08.11.2023
‘കേരളീയം’ പൂർണ വിജയമെന്ന് മുഖ്യമന്ത്രി
?️കേരളീയം പരിപാടി പൂർണ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടിയെ നാട് നെഞ്ചിലേറ്റിയെന്നും വരും വർഷങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ധൂർത്താണെന്ന് പറഞ്ഞവർ കേരളത്തിന്‍റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തി. അവരൊക്കെ അത്ഭുതങ്ങൾ കണ്ടുകണ്ണു തള്ളിയെന്ന് അദ്ദേഹം പറഞ്ഞു.കേരളീയം പരിപാടിക്കെതിരേ ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടായെങ്കില്‍ അതിന് കാരണം പരിപാടിയുടെ നെഗറ്റീവ് വശമല്ലെന്നും നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടുകൂടായെന്നും ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി
?️അസമയത്തെ വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി. അസമയത്തെ വെടിക്കെട്ട് നിരോധനം ഒഴികെയുള്ളവയാണ് ഹൈക്കോടതി റദ്ദാക്കിയത്. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള വെടിക്കെട്ടിനു മാത്രമായിരിക്കും നിരോധനം ബാധകമാകുക. സുപ്രീം കോടതിയുടെ ഉത്തരവുള്ളതിനാൽ നിരോധനം തൃശൂർ പൂരത്തെ ബാധിക്കില്ല. സർക്കാർ അപ്പീലിൽ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി. വെടിക്കെട്ട് സമക്രമം അതത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് സർക്കാരിന് തീരുമാനിക്കാം. ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദേശം റദ്ദാക്കി. സിംഗിൾ ബെഞ്ചിന് മുന്നിൽ എല്ലാ കക്ഷികളും എതിർ സത്യവാങ്മൂലം സമർപ്പിക്കണം. സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കളമശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു
?️കളമശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു. തിരിച്ചറിയാൻ ആകാത്ത നിലയിൽ ആയിരുന്നു മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഉടൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു.അതേസമയം, കളമശേരി ബോംബാക്രമണ കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ 10ലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി. 15 വർഷത്തിലേറെ ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ടു തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. അതിന് വിശദമായി ചോദ്യം ചെയ്യണം.10 ദിവസം കസ്റ്റഡി ആവശ്യമാണ്. സ്ഫോടന വസ്തുക്കൾ മാർട്ടിൻ എവിടെ നിന്നൊക്കെയാണ് വാങ്ങിയത്, അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്ന കാര്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്- പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേസമയം, തനിക്ക് അഭിഭാഷകനെ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരേ പരാതിയില്ലെന്നും താൻ ആരോഗ്യവാനാണെന്നും അയാൾ പറഞ്ഞു.
പിഴയടയ്ക്കാതെ നടന്നാൽ പുക സർട്ടിഫിക്കറ്റില്ല
?️ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്കു മാത്രമേ സംസ്ഥാനത്ത് ഡിസംബര്‍ 1 മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.ഇൻഷ്വറൻസ് പുതുക്കുന്നതിനും ഇതേ മാനദണ്ഡം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ഇതിനായി ഇൻഷ്വറൻസ് കമ്പനി മേധാവികളുമായി ചർച്ച നടത്തും. വാഹന ഇൻഷ്വറൻസ് പുതുക്കും മുന്‍പ് ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നാണ് അവരോട് ആവശ്യപ്പെടുക. 15നാണ് ചർച്ചയെന്നു മന്ത്രി പറഞ്ഞു. എഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകട മരണങ്ങള് കുറഞ്ഞതിനാലാണ് ഈ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.
