളർ വായ്പ അനുവദിക്കുന്നതിന് അനുമതി നൽകി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്. നഗരത്തിൽ ശുദ്ധ ജലം ലഭ്യത ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്രയും തുക അനുവദിച്ചതെന്ന് എഡിബി അറിയിച്ചു. കൊച്ചിയിൽ നിലവിലുള്ള അഞ്ച് കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളുടെ ശേഷി വർധിപ്പിക്കുന്നത് അടക്കമുള്ളവയ്ക്കായാവും വായ്പ ഉപയോഗിക്കുക. പ്രതിദിനം 325 മില്ല്യൺ ലിറ്ററിലേക്കാവും ശേഷി ഉയർത്തുക. ഇതിനു പുറമേ 190 മില്ല്യൺ പ്രതിദിന ശേഷിയുള്ള ഒരു പ്ലാന്റുകൂടെ നിർമിക്കും. 700 കിലോമീറ്റർ ദൈർഘ്യമുള്ള കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കും.
കേരളീയത്തിൽ ആദിവാസി വിഭാഗത്തെ പ്രദർശന വസ്തുവാക്കിയെന്ന് പരാതി
?️സർക്കാരിന്റെ കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗത്തിൽ പെട്ടവരെ പ്രദർശന വസ്തുവാക്കിയെന്ന പരാതിയിൽ ഇടപെട്ട് ദേശീയ പട്ടികവർഗ കമ്മീഷൻ. പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടി. യുവമോർച്ച ദേശീയ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.ആദിവാസി വിഭാഗത്തെ വേഷം കെട്ടിച്ച് നിർത്തിയെന്നാണ് പ്രധാനമായും ഉയർന്ന വിമർശനം. കനകക്കുന്നിലെ ആദിവാസി പ്രദർശനമാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നത്.
മാർക്ക് കുറഞ്ഞു; പാലക്കാട് 30 പ്ലസ്ടു വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി
?️മാർക്ക് കുറഞ്ഞതിന് പ്ലസ്ടു ഹ്യൂമാനിറ്റീസിലെ 30 വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി. പാലക്കാട് എരിമയൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി. പഠനത്തിൽ മികവ് പുലർത്തിയില്ലെന്ന് ആക്ഷേപിച്ച് പത്ത് ദിവസമായി വിദ്യാർഥികളെ സ്കൂൾ പരിസരത്ത് പ്രവേശിക്കാൻ അധ്യാപകർ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. അതേസമയം വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും ഗ്രൂപ്പ് തിരിച്ച് ക്ലാസിലെത്താൻ ആവശ്യപ്പെട്ടിട്ടേ ഉള്ളൂവെന്നുമാണ് അധ്യാപകരുടെ വാദം.
വ്യാജ കാർഡ് കേസ് സതീശനും മുഖ്യമന്ത്രിയും ചേർന്ന് ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നെന്ന് യുവമോർച്ച
?️യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച സംഭവത്തിൽ പൊലീസ് നടപടി വൈകുന്നെന്ന് ആരോപിച്ച് യുവമോർച്ച സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് സംഘർഷത്തിലേക്ക് കടന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
‘വ്യാജ രേഖ കേസിൽ പിണറായിയുടെ പൊലീസിന് ഇത്ര ആവേശം വേണ്ട’, കെ.സി. വേണുഗോപാൽ
?️യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്ക് ഉണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എഐസിസിക്ക് ഇത് സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പിലും വ്യാജ രേഖകൾ ഉപയോഗിച്ച് ജയിക്കുന്ന പിണറായിയുടെ പൊലീസിന് ഇത്ര ആവേശം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം
?️മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. 125 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷനു സാധിക്കാതെ വന്നതോടെയാണ് ഹൈക്കോടതി ജാമ്യം അുനവദിച്ചത്. അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നും കോടതി വിമർശിച്ചു. പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും മൊബൈൽ ഫോണും കവർന്നെന്നാണ് കേസ്.
പശ്ചിമേഷ്യയ്ക്കു മുകളിൽ പതിവായി സിഗ്നൽ നഷ്ടമാകുന്നു; വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ്
?️പശ്ചിമേഷ്യയ്ക്കു മുകളിൽ യാത്രാവിമാനങ്ങൾക്ക് പതിവായി സിഗ്നൽ നഷ്ടമാകുന്നതിൽ ആശങ്ക അറിയിച്ച് സിവിൽ വ്യോമയാന ഡയറക്റ്ററേറ്റ് (ഡിജിസിഎ). കൂടുതൽ ജാഗ്രതപാലിക്കണമെന്നു രാജ്യത്തെ വ്യോമയാനക്കമ്പനികൾക്ക് ഡിജിസിഎ മുന്നറിയിപ്പു നൽകി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമാണ് ഡിജിസിഎയുടെ ഇടപെടൽ.
