◾നാമജപ സമരത്തെ കേസില്‍ പൂട്ടാന്‍ സര്‍ക്കാര്‍. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ആയിരത്തിലധികം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് ഉപയോഗിച്ചു, യാത്രക്കാര്‍ക്കു തടസമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചെയ്തെന്നാണ് ആരോപണം. ഇങ്ങനെയാണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
◾മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 35 കുക്കി ഗോത്ര വിഭാഗക്കാരെ ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിഗ്രാമമായ ബോല്‍ജാംഗില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നു മെയ്തെയ് വിഭാഗം. ഈ ഗ്രാമം തങ്ങളുടേതു മാത്രമാണെന്ന് മെയ്തെയ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ മണിപ്പൂര്‍ ഹൈക്കോടതി മൃതദേഹ സംസ്‌കാരം തടഞ്ഞു. കലാപത്തിനു വഴിവച്ച ഉത്തരവു പുറപ്പെടുവിച്ച മലയാളിയായ ആക്ടിംഗ് ചീഫ് ജസ്റ്റീസ് എം.വി. മുരളീധരനാണ് മൃതദേഹ സംസ്‌കാരം വിലക്കിയത്.
◾മണിപ്പൂരില്‍ സൈനിക ക്യാമ്പില്‍നിന്ന് മെയ്തെയ് വിഭാഗക്കാരായ ജനക്കൂട്ടം മുന്നൂറു തോക്കുകള്‍ കൊള്ളയടിച്ചു. ബിഷ്ണുപൂരിനടുത്ത നരന്‍സേനനിലെ ഐആര്‍ ബി രണ്ടാം ബറ്റാലിയന്റെ ക്യാമ്പില്‍ നിന്നാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ മെയ്തെയ് ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചത്. ഇംഫാലില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയവര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കലാപം തുടങ്ങി 90 ാം ദിവസവും സംഘര്‍ഷവും കൊള്ളയും തുടരുകയാണ്.
◾ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. ഏതാനും ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
◾നികുതിയും നികുതി കുടിശ്ശികയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകളും നഗരസഭകളും നല്‍കുന്ന നോട്ടീസുകളില്‍ ഉപയോഗിക്കുന്ന അധികാരത്തിന്റെ ‘ഭീഷണി സ്വരം’ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നോട്ടീസുകളില്‍ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങള്‍ നികുതി ദായകരെ പ്രകോപിപ്പിക്കുന്നതാണെന്നും കാലം മാറിയിട്ടും ഇത്തരം ശൈലികള്‍ കാലോചിതമായി പരിഷ്‌ക്കരിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും കമ്മീഷന്‍.
◾കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലുള്ളവര്‍ക്കുള്ള ശമ്പള സ്‌കെയില്‍ 77,200-1,40,500 ആയി നിശ്ചയിച്ചു. കെഎഎസ് പരീക്ഷ വിജയിച്ച് 104 പേര്‍ സര്‍വ്വീസില്‍ പ്രവേശിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് ശമ്പളം നിശ്ചയിച്ചത്. കെഎഎസ് സ്പെഷ്യല്‍ റൂള്‍ പ്രകാരം 95,600 രൂപയായിരുന്നു കെഎഎസുകാരുടെ അടിസ്ഥാന ശമ്പളം. എന്‍ട്രി കേഡറില്‍ ഐഎഎസുകാര്‍ക്കുള്ളതിനേക്കാള്‍ ശമ്പളമാണെന്ന് ഐഎഎസ് അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചതോടെയാണ് ശമ്പളം കുറച്ചത്.