നിലപാട് ആവർത്തിച്ച് ഗവർണർ
?️സർക്കാരിനെതിരേ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂ എന്ന് ഗവർണർ വ്യക്തമാക്കി. തന്‍റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയാൽ ബില്ലിനുമേൽ തീരുമാനമുണ്ടാവുമെന്നും അതിന് സുപ്രീംകോടതി വിധി വരെ കാത്തു നിൽക്കേണ്ടതില്ലെന്നും ഗവർണർ വ്യക്തമാക്കി.സുപ്രീംകോടതിയുടേത് നിരീക്ഷണമാണ് വിധിയല്ലെന്നും അദ്ദേഹം പറഞ്ഞു. പറയാനുള്ളത് കോടതിയിൽ പറയും. ലോട്ടറിയും മദ്യവുമാണ് സർക്കാരിന്‍റെ പ്രധാന വരുമാനമെന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോളർ കടത്തു കേസ്; സ്വപ്ന സുരേഷിനും ശിവശങ്കറിനും 65 ലക്ഷം വീതം പിഴ
?️ഡോളർ കടത്തു കേസിൽ പിഴ ചുമത്തി കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനും 65 ലക്ഷം വീതമാണ് പിഴ ചുമത്തിയത്. യൂണിറ്റാക്ക് എംഡി സന്തോഷ് ഈപ്പൻ ഒരു കോടിയും യുഎഇ കോൺസൽ ജനറൽ ധനകാര്യ വിഭാഗം തലവൻ ഖാലിദ് 1.30 കോടിയും പിഴ അടയ്ക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കെഎസ്‌യു മാർച്ചിൽ വീണ്ടും സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
?️പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പ്രതിഷേധ മാർച്ച് നടന്നിരുന്നു. മാർച്ചിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇതിൽ വിദ്യാർഥിനിയുടെ മുഖത്ത് സാരമായി പരുക്കേറ്റിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധഭാഗങ്ങളിലായി പൊലീസും കെഎസ്‌യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തൃശൂർ കേരളവർമ കോളെജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു പ്രതിഷേധിച്ചത്.
പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ 4 വയസുകാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
?️തൃശൂർ മുണ്ടൂർ സ്വദേശിയായ നാലു വയസുകാരന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ. പല്ലു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്.കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. മുണ്ടൂർ മലങ്കര ആശുപ്തരിക്കു നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാലിനാൽ ചെയ്യണമെന്ന് അധികൃതർ പറയുകയും രാവിലെ 6 മണിയോടെ സർജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് സർജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതർ ബന്ധുക്കളെഅറിയിക്കുകയുമായിരുന്നു.തുടർന്ന് ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം നടന്നു. ആർടിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഒരു ലക്ഷം ഇന്ത്യക്കാർക്ക് ഇസ്രയേലിൽ ജോലി സാധ്യത
?️പതിനായിരക്കണക്കിന് പലസ്തീൻ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകൾ ഇസ്രയേൽ റദ്ദാക്കിയ സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ പകരമായി നിയമിക്കണമെന്ന് രാജ്യത്തെ വ്യവസായ – നിർമാണ മേഖലകൾ ആവശ്യമുയർത്തുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ ഏജൻസികളുമായി തങ്ങൾ നടത്തുന്ന കൂടിയാലോചനകൾക്ക് അടിയന്തര തീരുമാനം വേണമെന്ന് ഈ രംഗത്തെ വിവിധ ഇസ്രയേലി സംഘനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കെ റെയിലിൽ വീണ്ടും ചർച്ച വേണമെന്ന് റെയിൽവേ ബോർഡ്
?️കെ-റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടർ ചർച്ച ആവശ്യമാണെന്നും റെയിൽവേ ബോർഡിന്‍റെ നിർദേശം. ദക്ഷിണ റെയിൽ വേയ്ക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ദക്ഷിണ റെയിൽവേ റയിൽവേ ബോർഡിന് നിർദേശം നൽകിയിരുന്നു.റിപ്പോർട്ടിൽ ഭൂമിയുടെ വിശദാംശങ്ങളടക്കം വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തുടർ ചർച്ചയ്ക്കുള്ള റെയിൽവേയുടെ നിർദേശം. റെയിൽവേ ബോർഡിന്‍റെ നടപടി പദ്ധതിക്ക് അനുകൂലമാണെന്നാണ് കെ- റെയിലിന്‍റെ അധികൃതർ പറയുന്നത്.