സ്ത്രീ വിരുദ്ധ പരാമർശം;തൃഷയോട് മാപ്പു പറഞ്ഞ് മൻസൂർ അലി ഖാൻ.
?️തെന്നിന്ത്യൻ ചലച്ചിത്ര നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മൻസൂർ അലി ഖാൻ. ഇത് സംബന്ധിച്ച് മൻസൂർ അലി ഖാൻ വാർത്താ കുറിപ്പ് പുറത്തിറക്കി. സംഭവം വൻ വിവാദമായതോടെ തമിഴ് സിനിമാ രംഗത്തു നിന്നും വലിയ വിമർശനങ്ങളായിരുന്നു ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മൻസൂർ അലി ഖാന്റെ ക്ഷമാപണം.
ഗവർണർ-സർക്കാർ പോര്: പഞ്ചാബ് ഉത്തരവ് വായിച്ച് നിലപാടറിയിക്കാൻ സുപ്രീംകോടതി നിർദേശം
?️നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സർക്കാർ നൽകിയ റിട്ട് ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ഗവർണർക്കെതിരെ പഞ്ചാബ് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഉത്തരവ് വായിച്ച ശേഷം പരിഗണനയിലിരിക്കുന്ന ബില്ലുകളിൽ തീരുമാനം അറിയിക്കാൻ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയോട് സുപ്രീംകോടതി നിർദേശിച്ചു. ഇന്നലെ കോടതി നടപടികൾ അവസാനിക്കുന്നതിനു മുമ്പാണ് കേരളത്തിന്റെ ഹർജി മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ആർ.ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം ജയചന്ദ്രൻ ഇലങ്കത്തിന്
?️മെട്രോവാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ.ഗോപീകൃഷ്ണന്റെ പേരിൽ കോട്ടയം പ്രസ്ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫും സ്പെഷ്യൽ കറസ്പോണ്ടന്റുമായ ജയചന്ദ്രൻ ഇലങ്കത്ത് അർഹനായി.25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുതിർന്ന മാധ്യമ പ്രവർത്തകരായ ടി.കെ രാജഗോപാൽ, തോമസ് ഡൊമിനിക്, ജിമ്മി ഫിലിപ്പ് എന്നിവരടങ്ങിയ ജൂറിയാണ് ജനറൽ റിപ്പോർട്ടിങിനുള്ള പുരസ്കാര ജേതാവിനെ കണ്ടെത്തിയത്. കേവലം 4 സെക്കൻഡിന്റെ പേരു പറഞ്ഞ് സർക്കാർ ജോലി നിഷേധിക്കപ്പെട്ട നിഷ ബാലകൃഷ്ണൻ എന്ന യുവതിയുടെ ഞെട്ടിപ്പിക്കുന്ന കഥ പുറത്തു കൊണ്ടുവന്നതിനാണു ജയചന്ദ്രൻ ഇലങ്കത്തിന് അവാർഡ്.
‘നവകേരള സദസിൽ ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ല’: സർക്കാർ ഹൈക്കോടതിയിൽ
?️നവകേരള സദസിന് ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് അറിയിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ തന്നെ പിൻവലിക്കും. നവകേരള സദസിനായി സ്കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള്ള പെറ്റിഷനുകൾ പരിഗണിച്ചപ്പോഴാണ് സർക്കാർ ഈ നിലപാട് വ്യക്തമാക്കിയത്.
ഐഎഫ്എഫ്കെ: അധിനിവേശ വിരുദ്ധ പാക്കെജില്‍ ഏഴു ചിത്രങ്ങള്‍
?️രൂക്ഷമായ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 28ാമത് ഐഎഫ്എഫ്കെയില് ഉള്‍പ്പെടുത്തിയ അധിനിവേശ വിരുദ്ധ പാക്കെജിന്റെ ഭാഗമായി ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പലസ്തീനിയന്‍- ഡച്ച് സംവിധായകന് ഹാനി അബു അസദിന്റെ “ഒമര്‍’, അറബ് നാസര്‍, ടാര്സന് നാസര്‍ എന്നിവരുടെ പലസ്തീന് ചിത്രമായ “ഡിഗ്രേഡ്’, ഇസ്രയേലി സംവിധായകന് ഡ്രോര്‍ സഹാവിയുടെ “ക്രെസന്റോ’, സ്റ്റാന്‍ലി കുബ്രിക്കിന്റോ “പാത്സ് ഓഫ് ഗ്ലോറി’, ടെറന്‍സ് മാലിക്കിന്റെ “ദ തിന് റെഡ് ലൈന്‍’, ചാര്‍ലി ചാപ്ലിന്റെ “ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ജിഎഎഫ്
?️കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ക്കുള്ള സുസ്ഥിര ആയുര്‍വേദ പരിഹാരങ്ങളുടെ പ്രയോഗത്തെക്കുറിച്ച് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്-2023) ചര്‍ച്ച ചെയ്യും. മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആരോഗ്യവും നിലനില്‍പ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന പരമ്പരാഗത അറിവുകളുടെ പങ്കുവയ്ക്കലിനും ജിഎഎഫ് വേദിയാകും.
