കർഷകരിൽ നിന്നു സപ്ലൈകോ നെല്ലു സംഭരിച്ചതിന്റെ കുടിശിക നൽകണമെന്ന ഉത്തരവു പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കുടിശിക ഒരു മാസത്തിനകം നൽകണമെന്നു കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ഒരു കാരണവശാലും കർഷകർക്കു ബാധ്യതയുണ്ടാക്കരുതെന്നും ഏതെങ്കിലും കേസിൽ റിക്കവറി നടപടികളുടെ ലാഞ്ചനയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നൽകി. നെല്ലിൻറെ വില ചുരുക്കം ചിലർക്കെ ഇനി നൽകാനുള്ളുവെന്നും അവർ ബാങ്കിൽ അക്കൗണ്ട് തുറക്കാത്തതുകൊണ്ടാണെന്നും സപ്ലൈകോ അറിയിച്ചു. കനറാ ബാങ്കിൽ അക്കൗണ്ടില്ലാത്തവർക്ക് എസ്ബിഐ, കേരള ബാങ്ക് എന്നിവ വഴി നൽകാമെന്നും ഇതുവരെ റിക്കവറി നടപടികളൊന്നും എടുത്തിട്ടില്ലെന്നും വിശദീകരിച്ചു. നെല്ലു സംഭരിച്ച വകയിൽ കിട്ടാനുള്ള തുകയ്ക്കു വേണ്ടി പാലക്കാട് കൊല്ലങ്കോട് സ്വദേശി ശിവാനന്ദൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്.