ഓട്ടോറിക്ഷകൾക്കെതിരേ പരാതി അറിയിക്കാനെന്ന പേരിൽ പ്രചരിക്കുന്ന നമ്പർ വ്യാജം!?️കേരളത്തിലെവിടെ നിന്നും ഓട്ടോറിക്ഷകള്‍ക്കെതിരേ പരാതി അറിയിക്കാന്‍ പുതിയ നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്നതു വ്യാജ വാര്‍ത്തയെന്ന വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്.പരാതി പരിഹാരത്തിനു വേണ്ടി ഇങ്ങനെയൊരു നമ്പര്‍ ലഭ്യമാക്കിയിട്ടില്ല. സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം പോകുന്നില്ലെങ്കില്‍ അറിയിക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പിനെത്തന്നെയാണ്. പക്ഷേ, ഇതിനായി പ്രത്യേക നമ്പറില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
പടക്കം നിയന്ത്രണം രാജ്യവ്യാപകം: സുപ്രീം കോടതി
?️പടക്കം പൊട്ടിക്കുന്നതിന് ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം രാജ്യ തലസ്ഥാനത്തിനു മാത്രമല്ല, രാജ്യം മുഴുവൻ ബാധകമാണെന്ന് സുപ്രീം കോടതി.ബേറിയം അധിഷ്ഠിത പടക്കങ്ങൾ ഉപയോഗിക്കരുതെന്നും, വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറയ്ക്കണമെന്നും രാജസ്ഥാനു നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിലാണ് സുപ്രീം കോടതിയുടെ വിശദീകരണം.
ഡൽഹിയിലെ വായുമലീനികരണം രാഷ്ട്രീയ യുദ്ധമാക്കരുത്; സുപ്രീം കോടതി
?️ഡൽഹിയിലെ വായുമലിനീകരണത്തിൽ സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വായു മലീനികരണം രാഷ്ട്രീയ യുദ്ധമാക്കരുതെന്നും, ഇത് ജനങ്ങളുടെ ആരോഗ്യത്തെ കൊല്ലുകയാണെന്നും കോടതി പറഞ്ഞു. ഡൽഹിയിലെ വായുമലീനികരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
മരട് അനീഷ് കസ്റ്റഡിയില്‍
?️ഗുണ്ടാത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അനീഷ് ആന്റണി എന്ന മരട് അനീഷ് പൊലീസ് കസ്റ്റഡിയില്‍. തിങ്കളാഴ്ച രാത്രിയാണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു പൊലീസ് സംഘം അനീഷിനെ കസ്റ്റഡിയിലെടുത്തത്. ചികിത്സ തുടരേണ്ടതിനാല്‍ അനീഷ് ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ആശുപത്രിയില്‍ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃക്കാക്കര, പനങ്ങാട് സ്റ്റേഷനുകളില്‍ അനീഷിനെതിരേ കേസുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഇയാളെ പിടികൂടുന്നതിനായി “ഓപ്പറേഷൻ മരട്” എന്ന പേരിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു.
അലിഗഢ് പുനര്‍നാമകരണം ചെയ്‌ത് ഹരിഗഢ് ആക്കും; മേയര്‍ പ്രശാന്ത് സിംഗാൾ
?️ഉത്തര്‍പ്രദേശിലെ പ്രശസ്ത നഗരമായ അലിഗഢിൻ്റെ പേര് ഹരിഗഢ് എന്ന് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി അലിഗഢ് മുന്‍സിപ്പല്‍ കോര്‍പറേഷൻ. ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിൻ്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. ഇത് സംബന്ധിച്ച് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് നിര്‍ദേശം പാസാക്കി.അതേസമയം, സര്‍ക്കാരിൻ്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഈ തീരുമാനം പാസാവുകയുള്ളൂ. എന്നാൽ ഭരണാനുമതി ലഭിക്കുമെന്ന പ്രത്യാശയിലാണ് അലിഗഡ് മേയര്‍ പ്രശാന്ത് സിംഗാൾ.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 2.0; ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ
?️രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ഈ വർഷം ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിലായി സംഘടിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഭാരത് ജോഡോ യാത്ര 2.0 ‘ഹൈബ്രിഡ്’ രീതിയിലായിരിക്കുമെന്നാണ് വിവരം.പങ്കെടുക്കുന്നവർ കാൽനടയായും വാഹനങ്ങളിലും യാത്ര നടത്തും.ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബറിൽ ആരംഭിച്ച് 2023 ജനുവരിയിലാണ് സമാപിച്ചത്. 126 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ യാത്ര കടന്നു പോയി.
