നെന്മാറ: തെരുവുനായയുടെ കടിയേറ്റ സ്ത്രീ ചികിത്സയിലിരിക്കേ മരിച്ചത് ചികിത്സപ്പിഴവാണെന്നാരോപിച്ച് മകൻ പോലീസിൽ പരാതി നൽകി. നെന്മാറ വിത്തനശ്ശേരി ലക്ഷം വീട് കോളനിയിലെ ബിജുവാണ് അമ്മ സരസ്വതിക്ക് ചികിത്സ നൽകിയതിൽ പിഴവുണ്ടായെന്ന് കാണിച്ച് പാലക്കാട് ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്.
2023 മേയ് ഒന്നിന് വിത്തനശ്ശേരി കവളപ്പാറയിൽ വെച്ചാണ് 60 വയസ്സുള്ള സരസ്വതിക്ക് വലത് ഉപ്പൂറ്റിയിൽ തെരുവുനായയുടെ കടിയേറ്റത്. സരസ്വതിയെ ആദ്യം നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലും, പിന്നീട് ജില്ലാ ആശുപത്രിയിലും, തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിലും മൂന്നു മാസത്തോളം ചികിത്സിച്ചു. ചികിത്സയിലിരിക്കേ മെഡിക്കൽ കോളേജാശുപത്രിയിൽ വെച്ച് ജൂലായ് 18-നാണ് മരിച്ചത്.
നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെച്ച് കടിയേറ്റഭാഗത്ത് മരുന്നുവെച്ചു കെട്ടുകയും, ജില്ലാ ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവെപ്പെടുക്കുകയും ചെയ്തതായി ബിജു പറയുന്നു. തുടർന്ന് വീട്ടിലെത്തിയപ്പോൾ കടിയേറ്റ പാദത്തിന് അടിയിൽ കുമിളകൾ പൊന്തിവന്നു. ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സതേടി.
മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കേ കാൽപാദത്തിനടിയിലെ ചർമം ചെത്തിനീക്കി. തുടർന്ന് വീണ്ടും പൊള്ളലുണ്ടായതോടെ കാൽ പാദം മുറിച്ചുമാറ്റുകയും ചെയ്തു. വീട്ടിലെത്തിയെങ്കിലും ശരീരം മുഴുവൻ തടിച്ചുവന്നതോടെ വീണ്ടും തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.
തൊഴിലുറപ്പുപണിക്കും, കൂലിപ്പണിക്കും പോയിരുന്ന സരസ്വതി ആരോഗ്യമുള്ളയാളായിരുന്നുവെന്നു ബിജു പറയുന്നു. സംഭവം നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നതിനാൽ പരാതി നെന്മാറ പോലീസിനു കൈമാറി.
എന്നാൽ മരണം സംഭവിച്ചത് തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിലായതിനാൽ അന്വേഷണം നടത്തേണ്ടത് തൃശ്ശൂരിലാണെന്ന് കാണിച്ച് പരാതി മെഡിക്കൽ കോളേജ് പോലീസിന് കൈമാറിയെന്ന് നെന്മാറ പോലീസും പറയുന്നു. ബിജു സിരിജഗൻ കമ്മിറ്റിക്ക് മുൻപാകെയും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.