[29.10.2023]
?️ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനാൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. പാക്കിസ്ഥാൻ, റഷ്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൽ 120 രാജ്യങ്ങൾ അനുകൂലമായി വോട്ടു ചെയ്തു.
ആക്രമണം ശക്തമാക്കി ഇസ്രയേൽ
?️ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണമായും തകർന്നു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധ സംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചു. അവിടേക്കുള്ള വൈദ്യുതി പൂർണമായും വിച്ഛേദിക്കുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം ആളുകൾ പുറംലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു. അതേസമയം, തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇസ്രയേൽ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു. അൽ ഖസം ബ്രിഗേഡ്സും മറ്റ് വിഭാഗങ്ങളും പൊരുതിക്കൊണ്ടിരിക്കുകയാണ്. നെതന്യാഹുവും അയാളുടെ പരാജയപ്പെട്ട സൈന്യവും യാതൊരു സൈനിക വിജയവും നേടില്ലെന്നും ഹമാസ് അവകാശപ്പെട്ടു.
”ഗാസയില്‍ ഇനിയും ആയിരക്കണക്കിന് ആളുകള്‍ മരിക്കും”; മുന്നറിയിപ്പുമായി യുഎന്‍
?️ കര ആക്രമണത്തിൽ ആയിരക്കണക്കിന് പേർ മരിച്ചേക്കുമെന്ന മുന്നറിയിപ്പുമായി യുഎന്നിലെ മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ ടർക്ക്. ഗാസയിൽ സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്നും പുറത്തു കടക്കാൻ വഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 7703 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിൽ 3500 അധികവും കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ.
ജോസ് ആലുക്കാസ് ഡയമണ്ട് എൻക്ളേവ് ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ തൃശൂരിൽ
സ്വർണ വ്യാപാര രംഗത്തെ വിശ്വാസ്യത റിയൽ എസ്റ്റേറ്റ് മേഖലയിലും കാത്തു സൂക്ഷിക്കുന്ന ജോസ് ആലുക്കാസ് പ്രോപ്പർട്ടീസിന്റെ താമസയോഗ്യമായ ലക്ഷ്വറി അപ്പാർട്ട്മെന്റുകളിൽ ഏതാനും എണ്ണം മാത്രം ബാക്കി. തൃശൂർ കോർപറേഷൻ പരിധിയിലെ മികച്ച ലൊക്കേഷൻ, ജൂബിലി മിഷൻ മെഡിക്കൽ കോളേജിനടുത്ത് 11 നിലകളിൽ 3 BHK, 2 BHK അപ്പാർട്ട്മെന്റുകൾ. സമീപത്തു തന്നെ ആരാധനാലയങ്ങൾ, ഐസിഎസ്ഇ – സിബിഎസ്ഇ സ്കൂളുകൾ, സൂപ്പർ മാർക്കറ്റുകൾ. ദേശീയ പാതയിലേക്ക് 400 മീറ്റർ മാത്രം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 9387500500
Email: marketing@josalukkasproperties.com
സുരേഷ് ഗോപിക്കെതിരേ കേസ്
?️മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് കോഴിക്കോട് നടക്കാവ് പൊലീസ് കേയെടുത്തത്.മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. മോശം ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ പിടിക്കുകയായിരുന്നു.
അതിർത്തിയിൽ പാക് വെടിവയ്പ്പ്; പ്രത്യാക്രമണം കടുപ്പിച്ച് ബിഎസ്എഫ്
?️ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക് വെടിവയ്പ്പ്. പ്രകോപനം കൂടാതെ ഗ്രാമങ്ങളിലേക്കും അതിർത്തി പ്രദേശങ്ങളിലേക്കും ഷെല്ലുകൾ അടക്കമുള്ളവ പ്രയോഗിച്ചതിനു പിന്നാലെ ബിഎസ്എഫ് പ്രത്യാക്രമണം ശക്തമാക്കി. 2021 നു ശേഷം പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ഗുരുതരമായി ലംഘിക്കുന്നത് ഇതാദ്യമായാണ്. വെള്ളിയാഴ്ച വൈകിട്ട് 8 മണിയോടെ ആർണിയ മേഖലയിൽ ആരംഭിച്ച വെടിവയ്പ്പ് ഏഴു മണിക്കൂറോളം നീണ്ടു നിന്നു. വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാനും ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.