സ്ഥിരമായി തന്നെ അധിക്ഷേപിക്കുന്നതിലാണ് കോൺഗ്രസിന്‍റെ ശ്രദ്ധ; പ്രധാനമന്ത്രി
?️സ്ഥിരമായി തന്നെ അധിക്ഷേപിക്കുന്നതിലാണ് കോൺഗ്രസിന്‍റെ ശ്രദ്ധയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രേത്ര വർഗക്കാരുടെ വോട്ട് ബാങ്കിൽ മാത്രമാണ് അവരുടെ ശ്രദ്ധ. അവരുടെ ക്ഷേമത്തിൽ അല്ലെന്നും മോദി കുറ്റപ്പെടുത്തി. ഗോത്രവർഗക്കാരുടെ മധ്യപ്രദേശിലെ സിധി ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ആദ്യ ഗോത്ര വനിതാ രാഷ്ട്രപതിയെ പോലും അവർ എതിർത്തു. മൂൻകൂട്ടി ഭക്ഷണം ലഭിച്ചിട്ടും രാജ്യത്തെ ട്രൈബൽ ചീഫ് ഇൻഫർമേഷൻ കമ്മിഷറുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും കോൺഗ്രസ് മാറിനിന്നു.
കോഴിക്കോട് മാവോയിസ്റ്റ് പിടിയിൽ
?️മാവോയിസ്റ്റ് സംഘത്തിൽപ്പെട്ടയാൾ പിടിയിൽ. കോഴിക്കോട്- വയനാട് അതിർത്തിയിൽവച്ച് തണ്ടർബോൾട്ടാണ് മാവോയിസ്റ്റിനെ പിടികൂടിയത്. വയനാട് സ്വദേശിയായ ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.കാട്ടിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്ന ആളാണ് ഇയാളെന്നും സംശയമുണ്ട്. വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് മാവോയിസ്റ്റുകൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്. ചോദ്യം ചെയ്യുന്ന മേഖലയിൽ വൻ പൊലീസ് സന്നാഹമുണ്ട്.
”ആദിവാസികളെ ഷോക്കേസ് വസ്തുവായി കാണരുത്”, കെ. രാധാകൃഷ്ണൻ
?️ കേരളീയം പരിപാടിയിൽ ആദിവാസികളെ ലിവിങ് മ്യൂസിയത്തിൽ പ്രദർശനവസ്തുക്കളാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. രാധാകൃഷ്ണൻ. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ലെന്നതാണ് തന്‍റെ അഭിപ്രായമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.ആദിവാസി ഗോത്രവിഭാഗങ്ങളെ പ്രദർശിപ്പിച്ചതിൽ വലിയ വിമർശനമാണ് സർക്കാരിനെതിരേ ഉയർന്നത്. പഴയ കാര്യങ്ങൾ കാണിക്കാനാണ് ഫോക് ലോർ അക്കാദമി ശ്രമിച്ചത്. താനത് കണ്ടിട്ടില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. വിവിധ ഡിപ്പാർട്ടുമെന്‍റിന്‍റെ പ്രദർശനം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട ഒന്നായിരുന്നു ഭക്ഷണ പ്രദർശനം. നല്ല പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി മരുന്ന്, വനവിഭവങ്ങൾ വിറ്റഴിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യുഎസിൽ മലയാളി നഴ്‌സിന്‍റെ കൊലപാതകം: ഭര്‍ത്താവിന് ജീവപര്യന്തം
?️അമെരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു ജീവപര്യന്തം തടവ് ശിക്ഷ. ചങ്ങനാശേരി സ്വദേശി ഫിലിപ്പ് മാത്യു(37)വിനെയാണു ഫ്ളോറിഡയിലെ കോടതി ജീവപര്യന്തത്തിനു ശിക്ഷിച്ചത്. അമെരിക്കയിൽ ജീവപര്യന്തം ശിക്ഷ മരണം വരെയായതിനാൽ ഇനിയുള്ള കാലം പ്രതി ഫിലിപ്പ് മാത്യു ജയിലിൽ കഴിയേണ്ടി വരും. പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയാണെന്നും കോടതി വ്യക്താക്കിയിട്ടുണ്ട്.