പുളളിമാന്റെ ഇറച്ചിയുമായി നായാട്ടു സംഘം
?️വയനാട് പേരിയയിൽ വനപാലകരെ ആക്രമിച്ച് നായാട്ടു സംഘം. പുള്ളിമാന്റെ ഇറച്ചി കാറിൽ കടത്താൻ ശ്രമിക്കവെ തടയാൻ വനപാലകർ ശ്രമിച്ചെങ്കിലും നായാട്ടു സംഘം കടന്നു കളയുകയായിരുന്നു.ബൈക്കില്‍ പിന്തുടര്‍ന്ന വനപാലകരെ നായാട്ടു സംഘം ഇടിച്ചു തെറിപ്പിച്ച ശേഷം രക്ഷപ്പെട്ടു. രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
തായ്ലൻഡിൽ ടൂർ പോയ യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ചു
?️തായ്ലൻഡിൽ കൂട്ടുകാരുമൊത്ത് ടൂർ പോയ യുവാവ് കെട്ടിടത്തിൽ നിന്നും വീണു മരിച്ചതായി വീട്ടിൽ അറിയിപ്പ് ലഭിച്ചു. മഞ്ഞുമ്മൽ മാതൃഭൂമിക്ക് സമീപം പള്ളിഞാലിൽ എഫ്രയിം ജോസഫ് (24) ആണ് മരിച്ചത്. കോഴിക്കോട് ഗ്ലോബൽ എഡ്യൂക്കേഷൻ ജീവനക്കാരനാണ്.
ഡീപ് ഫെയ്ക്ക് വീഡിയോകൾ
?️ഡീപ് ഫെയ്ക്ക് ഉള്ളടക്കങ്ങളിൽ അടിയന്തര നടപടിക്കായി പ്രത്യേക ഓഫിസറെ നിയമിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡീപ് ഫെയ്ക്ക് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെയാണ് കേന്ദ്രത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം ഐടി മന്ത്രി അശ്വനി വൈഷ്ണവ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുമായി ചർച്ച നടത്തിയിരുന്നു.
അടിസ്ഥാനരഹിതം: വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീശാന്ത്
?️പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. പരാതിക്കാരനെ കണ്ടിട്ടു പോലുമില്ലെന്നും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീശാന്ത് അറിയിച്ചു. ശ്രീശാന്ത് ഉൾപ്പെടെ 3 പേർക്കെതിരേ കഴിഞ്ഞദിവസം കോടതി നിർദേശ പ്രകാരം കണ്ണൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് കേസ്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയുമാണ് ഒന്നും രണ്ടും പ്രതികൾ.
ഇന്ത്യ എ വനിതാ ടീമിനെ നയിക്കാൻ മലയാളി താരം മിന്നു മണി
?️ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ നയിക്കാൻ മലയാളി താരം മിന്നുമണി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 29നാണ് ആരംഭിക്കുക. ഡിസംബര്‍ ഒന്ന്, മൂന്ന് തിയതികളിലാണ് മറ്റു മത്സരങ്ങള്‍. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് മിന്നുമണി. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി ബംഗ്ലാദേശിനെതിരെ ടി20യിലാണ് അരങ്ങേറ്റം കുറിച്ചത്.
സഞ്ജുവുമായി കൂടിക്കാഴ്ച നടത്തി അഗാർക്കർ
?️ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്റ്ററായ അജിത് അഗാര്‍ക്കര്‍ മലയാളി താരം സഞ്ജു സാസംസണുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോർട്ടുകൾ. ലോകകപ്പിന് പിന്നാലെ സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച പരമ്പരയിൽ സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് ടീമിൽ ഇടംപിടിച്ചത്. ടീം സെലക്ഷന് പിന്നാലെ തീരുമാനങ്ങൾ വിവാദമായപ്പോഴാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഓസ്ട്രേലിയക്കെതിരേ ഇന്ത്യക്ക് റെക്കോഡ് ചെയ്സിൽ ജയം
?️ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു പന്ത് ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ജോഷ് ഇംഗ്ലിസിന്റെ (50 പന്തില്‍ 110) സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയപ്പോൾ ഇന്ത്യ 1 പന്ത് ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചെയ്സാണിത്. ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടമായിട്ടും മനഃസാന്നിധ്യത്തോടെ റൺ നിരക്ക് താഴാതെ കളിച്ച യുവനിരയെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അക്ഷരാർഥത്തിൽ മുന്നിൽ നിന്നു നയിക്കുന്ന കാഴ്ചയായിരുന്നു ഇന്ത്യയുടെ റൺ ചെയ്സിൽ കണ്ടത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5680 രൂപ
പവന് 45440 രൂപ