സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ നോട്ടീസ്

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ നോട്ടീസ്. നോട്ടിസിലെ ചിത്രത്തില്‍ വാഹനത്തിൽ ഇരിക്കാത്ത സ്ത്രീയുടെ മൂന്നാമതൊരു ചിത്രം തെളിഞ്ഞത് അങ്കലാപ്പായി.പയ്യന്നൂര്‍ മേല്‍പ്പാലത്തിന് സമീപം മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവറുടെ പിന്നില്‍ മറ്റൊരു സ്ത്രീരൂപം കൂടി പതിഞ്ഞത് അങ്കലാപായത്. എന്നാൽ പിന്‍സീറ്റിലുണ്ടായിരുന്ന കുട്ടികളെ ഫോട്ടോയില്‍ കാണാനുമില്ല.സംഭവിച്ചതെങ്ങനെയെന്ന ആശയക്കുഴപ്പത്തിലാണ് നോട്ടീസ് ലഭിച്ച ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയും മോട്ടോര്‍വാഹനവകുപ്പും. വാഹനത്തില്‍ സഞ്ചരിച്ച കുടുംബം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. പിഴ ചുമത്തിയ എ.ഐ ക്യാമറയുടെ ചിത്രം ശ്രദ്ധിച്ചപ്പോഴാണ് പിന്‍സീറ്റില്‍ മറ്റൊരു സ്ത്രീ ഇരിക്കുന്നതായി കാണുന്നത്. ഇങ്ങനെയൊരാള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല.മുന്‍സീറ്റില്‍ ഇരുന്ന സ്ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യതയുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് സംശയിക്കുന്നത്. അല്ലെങ്കില്‍ എഐ ക്യാമറ പകര്‍ത്തിയ, മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവുകൊണ്ട് പതിഞ്ഞതുമാകാമെന്നും പറയുന്നു. മോട്ടോര്‍ വാഹനവകുപ്പ് ഇതുസംബന്ധിച്ച്‌ കെല്‍ട്രോണിനോട് കാര്യങ്ങള്‍ തിരക്കാൻ ഉത്തരവ് വിട്ടിട്ടുണ്ട്.