◾വാഹന ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കാതെ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കാന്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
◾താനൂരില്‍ താമിര്‍ ജിഫ്രിയെ പോലീസ് മര്‍ദിച്ചു കൊന്നതാണെന്ന് കുടുംബം. യുവാവിനെ താനൂരില്‍ നിന്ന് അര്‍ധരാത്രിയില്‍ കസ്റ്റഡിയിലെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും ചേളാരിയില്‍നിന്നു വൈകുന്നേരം അഞ്ചിന് കസ്റ്റഡിയിലെടുത്തതാണെന്നും കുടുംബം ആരോപിച്ചു. താമസസ്ഥലത്തുനിന്ന് അടിവസ്ത്രം മാത്രമുള്ള നിലയിലാണ് ജിഫ്രിയെ കൊണ്ടു പോയതെന്നും കുടുംബം ആരോപിച്ചു.
◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് സിപിഎം സംഘടനാ സംവിധാനത്തെ സജ്ജമാക്കുന്നു. പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കി. ജെയ്ക് സി തോമസ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകളോടെയാണ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍.
◾പ്രായപൂര്‍ത്തിയാകാത്ത പശ്ചിമ ബംഗാള്‍ സ്വദേശികളായ പെണ്‍കുട്ടികളുമായി എത്തിയ രണ്ടു ബീഹാര്‍ സ്വദേശികള്‍ പിടിയില്‍. എറണാകുളം പുറയാറില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെന്‍ഡിലാണ് സ്‌കൂള്‍ യൂനിഫോം ധരിച്ച 13 കാരിയെയും 17 കാരിയെയും എത്തിച്ചത്.
◾മുതലപ്പൊഴിയില്‍ വീണ്ടും അപകടം. 16 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞു. വര്‍ക്കല സ്വദേശികളായ 16 പേരെയും രക്ഷപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്കു മാറ്റി.
◾കര്‍ണാടക പൊലീസ് കൊച്ചിയിലെത്തി അറസ്റ്റ് ഒഴിവാക്കാന്‍ പ്രതികളില്‍നിന്ന് കൈക്കൂലിയായി വാങ്ങിയ നാലു ലക്ഷം രൂപ കേരള പോലീസ് പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത കര്‍ണ്ണാടക പൊലീസിലെ ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശ്, കോണ്‍സ്റ്റബിള്‍മാരായ ശിവണ്ണ, വിജയകുമാര്‍, സന്ദേശ് എന്നിവര്‍ക്കെതിരേ കേസെടുക്കാതെ വിട്ടയക്കും. ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ പള്ളുരുത്തി സ്വദേശികള്‍ക്കെതിരേ ബംഗളുരു വൈറ്റ് ഫീല്‍ഡ് പൊലീസിലുള്ള പരാതി ഒതുക്കിത്തീര്‍ക്കാന്‍ കര്‍ണാടക പോലീസുകര്‍ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയായിരുന്നു.
◾മിത്തിനെക്കുറിച്ചു ചിലര്‍ പറയുമ്പോള്‍ വിവാദമാക്കുകയും മറ്റ് ചിലര്‍ പറയുമ്പോള്‍ വിവാദമല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്നു മന്ത്രി കെ രാധാകൃഷ്ണന്‍. വിവാദം ആദ്യം തുടങ്ങിയത് സയന്‍സ് കോണ്‍ഗ്രസില്‍ അല്ലേയെന്നും മന്ത്രി ചോദിച്ചു. സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാകാന്‍ പാടില്ല. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
◾കൊച്ചിയില്‍നിന്ന് വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഓഗസ്റ്റ് 12 ന് തുടങ്ങും. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാല് സര്‍വീസാണുള്ളത്. രാത്രി 11.50 ന് പുറപ്പെട്ട് വിയറ്റ്നാം സമയം 6.40 ന് ഹോചിമിന്‍ സിറ്റിയിലെത്തും. തിരികേ അവിടെനിന്ന് രാത്രി 7.20 ന് പുറപ്പെട്ട് രാത്രി 10.30 ന് കൊച്ചിയിലെത്തും. ആറായിരം രൂപയാണു ടിക്കറ്റ് നിരക്ക്. വിയറ്റ്ജെറ്റ് ഒരു ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ 88 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക അടയ്ക്കാതെ തട്ടിപ്പു നടത്തിയ വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി ഷെറിന്‍ എസ്. തോമസിനെ (28) ആണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപയുടെ പോളിസിക്ക് ഒരു വര്‍ഷം 32,664 രൂപ പ്രീമിയം തുകയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
◾മാവേലിക്കരയില്‍ റിസര്‍ച്ച് ഗൈഡിനെതിരെ ഗവേഷക വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ അധ്യാപകനെ മാവേലിക്കര പൊലീസ് ചോദ്യം ചെയ്യും. പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കാന്‍ ഇന്ന് കോടതിയിലെത്താനും നിര്‍ദേശം നല്‍കി.
