10.11.2023
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: വിധി ശിശുദിനത്തിൽ
?️ആലുവയിൽ 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. ശിക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ എറണാകുളം പോക്സോ കോടതിയുടേതാണ് വിധി പ്രഖ്യാപനം.ക്രൂരമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവർത്തിച്ചു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.
സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം
?️ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കം പൊട്ടിക്കുന്നതിനു മാനദണ്ഡങ്ങള്‍. രാത്രി 8 മുതൽ 10 വരെയുള്ള 2 മണിക്കൂർ സമയം മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.ക്രിസ്മസ്, ന്യൂയർ ആഘോഷ ദിനങ്ങളിൽ രാത്രി 11.55 മുതൽ 12.30 വരെയുള്ള സമയത്തു മാത്രമേ ഈ ദിവസങ്ങളിൽ പടക്കം പൊട്ടിക്കാവു. ആഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നും ഉത്തരവിലുണ്ട്.
ഖത്തറിൽ വധശിക്ഷ വിധിച്ച സംഭവത്തിൽ ഇന്ത്യ അപ്പീൽ നൽകി
?️മലയാളിയടക്കം എട്ടുപേരെ ഖത്തറിൽ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിൽ ഇന്ത്യ അപ്പീൽ നൽകി. അപ്പീൽ നേരത്തെ തന്നെ നൽകിയിരുന്നെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കേസിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കോടതി വിധിക്കു രഹസ്യസ്വഭാവമാണെന്നും മറ്റു നിയമനടപടികളിലേക്കു കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളായ എട്ടുപേരും ചാരവൃത്തി നടത്തിയെന്നാരോപിച്ചായിരുന്നു വധശിക്ഷയ്ക്കു വിധിച്ചത്. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു സംഭവത്തിൽ ഇന്ത്യ പ്രതികരിച്ചത്.
സിൽവർലൈന്‍ കേരളത്തിൽ നടപ്പാവില്ല: കെ. സുരേന്ദ്രൻ
?️ആരു വിചാരിച്ചാലും സില്‍വര്‍ ലൈന്‍ കേരളത്തില്‍ നടപ്പാവില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അത് അത്യാവശ്യമുള്ള കാര്യമല്ല. വന്ദേഭാരത് ട്രെയിനുകൾ ഇനിയും കേരളത്തിലേക്ക് വരും. കേന്ദ്രം കുടിശിക ഇനത്തിൽ എന്താണു കൊടുക്കാനുള്ളതെന്നു ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് കത്ത് കൊടുക്കട്ടെ.കൊടുത്ത കത്ത് പുറത്ത് വിട്ട് വസ്തുതാപരമായി ജനങ്ങളോട് പറയട്ടെ. കേന്ദ്രത്തില്‍ നിന്നു പണം കിട്ടുന്നില്ല എന്നു പറയുന്നതു ധൂര്‍ത്തും കൊള്ളയും മറച്ചുവയ്ക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ഇസ്രയേലിനെതിരെ യൂറോപ്യൻ രാജ്യങ്ങളും
?️പലസ്തീൻ ജനതയെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെതിരെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. സ്പെയിൻ, ബൽജിയം തുടങ്ങിയ രാജ്യങ്ങൾ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഗാസയിലെ പലസ്തീൻ ജനതയെ ആസൂത്രിതമായി വംശഹത്യ നടത്തുന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഉപരോധം ഏർപ്പെടുത്തണമെന്ന് സ്പാനിഷ് സാമൂഹ്യനീതി മന്ത്രി ഇയോൺ ബെലറ ആവശ്യപ്പെട്ടു. ലോകനേതാക്കൾ പുലർത്തുന്നത് ഇരട്ടത്താപ്പാണ്. ഉക്രെയ്നിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നവർ ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെ നിശബ്ദത പാലിക്കുന്നതായും അവർ പറഞ്ഞു.
എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകളുടെ വിചാരണ വേഗത്തിലാക്കണം
?️എംപിമാർക്കും എംഎൽഎമാർക്കും എതിരേ കേസുകളുടെ വിചാരണ വേഗത്തിലാക്കമെന്ന് സുപ്രീംകോടതിയുടെ നിർദേശം. ഇത് സംബന്ധിച്ച നിരീക്ഷണ ചുമതല ഹൈക്കോടതിക്ക് കൈമാറി. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാൻ വ്യത്യസ്ത കാരണങ്ങളായതിനാൽ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹൈക്കോടതികൾ ഈ കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ബഞ്ചുകൾക്ക് ചുമതല നൽകണം. അഡ്വക്കേറ്റ് ജനറലിന്റെ സഹായം ബഞ്ചിന് തേടാമെന്നും പറഞ്ഞ സുപ്രീംകോടതി കേസുകളിൽ വിചാരണയ്ക്ക് സ്റ്റേയുണ്ടെങ്കിൽ ഹൈക്കോടതി പരിശോധിക്കണമെന്നും വൈകുന്നതിൻറെ കാരണം സെഷൻസ് കോടതികളോട് തേടണമെന്നും നിർദേശിച്ചു.
ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ
?️വായുമലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ അരവിന്ദ് കെജിരിവാൾ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇതുവഴി ഒരാഴ്ചയായി തുടരുന്ന വായു മലിനീകരണം കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. നവംബർ 20–21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. കാന്ഡപുർ ഐഐടിയുടെ സഹകരണത്തോടെ ഇതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ധനമന്ത്രി അതിഷി എന്നിവർ ഐഐടി സംഘവുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. കുറഞ്ഞത് 40 ശതമാനമെങ്കിലും മേഘാവൃതമായ സാഹചര്യമുണ്ടെങ്കിലേ കൃത്രിമ മഴ പെയ്യിക്കാനാകൂ എന്നാണ് കാൻപുർ ഐഐടി സംഘം അറിയിച്ചയായും വ്യക്തമാക്കുന്നു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ കെഎസ്ആർടിസിയെ കൃഷ്ണമണി പോലെ നോക്കും: കെ.മുരളീധരൻ
?️കെഎസ്ആർടിസി നഷ്ടത്തിലാണെന്ന് വരുത്തി സ്വകാര്യ വത്കരിക്കാൻ വേണ്ടിയാണ് വരുമാനം ഉണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുന്നതെന്ന് കെ.മുരളീധരൻ എംപി. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെഎസ്ആർടിസിയിൽ 220 കോടി വരുമാനം ഉണ്ടായിട്ടും ശമ്പളം ക്യത്യമായി നൽകാതെ അനാവശ്യ ചെലവുകളും ധൂർത്തുമാണ് നടക്കുന്നതെന്നും, ഇതിൽ ക്രമക്കേടുകൾ പരിശോധിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈദ്യുതി സബ്സിഡി പോലും ഇല്ലാതാക്കി സംസ്ഥാന സർക്കാർ
?️വൈദ്യുതി ചാർജ് വർധനവിനെതിരെ എൻഡിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം സ്റ്റാർ ജങ്ഷനിൽ കെഎസ്ഇബി ഓഫീസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു. കേരളത്തിൽ ജനങ്ങളെ കോള്ളയടിക്കുന്ന സർക്കാരാണുള്ളതെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.ഭൂമിക്കും കെട്ടിടത്തിനും വെള്ളത്തിനും വൈദ്യുതിക്കും അടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലയിലും കേരളത്തിൽ വർധനവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡോളർ – സ്വർണക്കടത്ത്: ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് പി.സി ജോർജ്
?️ഡോളർ കടത്തും സ്വർണക്കടത്തും കേരളത്തിൽ നടത്തിയ യഥാർത്ഥ പ്രതിയെ ഇരുട്ടിൽ നിർത്തിക്കൊണ്ട് ബാക്കി സഹായികളെയെല്ലാം പ്രതികളാക്കിമാറ്റി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ രാജേന്ദ്രകുമാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ ഉത്തരവ് പക്ഷപാതപരമാണ്. യഥാർത്ഥത്തിൽ ഈ കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുൻ എംഎൽഎ പി.സി ജോർജ് ആരോപിച്ചു.
കലാഭവൻ ഹനീഫ് അന്തരിച്ചു
?️സിനിമാ താരവും മിമിക്രി കാലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. ശ്വാസതടസത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്.മിമിക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഈ പറക്കും തളിക സിനിമയിലെ മണവാളന് വേഷം ശ്രദ്ധയം.
സോളാർ പീഡന കേസ് ഗൂഢാലോചന
?️സോളാർ പീഡന കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട പരാതിയിൽ ഗണേഷ് കുമാർ നേരിട്ട് ഹാജരാവണമെന്ന് ആവർത്തിച്ച് കോടതി. കേസ് അടുത്തമാസം ആറാം തീയതിയിലേക്ക് മാറ്റി. ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയിൽ എത്താൻ ആയിരുന്നു കൊട്ടാരക്കര കോടതിയുടെ സമൻസ്.ഇതിനെതിരേ ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.
പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ
?️പൃഥ്വിരാജ് നയകനായ ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ സെറ്റ് നിർമ്മാണത്തിന് നഗര സഭയുടെ സ്റ്റോപ്പ് മെമ്മോ. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിർമിക്കുന്നതിന് എതിരെയാണ് നടപടി.വെട്ടിക്കനാക്കുടി ജേക്കബ് ജോയിയുടെ ഉടമസ്ഥതയിലുള്ള 12–ാം വാർഡിൽ കാരാട്ടുപളളിക്കരയിലാണു ഗുരുവായൂർ അമ്പലത്തിന്റെ മാതൃക നിർമിക്കുന്നത്. ഇതിനായി പാടം മണ്ണിട്ടു നികത്തിയെന്ന പരാതിയിന്മേലുള്ള അന്വേഷണത്തിനു ശേഷം സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.
”ലാവലിൻ കേസിൽ പണമുണ്ടാക്കിയത് പിണറായിയല്ല, പാർട്ടിയാണ്”, കെ. സുധാകരൻ
?️ലാവലിൻ കേസിൽ പിണറായിയല്ല പാർട്ടിയാണ് പണമുണ്ടാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അതിൽ കുറച്ചു കാശൊക്കെ പിണറായി തട്ടിയെടുത്തിതിട്ടുണ്ടാവും, ഇപ്പോൾ പിണറായിക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു അത് പണമാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ വിധി പറയരുതെന്ന് ജഡ്ജിമാർക്ക് ഭരണകൂടത്തിന്റെ നിർദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പു കഴിയുന്നതോടെ ലീഗ് മതിൽ ചാടും; കെ.സുരേന്ദ്രൻ
?️മുസ്ലീം ലീഗിനെ പരസ്യമായി ആക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കും. അതുകഴിയുമ്പോൾ ലീഗിന് ചാടാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പു കഴിയുമ്പോൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. അതു കഴിയുമ്പോൾ ലീഗ് ചാടും. ലോക്സഭാ തെരഞ്ഞെടുപ്പു വരെ അവർക്ക് കാത്തിരിക്കാതെ വേറെ വഴിയില്ല. ലീഗ് വേലിചാടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ദുരന്തനിവാരണത്തിന് സന്നദ്ധ സേനയുമായി എം.ജി സര്‍വകലാശാല
?️ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ 4800 പേരുടെ സന്നദ്ധ സേന ഒരുങ്ങുന്നു. എം.ജി.യു ടീം ഓണ്‍ സ്പോട്ട് എന്ന് പേരിട്ടിരിക്കുന്ന ദുരന്തനിവാരണ സേനയില്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളെജുകളിലെ നാഷണല്‍ സര്‍വീസ് സ്കീം(എന്‍.എസ്.എസ്) വോളണ്ടിയര്‍മാരെയും എന്‍.സി.സി കേഡറ്റുകളെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍വകലാശാലയുടെ കീഴില്‍ ഇത്രയും വിപുലമായ ഒരു ദുരന്ത നിവാരണ സന്നദ്ധ സേന രൂപീകരിക്കുന്നത്.
കണ്ടല ബാങ്ക് ക്രമക്കേട്
?️കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗനു പിന്നാലെ മകൻ അഖിൽജിത്തും ഇഡിയുടെ അന്വേഷണ നിഴലിൽ. അഖിൽജിത്തിന്റെ വാഹനത്തിന്റെ ആർസി ബുക്ക് ഇഡി പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെയാണ് മകൻ അഖിൽജിത്തിനെ ഇഡി ബാങ്കിലേക്ക് വിളിച്ചുവരുത്തിയത്.
കരുവന്നൂരിൽ ഇഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
?️സഹകരണ മേഖലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ ഇടപെടാൻ ക്രൈംബ്രാഞ്ച് നീക്കം. കരുവന്നൂരിൽ ഇഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അന്വേഷണത്തിന് രേഖകൾ മഹസിറിന്റെ ഭാഗമാക്കണം.എല്ലാ രേഖകളും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ ഇത് തമ്മിലടിക്കാനുള്ള സമയമല്ലെന്ന് ഇഡി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് പോവുന്നതെന്നും 55 പേർക്കെതിരായ അന്വേഷണം പൂർത്തിയായെന്നും രേഖകൾ കൈമാറണമെന്ന ആവശ്യം തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു.
