22.11.2023
തൃശൂർ വിവേകോദയം സ്കൂളിൽ വെടിവയ്പ്പ്
?️തൃശൂർ വിവേകോദയം സ്കൂളിൽ തോക്കുമായി കടന്നു കയറി വെടിയുതിർത്ത് പൂർവ വിദ്യാർഥി. മുളയം സ്വദേശി ജഗനാണ് സ്കൂളിലേക്ക് തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തോക്കുമായെത്തിയ ഇയാൾ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. പിന്നീട് ക്ലാസ് റൂമിൽ കയറി മൂന്നു തവണ മുകളിലേക്ക് വെടിവച്ചുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.വെടിവയ്പ്പിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തൃശൂർ ഈസ്റ്റ് പോലീസിന്‍റെ കസ്റ്റഡിയിലാണ് ഇയാൾ. പ്രതി ലഹരിക്കടിമയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.
സ്കൂൾ വെടിവെയ്പ്പു കേസിൽ ജഗന് ജാമ്യം
?️സ്കൂളിൽ വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ജഗന് ജാമ്യം. ജഗനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിർദേശം. ഇയാർ മൂന്നു വർഷമായി മാനസിക വെല്ലുവിളിക്ക് ചികിത്സ നടത്തുന്നതായി കുടുംബം പൊലീസിനെ അറിയിക്കുകയും രേഖകൾ സമർപ്പിക്കുകയും ചെയ്യ്തു. തുടർന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.
കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പിഎസ്സി ലിസ്റ്റും റദ്ദാക്കി ഹൈക്കോടതി
?️കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പിഎസ്സി ലിസ്റ്റും റദ്ദാക്കി ഹൈക്കോടതി. അയോഗ്യരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയത് റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്നും യോഗ്യരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.മീറ്റർ റീഡർ തസ്തികയിലെ പിഎസ്സി ലിസ്റ്റ് അയോഗ്യരായവരെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി സിസാമുദീൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
?️കോഴിക്കോട് ജില്ലയിൽ നവകേരള സദസ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് നവകേരള സദസിന് വേദിയാവുന്ന വിദ്യാലയങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
റോബിൻ ബസ് സർവീസ് വീണ്ടും ആരംഭിച്ചു
?️പെർമിറ്റ് ലംഘനത്തിൻ്റെ പേരിൽ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴയടച്ചതോടെയാണ് കോയമ്പത്തൂര്‍ സെൻട്രൽ ആർ.ടി.ഒ. ബസ് ഉടമയായ ഗിരീഷിന് ബസ് വിട്ട് നൽകിയത്.പെർമിറ്റ് ലംഘിച്ചതിന് ഞായറാഴ്ചയായിരുന്നു ബസ് ഗാന്ധിപുരം സെൻട്രൽ ആർടിഒയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. തുടർന്ന്, ബസുടമ ഗിരീഷ് തമിഴ്‌നാട് ആർ.ടി.ഒയ്ക്ക് നൽകിയ കത്തിൻ പ്രകാരം 10,000 രൂപ പിഴയടച്ചതിന് ശേഷം ബസ് വിട്ടുനൽകാൻ ഉത്തരവായത്.
യുവാക്കളിലെ പെട്ടെന്നുള്ള മരണ കാരണം കണ്ടെത്തി ഐസിഎംആർ
?️കൊവിഡ് വാക്സിനുകൾ രാജ്യത്തെ യുവാക്കളിലെ പെട്ടെന്നുള്ള മരണ സാധ്യത വർധിപ്പിക്കുന്നില്ലെന്ന് പഠനം. കൊവിഡ് വാക്സിൻ ഇത്തരത്തിലുള്ള അപകട സാധ്യതകളെ കുറയ്ക്കുകയാണ് ചെയ്തതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (icmr) പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ളവർ പെട്ടെന്ന് മരിക്കുന്നെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഐസിഎംആറിന്‍റെ പഠനം. രാജ്യത്തെ ആശുപത്രികളെ കേന്ദ്രീകരിച്ച് 2021 ഒക്‌ടോബർ – 2023 മാർച്ച് വരെയാണ് പഠനം നടത്തിയത്.
