ബാങ്കോക്ക്: ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്കുള്ള വിസ തായ്‌ലൻഡ് ഒഴിവാക്കുന്നു. നവംബർ 10 മുതല്‍ 2024 മേയ് വരെയാണ് വിസയില്ലാതെ തന്നെ തായ്‌ലൻഡിലേയ്ക്ക് പോകാൻ ഇന്ത്യക്കാര്‍ക്ക് അവസരം ഒരുങ്ങുന്നത്.
തായ്‌വാനില്‍ നിന്നുള്ളവര്‍ക്കും ഈ അവസരം ഉപയോഗിക്കാമെന്ന് തായ്‌ലൻഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് നടപടി. കഴിഞ്ഞ സെപ്‌തംബറില്‍ ചൈനീസ് വിനോദസഞ്ചാരികള്‍ക്കുള്ള വിസ നടപടികളും തായ്‌ലൻഡ് ഒഴിവാക്കിയിരുന്നു. സര്‍ക്കാരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം 2023 ജനുവരി മുതല്‍ ഒക്ടോബര്‍ 29 വരെ തായ്‌ലാൻഡില്‍ എത്തിയത് 22 ദശലക്ഷം സന്ദര്‍ശകരാണ്. ഇതിലൂടെ 25.67 ബില്യണ്‍ ഡോളറാണ് സര്‍ക്കാരിന് വരുമാനം ലഭിച്ചത്.
ഇന്ത്യയില്‍ നിന്നും തായ്‌വാനില്‍ നിന്നും എത്തുന്നവര്‍ക്ക് 30 ദിവസമാണ് തായ്‌ലൻഡില്‍ ചെലവഴിക്കാൻ അനുമതിയുള്ളത്. തായ്‌ലൻഡില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 1.2 ദശലക്ഷം ആളുകളാണ് ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ നിന്ന് തായ്‌ലൻഡില്‍ എത്തിയത്. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ക്രിസ്‌മസ്, പുതുവര്‍ഷ അവധിക്കാലം എത്തുന്നതിനാല്‍ ഈ വര്‍ഷം മാത്രം 28 ദശലക്ഷം സന്ദര്‍ശകരെയാണ് തായ്‌ലൻഡ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇന്ത്യയെ തായ്‌ലൻഡുമായും മ്യാൻമറുമായും റോഡുമാര്‍ഗം ബന്ധിപ്പിക്കുന്ന ത്രിരാഷ്‌ട്ര പാതയുടെ നിര്‍മാണം അവസാന ഘട്ടങ്ങളിലേയ്ക്ക് കടക്കുകയാണ്. മണിപ്പൂരിലെ മോറെയെ മ്യാൻമര്‍ വഴി തായ്‌ലൻഡിലെ മേ സോട്ടുമായാണ് ബന്ധിപ്പിക്കുന്നത്. 1400 കീലോമീറ്ററാണ് ദേശീയപാതയുടെ നീളം. 2027ഓടെ പാത പൂര്‍ത്തിയാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മൂന്നുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ത്രിരാഷ്ട്ര പാതയിലൂടെ ലക്ഷ്യം വയ്ക്കുന്നത്