07.11.2023
ഇടുക്കിയിൽ ഉരുൾപൊട്ടൽ; വീടിന്‍റെ ഭിത്തി തകർന്ന് ഒരാൾ മരിച്ചു
?️കനത്ത മഴയെ തുടർന്ന് ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുൾ പൊട്ടി. ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ കിടന്നുറങ്ങിയ റോയിയുടെ മുകളിലേക്ക് മണ്ണിടിച്ചിലിനെ തുടർന്ന് ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. . കനത്ത മഴയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്.
ഡൊമിനിക് മാർട്ടിനെ പത്തു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു
?️കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ പത്തു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി. ഡൊമിനിക് മാർട്ടിന്‍റെ വിദേശബന്ധങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നവംബർ 15 വരെ കസ്റ്റഡിയിൽ വിട്ടു കൊണ്ട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം ഉത്തരവിട്ടത്. പൊലീസ് ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നും പൊലീസിനെതിരെ പരാതിയില്ലെന്നും ഇടപടലിന് നന്ദി പറയുന്നുവെന്നും ഡൊമിനിക് മാർട്ടിൻ കോടതിയിൽ പറഞ്ഞു. അഭിഭാഷകൻ വേണ്ടെന്ന നിലപാട് ഇത്തവണയും പ്രതി ആവർത്തിച്ചു. സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്.
കളമശേരി സ്ഫോടനം: ചികിത്സയിലിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു
?️കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു സ്ത്രീകൂടി മരിച്ചു. ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയി (61) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സ്ഫോടനത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ മോളി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് ആലുവ രാജഗിരിയിൽ നിന്നും എറണാകുളം മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചിരുന്നു.
ബില്ലുകൾ വൈകിക്കുന്നതിൽ ഗവർണർമാരെ വിമർശിച്ച് സുപ്രീം കോടതി
?️ഗവർണർമാർക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസ്സാക്കിയ ബില്ലുകൾ അകാരണമായി വൈകിക്കുന്നുവെന്ന് വിവിധ സംസ്ഥാനങ്ങൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്. ഗവർണർമാർ ജനങ്ങൾ തെരഞ്ഞെടുത്തവരല്ലെന്ന് ഓർമ വേണം, ബില്ലുകൾ വൈകിപ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ബില്ലുകൾ വൈകിക്കുന്നുവെന്നാരോപിച്ച് പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കടുത്ത ഭാഷയിൽ വിമർശിച്ചത്.
ഗാസയെ രണ്ടായി വിഭജിച്ച് ഇസ്രയേൽ സൈന്യം
?️ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈന്യത്തിന്‍റെ വക്താവ് ഡാനിയേൽ ഹഗാരി. ഗാസയെ മുഴുവനായും വളഞ്ഞിരിക്കുകയാണ്. ഇപ്പോൾ വടക്കൻ ഗാസയും തെക്കൻ ഗാസയുമായിക്കഴിഞ്ഞു. ഇത് ഹമാസിനെതിരായ യുദ്ധത്തിന്‍റെ പ്രധാനഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗാസയിലേക്കുള്ള ആശയവിനിമയ സംവിധാനം പൂർണമായും തകർന്നിരിക്കുകയാണ്. രാത്രിയിലും ഗാസയിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആശയ വിനിമയോപാധികൾ പൂർണമായും തകർന്നതിനാൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധങ്ങളുടെ പൂർണരൂപം പുറത്തെത്തുന്നില്ല.
ഇറാൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി മോദി
?️ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രധാനമന്ത്രി ഇബ്രാഹിം റഈസിയുമായി ഫോണിലൂടെ ചർച്ച നടത്തി. എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചത്. ഭീകരാക്രമണവും സംഘർഷവും മൂലം സാധാരണക്കാർ കൊല്ലപ്പെടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു. സംഘർഷം തടയാനും മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതും ചർച്ചയായി. സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നത് ഏറെ സുപ്രധാനമാണെന്ന് മോദി പറഞ്ഞു. ഇന്ത്യ – ഇറാൻ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി സ്വാഗതാർഹമാണെന്നും മോദി വ്യക്തമാക്കി.