കേരളത്തിനും തമിഴ്നാടിനും സുപ്രീം കോടതിയുടെ വിമർശനം
?️സുപ്രീംകോടതി സ്റ്റേ നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്നും അതിർത്തി നികുതി പിരിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി. കേരളവും തമിഴ്നാടും കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകൾ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്. പിന്നാലെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്നും പ്രവേശന ഫീസ് ഈടാക്കില്ലെന്ന് കേരളവും തമിഴ്നാടും വ്യക്കമാക്കി. സംസ്ഥാന സർക്കാർ പ്രത്യേക പ്രവേശന നികുതി ഈടാക്കുന്നെന്നു ചൂണ്ടിക്കാട്ടി റോബിൻ ബസിന്‍റെ ഉൾപ്പടെ 94 ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് കോടതി ഇടക്കാല സ്റ്റേ നൽകിയത്.
സ്കൂൾ പാഠപുസ്തകങ്ങളിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണം
?️രാമയണവും മഹാഭാരതവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് എൻസിഇആർടി ഉന്നതതല സമിതിയുടെ ശുപാർശ. അയോധ്യ ആധുനിക ചരിത്രത്തിന്‍റെ ഭാഗമാക്കണമെന്നാണ് ശുപാര്‍ശ. ക്ലാസിക്കല്‍ ചരിത്രത്തില്‍ രാമായണവും ഭാഗവതവും വേദങ്ങളും ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ ഘടനയുടെ ആമുഖം ക്ലാസ് മുറികളിൾ എഴുതി വയ്ക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ രാമായണം, മഹാഭാരതം എന്നിവ സാമൂഹ്യ ശാസ്ത്ര സിലബസിന്റെ ഭാഗമാക്കുന്നതിന് കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഇത് വിദ്യാർഥികളിൽ ദേശസ്നേഹവും ആത്മാഭിമാനവും വളർത്തിയെടുക്കാൻ സഹായിക്കും.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് തിരിച്ചടി
?️കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി രാഹുൽ ഗാന്ധി എന്നിവർ പ്രതികളായ നാഷണൽ ഹെറാൾഡ് കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ് മെന്‍റ് ഡയറക്‌ടറേറ്റ്. കോൺഗ്രസുമായി ബന്ധപ്പെട്ട അസോസിയേറ്റഡ് ജെർണൽസ് ലിമിറ്റഡ്, യങ് ഇന്ത്യൻ സ്ഥാപനങ്ങളുടെ 751.9 കോടി രൂപയുടെ സ്വത്തുക്കളും ഓഹരികളുമാണ് കണ്ടുകെട്ടിയത്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്‍റെ പേരില്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ലഭിച്ച 661.69 കോടി രൂപയുടെ വരുമാനം സ്ഥാവര സ്വത്തുക്കളായി ഡല്‍ഹി, മുംബൈ, ലഖ്നൗ അടക്കമുള്ള പല നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. യങ് ഇന്ത്യയുടെ പേരില്‍ 2,000 കോടി ഇത്തരത്തില്‍ സമ്പാദിച്ചിട്ടുണ്ട്. എജെഎല്ലിന്‍റെ പേരില്‍ ഓഹരികളില്‍ 90.21 കോടി രൂപയുമുണ്ടെന്നു ഇഡി വ്യക്തമാക്കി.
വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി
?️ബിജെപിയെ അധികാരത്തിലെത്തിച്ചാൽ പിഎം കിസാൻ സമ്മാൻ നിധിക്കു കീഴിൽ കീഴിൽ കർഷകർക്ക് വർഷം 12,000 രൂപ നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 6000 രൂപയാണു നൽകുന്നത്. രാജസ്ഥാനിലെ ഹനുമാൻഗഡിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിലാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 6000 രൂപ സംസ്ഥാന സർക്കാരായിരിക്കും നൽകുക. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ ഇന്ധനവില കുറയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ രാജ്യത്ത് ഇന്ധന വില ഏറ്റവും ഉയർന്ന സംസ്ഥാനങ്ങളിലൊന്നാണു രാജസ്ഥാൻ.
സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
?️കല്യാശേരിയിൽ നവ കേരള സദസ് ബസിന് നേരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. 14 സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് നേരെ നടന്നത് ഭീകരാക്രമണമെന്ന് ഇ.പി. ജയരാജന്‍
?️മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വടിയും കല്ലുമായാണ് അവര്‍ വന്നത്. പ്രതിഷേധിച്ചവര്‍ക്ക് നേരെ നടന്നത് സ്വാഭാവിക ചെറുത്ത് നില്‍പ്പ് മാത്രമാണ്. യൂത്ത് കോണ്‍ഗ്രസുകാരെ ആരും മര്‍ദിച്ചിട്ടില്ലെന്നും അവര്‍ തിരിച്ച് ആക്രമിക്കുകയാണ് ചെയ്തതെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
?️നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്നും സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്നത് വ്യക്തമാക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
‘സിപിഎം ക്ഷണിച്ചാൽ നവകേരള സദസിൽ പങ്കെടുക്കും’ : എ.വി. ഗോപിനാഥ്
?️എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ എൽഎയുമായ എ.വി. ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം വികസനമാണ് നവകേരള സദസിന്‍റെ ലക്ഷ്യം. നാടിന്‍റെ വികസനത്തിനായി പാർട്ടി നോക്കാതെ പങ്കെടുക്കുമെന്നും വികസന കാര്യങ്ങളിൽ ഒന്നിച്ചു ചേരണമെന്നാഗ്രഹിക്കുന്ന എല്ലാവരും നവകേരള സദസിന്‍റെ ഭാഗമാവണമെന്നും ഗോപിനാഥ് അഭിപ്രായപ്പെട്ടു.
തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്
?️ഉത്തരകാശി സില്‍ക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. തുരങ്കത്തിലേക്ക് പുതുതായി സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ കടത്തിവിട്ട എന്‍ഡോസ്‌കോപി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഇവർക്കായുള്ള ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നല്‍കി. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും ഒളിവിൽ
?️ആലുവയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ പിതാവിൽ നിന്ന് പണം തട്ടിയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഒളിവിൽ പോയ മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീനയുടെ ഭർത്താവ് മുനീറിനായാണ് പൊലീസ് അന്വേഷണം. തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപണം നേരിടുന്ന ഹസീനയും ഒളിവിലാണ്.കഴിഞ്ഞ ശനിയാഴ്ച്ച കേസുമായി ബന്ധപ്പെട്ട് ഹസീനയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല.
ഉത്തരാഖണ്ഡ് രക്ഷാദൗത്യത്തിന് അന്താരാഷ്‌ട്ര വിദഗ്ധനും
?️തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി അന്താരാഷ്‌ട്ര രംഗത്ത് ഈ മേഖലയിലെ വിദഗ്ധനായ പ്രൊഫ. അർനോൾഡ് ഡിക്സ് ഉത്തരകാശിയിലെത്തി. തുരങ്കത്തിനുള്ളിലും മലയുടെ മുകളിലും പരിശോധന നടത്തിയ ഡിക്സ് മുഴുവൻ തൊഴിലാളികളെയും പൂർണ ആരോഗ്യവാന്മാരായി തിരികെ വീട്ടിലെത്തിക്കുമെന്നു മാധ്യമപ്രവർത്തകരോടു പറഞ്ഞു. നിലവിൽ രക്ഷാ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ ശരിയായ ദിശയിലുള്ളതാണെന്നും ദൗത്യസംഘത്തിന്‍റെ പ്രവർത്തനം അതിശയകരമാണെന്നും ഡിക്സ്.