സംഘർഷത്തിനു പിന്നാലെ കൊടി സുനിക്ക് ജയിൽ മാറ്റം
?️ടി.പി ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയില്‍ മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് ഇന്നലെ രാവിലെയാണു സുനിയെ തവനൂരിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ കീഴിലാണ് തവനൂര്‍ ജയില്‍.കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഘര്‍ഷത്തില്‍ കൊടി സുനി ജയില്‍ അധികൃതരെ ആക്രമിച്ചിരുന്നു. രണ്ടു സംഘങ്ങളായി നടത്തിയ ഏറ്റുമുട്ടലില്‍ സുനിക്കും പരിക്കേറ്റു. തുടര്‍ന്ന് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സെക്രട്ടേറിയേറ്റിൽ ബോംബ് ഭീഷണി: ഫോൺ വിളിച്ചയാൾ പിടിയിൽ
?️സെക്രട്ടേറിയറ്റിൽ ബോബ് വച്ചെന്ന ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞു. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് വിളിച്ചതെന്നും ഇയാളെ അറസ്റ്റു ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് വിളിച്ചതെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി വിശദമായ ചോദ്യം ചെയ്യൽ നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.അതേസമയം, സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന്റെ ചുറ്റും നടത്തിയ പരിശോധന പൂർത്തിയായി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം.
സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത്: റിസര്‍വ് ബാങ്ക്
?️സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിനെതിരേ ആർബിഐ രംഗത്ത്. പ്രമുഖ മലയാള പത്രങ്ങളില്‍ ഇത് സംബന്ധിച്ച പരസ്യം നൽകിയാണ് ആർബിഐയുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണെന്നും ആർബിഐ വ്യക്തമാക്കുന്നു. നേരത്തെ സമാന നിർദേശം ആര്‍ബിഐ നൽകിയിരുന്നു.സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് ശരിവച്ച് ഹൈക്കോടതി
?️ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് ശരിവച്ച് ഹൈക്കോടതി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി നൽകിയ ഹർജി തള്ളുകയായിരുന്നു. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു വെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മാത്രമല്ല കോടതിയുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങളും ദേവസ്വം ബോർഡ് സമർപ്പിച്ചു. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നായിരുന്നു പ്രധാന ആരോപണം.
ഭാസുരാംഗനെ മില്‍മയുടെ ചുമതലകളിൽ നിന്നും നീക്കി
?️കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എസ് ഭാസുരാംഗനെ സിപിഐ പുറത്താക്കിയതിനു പിന്നാലെ മില്‍മയുടെ ചുമതലകളിൽ നിന്നും മാറ്റി.മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലകളില്‍നിന്നാണ് ഭാസുരാംഗനെ മാറ്റിയത്. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.
സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരും
?️കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിലുമാണ് യെലോ അലർട്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലീമിറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക്
?️അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പൊതു പ്രവർത്തകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്ന ഹർജിയിൽ സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജിക്കാരൻ. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുന്നത്. ശിക്ഷിക്കപ്പെട്ട പൊതു പ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൊച്ചി നഗരസഭയ്ക്ക് തിരിച്ചടി
?️സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കൊച്ചി നഗരസഭയ്ക്ക് കനത്ത ആഘാതമായി സുപ്രീം കോടതി ഉത്തരവ്. മറൈന്‍ ഡ്രൈവില്‍ നിര്‍മാണം പുരോഗമിക്കുന്ന നഗരസഭാ ആസ്ഥാന മന്ദിര നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് നഗരസഭ മൂന്ന് കോടി രൂപ കെട്ടി വയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കെട്ടിട നിര്‍മാണ കരാറുകാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഉത്തരവ്. കോടതി വിധിയെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് നഗരസഭയ്ക്കെതിരെ ഉയരുന്നത്. കരാറുകാരനുമായി സമവായ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കരാറുകാരന് ആവശ്യപ്പെട്ട തുകയുടെ നല്ലൊരു ശതമാനം സമവായത്തിലൂടെ കുറയ്ക്കാമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.