ഛത്തീസ്ഗഢിൽ ഐഇഡി സ്ഫോടനം
?️ഛത്തീസ്ഗഢിലെ കങ്കറിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ ഒരു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിളിനും പോളിംഗ് ടീം അംഗങ്ങൾക്കും പരിക്കേറ്റു. ബിഎസ്എഫിൻ്റെയും ജില്ലാ സേനയുടെയും സംയുക്ത സംഘം പോളിംഗ് ഉദ്യോഗസ്ഥരുമായി മാർബേഡയിൽ നിന്ന് റെംഗഘട്ടി രെങ്കഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് സ്‌ഫോടനം നടന്നത്. ഛത്തീസ്ഗഢിൽ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് സംഭവം. രണ്ട് പോളിംഗ് ഓഫീസർമാർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. മൂവരെയും ചികിത്സയ്ക്കായി ഛോട്ടേപേത്തിയയിലേക്ക് മാറ്റി.
പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ റിപ്പോർട്ട് പുറത്ത് വിട്ട് സർക്കാർ
?️സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ റിപ്പോർട്ട് പുറത്ത്. 2021 ൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തു വന്നത്. സുപ്രീംകോടതി നിർദേശത്തോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2013 ൽ നിയമനത്തിന് യോഗ്യത നേടിയവർക്ക് പഴയ പെൻഷൻ നൽകണമെന്ന സുപ്രധാന നിർദേശം റിപ്പോർട്ടിലുണ്ട്. 2040 ഓടെ മാത്രമേ പങ്കാളിത്ത പെൻഷൻ ഗുണം ചെയ്യുകയുള്ളൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് പുറത്തു വിടാതെയാണ് വീണ്ടും ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്. സർക്കാർ നടപടിയെ രൂക്ഷമായി സുപ്രീംകോടതി വിമർശിച്ചു. ആദ്യ റിപ്പോര്‍ട്ടിന്‍റ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറാത്ത പക്ഷം ചീഫ് സെക്രട്ടറി വി വേണു നവംബർ 10 ന് നേരിട്ട് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറായത്.
”കൂറുമാറ്റം ജനാധിപത്യത്തിന്‍റെ ശാപം”; തൊടുപുഴ നഗരസഭാംഗത്തെ അയോഗ്യനാക്കി ഹൈക്കോടതി
?️കൂറുമാറ്റം ജനാധിപത്യത്തിന്‍റെ ശാപമെന്ന് ഹൈക്കോടതി. കൂറുമാറിയ തൊടുപുഴ നഗരസഭാംഗത്തെ അയോഗ്യനാക്കികൊണ്ടുള്ള ഉത്തരവിനിടെയായിരുന്നു കോടതിയുടെ പരാമർശം. കൂറുമാറ്റ നിരോധന നിയമം ഉണ്ടായിട്ടും വ്യക്തികൾ കൂറുമാറുന്ന സ്ഥിതിയാണ്. നിലവിലെ നിയമത്തിന് കൂറുമാറ്റത്തെ ഫലപ്രദമായി തടയാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കൂറുമാറ്റം കൊണ്ട് വ്യക്തികൾക്ക് നഷ്ടമുണ്ടാകുന്നില്ലല്ലോ സർക്കാർ ഹജനാവിനു മാത്രമല്ലെ നഷ്ടമെന്നും കോടതി വ്യക്തമാക്കി. ഇത്തരക്കാർക്ക് കടുത്ത സാമ്പത്തിക പിഴ കൂടി ചുമത്തേണ്ട കാര്യം ആലോചിക്കണം. നിയമനിർമ്മാണ സഭകൾ ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിക്ക വൈറസിനെതിരേ പൊതു ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
?️സിക്ക വൈറസിനെതിരേ പൊതു ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗലക്ഷണങ്ങളെ അവഗണിക്കരുതെന്നു ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്.രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകള്‍ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സര്‍വയലന്‍സ് നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ വേവിക്കാത്ത കോഴിത്തല; ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു
?️തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചു. വാങ്ങിയ നാലു ബിരിയാണിയില്‍ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. തിരൂര്‍ മുത്തൂരിലെ ‘ഓണ്‍ലൈന്‍ പൊറോട്ട സ്റ്റാള്‍’ ഹോട്ടലാണ് പൂട്ടിച്ചത്. ഏഴൂര്‍ പി സി പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പാലക്കാട് ക്ലാസിനകത്ത് പേപ്പട്ടി ആക്രമണം; അധ്യാപകർക്കും കുട്ടികൾക്കുമടക്കം നിരവധി പേർക്ക് കടിയേറ്റു
?️പാലക്കാട് മണർക്കാട് കോട്ടോപ്പാടം മേഖലയിൽ പേപ്പട്ടി ശല്യം രൂക്ഷം. കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ കുട്ടികൾക്കടക്കം നിരവധി പേർക്ക് കടിയേറ്റു. ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാർഥിയെ ആക്രമിച്ചു. ഒരു അധ്യാപകനും കടിയേറ്റു. അധ്യാപകരുടെ ഇടപെടലിനെ തുടർന്ന് കൂടുതൽ കുട്ടികൾ കടിയേൽക്കാതെ രക്ഷപെട്ടു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.