പതഞ്ജലി പരസ്യങ്ങൾക്ക് വന്‍ പിഴ ചുമത്തുമെന്ന് സുപ്രീംകോടതിയുടെ താക്കീത്
?️ബാബാ രാംദേവിന്‍റെ പതഞ്ജലി പരസ്യത്തിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശ വാദങ്ങളോ പരസ്യത്തിൽ പാടില്ലെന്ന് കോടതി മുന്നറിയിപ്പു നൽകി. തെറ്റായ വിവരങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കരുതെന്നും അതുവഴി ജനങ്ങൾ കബളിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും പതഞ്ജലി പരസ്യങ്ങൾക്കെതിരേ ഐഎംഎ നൽകിയ ഹർജിയിൽ കോടതി വ്യക്തമാക്കി. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കുള്ള നിർദേശങ്ങൾ സമർപ്പിക്കും കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
ഡൽഹി സർക്കാരിന് സുപ്രീം കോടതിയുടെ താക്കീത്
?️ഡൽഹി സർക്കാരിനെതിരേ വിമർശനവുമായി സുപ്രീംകോടതി. റാപ്പിഡ് റെയിൽ പദ്ധതിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ വിഹിതം നൽകാത്ത പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ താക്കീത്. ഒരാഴ്ചയ്ക്കകം പണം നൽകണം, അല്ലാത്ത പക്ഷം സർക്കാർ പരസ്യത്തിനായി മാറ്റി വച്ചിരിക്കുന്ന തുക പദ്ധതിക്കായി വകമാറ്റി നൽകുമെന്നും കോടതി മുന്നറിയിപ്പു നൽകി. ഡൽഹിയെ ഉത്തർപ്രദേശിലെ മീററ്റ്, രാജസ്ഥാനിലെ അൽവാർ, ഹരിയാനയിലെ പാനിപ്പത്ത് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ആർആർടിഎസ്.
കണ്ടല ബാങ്ക് തട്ടിപ്പ്
?️കണ്ടല ബാങ്ക് തട്ടിപ്പു കേസിൽ നടപടിയുമായി ഇഡി. കണ്ടല ബാങ്ക് മുൻ പ്രസിഡന്‍റ് എൻ. ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയുമാണ് ഇഡി അറസ്റ്റു ചെയ്തത്. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടപടി. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
ശബരിമലയിലും തിരുവനന്തപുരത്ത് മലയോര മേഖലയിലും കനത്ത മഴ?️ശബരിമല സന്നിധാനത്ത് ശക്തമായ മഴ. വൈകിട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരത്ത് മലയോര മേഖലയിലും കനത്ത മഴയാണ് ലഭിക്കുന്നത്.തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസപ്പെടുകയും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു.
ആനയെ ചികിത്സയുടെ മറവിൽ നാടുകടത്താന്‍ ശ്രമമെന്നു പരാതി
?️കേരളത്തില്‍ നാട്ടാനകളുടെ എണ്ണം കുറയുന്നതിനിടെ ചികിത്സയുടെ പേരില്‍ ഊട്ടോളി പ്രസാദ് എന്ന ആനയെ നാടുകടത്താന്‍ ശ്രമം. ഉടമയില്‍ നിന്ന് ഏറ്റെടുത്ത് കോടനാട് ആന ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റാന്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവിട്ടു. ഇടത് മുന്‍കാലിന് ചെറിയ വൈകല്യമുള്ള ആനയെ വിദഗ്ധ ചികിത്സയുടെ പേരിലാണ് കോടനാട്ടേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
?️അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മാരുതി ഒമ്നി കാറാണ് കത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനത്തിന് തീപിടിച്ച ഉടന്‍ തന്നെ ഡ്രൈവര്‍ ഇറങ്ങിയോടി. ഇതോടെ മുന്നോട്ട് നീങ്ങിയ വാഹനം മറ്റൊരു കാറില്‍ തട്ടിയാണ് നിന്നത്. ഗ്യാസ് ഉപയോഗിച്ച് ഓടിയിരുന്ന ഓംനി കാറാണ് കത്തിയത്.
