26.10.2023
കരയുദ്ധത്തിന് മുന്നോടിയായി കനത്ത വ്യോമാക്രമണം; 700 മരണം
?️കരസേനാ നീക്കത്തിനു മുന്നോടിയായി ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചപ്പോൾ ഒരു ദിവസം മരിച്ചത് 700 പേർ. തിങ്കളാഴ്ച 400 കേന്ദ്രങ്ങളിലാണു ബോംബുകൾ വർഷിച്ചത്. ആക്രമണം രൂക്ഷമായതോടെ ഗാസയിലെ ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു. ഇതിനിടെ, ഉടൻ ഇന്ധനമെത്തിച്ചില്ലെങ്കിൽ ദുരിതാശ്വാസ പ്രവർത്തനം അവസാനിപ്പിക്കുമെന്നു യുഎൻ അഭയാർഥി ഏജൻസി പ്രഖ്യാപിച്ചതോടെ ഗാസയിലെ ദുരിതം കൂടുതൽ രൂക്ഷമായി. വ്യോമ, കടൽ, കര മാർഗങ്ങളിൽ ഉടൻ ആക്രമണം നടത്തുമെന്നും ഗാസയെ നിയന്ത്രിക്കുന്ന ഇസ്ലാമിക ഗ്രൂപ്പിനെ തുടച്ചുനീക്കുമെന്നും ഇസ്രേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു.
ഗാസ കൂട്ടമരണത്തിലേക്ക്: മുന്നറിയിപ്പുമായി സന്നദ്ധ സംഘടനകൾ
?️അവസാന തുള്ളി ഇന്ധനവും തീരുന്നതോടെ ഗാസ കൂട്ടമരണത്തിലേക്കാണ് പോവുന്നതെന്ന് സന്നദ്ധ സംഘടനകളുടെ മുന്നറിയിപ്പ്. ഓക്സ്ഫാം അടക്കമുള്ള സംഘടനകള്‍ ഗാസയിലെ അവസ്ഥ ഭീകരമാണെന്ന് അറിയിച്ചു. ഒരാൾക്ക് മൂന്ന് ലിറ്റർ ശുദ്ധജലം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്ധന ട്രക്കുകളെ ഗാസയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. ആശുപത്രികളിൽ ഭൂരിഭാഗവും ഇന്ധനമില്ലാതെ പ്രവർത്തനം നിലച്ചു. മിക്കയിടത്തും ഭാഗിക പ്രവർത്തനം മാത്രമാണ് നടക്കുന്നത്. ഇന്ധനം ഉടൻ എത്തിയില്ലെങ്കിൽ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകൾ അറിയിക്കുന്നത്. ആറ് ലക്ഷം അഭയാർഥികൾക്ക് യുഎൻ ഏജൻസികൾ സഹായം നൽകി വരുന്നുണ്ട്.
ഗാസയിൽ വെടിനിർത്തൽ ഇല്ല:ഇസ്രായേൽ
?️ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടെ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ സെക്രട്ടറി ജനറലിന്‍റെ ആവശ്യം തള്ളി ഇസ്രയേൽ. ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന പരാമർശം നടത്തിയ യുഎൻ മേധാവി അന്‍റോണിയോ ഗുട്ടിറെസ് രാജിവെയ്ക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്. രാസായുധ സംഘർഷത്തിൽ ഏർപ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീതരല്ലെന്നും അദ്ദേഹം പറഞ്ഞു
‘ഹമാസ് അനുകൂല’ പ്രസ്താവന തിരുത്തി യുഎൻ സെക്രട്ടറി ജനറൽ
?️ഹമാസ് അനുകൂല പ്രസ്താവനയ്ക്കെതിരേ വിമർശനം കനത്തതോടെ നിലപാട് തിരുത്തി യുഎൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറസ് രംഗത്ത്. ഹമാസിന്‍റെ ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല എന്ന പ്രസ്താവനയാണ് തിരുത്തിയത്. തന്‍റെ വാക്കുകൾ തെറ്റായാണ് പലരും വ്യാഖ്യാനിച്ചതെന്നും ഹമാസിന്‍റെ ആക്രമണത്തെ താൻ ന്യായീകരിച്ചിട്ടില്ലെന്നും ഗുട്ടറസ് പറഞ്ഞു. ഹമാസിന്‍റെ ആക്രമണത്തിന് പകരമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയെ ന്യായീകരിക്കാനാകില്ലെന്നും യു എൻ തലവൻ അഭിപ്രായപ്പെട്ടു.
കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവു വരുത്തി ഇന്ത്യ
?️കനേഡിയൻ പൗരന്മാരുടെ വിസ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചുകൊണ്ടുള്ള സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ. എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്.അടുത്തിടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ വിസ സര്‍വീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ ആശ്രയിച്ചിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാഠപുസ്തകങ്ങളിൽ ഇനി മുതൽ ഇന്ത്യ ഇല്ല; ‘ഭാരത്’
?️എന്‍സിആർടി പാഠപുസ്തകങ്ങളിൽ ഇനി മുതൽ ഇന്ത്യ ഇല്ല. രാജ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പുസ്തകങ്ങളിലും ‘ഭാരത്’ എന്ന് തിരുത്തൽ വരുത്താൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ നൽകി. 7 അംഗസമിതി ഐകകണ്ഠ്യേന എടുത്ത തീരുമാനമാണിതെന്ന് സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സി ഐ ഐസകിന്‍റെ നേതൃത്വത്തിലുള്ള സമിതി അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പ്രാചീന ചരിത്രത്തിന് പകരം ഇനി മുതല്‍ ക്ലാസിക്കൽ ചരിത്രമെന്നാക്കാനും ശുപാർശയുണ്ട്.
കരുവന്നൂർ മോഡൽ ബാങ്ക് തട്ടിപ്പ് കുട്ടനല്ലൂരിലും!
?️കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ പണയവസ്തുവില്‍ തുക അധികമായി എഴുതി ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി റിസോര്‍ട്ട് ഉടമ രായിരത്ത് സുധാകരന്‍. നാലു പേരുടെ വ്യാജ വിലാസത്തില്‍ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ ഒരു കോടി തട്ടിയെടുത്തെന്നാണ് പരാതി. അനധികൃതമായി ഒരു കോടി കൂടി എഴുതിച്ചേര്‍ത്തത് താന്‍ അറിയാതെയാണെന്നും വ്യക്തമാക്കി. ബാങ്ക് അധികൃതരെ സമീപിച്ചതോടെ എല്ലാം ശരിയാക്കാമെന്നു വാഗ്ദാനം നല്‍കിയെന്നും പിന്നീട് കൈമലര്‍ത്തിയെന്നും സുധാകരൻ ആരോപിച്ചു.
വിനായകനെതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഡിസിപി
?️എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ. വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് ജാമ്യത്തിൽ വിട്ടതെന്ന് ഉമാ തോമസ് എംഎൽഎ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിസിപി രംഗത്തെത്തിയത്. പൊലീസ് ആരുടേയും സ്വാധീനത്തിന് വഴങ്ങിയിട്ടില്ല. ബഹളമുണ്ടാക്കിയതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേരളാ പൊലീസ് ആക്‌ട് പ്രകാരം മൂന്നുവർഷം തടവു ലഭിക്കാവുന്ന രണ്ടുവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം
?️വയനാട് ജില്ലകളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) അറിയിച്ചു. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഭക്ഷ്യവകുപ്പിനെതിരേ രൂക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ
?️ഭക്ഷ്യ വകുപ്പിനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ടാർഗറ്റ് പൂർത്തിയാക്കിയാലേ സപ്ലൈക്കോയിലെ താത്കാലിക ജീവനക്കാർക്ക് ശമ്പളമുള്ളൂ എന്ന് പറയുന്നത് മര്യാദക്കേടാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇത് ഇടതു സർക്കാരിന് ചേർന്ന നിലപാടല്ല, പണിയെടുക്കുന്നവർക്ക് കൂലി കൊടുക്കണമെന്നും സംസ്ഥാന സപ്ലൈക്കോ വർക്കേഴ്സ് ഫെഡറേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഉള്ളി വിലയും സെഞ്ചുറിയടിച്ചു
?️ലോകകപ്പ് ക്രിക്കറ്റിലെ സെഞ്ചുറി പ്രളയത്തിനൊപ്പം, അടുക്കളയിലെ അനിവാര്യ സാന്നിധ്യമായ ചെറിയ ഉള്ളിയുടെ വിലയും സെഞ്ചുറിയടിച്ച് മുന്നേറുകയാണ്. കേരളത്തില്‍ പലയിടത്തും 100-120 രൂപയാണ് കിലോഗ്രാമിന് ചില്ലറ വില. വില പിടിവിട്ടുയര്‍ന്നതോടെ അടുക്കളയില്‍ നിന്ന് ചെറിയ ഉള്ളിയെ പലരും അകറ്റിനിർത്തിയിരിക്കുകയാണ്.
ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
?️കൊച്ചി കാക്കനാട്ടെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനു പിന്നാലെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കാക്കനാട് സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുൽ ആർ. നായരാണ് മരിച്ചത്. കഴിഞ്ഞ 3 ദിവസമായി ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്നാണ് നിഗമനം. കാക്കനാട്ടെ മാവേലിപുരത്തുള്ള ഹോട്ടലിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്
?️കേരളത്തിൽ ഒക്റ്റോബർ 31ന് ബസ് പണിമുടക്ക്. ദൂരപരിധി നോക്കാതെ എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് പുതുക്കണമെന്നാണ് ആവശ്യം. അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബസ് ഉടമകൾ.
ഏക്നാഥ് ഷിൻഡെയെ ഹമാസ് എന്ന് വിശേഷിപ്പിച്ച് സഞ്ജയ് റാവത്ത് എംപി
?️ഉദ്ധവ് താക്കറയെ വിമർശിച്ച ഏക്നാഥ് ഷിൻഡെയെ ഹമാസ് എന്ന് വിശേഷിപ്പിച്ച് സഞ്ജയ് റാവത്ത് എംപി. എത്രത്തോളം വിദ്വേഷമാണ് ബിജെപി നിങ്ങളിൽ നിറച്ചിരിക്കുന്നത്. ശിവസേനയാണ് നിങ്ങൾക്ക് രാഷ്ട്രീയത്തിലേക്കുള്ള കാൽവെയ്പിന് ഇടം നൽകിയത്. നിങ്ങളെ മുഖ്യമന്ത്രിയാക്കിയതും അവരാണ്. അവരെയാണ് നിങ്ങൾ ഹമാസെന്ന് വിശേഷിപ്പിച്ചത്. നിങ്ങൾ തന്നെയാണ് ഹമാസെന്ന് റാവത്ത് വിശേഷിപ്പിച്ചു. മഹാരാഷ്ട്രയിലെ റാലിക്കിടെയായിരുന്നു ഏക്നാഥ് ഷിൻഡെയുടെ വിമർശം. ഉദ്ധവിന് സ്വാർഥതയാണ് പ്രധാനമെന്നും അവർ വേണ്ടി വന്നാൽ ഹമാസിനോടും ലഷ്കറെ തയിഹയുമായും കൂട്ടുകൂടുമെന്നാണ് ഷിൻഡെ വിമർശിച്ചത്.
വിരമിക്കൽ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെ
?️മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുശീൽ കുമാർ ഷിൻഡെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന പ്രഖ്യാപനം നടത്തി, 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം എഴുപതുകളുടെ തുടക്കത്തിൽ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ഷിൻഡെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്‍റെ മകൾ പ്രണിതി ഷിൻഡെ സോലാപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പിൻഗാമിയാകുമെന്ന് പ്രഖ്യാപിച്ചു.