കേരളീയത്തിന്‍റെ തിരക്കിലെന്ന് ചീഫ് സെക്രട്ടറി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
?️കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹജരാകണമെന്ന ഹൈക്കോടതിയുടെ നിർദേശം ലംഘിച്ച് ചീഫ് സെക്രട്ടറി ഹാജരാകാതിരുന്നതാണ് വിമർശനത്തിന് കാരണം.
ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണക്കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കേരളീയം പരിപാടിയുടെ തിരക്കാണെന്നും അതിനാൽ ഹാജരാവാൻ സാധിക്കില്ലെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി വി. വേണു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ഹൃദ്രോഗിയായ വീട്ടമ്മയ്ക്കും രോഗിയായ മകനും കുടുംബത്തിനും വീടൊരുക്കി കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത്!
?️ലൈഫ് ഭവന പദ്ധതിയിലൂടെ ഹൃദ്രോഗിയായ വീട്ടമ്മയ്ക്കും രോഗിയായ മകനും കുടുംബത്തിനും വീടൊരുക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്. 21-ാംവാർഡിൽ പാറമട ഭാഗത്ത് വെട്ടിയാക്കൽ വീട്ടിൽ ലീലാമ്മ രാജപ്പനും അരയ്ക്കു താഴെ തളർന്നിരിക്കുന്ന മകൻ സജി രാജപ്പനുമാണ് ലൈഫ് പദ്ധതിയിലൂടെ വീടൊരുങ്ങിയത്.
സിപിഎമ്മിന്‍റെ ക്ഷണം തള്ളാതെ ആര്യാടൻ ഷൗക്കത്ത്
?️പാർട്ടി വിലക്ക് ലംഘിച്ച് മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിച്ച നിലപാടിൽ നിന്നും പിൻമാറില്ലെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യത്തിൽ പാർട്ടിയുടേത് തെറ്റിദ്ധാരണയാണെന്നും അത് മാറ്റുമെന്നും അദ്ദേഹം പ്രതികരിച്ചു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ തന്നെയാണ് താനെന്നും താൻ കെപിസിസിയുടെ ജനറൽ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിപിഎമ്മിന്‍റെ ക്ഷണം തള്ളാനും ആര്യാടൻ ഷൗക്കത്ത് തയാറായില്ല.
കെഎസ്‌യു മാർച്ചിൽ സംഘർഷം
?️കേരളവർമ കോളേജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ കെഎസ്‌യു മാർച്ചിൽ സംഘർഷം. മന്ത്രി ആർ. ബിന്ദുവിന്‍റെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്. പൊലീസ് നടത്തിയ ലാത്തി ചാർജിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു വിദ്യാർഥിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ സ്ഥലത്ത് മൂന്നു തവണ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
മഹുവയ്ക്കെതിരേ കർശന നടപടിക്ക് സാധ്യത
?️പാർലമെന്‍റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരേ കർശന നടപടിക്ക് സാധ്യത. മഹുവയ്ക്കെതിരേയുള്ള നടപടിയുടെ കരട് രൂപം തയാറാക്കുന്നതിനായി ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ നിർണായക യോഗം ചൊവ്വാഴ്ച ചേരും. ബിജെപി എംപി വിനോദ് കുമാർ സോങ്കാറിന്‍റെ നേതൃത്വത്തിലാണ് കമ്മിറ്റി മഹുവയ്ക്കെതിരേയുള്ള ആരോപണത്തിൽ അന്വേഷണം നടത്തിയത്.
കർണാടകയിലെ യുവ ഉദ്യോഗസ്ഥയുടെ കൊലപാതകം
?️കർണാടകയിൽസർക്കാർ ഉദ്യോഗസ്ഥയെ ഫ്ളാറ്റിനുള്ളിൽ കഴുത്തറുത്ത കൊന്ന കേസിൽ ഡ്രൈവർ അറസ്റ്റിൽ. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്‍റെ പകയാണ് കൊലക്കു പിന്നിലെന്ന് പ്രതി കിരൺ കുറ്റസമ്മതം നടത്തിയതായി പൊലീസ് വെളിപ്പെടുത്തി. 45കാരിയായ മുതിർന്ന ജിയോളജിസ്റ്റ് കെ.എസ്. പ്രതിമയെയാണ് ഞായറാഴ്ച ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗോകുൽ നഗറിലെ വിവി ടവേഴ്സിൽ പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്.