മാപ്പ് പറയില്ലെന്ന് നടന്‍ മന്‍സൂര്‍ അലിഖാന്‍
?️തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് നടന്‍ മന്‍സൂര്‍ അലിഖാന്‍. തൃഷയേക്കുറിച്ച് മോശമായി സംസാരിച്ചില്ല. പിന്നെന്തിന് മാപ്പ് പറയണമെന്ന് അദ്ദേഹം ചോദിച്ചു. നടികര്‍ സംഘം തന്നെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാപ്പുപറയാന്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്നും മന്‍സൂര്‍ അലിഖാന്‍ ചോദിച്ചു. ചെന്നൈയിലെ വസതില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
അയോധ്യയിൽ പൂജാരിയാകാൻ 3000 അപേക്ഷകർ
?️അയോധ്യ രാമക്ഷേത്രത്തിൽ പൂജാരിയാകാൻ അപേക്ഷ അയച്ച് കാത്തിരിക്കുന്നത് മൂവായിരത്തോളം പേർ. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് ഈ വിവരം പുറത്തുവിട്ടത്. അപേക്ഷകരിൽനിന്ന് ഇരുനൂറ് പേരെ തെരഞ്ഞെടുത്ത് കർസേവകപുരത്ത് അഭിമുഖം നടത്തും. ഇതിൽ നിന്ന് ഇരുപതു പേരെയാണ് പൂജാരിമാരുടെ വിവിധ തസ്തികകളിൽ നിയമിക്കുക.
നോവലിസ്റ്റ് എൻ. കെ. ശശിധരൻ അന്തരിച്ചു
?️നോവലിസ്റ്റും ആദ്യകാല സിനിമ പ്രവർത്തകനുമായ എൻ.കെ.ശശിധരൻ (69) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 3 മണിക്ക് ഹൃദയരോഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് വൈകുന്നേരം. തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെ മലയാളി വായനക്കാരുടെ മനസിൽ ഇടം പിടിച്ച എൻ.കെ.ശശിധരൻ അതിന് മുൻപ് സിനിമാ രംഗത്ത് സജീവമായിരുന്നു.
ഇന്ത്യൻ വംശജനായ വാർഡൻ കുറ്റക്കാരനെന്ന് കണ്ടെത്തി സിംഗപ്പൂർ കോടതി
?️തടവുപുള്ളിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ സിംഗപ്പൂർ ജയിലിലെ വാർഡനായിരുന്ന ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ജയിൽ മാറ്റുന്നതിനായി തടവുപുള്ളിയിൽ നിന്ന് 133,000 സിംഗപ്പൂർ ഡോളർ കൈക്കൂലി ആയി ആവശ്യപ്പെട്ട കേസിലാണ് കോബി കൃഷ്ണ ആയാവൂ എന്ന വാർഡൻ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ടതിനു പുറകേ 10 കുറ്റങ്ങളാണ് 56കാരനായ കോബിയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഇന്ത്യ ഫൈനൽ തോൽക്കാൻ കാരണം ഗ്യാലറിയിലെ ‘ദുഃശകുനം’ എന്ന് രാഹുൽ
?️ലോകകപ്പിൽ ഉടനീളം നന്നായി കളിച്ച ഇന്ത്യ ഫൈനലിൽ തോൽക്കാൻ കാരണം ഗ്യാലറിയിൽ വന്നിരുന്ന ദുഃശകുനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫൈനൽ കാണാൻ നേരിട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചാണ് പരോക്ഷ പരാമർശം.
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസിൽ നിന്ന് ”ദുഃശകുനം” എന്ന വിളി ഉയർന്നു. ഇതെത്തുടർന്നാണ് രാഹുലിന്‍റെ പരിഹാസമുണ്ടായത്.
ട്വന്‍റി20 പരമ്പരയ്ക്കും സഞ്ജു ഇല്ല
?️ഓസ്ട്രേലിയയ്ക്കെതിരേ അഞ്ച് മത്സരങ്ങൾ അടങ്ങിയ ട്വന്‍റി20 പരമ്പര കളിക്കാനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. പരുക്കിൽ നിന്നു മുക്തനാകാത്ത ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവിനെയാണ് ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യ മൂന്നു മത്സരങ്ങളിൽ ഓപ്പണർ ഋതുരാജ് ഗെയ്ക്ക്‌വാദ് ആയിരിക്കും വൈസ് ക്യാപ്റ്റൻ. നാലാം മത്സരം മുതൽ ടീമിനൊപ്പം ചേരുന്ന ശ്രേയസ് അയ്യർ അവസാന രണ്ടു മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസണ് ഈ ടീമിലും അവസരം നൽകിയിട്ടില്ല. സയീദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനമാണ് സഞ്ജുവിന്‍റെ വഴിയടച്ചതെന്നാണ് വിലയിരുത്തൽ.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5650 രൂപ
പവന് 45200 രൂപ