നെല്ലിയാമ്പതി തോട്ടം തൊഴിലാളികളുടെ ആനുകൂല്യ വിതരണ ആലോചനായോഗം

നെല്ലിയാമ്പതി : നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിലെ തൊഴിലാളികളുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ ആലോചനയോഗം നടന്നു.
പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നെല്ലിയാംപതിയിലെ ബിയാട്രീസ്, മീരാ ഫ്ലോര്‍സ്, റോസറി, കരിമല, തുത്തംപാറ, ശിങ്കാരച്ചോല എന്നീ എസ്റ്റേറ്റുകളാണ് സര്‍ക്കാര്‍ പല കാലങ്ങളിലായി ഏറ്റെടുത്തത്.
വനം വകുപ്പ് തിരിച്ചെടുത്ത കാപ്പി, കുരുമുളക്, റബര്‍ തുടങ്ങിയ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കാണ് വനം വകുപ്പും കേരള വനവികസന കോര്‍പ്പറേഷനും ഏറ്റെടുത്ത ശേഷം തൊഴിലാളികള്‍ക്ക് വേതന കുടിശ്ശിക, വിരമിക്കല്‍ ആനുകൂല്യം, തൊഴില്‍ നല്‍കല്‍ എന്നിവ നിഷേധിക്കപ്പെട്ടത്.
ജില്ലാ വികസന സമിതി യോഗത്തില്‍ കെ.ബാബു എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തുന്നതിനായി നെന്മാറ ഡിഎഫ്‌ഒ ഓഫീസില്‍ സംഘടന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗം ചേര്‍ന്നതിന്‍റെ തുടര്‍നടപടി ആയാണ് നെല്ലിയാമ്ബതി പഞ്ചായത്താഫീസില്‍ യോഗം ചേര്‍ന്നത്.
കെ.ബാബു എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ പ്ലാന്‍റേഷൻ ഇൻസ്പെക്ടറും, ജീവനക്കാരും, വനം വകുപ്പ്, കെഎഫ്ഡിസി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്, എച്ച്‌എംഎസ് എന്നീ ട്രേഡ് യൂണിയൻ പ്രതിനിധികളും തൊഴിലാളികളും പങ്കെടുത്തു.