ജോജി തോമസ്
നെന്മാറ : മേയാൻ വിട്ട ആടിനെ കർഷകന് മുന്നിൽ വച്ച് പുലി പിടിച്ചു. കരിമ്പാറ, തളിപ്പാടത്ത് പകൽ മൂന്നു മണിയോടെയാണ് മേയാൻ വിട്ട ആടിനെ പുലി പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്ത മരത്തണലിൽ ആടിന്റെ ഉടമ എ. വാസു ഇരിക്കുന്നുണ്ടായിരുന്നു. മറ്റ് ആടുകളുടെ നിലവിളിയും പേടിച്ചരണ്ട ഓട്ടവും കണ്ടു നോക്കിയ വാസുവിന് കൂട്ടത്തിലെ ഒരു ആടിനെ കടിച്ചു വലിച്ച് പുലി കൊണ്ടുപോകുന്നതാണ് കണ്ടത്. ഒന്നര വയസ്സ് പ്രായമുള്ള ആടിനെ വളപ്പിലെ കമ്പിവേലിക്ക് അടിയിലൂടെ കടിച്ചു വലിച്ച് അടുത്ത പറമ്പിലൂടെ സമീപത്തെ വനമേഖലയിലെക്ക് കൊണ്ടുപോയി. പിന്നാലെ ഒച്ചവെച്ച് ഓടിയെങ്കിലും പുലി ആടിനെ ഉപേക്ഷിക്കാതെ കടന്നുകളഞ്ഞു. പകൽ സമയത്ത് കൺമുന്നിൽ വച്ച് ആടിനെ കടിച്ചു കൊണ്ടുപോകുന്ന ഭീകര ദൃശ്യം വിഷമത്തോടെ വാസു വിവരിച്ചു. 7000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വാസു പറഞ്ഞു. ആടിനെ പുലി പിടിച്ച വളപ്പിന് ഒരുവശത്ത് കള്ളുഷാപ്പും മറ്റൊരു ഭാഗത്ത് വീടും കടയും ആളുകളുടെ സാന്നിധ്യവും ഉണ്ടായിരുന്നിട്ടും പകൽ പുലി ആടിനെ പിടിച്ചത്. പ്രദേശവാസികളിൽ ഞെട്ടൽ ഉണ്ടാക്കി. എപ്പോഴും വാഹന സഞ്ചാരമുള്ള നെന്മാറ കരിമ്പാറ റോഡരികിലാണ് സംഭവം. പ്രദേശത്ത് സ്ഥിരമായി കന്നുകാലികളെയും ആടിനെയും മേയ്ക്കുന്ന സ്ഥലമാണിത്. മൂന്നാഴ്ച മുമ്പാണ് 200 മീറ്റർ അകലെ വാസുവിന്റെ വീട്ടിൽ രാത്രി 9 മണിയോടെ പുലി ഒരു ആടിനെ പിടിച്ചുകൊണ്ടുപോയത്. മൂന്നു മാസം മുമ്പ് വാസുവിന്റെ അയൽക്കാരനായ നാരായണന്റെ ആടിനെയും പുലി കടിച്ചു കൊന്നിരുന്നു പ്ലാസ്റ്റിക് കയറിൽ കെട്ടിയിട്ടതിനാൽ അന്ന് പുലിക്ക് ആടിനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. കഴിഞ്ഞയാഴ്ച ഇപ്പോൾ പുലി ആടിനെ പിടിച്ചതിന് തൊട്ടടുത്ത റോഡിൽ വൈകിട്ട് പുലി നിൽക്കുന്നത് വാഹന യാത്രക്കാർ കണ്ടിരുന്നു. നെന്മാറ വനം ഡിവിഷനിലെ തിരുവഴിയാട്, പോത്തുണ്ടി സെക്ഷനുകൾ അതിരിടുന്ന തളിപ്പാടത്താണ് സ്ഥിരമായി ജനവാസ മേഖലയിൽ പുലി സാന്നിധ്യം കാണുന്നത്. കൂടുവെച്ച് പുലിയെ പിടികൂടി പ്രദേശത്തുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പ്രദേശത്തെ വനമേഖലയിലെ വൈദ്യുത വേലി പകൽ സമയത്ത് പ്രവർത്തിപ്പിക്കാറില്ലെന്നും രാത്രി അല്പസമയം മാത്രമേ പ്രവർത്തിക്കാറുള്ളൂ എന്നും പ്രദേശവാസികൾ പരാതി പറഞ്ഞു. വിവരമറിയിച്ചതിന് തുടർന്ന് തിരുവഴിയാട്, പോത്തുണ്ടി സെക്ഷൻ ജീവനക്കാർ സ്ഥലത്തെത്തി ആടിനെ പിടിച്ചുകൊണ്ടുപോയ സ്ഥലത്തെ രക്ത പാടുകളും മറ്റും പരിശോധിച്ചു.