പതിവ് തെറ്റിയില്ല; നടീല്‍ പണിയ്ക്കായി ബംഗാളികളെത്തി

പതിവ് തെറ്റിയില്ല; പാടശേഖരങ്ങളിൽ ബംഗാളി സംഗീതം അലയടിക്കുന്നു.

മഴ സഹായിച്ചതും കുളങ്ങളിൽ നിന്നും മറ്റും വെള്ളം പമ്പു ചെയ്തും പാടങ്ങളില്‍ വെള്ളമെത്തിച്ച് നടീല്‍ സജീവമാക്കി കർഷകർ. അയിലൂര്‍, നെന്മാറ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച തുലാ മഴയില്‍ വെള്ളം കെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്‍ തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് ബംഗാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍, കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരങ്ങളിൽ കഴിഞ്ഞ ദിവസം നടീല്‍ നടത്താനെത്തിയത് ബംഗാളിലെ പശ്ചിമ കല്‍കത്തയില്‍ നിന്നുള്ള മുജീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഞാറ്റടി പറിച്ച് നടീല്‍ നടത്തുന്നതിന് ഏക്കറിന് 3800 രൂപയാണ് കൂലിയായി വാങ്ങുന്നത്. നടീൽ പണികൾ കുറവായതിനാലാണ് കൂലി കുറവെന്നും, വ്യാപകമായി നടീൽ തുടങ്ങുന്നതോടെ കൂലി കൂടുമെന്നും ബംഗാളികൾ പറഞ്ഞു. കര്‍ഷകരിൽ കൂടുതൽ പേരും ഞാറ്റടി തയ്യാറാക്കിയ നെൽച്ചെടികളുടെ മൂപ്പിനായി കാത്തിരിക്കുകയാണ് കർഷകർ. എന്നാല്‍ കർഷകരിൽ പലരും ചേറിൽ വിതക്കുന്ന പണികളും ചെയ്യുന്നുണ്ട്. പോത്തുണ്ടി ഡാം നിറയാത്തതിനാൽ വെള്ളം പൂർണ്ണ തോതിൽ ലഭിക്കില്ലെന്ന ആശങ്കയും കർഷകർക്കിടയിലുണ്ട്.