ജമ്മു അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്
?️ജമ്മുകശ്മീരിലെ സാംബ ജില്ലയിൽ പാക് റേഞ്ചേഴ്സ് നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ ലക്ഷ്യമാക്കിയായിരുന്നു വെടിവയ്പ്. വെടിവയ്പില്‍ പരുക്കേറ്റ ജവാനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന് റേഞ്ചര്‍മാര്‍ 24 ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇത്. ഇന്നലെ രാത്രി മുതല്‍ രാംഗഡിലെ വിവിധ സ്ഥലങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടന്നതായി ബിഎസ്എഫ് അറിയിച്ചു.
മകനെ ഇടിച്ചുകൊന്ന കാർ അച്ഛൻ കണ്ടെത്തി
?️ 2015 ജൂണിൽ തന്റെ മകനെ ഇടിച്ചുകൊന്ന കാറിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ജിതേന്ദർ ചൗധരി ഇത്രയും കാലം. കാറിൽനിന്ന് ഒടിഞ്ഞുവീണ സൈഡ് മിററും ചെറിയൊരു ലോഹക്കഷണവും മാത്രമാണ് തെളിവായി കൈലിയുണ്ടായിരുന്നത്. ഇതുവച്ച് നടത്തിയ അന്വേഷണം എട്ടു വർഷത്തിനൊടുവിൽ ലക്ഷ്യം കണ്ടിരിക്കുന്നു.മാസങ്ങളുടെ കാലതാമസമുണ്ടായെങ്കിലും, മിററിൽ പ്രിന്റ് ചെയ്തിരുന്ന ബാച്ച് നമ്പർ ഉപയോഗിച്ച് കാറിന്റെ രജിസ്ട്രേഷൻ നമ്പറും അതിന്റെ ഉടമയെയും കണ്ടെത്താൻ കമ്പനി സഹായിച്ചു. ഇത്രയും വിവരങ്ങൾ പൊലീസിനു കൈമാറിയിട്ടും പക്ഷേ, പ്രതിയെ പിടിക്കാനായില്ല. ഒടുവിൽ, ഒരാഴ്ച മുൻപ് ഗ്യാൻ ചന്ദ് എന്ന പ്രതിക്കെതിരേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോടതി ഉത്തരവ് പ്രകാരം കേസിൽ പുനരന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ശീതകാല സമ്മേളനം ഡിസംബർ രണ്ടാംവാരം തുടങ്ങും
?️പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ രണ്ടാംവാരം തുടങ്ങിയേക്കും. ഡിസംബറിനു മുൻപ് സമാപിക്കും. ഡിസംബർ മൂന്നിനാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവു നിയമം എന്നിവയ്ക്കു പകരമുള്ള മൂന്നു ബില്ലുകൾ ഈ സമ്മേളനം പരിഗണിക്കും. നിലവിൽ ആഭ്യന്തര കാര്യ സ്റ്റാൻഡിങ് കമ്മിറ്റി പരിശോധിക്കുകയാണ് ഈ ബില്ലുകൾ. സാധാരണഗതിയിൽ നവംബർ മൂന്നാം വാരത്തിലാണു ശീതകാല സമ്മേളനം തുടങ്ങുന്നത്. ഡിസംബർ 25നു മുൻപ് സമാപിക്കും.
മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം റദ്ദാക്കാൻ എത്തിക്സ് കമ്മിറ്റി ശുപാർശ
?️തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കാൻ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തു. ബിജെപി എംപി വിനോദ് സോൻകറുടെ അധ്യക്ഷതയിലുള്ള സമിതിയിലെ ആറ് അംഗങ്ങളാണ് മഹുവയ്ക്കെതിരേ വോട്ട് ചെയ്തത്. നാല് അംഗങ്ങൾ എതിർത്തു. അദാനി ഗ്രൂപ്പിനെതിരേ പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് ദർശൻ ഹിരാനന്ദാനി എന്ന വ്യവസായിയിൽനിന്നു പണം വാങ്ങിയെന്നാണ് മഹുവയ്ക്കെതിരായ ആരോപണം.
അമിത് ഷായുടെ വാഹനം വൈദ്യുതി ലൈനിൽ തട്ടി; അത്ഭുതകരമായ രക്ഷപ്പെടൽ
?️രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനം വൈദ്യുതി ലൈനിൽ തട്ടി. ഗനൗറിലെ പർബത്സറിൽ നിന്നു ബിദിയാദിലേക്കു പോകുമ്പോഴായിരുന്നു അപകടം. ലൈനിൽ നിന്നു തീപ്പൊരി ചിതറിയതിനു പിന്നാലെ കമ്പി പൊട്ടി വീണു. രഥത്തിനു സമാനമായി രൂപകൽപ്പന ചെയ്ത വാഹനത്തിൽ നിന്ന് വോട്ടർമാരെ അഭിവാദ്യം ചെയ്യുകയായിരുന്ന അമിത് ഷായും ഒപ്പമുണ്ടായിരുന്ന നേതാക്കളും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപെട്ടത്.