◾നെടുമ്പാശേരിയില്‍നിന്ന് ഷാര്‍ജയിലേക്കു പറന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ പുക കണ്ടതിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. രാത്രി പത്തരയ്ക്കു പുറപ്പെട്ട വിമാനം 11.30 ഓടെയാണ് തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ യാത്രയാക്കി.
◾പത്തനംതിട്ടയില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. പത്തനംതിട്ട പരുമലയില്‍ കൃഷ്ണന്‍കുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ചാലക്കുടി പരിയാരം പഞ്ചായത്തിലെ തൂമ്പാക്കോടുള്ള പന്നിഫാമിലെ പന്നികളെ കൊന്നു സംസ്‌ക്കരിച്ചു. ഫാമിലെ 150 പന്നികളെയാണ് കൊന്നത്.
◾പത്തു കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പര്‍ വിജയികളായ മലപ്പുറം പരപ്പനങ്ങാടിയിലെ ഹരിതകര്‍മ സേന അംഗങ്ങളുടെ വിശേഷം ബിബിസിയില്‍. 250 രൂപയായിരുന്ന ബമ്പര്‍ ടിക്കറ്റ് 11 വനിതകള്‍ ചേര്‍ന്നാണ് എടുത്തത്. 25 രൂപ വീതം ഒമ്പത് വനിതകളും രണ്ടു പേര്‍ ബാക്കി തുകയും കൊടുത്താണ് ടിക്കറ്റ് എടുത്തതെന്ന് മണ്‍സൂണ്‍ ബമ്പര്‍ അടിച്ച അംഗങ്ങളില്‍ ഒരാളായ ചെറുമണ്ണില്‍ ബേബി പറഞ്ഞു. കിട്ടുന്ന പണം തുല്യമായി വീതിക്കുമെന്നും അവര്‍ പറഞ്ഞു.
◾പഴയ കാമ്പസ് ഓര്‍മകളുടെ വസന്തവുമായി തൃശൂര്‍ വിമല കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ പൂര്‍വ അധ്യാപകര്‍ക്കൊപ്പം ഒത്തുചേര്‍ന്നു. പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ ഗുരുപ്രണാമം അര്‍പ്പിച്ചപ്പോള്‍ ആറു മുന്‍ പ്രിന്‍സിപ്പല്‍മാര്‍ അടക്കം അമ്പതോളം പൂര്‍വ ഗുരുനാഥമാര്‍ ആനന്ദക്കണ്ണീരണിഞ്ഞു. പഴയ അരുമ ശിഷ്യരെ അവര്‍ ആശ്ലേഷിച്ചു. വിമല കോളജ് പൂര്‍വവിദ്യാര്‍ത്ഥിനികളുടെ യുഎഇ യിലെ കൂട്ടായ്മയായ ‘-വിമെക്‌സി’-ന്റെ നേതൃത്വത്തില്‍ ഒരുക്കിയ ‘-വിമലമീയോര്‍മകള്‍’ എന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ സംഗീതജ്ഞന്‍ ഔസേപ്പച്ചനും പത്മശ്രീ പെരുവനം കുട്ടന്‍മാരാരും മുഖ്യാതിഥികളായി.
