സബ്സിഡി അരി 5 കിലോ കിട്ടാൻ സബ്സിഡി ഇല്ലാത്ത 2 കിലോ അരികൂടി വാങ്ങണമെന്ന് നിർബന്ധം.
ബെന്നി വർഗീസ്
വടക്കഞ്ചേരി : ജില്ലയിലെ സപ്ലൈക്കോ സ്റ്റോറുകളിൽ പരിപ്പ്, ശര്‍ക്കര, മുളക് എന്നിങ്ങനെ അവശ്യ സാധനങ്ങളില്‍ മിക്കതും ലഭ്യമല്ല, ഇതിനു പുറമേയാണ് സപ്ലൈകോ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങിക്കുന്ന സാധനങ്ങള്‍ക്ക് ബില്ലടിച്ചു കിട്ടാൻ മണിക്കൂറുകള്‍ വരി നില്‍ക്കേണ്ട ദുരവസ്ഥ. ഒരുമാസം മുൻപ് ബില്ലിംഗ് സോഫ്റ്റ് വെയറില്‍ വരുത്തിയ മാറ്റമാണ് ബില്ലടിക്കാൻ വൈകുന്നത് എന്നതാണ് അധികൃതരുടെ വിശദീകരണം.
ഇതിന് പുറമെ സബ്സിഡി അരി 5 കിലോ കിട്ടാൻ സബ്സിഡി ഇല്ലാത്ത 2 കിലോ അരികൂടി വാങ്ങണമെന്ന് സപ്ലൈക്കോയിൽ സ്റ്റാഫുകൾ നിർബന്ധം പിടിക്കുന്നത് പൊതുജനങ്ങളെ വലക്കുന്നു. മാസത്തിൽ രണ്ടു ആദ്യ 15 നും പിന്നെ 30 നും ഇടയിൽ രണ്ടു തവണ വീതമായാണ് സബ്സിഡി അരി 10 കിലോ ലഭിക്കുന്നത്.ഇത് വാങ്ങുമ്പോൾ ഉപഭോക്താവ് അറിയാതെ 5 കിലോക്ക് പകരം 2 കിലോ സബ്സിഡി ഇല്ലാത്ത അരിയടക്കം 7 കിലോക്ക് ബിൽ അടിക്കും. ഉപഭോക്താവ് തർക്കിച്ചാൽ സപ്ലൈക്കോ എം ഡി യുടെ നിർദേശം ഉണ്ടെന്നാണ് വിശദീകരണം. ഇത് കിഴക്കഞ്ചേരി കുണ്ടുകാട് സപ്ലൈക്കോ യിൽ പലപ്പോഴും തർക്കങ്ങൾക്ക് വഴി വെയ്ക്കുന്നു.
കാലങ്ങളായി സപ്ലൈക്കോ സ്റ്റോറുകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങിക്കുന്ന നിരവധി പേരുണ്ട്. വൈകിട്ട് ഏറെ സമയം കാത്തുനിന്നിട്ടും ബില്ലടിക്കാനാവാതെ വരുന്നവര്‍ വാങ്ങിയ സാധനങ്ങള്‍ തിരിച്ച് വെച്ച് മടങ്ങിപ്പോവേണ്ട ഗതികേടിലാണ്. പിറ്റേന്ന് രാവിലെ എത്തി വീണ്ടും സാധനങ്ങള്‍ എടുത്ത് ബില്ലടിക്കാനുള്ള നീണ്ട ക്യൂവില്‍ സ്ഥാനം പിടിക്കണം.
വടക്കഞ്ചേരി , കിഴക്കഞ്ചേരി , വണ്ടാഴി, ആലത്തൂർ സപ്ലൈകോ സ്റ്റോറുകളില്‍ മാസങ്ങളായി ഈ സ്ഥിതിയാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന അനേകം ഉപഭോക്താക്കളാണ് ഇത്തരത്തില്‍ സമയവും സാമ്പത്തികവും കളഞ്ഞ് അത്യാവശ്യ സാധനങ്ങള്‍ക്കായി സപ്ലൈക്കോ സ്റ്റോറുകള്‍ക്ക് മുന്നില്‍ കാത്തുകെട്ടി കിടക്കേണ്ടി വരുന്നത്. റേഷൻ കാര്‍ഡ് അടിസ്ഥാനമാക്കി സബ്സിഡിയില്‍ രണ്ടും മൂന്നും സാധനങ്ങള്‍ ലഭ്യത പ്രകാരം വാങ്ങിക്കാൻ മാസത്തില്‍ പല തവണ വരുന്നവര്‍ നിരവധി പേരുണ്ട്.
കാത്തുനില്‍പ്പ് ഒഴിവാക്കാൻ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. പരാതി പറയാൻ ഔട്ട് ലെറ്റുകളില്‍ പ്രദര്‍ശിപ്പിച്ച സപ്ലൈകോ ഉദ്യോഗസ്ഥരുടെ നമ്പരുകളില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പരാതിയുണ്ട്. സോഫ്റ്റ് വെയര്‍ തകരാറിലെ സാങ്കേതികത്വം പറഞ്ഞ് പ്രശ്നത്തെ നേരിടാനാവില്ല. കുഴപ്പം പിടിച്ച സോഫ്റ്റ് വെയര്‍ മാറ്റിയിട്ടായാലും അനാവശ്യമായി കാത്തുനിറുത്തി പരീക്ഷിക്കുന്നത് ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
.