പിഎഫ്ഐ നിരോധനത്തിനെതിരായ ഹർജി തള്ളി സുപ്രീംകോടതി
?️പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. പിഎഫ്ഐ ആദ്യം സമീപിക്കേണ്ടതു ഡൽഹി ഹൈക്കോടതിയെ ആണെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരാണ് ഹർജി പരിഗണിച്ചത്.കഴിഞ്ഞ വർഷം 28 നാണ് യുഎപിഎ ചുമത്തി അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. ഈ ഉത്തരവിനെതിരെയാണ് പിഎഫ്ഐ ഹർജി സമർപ്പിച്ചത്.
ഡൽഹിയിൽ 13 മുതൽ 20 വരെ വാഹന നിയന്ത്രണം
?️ വായുമലിനീകരണം രൂക്ഷമായതിനെത്തുടർന്ന് ഡൽഹിയിൽ നവംബർ 13 മുതൽ 20 വരെ വാഹ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വനം, വന്യജീവി, പരിസ്ഥിതി വകുപ്പു മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഒറ്റ, ഇരട്ടയക്ക നമ്പറുകളുള്ള വാഹനങ്ങൾ ഇടവിട്ട ദിവസങ്ങളിൽ മാത്രം തെരുവുകളിൽ ഇറങ്ങുന്ന രീതിയിലുള്ള ക്രമീകരണത്തെ ദീപാവലി കഴിഞ്ഞുള്ള ഒരാഴ്ച നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം. ഒറ്റയക്കത്തിൽ അവസാനിക്കുന്ന നമ്പറുകളോടു കൂടിയ വാഹനങ്ങൾ ഒറ്റയക്കം വരുന്ന തിയതികളിലും ഇരട്ടയക്കത്തിൽ അവസാനിക്കുന്നവ തൊട്ടടുത്ത തിയതിയിലും നിരക്കുകളിലിറങ്ങും.
രാഹുൽ എൻ. കുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന് പൊലീസ്
?️വ്ളോഗർ രാഹുൽ എൻ. കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. അച്ഛൻ, അമ്മ, ഭാര്യ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഹുൽ എൻ കുട്ടിയുടെ ബിസിനസ് പങ്കാളികളുടെ മൊഴിയും രേഖപ്പെടുത്തി. ഇവ വിശകലനം ചെയ്ത ശേഷം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.
നാവിൽ കടിയേറ്റ് യുവാവ് മരിച്ചു
?️മദ്യ ലഹരിയിയിൽ പാമ്പിനൊപ്പം അഭ്യാസം നടത്തുന്നതിനിടെ 22 കാരൻ കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ശിവന്‍റെ രൂപമായ ‘മഹാകാൽ’ ആണെന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്. രോഹിത് ജയ്‌സ്വാൾ എന്നയാളാണ് മരിച്ചത്. ഇയാൾ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തെലങ്കാനയിൽ കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റിൽ സിപിഐ മത്സരിക്കും
?️ തെലങ്കാനയിൽ സിപിഐ കോൺഗ്രസുമായി ചേർന്ന് മത്സരിക്കാൻ ധാരണ. ഒരു സീറ്റ് കോൺഗ്രസ് സിപിഐക്ക് നൽകി. കൊത്തഗുഡം മണ്ഡലത്തിൽ നിന്നാണ് സിപിഐ മത്സരിക്കുക. പോനംനേനി സാംബശിവറാവു ആണ് കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്നത്. കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റാണ് സിപിഐക്ക് നൽകിയത്. നേരത്തെ സീറ്റ് ധാരണയിലെത്താത്തതിനെ തുടർന്ന് കോൺഗ്രസ് സഖ്യത്തിൽ നിന്ന് സിപിഎം പിൻമാറിയിരുന്നു. വൈകിട്ട് കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഢിയുമായി സിപിഐ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് ഒരു സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള ധാരണ പ്രഖ്യാപിച്ചത്.
ചക്രവാതച്ചുഴി: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യത
?️ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്.വടക്കു തമിഴ്നാടിനും സമീപ പ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു- വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശക്തിപ്രപിച്ച് മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ നവംബർ 8 നു ന്യൂനമർദം ആകാൻ സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എയര്‍ ഇന്ത്യ ടെല്‍ അവീവ് സര്‍വീസ് നവംബര്‍ 30 വരെ റദ്ദാക്കി
?️ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ഡല്‍ഹി-ടെല്‍ അവീവ് സര്‍വീസ് നവംബര്‍ 30 വരെ റദ്ദാക്കി. യുദ്ധം ആരംഭിച്ചതിനു ശേഷം ടെല്‍ അവീവിലേക്കും തിരിച്ച് ഡല്‍ഹിയിലേക്കുമുള്ള സര്‍വീസ് എയര്‍ ഇന്ത്യ നടത്തിയിരുന്നില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെക്കരുതിയാണ് തീരുമാനം. ന്യൂഡല്‍ഹിയില്‍ നിന്ന് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവങ്ങളിലായിരുന്നു ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍. യുദ്ധം ആരംഭിച്ചതിനു ശേഷം പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഓപ്പറേഷന് അജയുടെ കീഴില്‍ മാത്രമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയത്.