◾ജ്ഞാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ പുരാവസ്തു വകുപ്പിന് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കി. വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീല്‍ തള്ളി. ശാസ്ത്രീയ സര്‍വേ ആവശ്യമെന്നും കോടതി പറഞ്ഞു.
◾ഹരിയാനയിലെ സംഘര്‍ഷത്തില്‍നിന്ന് വനിതാ ജഡ്ജിയും മൂന്നുവയസുള്ള മകളും രക്ഷപ്പെട്ടത് തലനാരിഴക്ക്. നൂഹിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അഞ്ജലി ജെയിനും മകളുമാണ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. മതഘോഷയാത്രയ്ക്കു നേരെയുണ്ടായ ആക്രമണത്തിനിടെ ഇവര്‍ സഞ്ചരിച്ച കാറിന് ആള്‍ക്കൂട്ടം തീയിടുകയും കല്ലെറിയുകയും വെടിവെക്കുകയും ചെയ്തു.
◾ജമ്മു കാഷ്മീരിലെ കേന്ദ്ര സര്‍ക്കാരിന്റെ കഞ്ചാവ് തോട്ടം ദേശീയ ശ്രദ്ധ നേടുന്നു. ഔഷധ നിര്‍മ്മാണത്തിനായാണ് കനേഡിയന്‍ കമ്പനിയുമായി സഹകരിച്ച് കഞ്ചാവു വളര്‍ത്തുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് കഞ്ചാവു തോട്ടം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും കഞ്ചാവു കൃഷി ചെയ്യാന്‍ ആലോചിക്കുന്നുണ്ട്.
◾കര്‍ണാടക ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ രണ്ടു ജീവനക്കാരെ കൂടി എയര്‍ ഏഷ്യ സസ്പെന്‍ഡു ചെയ്തു. ഇക്കഴിഞ്ഞ 27 ന് ബംഗളുരുവില്‍നിന്ന് ഹൈദരാബാദിലേക്കു യാത്ര ചെയ്യാന്‍ ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെട്ടെന്ന പരാതിയിലാണ് നടപടി. ബോര്‍ഡിംഗ് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിയെയും റാമ്പില്‍ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരനെയുമാണ് സസ്പെന്‍ഡു ചെയ്തത്. എയര്‍പോര്‍ട്ട് സ്റ്റേഷന്‍ മാനേജരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.
◾എയര്‍ ഇന്ത്യയുടെ ഇക്കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 14,000 കോടി രൂപ. കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത് ഒരു വര്‍ഷം മുമ്പാണ്. പഴയ വിമാനങ്ങളും എന്‍ജിനുകളും ഒഴിവാക്കിയതടക്കമുള്ള നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
◾കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയര്‍ ട്രൂഡോയും വിവാഹ മോചിതരാകുന്നു. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. 51 കാരനായ ട്രൂഡോയും 48 കാരിയായ സോഫി ഗ്രിഗോയര്‍ ട്രൂഡോയും 2005 മേയിലാണ് വിവാഹിതരായത്. ഇവര്‍ക്ക് 15, 14, ഒമ്പത് വയസ്സുള്ള മൂന്നു കുട്ടികളുണ്ട്.
◾വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയുടെ ആദ്യ മത്സരം ഇന്ന് 8 മണിക്ക് ആരംഭിക്കും.
◾വീണ്ടും മെസി മാജിക്. ഇന്റര്‍ മയാമിയ്ക്ക് വേണ്ടി വീണ്ടും ഇരട്ട ഗോളടിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലീഗ് കപ്പിലെ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരായ മത്സരത്തിലാണ് മെസ്സിയുടെ ഇരട്ടഗോള്‍ പിറന്നത്. മത്സരത്തില്‍ ഇന്റര്‍ മയാമി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഒര്‍ലാന്‍ഡോ സിറ്റിയെ പരാജയപ്പെടുത്തി.