ഫ്ലാഗ് മീറ്റിംഗിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ
?️ജമ്മു കാശ്മീർ അതിർത്തിയിലെ പാക്കിസ്ഥാന്റെ പ്രകോപനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. വൈകിട്ട് നടന്ന ഫ്ലാഗ് മീറ്റിങ്ങിൽ ആണ് ബിഎസ്എഫ് പാക് റേഞ്ചേഴ്സിനെ പ്രതിഷേധം അറിയിച്ചത്. യോഗത്തിൽ അതിർത്തിയിൽ സമാധാനം പാലിക്കാൻ ധാരണയായി. പ്രകോപനം കൂടാതെ ഗ്രാമങ്ങളിലേക്കും അതിർത്തി പ്രദേങ്ങളിലേക്കും ഷെല്ലുകൾ അടക്കമുള്ളവ പാക്കിസ്ഥാൻ പ്രയോഗിക്കുകയായിരുന്നു. പിന്നാലെ ബിഎസ്എഫ് പ്രത്യാക്രമണം ശക്തമാക്കി.
മുകേഷ് അംബാനിക്ക് നേരെ വധഭീഷണി
?️റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി.
മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ മുംബൈയിലെ ഗാംദേവി പൊലീസ് കേസെടുത്തു. ഒക്ടോബർ 27 ന് ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് നവംബര്‍ 1 മുതല്‍, സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്റണി രാജു
?️സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന ഉത്തരവ് നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ 1 നു പ്രാബല്യത്തിൽ വരും.
ഗുജറാത്തിൽ കൂട്ട ആത്മഹത്യ; 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേർ മരിച്ച നിലയില്‍
?️3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണ സംഭവമുണ്ടായത്. ശനിയാഴ്ച രാവിലെ സൂറത്തിലെ പാലൻപൂർ പാട്യയിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന ഫർണിച്ചർ വ്യവസായിയുടെ കുടുംബത്തിലെ 7 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ബിസിനസുകാരനായ മഹേഷ് സോളങ്കി തന്റെ മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും വിഷം കൊടുത്ത് കൊന്ന ശേഷം തൂങ്ങിമരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി ഉയർത്തി
?️ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു. നിലവില്‍ 15 വര്‍ഷം പൂര്‍ത്തിയായ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറേണ്ടതുണ്ട്. ഹരിത ഇന്ധനത്തിലേയ്ക്ക് മാറ്റുവാന്‍ ആവശ്യമായ പശ്ചാത്തല സൗകര്യം സമ്പൂര്‍ണമാകാന്‍ കാലതാമസം നേരിടുന്നത് കണക്കിലെടുത്തും, കൊവിഡ് കാലത്ത് 2വര്‍ഷം ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാന്‍ കഴിയാതിരുന്ന സാഹചര്യം പരിഗണിച്ചും ഇതര ഡീസല്‍ വാഹനങ്ങള്‍ക്ക് ഇത്തരം നിയന്ത്രണമില്ല എന്നതിനാലുമാണ് വര്‍ഷം തോറും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി ഉയര്‍ത്തുന്നത്.
”ഗുഡ് ടച്ചാണോ ബാഡ് ടച്ചാണോയെന്ന് തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തക”; വീണാ ജോർജ്
?️നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്. താൻ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമാണെന്നും ഇത്തരം പ്രവൃത്തികൾ ഒരു പൊതു പ്രവർത്തകന് ചേരുന്നതല്ലെന്നും വീണാ ജോർജ് പ്രതികരിച്ചു. സുരേഷ് ഗോപിയുടെ പ്രവൃത്തിയെ ന്യായീകരിക്കാനാവില്ലെന്നും ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തകയെന്നും മന്ത്രി വ്യക്തമാക്കി.
മാപ്പു പറഞ്ഞിട്ടും വേട്ടയാടുന്നു, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ശോഭ സുരേന്ദ്രൻ
?️ കോഴിക്കോട് മാധ്യമപ്രവർത്തകയ്ക്കെതിരെ മോശം പെരുമാറ്റം നടത്തിയ സംഭവത്തിൽ സുരേഷ് ഗോപിയെ ന്യായീകരിച്ച് ശോഭ സുരേന്ദ്രൻ രംഗത്ത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള വേട്ടയാടലാണ് സുരേഷ് ഗോപിക്കെതിരെ നടക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു.
മാധ്യമപ്രവർത്തകയെ മുൻനിർത്തി ഇടതുപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാണ്. അടച്ചിട്ട മുറിയിൽ ഇടതുപക്ഷം നടത്തുന്ന കാര്യങ്ങൽ പുറത്തേക്ക് പോകുന്നുണ്ട്. പരാതിയുമായി മുന്നോട്ടു പോയതിന്റെ പിന്നിൽ മന്ത്രി മുഹമ്മദ് റിയാസാണെന്നും കരുവന്നൂരിൽ നടത്തിയതിന്റെ പ്രതികാരം വീട്ടുകയാണെന്നും ശോഭ ആരോപിച്ചു.
ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകം: പ്രോസിക്യൂഷൻ വാദം പൂർത്തിയായി
?️ആലുവയിൽ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതി അസ്ഫാക് ആലമാണെന്നു വ്യക്തമാക്കുന്ന പതിനാറ് സാഹചര്യത്തെളിവുകൾ നിരത്തിയ പ്രോസിക്യൂഷൻ വാദം മൂന്നു മണിക്കൂർ നീണ്ടു.അതേസമയം കുറ്റം ചെയ്തത് പത്താൻ ഷേഖ് എന്നായാളാണെന്ന് പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതി അസഫാക് ആലം തന്നെയാണെന്നും ഒറ്റക്കാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നും വ്യക്തമാക്കുന്ന സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിരത്തിയത്. പ്രതിഭാഗം കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ തുടർവാദം 30 ലേക്ക് മാറ്റി.
‘കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാവില്ല, അടിയന്തര ഇടപെടൽ വേണം’
?️കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ലെന്ന് മുൻ മുൻമന്ത്രിയും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടിപി രാമകൃഷ്ണൻ. സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോടു ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണം. പ്രശ്നം മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
അവധി ദിവസങ്ങളിൽ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്
?️താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറത്തിറക്കി ജില്ലാകളക്ടർ. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ അവധി ദിവസങ്ങളില്‍ താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തുന്നതെന്നുംഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. 6 ചക്രത്തില്‍ കൂടുതലുള്ള ടിപ്പര്‍ ലോറികള്‍, 10 ചക്രത്തില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലേക്ക് വരുന്നു, വന്ദേഭാരത് സ്പെഷ്യൽ
?️കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വന്ദേഭാരത് സ്പെഷ്യലിന് ആലോചന. ചെന്നൈ- ബംഗളൂരു- എറണാകുളം റൂട്ടിൽ വന്ദേഭാരത് സ്പെഷ്യലിനുള്ള ശുപാർശ ദക്ഷിണ റെയ്ൽവെ അധികൃതർ റെയ്ൽ ബോർഡിന് സമർപ്പിച്ചു. ഇത് അംഗീകരിച്ചാൽ ദീപാവലിക്ക് മുമ്പുള്ള വ്യാഴാഴ്ച ഈ സ്പെഷ്യൽ ട്രെയ്ൻ ഓടിത്തുടങ്ങും.
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ്
?️ഛത്തീസ്ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 223 സ്ഥാനാർഥികളിൽ 26 പേരും ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് റിപ്പോർട്ട്. എഡിആറും ന്യൂ വും വെള്ളിയാഴ്ച പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾ അധികവും ബിജെപിയിലാണ്. 5 സ്ഥാനാർഥികളാണ് ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളത്. 2 പേർ കോൺഗ്രസിലും 4 പേർ ആംആദ്മി പാർട്ടിയിലും ഉൾപ്പെടുന്നു. ഇവരിൽ 16 പേരുടേത് ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിഹാറിൽ ഈ വർഷം അമിത് ഷാ എത്തുന്നത് എട്ടാം തവണ
?️കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന ബിജെപി റാലി നവംബർ അഞ്ചിന് മുസഫർപുരിൽ നടക്കും. ഈ വർഷം എട്ടാം തവണയാണ് അമിത് ഷാ ബിഹാറിലെത്തുന്നത്. ബിജെപി–ജെഡിയു സഖ്യം വേർപിരിഞ്ഞ ശേഷം ബിഹാറിൽ ബിജെപിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് അമിത് ഷാ. ബിഹാറിൽ എൻഡിഎ സഖ്യം ദുർബലമായെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 40 സീറ്റുകളിൽ പരമാവധി നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. 2025 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയ ശിൽപിയാണ് അമിത് ഷാ.
ലാവ്ലിൻ കേസ് വീണ്ടും സുപ്രീം കോടതിയിൽ
?️എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ആറുവർഷത്തിനിടെ 35 തവണയാണ് കേസ് ലിസ്റ്റ് ചെയ്തു മാറ്റിവയ്ക്കപ്പെട്ടത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാകും കേസ് പരിഗണിക്കുക.2017ല്‍ സുപ്രീംകോടതിയിലെത്തിയ ലാവ്ലിൻ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഒക്റ്റോബർ പത്തിനും കേസ് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്നു കേസ് സുപ്രീം കോടതി പരിഗണിച്ചില്ല.
