ദീപാവലി അവധിയെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. പോത്തുണ്ടി ഉദ്യാനത്തിലും നെല്ലിയാമ്പതിയിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വൈകിട്ട് 4 മണി മുതൽ പോത്തുണ്ടി ഉദ്യാനത്തിന് മുന്നിലും മറ്റും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉദ്യാന സന്ദർശനത്തിന് വന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ റോഡരികിൽ തന്നെ പാർക്ക് ചെയ്തത് ഗതാഗതക്കുരുക്ക് വർധിക്കാൻ ഇടയാക്കി. പുലയംപാറ, സീതാർകുണ്ട് എസ്റ്റേറ്റ് റോഡിലാണ് നെല്ലിയാമ്പതിയിൽ ഏറെ ഗതാഗതക്കുരുക്കുണ്ടായ സ്ഥലങ്ങൾ. കാരപ്പാറ വെള്ളച്ചാട്ടം കാണാൻ എത്തിയവരുടെ തിരക്കും കാരപാറ മേഖലയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ഗതാഗതക്കുരുക്കിൽ പെട്ട ഏറെ പേർ സീതാർകുണ്ട് , കാരപ്പാറ യാത്ര ഒഴിവാക്കി മടങ്ങി. ആഴ്ചകൾക്ക് മുൻപേ നെല്ലിയാമ്പതിയിലെ റിസോർട്ടുകൾ ബുക്കിംഗ് തീർന്നതിനാൽ പുതുതായി വന്നവർക്കാർക്കും താമസ സൗകര്യം ലഭ്യമായില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും വന്ന് നെല്ലിയാമ്പതിയിൽ താമസ സൗകര്യം ലഭിക്കാത്തവർ കഴിഞ്ഞ ദിവസം തന്ന മടങ്ങുകയായിരുന്നു. പോത്തുണ്ടി ഉദ്യാനത്തിൽ സന്ദർശകരുടെ തിരക്ക് മൂലം ബഹുഭൂരിപക്ഷം പേർക്കും സാഹസിക യാത്ര നടത്താൻ കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്. അണക്കെട്ടും ഉദ്യാനവും പരിസരവും കണ്ട് വിനോദസഞ്ചാരികൾ മടങ്ങി.
പ