◾അദാനി ഗ്രൂപ്പിന് കീഴിലുള്ള അംബുജ സിമന്റ്‌സ് സാംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മാതാക്കളായ അംബുജ സിമന്റ്‌സ് 5,000 കോടി രൂപയ്ക്കാണ് സാംഘിയെ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച കരാറില്‍ അദാനി ഒപ്പുവച്ചതായാണ് വിവരം. സാംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കുന്ന കരാര്‍ പ്രകാരം അംബുജ സിമന്റ്‌സ് സാംഘിയുടെ 56.74 ശതമാനം ഓഹരികള്‍ സ്വന്തമാക്കും. ഒരു ഓഹരിക്ക് 114.22 രൂപ വീതമാകും ഏറ്റെടുക്കല്‍. പുതിയ ഏറ്റെടുക്കലും ചേര്‍ത്ത് സിമന്റ് മേഖലയില്‍ മൂന്നാമത്തെ വലിയ നിക്ഷേപമുറപ്പിക്കുകയാണ് അദാനി ഗ്രൂപ്പ്. 2022 ലാണ് അംബുജ സിമന്റ്‌സ്, എ.സി.സി സിമന്റ്‌സ് എന്നിവയെ ഗ്രൂപ്പ് ഏറ്റെടുത്തത്. ഈ ഏറ്റെടുക്കലോടെ അദാനി ഗ്രൂപ്പിന്റെ സിമന്റ് ഉത്പാദനശേഷി 736 ലക്ഷം ടണ്ണായി വര്‍ധിക്കും. രവി സാംഘിയും കുടുംബവും കൈവശം വച്ചിട്ടുള്ള ഓഹരികളാണ് അദാനിക്കു നല്‍കുന്നത്. ഇതോടൊപ്പം കൂടുതല്‍ ഓഹരികള്‍ വാങ്ങുതിന് ഓപ്പണ്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തു വന്നതോടെ സാംഘി ഓഹരികള്‍ ഇന്ന് രാവിലെ അഞ്ചു ശതമാനം ഉയര്‍ന്ന് 105.4 രൂപയിലെത്തി. അംബുജ സിമന്റ്സ് ഓഹരിയിലും പുതിയ കരാറിന്റെ പ്രതിഫലനങ്ങളുണ്ടായി. ഓഹരി ഇന്ന് രാവിലെ നേരിയ ഉയര്‍ച്ചയോടെ 464 രൂപയിലെത്തി.
◾ഗ്രൂപ്പുകള്‍ സൃഷ്ടിക്കുമ്പോള്‍ തന്നെ പെര്‍മിഷനുകള്‍ സജ്ജീകരിക്കാനുള്ള ഓപ്ഷന്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നു. വാബീറ്റഇന്‍ഫോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് (പതിപ്പ് 2.23.16.3), ഐഒഎസ് (പതിപ്പ് 2.23.15.70) ബീറ്റാ അപ്‌ഡേറ്റുകളുടെ ഭാഗമായി ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനക്ഷമമാകുന്നതിന് മുമ്പ് തന്നെ ചില നിയന്ത്രണങ്ങള്‍ സജ്ജമാക്കാന്‍ പുതിയ സവിശേഷതകള്‍ നിങ്ങളെ സഹായിക്കും, പ്രത്യേകിച്ചും വലിയ ഗ്രൂപ്പുകള്‍ സൃഷ്ടിക്കുമ്പോള്‍, അഡ്മിന്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെ നിയന്ത്രണങ്ങള്‍ ചേര്‍ക്കുന്നത് കൂടുതല്‍ ഉപകാരപ്രദമാകും. ഒരു ഗ്രൂപ്പ് ഉണ്ടാക്കുമ്പോള്‍, നിങ്ങള്‍ക്ക് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ (ഡിസപ്പിയറിങ് മെസ്സേജസ്) ഓഫാക്കാനോ അല്ലെങ്കില്‍ കൂടുതല്‍ അനുമതികള്‍ പ്രവര്‍ത്തനക്ഷമമാക്കാനോ പ്രവര്‍ത്തനരഹിതമാക്കാനോ കഴിയും. വ്യക്തമായ ഐഡിയ ലഭിക്കാനായി സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചിട്ടുണ്ട്. ഇത് കൂടാതെ ആനിമേറ്റഡ് അവതാറുകള്‍ ഉള്‍പ്പെടുന്ന പുതിയ അവതാര്‍ പാക്കും വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. സംഭാഷണങ്ങള്‍ കൂടുതല്‍ സംവേദനാത്മകവും രസകരവുമാക്കാന്‍ ഇത് സഹായിക്കും. അതുപോലെ, വിവിധ സ്വകാര്യത സവിശേഷതകളെ കുറിച്ച് പുതിയ ഉപയോക്താക്കളെ ബോധവാന്മാരാക്കുന്നതിനുള്ള സുരക്ഷാ ടൂള്‍സ് പേജും പുനര്‍രൂപകല്‍പ്പന ചെയ്ത തിരയല്‍ ബാറും പുതിയ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. സ്‌ക്രീന്‍ഷോട്ടില്‍ പറഞ്ഞിരിക്കുന്ന എല്ലാ ഫീച്ചറുകളും ഏതാനും ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