ലീഗിനെ ഇനിയും പരിപാടികൾക്കു ക്ഷണിക്കും: പി. മോഹനൻ
?️മുസ്ലീം ലീഗിനെ ഇനിയും പരിപാടികൾക്കു ക്ഷണിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. ലീഗിന്‍റേത് സാങ്കേതിക ബുദ്ധിമുട്ടു മാത്രമാണെന്നും യോജിക്കാവുന്ന വിഷയങ്ങളിലെല്ലാം ലീഗുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക കാരണങ്ങൾ മറികട്കകാൻ പറ്റുന്ന കാല്തത് ലീഗ് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ലീഗിനെക്കുറിച്ച് ഉണ്ടായിരുന്ന പഴയ നിലപാടെല്ലാം മാറി, ലീഗും സിപിഎമ്മും തമ്മിലുള്ള മുന്നണി ബന്ധമായിട്ട് ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ രാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇതെന്നും പലസ്തീൻ ജനതയ്ക്ക് പരമാധികാര രാഷ്ട്രം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അവിടത്തെ യുദ്ധം അവസാനിപ്പിച്ച് പലസ്തീൻ ജനതയെ സംരക്ഷിക്കണം. ഇതിൽ സമാനമനസ്കരുമായി ഞങ്ങൾ കൈകൊടുക്കുമെന്നും പി. മോഹനൻ പറഞ്ഞു.
”ബിഹാറിലെ മൂന്നിലൊന്ന് കുടുംബങ്ങളും അതിദരിദ്രം”; ജാതി സർവേ റിപ്പോർട്ട് നിയമസഭയിൽ
?️ബിഹാറിലെ മൂന്നിലൊന്ന് കുടുംബങ്ങളും അതിദരിദ്രമാണെന്ന് ജാതി സർവേ റിപ്പോർട്ട്. സംസ്ഥാനത്തെ ആകെയുള്ള 2.97 കോടി കുടുംബങ്ങളിൽ 94 ലക്ഷത്തിനും മാസവരുമാനം 6,000 രൂപയിൽ താഴെയാണെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പിന്നാക്ക വിഭാഗക്കാർ, ദലിതർ, ആദിവാസികൾ എന്നിവർക്കിടയിലാണ് ഏറ്റവും കൂടുതൽ ദാരിദ്ര്യമുള്ളത്. എസ്‌സി, എസ്ടി വിഭാഗങ്ങളിലുള്ള 42 ശതമാനത്തിലേറെ കുടുംബങ്ങളും ദരിദ്രരാണ്.
കാരുണ്യ പദ്ധതിക്ക് ഭാഗ്യക്കുറി വകുപ്പ് 30 കോടി രൂപ നൽകും
?️ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലെ കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നു 30 കോടി രൂപ നൽകും. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം ധനമന്ത്രിയുടെ ചേംബറിൽ ചേരുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഫണ്ട് കൈമാറും.
പെൻഷൻ തിരിച്ചടയ്ക്കാൻ മണിദാസിന് സുരേഷ് ഗോപി ഒരു ലക്ഷം രൂപ നൽകി
?️ഭിന്നശേഷിക്കാരന് നൽകിവന്ന ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ നിഷേധിക്കുകയും, ഇതേവരെ വാങ്ങിയ പണം തിരിച്ചടയ്ക്കണമെന്നു നിർദേശിക്കുകയും ചെയ്തതോടെ ലക്ഷം രൂപയുടെ താത്കാലിക സഹായവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊല്ലം ജില്ലയിലെ പരവൂര്‍ കലയ്ക്കോട് സുധ നിവാസിൽ എസ്.ആര്‍. മണിദാസിനാണ് സുരേഷ് ഗോപിയുടെ കൈത്താങ്ങ്.
അനുനയ ചർച്ചയ്ക്ക് സതീശന്‍ പാണക്കാട്ടേക്ക്
?️രാഷ്ട്രീയ വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പാണക്കാട് തറവാട്ടിലെത്തും. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുമായും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായും സതീശൻ ചർച്ച നടത്തും.കുറച്ചു കാലമായി ലീഗും കോൺഗ്രസും തമ്മിലുള്ള അകൽച്ച സംബന്ധിച്ച കാര്യങ്ങളാവും ചർച്ചാ വിഷയം. കെ. സുധാകരനും വി.ഡി. സതീശനും അധികാരമേറ്റതിനു ശേഷം കാര്യമായ ചർച്ചയ്ക്ക് തയാറാവുന്നില്ലെന്ന അതൃപ്തി ലീഗിലുണ്ട്.