ചോദ്യക്കോഴ: ആരോപണം ഗൗരവമുള്ളത്- ഐടി മന്ത്രി
?️തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ ചോദ്യക്കോഴ ആരോപണം ഗൗരവമുള്ളതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പാർലമെന്‍റംഗങ്ങളുടെ ലോഗിൻ ഐഡിയും പാസ്‌വേഡും വ്യവസായിക്കു കൈമാറിയെന്ന വെളിപ്പെടുത്തൽ ഏറെ പ്രധാനമാണ്. ഇക്കാര്യത്തിൽ പാർലമെന്‍ററി എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണത്തോട് നാഷണൽ ഇൻഫൊർമാറ്റിക് സെന്‍റർ സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്നാട് ഗവർണറുടെ വസതിക്കുനേരെ ബോംബേറ്
?️തമിഴ്നാട്ടിൽ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനു നേരെ പെട്രോൾ ബോംബെറിഞ്ഞു. രാജ്ഭവന്‍റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ കറുക്ക വിനോദ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. സൈദാപേട്ട് കോടതി പരിസരത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ നിന്ന് പെട്രൊൾ മോഷ്ടിച്ച വിനോദ് രണ്ട് കുപ്പികളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി രാജ്ഭവനിലെ പ്രധാന ഗേറ്റിലേക്ക് എറിയുകയായിരുന്നു.
വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ
?️വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീഡനകേസിലെ നാലാം പ്രതി കുട്ടി മധു എന്ന മധുവിനെയാണ് ആലുവ ബിനാനിപുരത്തെ ഫാക്‌ടറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ ഫാക്‌ടറിയിലെ ജീവനക്കാരനായിരുന്നു മധു. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് മധു.
മധ്യപ്രദേശില്‍ സ്ഥാനാർഥികളെ മാറ്റി കോൺഗ്രസ്
?️ നവംബർ പതിനേഴിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിൽ സ്ഥാനാർഥികളെ മാറ്റി കോൺഗ്രസ്. പ്രതിഷേധങ്ങളുണ്ടായതിനെ തുടർന്നാണ് 4 സ്ഥാനാർഥികളെ മാറ്റി പുതിയ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടത്. സുമവലി, പിപിരിയ, ബാദ്നഗർ, ജോറ മണ്ഡലങ്ങളിലെ സ്ഥാനാർഥികളിലാണ് മാറ്റം വരുത്തിയത്. വിമതരുടെ പ്രതിഷേധം വിജയ സാധ്യതയെ ബാധിച്ചേക്കുമെന്ന കണക്കു കൂട്ടലിലാണ് നാല് സീറ്റുകളില്‍ സ്ഥാനാർഥിയെ മാറ്റാനുള്ള കോണ്‍ഗ്രസ് തീരുമാനം.
ആഗ്രയില്‍ പത്തല്‍കോട്ട് എക്സ്പ്രസില്‍ തീപിടിത്തം
?️ആഗ്രയിൽ പത്തൽകോട്ട് എക്സ്പ്രസിൽ തീപിടിത്തം. തീപിടിത്തതിൽ ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. . ആഗ്രയിലെ ബദായി റെയില്‍വെ സ്റ്റേഷന് സമീപത്തുവെച്ച് ഇന്നലെ വൈകീട്ടോടെയാണ് ട്രെയിനിന് തീപിടിച്ചത്. ട്രെയിനിന്‍റെ രണ്ടു കോച്ചുകളിലാണ് തീപടര്‍ന്നത്. കോച്ചില്‍നിന്ന് പുക ഉയര്‍ന്ന ഉടനെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പുക ഉയര്‍ന്ന കോച്ചുകള്‍ വേര്‍പ്പെടുത്തി. സംഭവം നടന്ന ഉടനെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ ആർക്കും തന്നെ പരിക്കുകൾ ഏറ്റിട്ടില്ല.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22-ന്
?️അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 22-ന് ഉച്ചയ്ക്ക് 12.30നാണ് ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകളിൽ പങ്കെടുക്കും. രാമഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ച കുറിപ്പിലൂടെ മോദി തന്നെയാണ് ക്ഷണം സ്വീകരിച്ച വിവരം അറിച്ചത്. ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നത് തന്‍റെ ജീവിതത്തിലെ സൗഭാഗ്യമായി കണക്കാക്കുന്നു എന്നാണ് മോദി കുറിച്ചത്.