◾ഉര്‍വശി, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ഒരു പമ്പ് സെറ്റിന്റെ പേരില്‍ കോടതിയില്‍ കൊമ്പ് കോര്‍ക്കുന്ന ഉര്‍വശിയും ഇന്ദ്രന്‍സുമാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. കോര്‍ട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രം. സാഗര്‍, ജോണി ആന്റണി, ടി.ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.
ട്രെയ്‌ലറില്‍ തന്നെ ചിരിയുണര്‍ത്തുന്ന നിരവധി രംഗങ്ങളുണ്ട്. ആഷിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിന്‍ എം.പി, ആഷിഷ് ചിന്നപ്പ എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും കൈലാസ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍.
◾വിവാദങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യന്‍ ബോക്‌സോഫീസില്‍ ഹിറ്റ് ആയി ‘ഓപ്പണ്‍ഹൈമര്‍’. ജൂലൈ 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ‘ബാര്‍ബി’ ഹിറ്റ് ആകുമ്പോള്‍ ഇന്ത്യയില്‍ ഓപ്പണ്‍ഹൈമര്‍ ആണ് ഹിറ്റ് ആയി കൊണ്ടിരിക്കുന്നത്. സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഓപ്പണ്‍ഹൈമറിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. ചിത്രത്തില്‍ ലൈംഗികബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ഇന്ത്യയിലെ കളക്ഷനില്‍ ഗുണം ചെയ്തുവെന്നാണ് കണക്കുകള്‍.
അണുബോംബിന്റെ സൃഷ്ടാവ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ബയോപ്പിക്കായ സിനിമ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഓപ്പണ്‍ഹൈമര്‍ ഭഗവദ്ഗീതയിലെ രണ്ടു വരികള്‍ വായിക്കുന്ന രംഗമാണ് ഒരു വിഭാഗം വിവാദമാക്കിയത്. ഇത് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. ഈ വിവാദത്തോട് ചിത്രത്തിലെ നായകന്‍ കിലിയന്‍ മര്‍ഫി പ്രതികരിച്ചിരുന്നു. ”ആ സീന്‍ സിനിമയില്‍ നിര്‍ണ്ണായകമാണെന്നാണ് ഞാന്‍ കരുതുന്നത്. ജീന്‍ ടാറ്റ്‌ലോക്കുമായി ഓപ്പണ്‍ഹൈമറിന് ഉണ്ടായിരുന്ന ബന്ധം സിനിമയുടെ ഏറ്റവും വൈകാരികമായ ഭാഗങ്ങളില്‍ ഒന്നാണ്.’ ‘ഒരു കാര്യം കഥയില്‍ അത്രമേല്‍ പ്രധാനമാണെങ്കില്‍ അതിനെ വിലമതിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. സ്വകാര്യ രംഗങ്ങള്‍ അഭിനയിക്കുന്നത് ആരും ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ല എന്നതാണ് എല്ലാവരും മനസിലാക്കേണ്ടത്” എന്നാണ് കിലിയന്‍ മര്‍ഫി പറയുന്നത്.