രശ്മിക മന്ദാനക്കു പിന്നാലെ ഡീപ്ഫെയ്ക്കിൽ കുരുങ്ങി കത്രീന കൈഫ്
?️തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ പ്രചരിച്ച ഡീപ്ഫെയ്ക് വീഡിയോയ്ക്കു പിന്നാലെ ബോളിവുഡ് താരം കത്രീന കൈഫിന്‍റേതെന്ന പേരിൽ ഡീപ്ഫെയ്ക് വീഡിയോ പ്രചരിക്കുന്നു. കത്രിക കൈഫ് നായികയായിയെത്തുന്ന ‘ടൈഗർ 3’യിൽ നിന്നുള്ള ചിത്രമെന്ന പേരിലാണ് ഈ വ്യാജ ചിത്രം പ്രചരിക്കുന്നത്. കത്രീന കൈഫ് ഒരു ടവൽ ധരിച്ച് ഹോളിവുഡ് താരവുമായി നടത്തുന്ന സംഘട്ടനമാണ് സിനിമയിലെ യഥാർഥ രംഗം. എന്നാൽ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഡിപിഫെയ്ക് ചിത്രത്തിൽ കത്രീന ഒരു ലോ കട്ട് വെള്ള മേൽവസ്ത്രവും ടവലിനു പകരം വെള്ള അടിവസ്ത്രവും ധരിച്ചുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഇതോടെ നിരവധിയാളുകളാണ് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്
മധ്യപ്രദേശിൽ കേന്ദ്രമന്ത്രിയുടെ കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു
?️മധ്യപ്രദേശിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന്‍റെ കാർ ബൈക്കിടിലിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. അധ്യാപകനായ നിരഞ്ജൻ ചന്ദ്രവൻഷിയാണ് മരിച്ചത്. ജിതിൻ ചന്ദ്രവൻഷി (17), നിരജ്ഞന്‍റെ മക്കളായ നിഖിൽ നിരജ്ഞൻ (7), ശങ്കർ നിരജ്ഞൻ (10) എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ മന്ത്രിക്കും നിസാരപരുക്കേറ്റു. പരുക്കേറ്റവരെ നാഗ്പുർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റി. ശങ്കർ നിരജ്ഞന്‍റെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ലോകകപ്പില്‍ നിന്ന് ശ്രീലങ്ക പുറത്ത്
?️ലോകകപ്പില്‍നിന്ന് ശ്രീലങ്ക പുറത്ത്. നിർണായക മത്സരത്തിൽ ബംഗ്ലാദേശ് മൂന്നു വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 279 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 41.1 ഓവറിൽ ലക്ഷ്യം കണ്ടു. തുടക്കത്തില രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നയിമുള് ഹുസൈനും (101 പന്തില്‍ 90)ഷാക്കിബ് അല്‍ ഹസനും (65 പന്തില്‍ 82) ചേര്‍ന്നുള്ള കൂട്ടുകെട്ട് ബംഗ്ലാദേശിനെ വിജയത്തിനടുത്തെത്തിച്ചു. ലങ്കയ്ക്കായി മധുശങ്ക മൂന്നു വിക്കറ്റ് നേടി. ചരിത് അസലങ്കയുടെ സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സർക്കാർ പിരിച്ചുവിട്ടു
?️ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. നേരത്തെ ഇന്ത്യയോട് പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കാന്‍ ബോര്‍ഡിനോട് ലങ്കന്‍ കായിക മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു ശേഷം ബംഗ്ലാദേശിനോടും തോൽക്കുകയായിരുന്നു ശ്രീലങ്ക. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന മോഹന്‍ ഡി സില്‍വ രാജിവെച്ചതിന് തൊട്ടടുത്ത ദിവസമാണ് ബോര്‍ഡ് പിരിച്ചുവിട്ടത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5625 രൂപ
പവന് 45000 രൂപ