കരുവന്നൂർ: പ്രതികളുടെ ജാമ്യപേക്ഷയിൽ വിധി പറയുന്നത് മാറ്റി
?️കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി.ആർ. അരവിന്ദാക്ഷന്‍റെയും സി.കെ. ജിൽസിന്‍റെയും ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റി. എറണാകുളം കലൂർ പിഎംഎൽഎ കോടതിയാണ് ജാമ്യപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റിയത്. വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. ഇരുവർക്കുമെതിരെ ഇഡി കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ഗതാഗതക്കുരുക്കിൽ ക്രമം തെറ്റിച്ച കെഎസ്ആർടിസി ഡ്രൈവറെ യുവാക്കള്‍ മർദിച്ചു
?️ഒല്ലൂരിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച യുവാക്കൾ പിടിയിൽ. ഒല്ലൂര്‍ സെന്‍ററിലെ ഗതാഗതക്കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചതാണ് പ്രകോപനത്തിന് കാരണമായത്. തൊടുപുഴ സ്വദേശിയായ അബ്ദുള്‍ ഷുക്കൂറിനാണ് മര്‍ദനമേറ്റത്. സംഭവത്തിൽ ലോറി ഡ്രൈവർ മർഷുദ്, ക്ലീനർ മിന്നാ, ബൈക്കിൽ വന്ന തൈക്കാട്ടുശേരി സ്വദേശി വിജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പന്നി സ്കൂട്ടറിൽ ഇടിച്ച് വീണ് യുവാവ് മരിച്ചു
?️നാരങ്ങാനത്ത് രാത്രിയിൽ പന്നിയെ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ രക്തം വാർന്ന് മരിച്ചു. നാരങ്ങാനം കടമ്മനിട്ട വാലയിൽ പരേതനായ ഗോപാലകൃഷ്ണനാ ചാരിയുടെ മകൻ രഞ്ജു (32)വാണ് മരിച്ചത്. അതേസമയം റോഡിൽ യുവാവ് വീണു കിടക്കുന്നത് കണ്ട് സമീപവാസി ആംബുലൻസ് വിളിച്ചിട്ടും വന്നില്ല എന്നും പരാതി ഉയർന്നു.
ചക്രവാതച്ചുഴി: 5 ദിവസം മഴ
?️വടക്കൻ കേരളത്തിന് മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മാത്രമല്ല 25, 29 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
നെതര്‍ലന്‍ഡ്സിനെതിരേ ഓസീസിന് 309 റണ്‍സിന്റെ കൂറ്റന്‍ ജയം
?️ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിനെതിരേ ഓസ്ട്രേലിയയ്ക്ക് പടുകൂറ്റന്‍ വിജയം. ലോകകപ്പിലെ വേഗമേറിയ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്സ് വെല്ലിന്റെയും ഈ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും വെടിക്കെട്ട് ബാറ്റിങ്ങില്‍ 309 റണ്‍സിനാണ് ഓസീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടിയപ്പോള്‍ നെതര്‍ലന്‍ഡ്സ് 21 ഓവറില്‍ 90 റണ്‍സിന് എല്ലാവരും പുറത്തായി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5665 രൂപ
പവന് 45320 രൂപ