◾പഞ്ച് സിഎന്‍ജി അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് അതിന്റെ സിഎന്‍ജി മോഡല്‍ ലൈനപ്പ് വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ഈ മോഡല്‍ ഡീലര്‍ഷിപ്പുകളില്‍ പ്രീ-ബുക്കിംഗിനായി എത്തിത്തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അള്‍ട്രോസ്, ടിയാഗോ, ടിഗോര്‍ സിഎന്‍ജി എന്നിവയ്ക്ക് ശേഷം തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള നാലാമത്തെ സിഎന്‍ജി ഓഫറാണിത്. ടാറ്റ പഞ്ച് സിഎന്‍ജിയെ സംബന്ധിച്ചിടത്തോളം, മോഡലില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഡ്യൂവല്‍ സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചിരിക്കുന്നു. സിഎന്‍ജി കിറ്റില്‍ 30 ലിറ്റര്‍ ശേഷിയുള്ള രണ്ട് സിലിണ്ടറുകള്‍ ഉള്‍പ്പെടുന്നു, അവ ബൂട്ട് ഫ്ലോറിനടിയില്‍ ഘടിപ്പിച്ചിരിക്കുന്നു, അതുവഴി ആവശ്യത്തിന് ലഗേജ് സ്പേസ് സൃഷ്ടിക്കാന്‍ സാധിക്കുന്നു. സിഎന്‍ജി മോഡില്‍, അഞ്ച്-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് കൈകാര്യം ചെയ്യുന്ന ട്രാന്‍സ്മിഷന്‍ 76 ബിഎച്ച്പിയും 97 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 30 കിമി ആണ് പഞ്ച് സിഎന്‍ജിക്ക് പ്രതീക്ഷിക്കുന്ന മൈലേജ്. വിലയുടെ കാര്യത്തില്‍, ഐസിഇ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പഞ്ച് സിഎന്‍ജിക്ക് വിലയില്‍ വര്‍ദ്ധനവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, ടാറ്റ പഞ്ച് 5.99 ലക്ഷം മുതല്‍ 9.52 ലക്ഷം രൂപ വരെയാണ് ഓഫര്‍ ചെയ്യുന്നത്.
◾ബംഗാളിലെ നക്‌സല്‍ ബാരിയില്‍ പൊട്ടിത്തെറിച്ച കര്‍ഷകക്ഷോഭത്തിന്റെ തീപ്പൊരി കേരളത്തില്‍ വീണുകത്തിയതിന്റെ അനുഭവസാക്ഷ്യമാണീ ഗ്രന്ഥം. തലശ്ശേരി-പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ആദ്യകാല നക്‌സല്‍ വിപ്ലവ സംരംഭങ്ങളുടെ അറിയാക്കഥകള്‍. ചാരൂമജുംദാര്‍, കനുസന്യാല്‍, കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, ഫിലിപ്പ് എം. പ്രസാദ്, അജിത വര്‍ഗ്ഗീസ് തുടങ്ങി നിരവധി പ്രമുഖര്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. നക്‌സല്‍ പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖസംഭാഷണങ്ങള്‍, കോടതിരേഖകള്‍, പോലീസ് റിക്കാര്‍ഡുകള്‍, പത്രവാര്‍ത്തകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആധികാരിക ഗവേഷണ ഗ്രന്ഥം. അങ്ങേയറ്റം പാരായണക്ഷമമായ ആഖ്യാനരീതി. ‘വസന്തത്തിന്റെ ഇടിമുഴക്കം’. സെബാസ്റ്റിന്‍ ജോസഫ്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 351 രൂപ.