ബർഗർ കഴിച്ച 15 ഓളം പേർ ആശുപത്രിയിൽ
?️ഇലവുംതിട്ടയിൽ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ആഹാരം കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് പരാതി. 15 ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയതായാണ് വിവരം.ഇലവുംതിട്ടയിലെ ദീപാ ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവരിൽ ചിലർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്.
തൃക്കാക്കരയിലെ നൈറ്റ് ലൈഫ് നിയന്ത്രണം മാറ്റിവച്ചു
?️തൃക്കാക്കര നഗരസഭയിലെ രാത്രി നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പാക്കില്ല. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. ഹോട്ടലുടമകളും, ടെക്കികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് തൃക്കാക്കര നഗരസഭ പരിധിയില്‍ 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുക എന്ന തീരുമാനത്തിലെത്തിയത്. അടുത്ത ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കടകള്‍ പൂര്‍ണമായും അടച്ചിടുക. ഇന്നലെ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം അന്തിമമാകുമെന്നും, തീരുമാനം അന്തിമമായി നടപ്പാക്കുമെന്നുമാണ് നഗരസഭ അധ്യക്ഷ രാധാമണി പിള്ള പറഞ്ഞിരുന്നത്.
ശ്രീലങ്കയെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി കിവികള്‍ സെമിക്കരികില്‍
?️മുട്ടാമെങ്കില് മുട്ടിക്കോ.. മികച്ച റണ്‍ റേറ്റില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ലോകകപ്പ് സെമിയുടെ തൊട്ടടുത്ത്.അഞ്ച് വിക്കറ്റിന് ശ്രീലങ്കയെ കിവികള്‍ പരാജയപ്പെടുത്തി. ടോസ് നേടിയ ന്യൂസിലന്‍ഡ് ലങ്കയെ ബാറ്റിങ്ങിനയച്ചു. നായകന് കെയ്ന്‍ വില്യംസണിന്റെ തീരുമാനം ശരിവയ്ക്കും വിധം പന്തെറിഞ്ഞ ബൗളര്‍മാര്‍ ലങ്കയെ 46.4 ഓവറില്‍ 171 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ അഞ്ചു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞെങ്കിലും ജയം ഇനായാസം സ്വന്തമാക്കി. സ്കോര്‍: ശ്രീലങ്ക 46.4 ഓവറില്‍ 171. ന്യൂസിലന്‍ഡ് 23.2 ഓവറില്‍ 172.
പാക്കിസ്ഥാനു സെമി സാധ്യത ഇനി കടലാസിൽ മാത്രം
?️ലോകകപ്പില്‍ പാക്കിസ്ഥാന് സെമിയിലെത്തണമെങ്കില്‍ ചിന്തിക്കാന്‍പോലുമാകാത്ത തരത്തിലുള്ള അദ്ഭുതം സംഭവിക്കണം. നെറ്റ് റണ്‍റേറ്റ് 0.398ല്‍നിന്ന് 0.743ലെത്തിച്ച കിവികള്‍ക്കെതിരേ കുറഞ്ഞത് 287 റണ്‍സിനെങ്കിലും പാക്കിസ്ഥാന് ജയിക്കേണ്ടിവരും സെമിയിലെത്താൻ. മറ്റൊരു വാചകത്തില്‍ പറഞ്ഞാല്‍ ഇംഗ്ലണ്ട് 150 റണ്‍സ് നേടിയാല്‍ പാക്കിസ്ഥാന് 3.4 ഓവറില്‍ ലക്ഷ്യം മറികടക്കേണ്ടിവരും അല്ലെങ്കിൽ 284 പന്തുകൾ അവശേഷിക്കേയോ ജയിക്കേണ്ടിവരും. അഫ്ഗാനിസ്ഥാന്റെ കാര്യമെടുത്താല്‍ ഇന്ന് 438 റണ്‍സിന് ജയിച്ചാലേ അവര്‍ക്ക് സെമിയിലെത്താനാകൂ.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5570 രൂപ
പവന് 44560 രൂപ