പാക്കിസ്ഥാനില്‍ നിന്നും 1.7 ലക്ഷം അഫ്ഗാനികൾ തിരികെ പോയതായി അധികൃതര്‍
?️അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്ന് 1,70,000 അഫ്ഗാനികൾ തിരികെ പോയതായി അധികൃതര്‍. ടോര്‍ഖോം അതിര്‍ത്തി വഴിയാണ് അഫ്ഗാന് പൗരന്മാര് അഫ്ഗാനിസ്ഥാനിലേക്കു മടങ്ങിപ്പോയത്. ഞായറാഴ്ച മാത്രം 6,500-ലധികം അഫ്ഗാന് പൗരന്മാര് പാക്കിസ്ഥാനില്‍ നിന്നു മടങ്ങിയതായി അധികൃതർ വ്യക്തമാക്കി.നവംബര്‍ ഒന്നിനു മുമ്പ് അനധികൃത കുടിയേറ്റക്കാര്‍ രാജ്യം വിടണമെന്ന് പാക്കിസ്ഥാന് നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷം രാജ്യത്തു തുടരുന്നവരെ അറസ്റ്റ് ചെയ്തു നാടു കടത്തുമെന്നും അറിയിച്ചിരുന്നു. പാക്കിസ്ഥാന് നല്കിയ സമയപരിധി അവസാനിച്ചതിനു ശേഷവും സ്വമേധയാ രാജ്യം വിട്ടു പോകുന്നവര്‍ ധാരാളമാണ്.
ടൂറിസം രംഗത്ത് കേരളവുമായി സഹകരിക്കാമെന്ന് തായ്‌ലൻഡ്
?️ടൂറിസം രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധമാണെന്ന് തായ്‌ലൻഡ് അംബാസഡർ പട്ടറാത്ത് ഹോങ്ടോങ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുനാടും തമ്മിലുള്ള ദീർഘകാല വ്യാപാര, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താനും കൂടിക്കാഴ്‌ചയിൽ തീരുമാനമായി. യാത്രാ സൗകര്യങ്ങൾ വർധിപ്പിച്ചും പുതിയ ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചും ടൂറിസം രംഗത്തെ സഹകരണം ശക്തിപ്പെടുത്തും. ആരോഗ്യം, വിദ്യാഭ്യാസം, ഐടി, ഊർജ രംഗങ്ങളിലെ സഹകരണവും ഊർജിതമാക്കേണ്ടതുണ്ട്. ഇവയിലൂന്നിയ ദീർഘകാല സഹകരണ ബന്ധം രൂപപ്പെടുത്താൻ ഇരുവരും സന്നദ്ധത അറിയിച്ചു.
ഒരു പന്തിൽ രണ്ട് വിക്കറ്റ്: വിചിത്ര റെക്കോഡിന് ഇരയായത് ഏഞ്ജലോ മാത്യൂസ്
?️അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ട് രീതിയിൽ പുറത്താകുന്ന ബാറ്റർ എന്ന റെക്കോഡ് ശ്രീലങ്കൻ ഓൾറൗണ്ടർ ഏഞ്ജലോ മാത്യൂസിന്‍റെ പേരിൽ കുറിക്കപ്പെട്ടു. ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് മാത്യൂസ് ക്രീസിലെത്താൻ വൈകിയതിന്‍റെ പേരിൽ പുറത്തായത്. ഇരുപത്തഞ്ചാം ഓവറിൽ സദീര സമരവിക്രമ പുറത്തായ ശേഷമാണ് നാടകീയ സംഭവം. ഒരു ബാറ്റർ പുറത്തായാൽ അടുത്തയാൾ മൂന്ന് മിനിറ്റിനുള്ളിൽ ക്രീസിലെത്തി അടുത്ത പന്ത് നേരിടാൻ തയാറായിരിക്കണം എന്ന ചട്ടം ഐസിസി നടപ്പാക്കിയ ശേഷം ആദ്യമായാണ് ഈ രീതിയിൽ ഒരു ബാറ്റർ പുറത്താകുന്നത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5635 രൂപ
പവന് 45080 രൂപ