◾ഇന്ത്യയില്‍ മൂന്നിലൊന്നു പേര്‍ക്ക് ഫാറ്റിലിവര്‍ രോഗമോ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമോ ബാധിച്ചതായി എയിംസ് പഠനം പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്സ്പിരിമെന്റല്‍ ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, മുതിര്‍ന്നവരെ മാത്രമല്ല 35 ശതമാനം കുട്ടികളെയും ഈ രോഗം ബാധിച്ചിട്ടുള്ളതായി പറയുന്നു. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാല്‍ പലപ്പോഴും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗം തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച് ചിലരില്‍ ഇത് ഗുരുതരമായ കരള്‍രോഗമായി മാറുന്നു. ഭക്ഷണത്തിലെ പാശ്ചാത്യവല്‍ക്കരണം ആണ് ഫാറ്റിലിവര്‍ അഥവാ സ്റ്റെറ്റോഹൈപ്പറ്റൈറ്റിസിനു കാരണമായി പറയുന്നത്. ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം, ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുക, അനാരോഗ്യകരവും ചടഞ്ഞുകൂടിയുള്ളതുമായ ജീവിതശൈലിയും ആണ് രോഗകാരണം. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ പോലെ തന്നെയാണ് ഇതും. നിലവില്‍ ഫാറ്റിലിവറിന് മരുന്ന് ചികിത്സ ഒന്നും ഇല്ല. രോഗത്തെ അകറ്റാനുള്ള വഴി എന്നത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ്. ഇന്ത്യയില്‍ കരള്‍രോഗത്തിന് പ്രധാന കാരണം മദ്യപാനം ആണ്. മദ്യപാനികള്‍ക്ക് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സീറോസിസ് ഇവ വരാം. ഇത് ക്രമേണ ലിവര്‍ കാന്‍സറിനും മരണത്തിനും കാരണമാകുന്നു. ക്ഷയരോഗചികിത്സയിലെ മരുന്നുകള്‍, ആന്റിബയോട്ടിക്സുകള്‍, ആന്റി എപ്പിലെപ്റ്റിക് മരുന്നുകള്‍ കീമോതെറപ്പി ഇവയെല്ലാം കരളിന് പരുക്കേല്‍പ്പിക്കും. എയിംസ് നടത്തിയ ഒരു പഠനത്തില്‍ ക്ഷയരോഗ മരുന്ന് കഴിച്ച രോഗികളില്‍ 67 ശതമാനം പേര്‍ കരളിനു ക്ഷതം സംഭവിച്ച് മരണമടഞ്ഞതായി കണ്ടു. ഇവരില്‍ 60 ശതമാനവും ക്ഷയരോഗം ഉണ്ടെന്ന് ഉറപ്പിക്കാതെ സ്വയം മരുന്നു കഴിച്ചവരാണ്. മറ്റൊരു പഠനത്തില്‍ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ബാധിച്ച മുപ്പതു ശതമാനം പേര്‍ക്ക് കരളിന് ഗുരുതരമായ ക്ഷതം ഉണ്ടായതായി കണ്ടു. 50 ശതമാനത്തിലധികമായിരുന്നു ഇവരുടെ മരണനിരക്ക്. ശുദ്ധജലം മാത്രം ഉപയോഗിക്കുന്നു എന്നുറപ്പുവരുത്തിയാല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ തടയാന്‍ സാധിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.79, പൗണ്ട് – 105.16, യൂറോ – 90.42, സ്വിസ് ഫ്രാങ്ക് – 94.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.04, ബഹറിന്‍ ദിനാര്‍ – 219.61, കുവൈത്ത് ദിനാര്‍ -269.09, ഒമാനി റിയാല്‍ – 215.04, സൗദി റിയാല്‍ – 22.07, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.74, കനേഡിയന്‍ ഡോളര്‍ – 61.95.