സംസ്ഥാനത്ത് 8 ട്രെയിനുകളിൽ അധികബോഗികൾ അനുവദിച്ചു
?️യാത്രക്കാരുടെ സൗകര്യാർഥം കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയ്നുകളിൽ ദക്ഷിണറെയ്ൽവേ അധികബോഗികൾ കൂട്ടിച്ചേർത്തു. തിരുവനന്തപുരം സെൻട്രലിൽ നിന്ന് എറണാകുളം ജംഗ്ഷനിലേക്ക് സർവീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ച് കൂട്ടിച്ചേർത്തു. എറണാകുളം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് സർവീസ് നടത്തുന്ന വഞ്ചിനാട് എക്സപ്രസിൽ നവംബർ ഒന്നുമുതൽ ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ചു കൂടി ചേർക്കും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഷൊർണൂരിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് കോച്ച് അധികമായി ചേർക്കും.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെലോ അലർട്ട്
?️സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ് പരിഗണനയിൽ
?️കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തുന്നത് അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്നു ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നാഗേന്ദ്ര പാണ്ഡെ അറിയിച്ചു. ഇതിനായി രാജ്യത്തെ മറ്റു പ്രധാന ക്ഷേത്രങ്ങളിലുള്ള നിയന്ത്രണങ്ങളെക്കുറിച്ചു പഠിക്കുമെന്നും പാണ്ഡെ. ദർശനത്തിനെത്തുന്നവരിൽ പലരുടെയും വസ്ത്രം ക്ഷേത്ര പരിശുദ്ധിക്കു ചേരാത്തതാണെന്ന് ഭക്തരിൽ നിന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണു ട്രസ്റ്റ് യോഗം ഡ്രസ് കോഡിനെക്കുറിച്ചു ചർച്ച ചെയ്യുന്നത്. അടുത്ത മാസമാണു യോഗം.
മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ. അഷ്റഫ് വാഹനാപകടത്തിൽ മരിച്ചു
?️മുൻ ദേശീയ കബഡി താരവും ഫുട്ബോൾ താരവുമായ ഏലൂർ പുതിയ റോഡിന് സമീപം തേൻകുഴിയിൽ അഷ്റഫ് (62) വാഹനാപകടത്തിൽ മരിച്ചു.ഏലൂർ ഫാക്ട് ജീവനക്കാരനായിരുന്ന ഇദ്ദേഹം ഫാക്ട് ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്നു. ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഫാക്ട് ഫുട്ബോൾ ടീം നിരവധി ടൂർണമെൻറിൽ പങ്കെടുത്ത് ചാമ്പ്യന്മാർ ആയിട്ടുണ്ട്. ഏലൂർ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമി കോച്ചാണ് . കളമശേരി എച്ച്.എം.ടി. കവലയിൽ ശനിയാഴ്ച വൈകിട്ട് 5.15നോടെയായിരുന്നു അപകടം.
ഏഷ്യൻ പാര ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ
?️ഏഷ്യൻ പാര ഗെയിംസിൽ 111 മെഡലുകൾ സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ സംഘം. ഇതാദ്യമായാണ് അന്താരാഷ്ട്ര കായിക മേളയിൽ നിന്ന് ഇന്ത്യയുടെ പാര അത്ലറ്റുകൾ ഇത്രയധികം മെഡലുകൾ സ്വന്തമാക്കുന്നത്. 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവുമാണ് പാര ഗെയിംസിൽ നിന്ന് ഇന്ത്യ സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ നേടിയതിനേക്കാൾ കൂടുതൽ മെഡലുകളാണ് ഇത്തവണ പാര അത്ലറ്റുകൾ സ്വന്തമാക്കിയിരിക്കുന്നതെന്ന് ചുരുക്കം.
ത്രില്ലർ പോരാട്ടത്തിൽ കിവീസിനെ തകർത്ത് ഓസിസ്
?️ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ ന്യൂസീലന്‍ഡിനെതിരേ ഓസ്ട്രേലിയക്ക് അഞ്ചു റണ്‍സിൻ്റെ ജയം. 389 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. രചിന് രവീന്ദ്രയുടെ(116) സെഞ്ചുറി വെറുതെയായി. അവസാന ഓവറുകളിൽ ജെയിംസ് നീഷാം പൊരുതി നോക്കിയെങ്കിലും ഓസിസ് ന്യൂസീലന്‍ഡിനെ വിരിഞ്ഞു മുറുക്കുകയായിരുന്നു. നാലാം ജയത്തോടെ ഓസീസ് സെമി പ്രതീക്ഷകള്‍ സജീവമാക്കി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5740 രൂപ
പവന് 45920 രൂപ