കൂര്‍ഗ് മാന്‍ഡ്രിന്‍’ ഓറഞ്ച് തൈകള്‍ നടാനൊരുങ്ങി നെല്ലിയാമ്പതി ഗവ ഓറഞ്ച് ഫാം

‘കൂര്‍ഗ് മാന്‍ഡ്രിന്‍’ ഓറഞ്ച് തൈകള്‍ നടാനൊരുങ്ങി നെല്ലിയാമ്പതി ഗവ ഓറഞ്ച് ഫാം

FB_IMG_1691122241274

കൂര്‍ഗില്‍നിന്നുള്ള വ്യത്യസ്തമാര്‍ന്ന കൂര്‍ഗ് മാന്‍ഡ്രിന്‍ എന്നറിയപ്പെടുന്ന ഓറഞ്ച് തൈകള്‍ നടാനൊരുങ്ങി നെല്ലിയാമ്പതി ഗവ ഓറഞ്ച് ഫാം. പുതുതായി ആയിരം കൂര്‍ഗ് മാന്‍ഡ്രിന്‍ ഓറഞ്ച് തൈകളാണ് നടാന്‍ സജ്ജമാകുന്നത്. തൈകള്‍ കൂര്‍ഗില്‍നിന്നും ഫാമില്‍ എത്തിച്ചതായി ഫാം സൂപ്രണ്ട് പറഞ്ഞു. കൂര്‍ഗിലെ ചെത്തള്ളിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്റെ നേതൃത്വത്തിലാണ് തൈകള്‍ ലഭ്യമാക്കിയത്. നെല്ലിയാമ്പതിയിലെ കാലാവസ്ഥക്ക് കൂടുതല്‍ അനുയോജ്യമാവുന്ന തൈ ആണ് കൂര്‍ഗ് മാന്‍ഡ്രിന്‍. രോഗബാധ ഉണ്ടാവാന്‍ സാധ്യത കുറവുള്ളതിനാലും കൂടുതല്‍ വിളവ് പ്രതീക്ഷിച്ചുമാണ് കൂര്‍ഗ് മാന്‍ഡ്രിന്‍ നടാനൊരുങ്ങുന്നത്.

നാല് മുതല്‍ അഞ്ച് വര്‍ഷം കൊണ്ട് വിളവെടുക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടുന്നതുമായി ബന്ധപ്പെട്ട് കുഴിയെടുക്കുന്ന പണികളെല്ലാം പൂര്‍ത്തിയായതായും സൂപ്രണ്ട് പറഞ്ഞു. ഓറഞ്ച് ഫാമിനോട് ചേര്‍ന്നുള്ള തരിശായ സ്ഥലത്താണ് തൈകള്‍ നടുന്നത്. നിലവില്‍ നെല്ലിയാമ്പതി നാടന്‍, നാഗ്പൂര്‍ ഇനം തുടങ്ങി 6000 ഓറഞ്ച് ചെടികളാണ് ഫാമില്‍ ഉള്ളത്. 208 ഹെക്ടര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫാമില്‍ ഓറഞ്ചിന് പുറമെ 25 ഹെക്ടറില്‍ പേരക്ക, 10 ഹെക്ടര്‍ പാഷന്‍ ഫ്രൂട്ട്, 80 ഹെക്ടര്‍ കാപ്പി, ഏഴ് ഹെക്ടര്‍ നാടന്‍ മാവ്, കൂടാതെ കുരുമുളക്, വിവിധ ഇനം പച്ചക്കറികള്‍, വിവിധ ഇനം പഴങ്ങള്‍, പൂച്ചെടികള്‍, അലങ്കാര ചെടികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.