16.10.2023
വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ തീരം തൊട്ടു
?️പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ തീരം തൊട്ടു. ഷെൻ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടർ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, വി ശിവൻകുട്ടി, സജി ചെറിയാൻ, ആന്റണി രാജു, കെ എൻ ബാലഗോപാൽ, കെ രാജൻ, ജി ആർ അനിൽ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു. വിഴിഞ്ഞം പദ്ധതിക്കെതിരെ സമരത്തിലടക്കം പങ്കെടുത്ത് പലതവണ രംഗത്തെത്തിയെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരണത്തിന് എത്തിയിരുന്നു. വിഴിഞ്ഞം തുറമുഖത്തിലൂടെ വ്യവസായ, നിക്ഷേപ രംഗത്ത് അനന്ത സാധ്യത തുറക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രംഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം ഇന്ത്യയുടെ പുതിയ വാണിജ്യ കവാടമാകും. ദുബായ്, സിംഗപ്പുർ, കൊളംബോ എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടെയ്‌നർ വ്യവസായം ഇനി കേരളത്തെ ആശ്രയിക്കും.
ഗാസയ്‌ക്കെതിരേ ത്രിതല ആക്രമണം പ്രഖ്യാപിച്ച് ഇസ്രയേൽ
?️ഗാസയ്‌ക്കെതിരേ ത്രിതല ആക്രമണം പ്രഖ്യാപിച്ച് ഇസ്രയേൽ. കരയിലൂടെയും കടലിലൂടെയും വ്യോമ മാർഗവും ഗാസയെ ആക്രമിക്കുവാനാണ് ഇസ്രയേൽ നീക്കം. കഴിഞ്ഞ നാല് ദിവസമായി ഗാസ അതിർത്തിയിൽ ഇസ്രയേൽ സൈന്യം തമ്പടിച്ചിരിക്കുകയാണ്. ഏതു നിമിഷവും ആക്രമണം തുടങ്ങാൻ ലക്ഷ്യമിട്ടാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കൻ ഗാസയിലുള്ള ജനങ്ങൾക്ക് ഇസ്രയേൽ മുന്നറിയിപ്പു നൽകി.
തടവിലാക്കിയവരെ വിട്ടയക്കണമെന്ന് ഹമാസിനോട് ആവർത്തിച്ച് പോപ്പ്
?️തടവിലാക്കിയ ഇസ്രയേലികളെ വിട്ടയക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ട് പോപ്പ് ഫ്രാൻസിസ്. ഇസ്രയേൽ- പലസ്തീൻ പ്രശ്നത്തി ൽ ഞാൻ ദുഃഖിതനാണ്. നിലവിലെ പ്രശ്നത്തിൽ കുട്ടികളും പ്രായമായവരും സ്ത്രീകളും അടക്കമുള്ള പൗരന്മാരെ ഇരകളാക്കരുതെന്ന് ഞാൻ ശക്തമായി ആവശ്യപ്പെടുകയാണ്. വിശുദ്ധ ഭൂമിയിലാണെങ്കിലും യുക്രൈനിലാണെങ്കിലും എവിടെയും നിരപരാധികളുടെ രക്തം ചിന്താൻ ഇടയാക്കരുതെന്നും പോപ് സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ പറഞ്ഞു.
ശക്തമായ മഴ; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടം
?️സംസ്ഥാനത്ത് ശക്തമായ മഴ തുരുകയാണ്. വിവിധ ജില്ലകളിൽ കനത്ത മഴയിലും വിവിധയിടങ്ങളിൽ നാശനഷ്ടം. കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. കോഴിക്കോട് ഇടിമിന്നലിൽ വീട് കത്തിനശിച്ചു. കൊയിലാണ്ടിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തൃശൂർ മലക്കപ്പാറയിൽ കനത്ത മഴയിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. ഗതാഗതം തടസപ്പെട്ടു. തൃശൂരിന്‍റെ മലയോരമേഖലകളിൽ കനത്ത മഴ തുടരുകയാണ്. വാഴച്ചാൽ മലക്കപ്പാറ പാതയിൽ മണ്ണിടിഞ്ഞു വീണു. എറണാകുളം ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. പറവൂർ കുഴുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ടു ചെമ്മീൻ കെട്ടിലേക്ക് മറിഞ്ഞു. കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കണ്ടിവാതുക്കലിൽ ഇന്നലെ രാത്രി ഇടിമിന്നലിൽ പുറപ്പുഴയിൽ മേരിയുടെ വീടിന് തീപിടിച്ചു.
തലസ്ഥാനത്ത് കനത്ത മഴ
?️തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. രാത്രി തെക്കൻ, മധ്യ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ കിട്ടിയിരുന്നു. 9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര, പൊന്മുടി, വർക്കല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ്. നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മണക്കാട്, ഉള്ളൂർ, വെള്ളായണി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിൽ അഞ്ച് സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ മഴയാണ് പെയ്തത്.
തിരുവനന്തപുരത്ത് 3 നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
?️കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് മൂന്നു നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.കരമന നദിയിലെ വെള്ളെകടവ് സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും വാമനപുരം നദിയിലെ അയിലം സ്റ്റേഷനിലും യെലോ അലര്‍ട്ടും ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രത
?️കനത്ത മഴ തുടരുന്നത് സാഹചര്യത്തിൽ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ വീണ്ടും ഉയർത്തും. നിലവിൽ 70 സെന്റീമീറ്റർ വീതം നാല് ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ഇതിനുപുറമേ ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തുമെന്നാണ് അറിയിപ്പ്. ഇതേ തുടർന്ന് സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടർ മുന്നറിയിപ്പ് നൽകി.ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു.
തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
?️കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്റ്റർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളെജുകൾക്കും കേന്ദ്രീയ വിദ്യാലയത്തിനും അവധി ബാധകമായിരിക്കും.
തെലങ്കാന തിരഞ്ഞെടുപ്പ്: പ്രകടനപത്രിക പുറത്തിറക്കി ബി.ആർ.എസ്
?️തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി ആർ എസ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് പ്രകടനപത്രിക അവതരിപ്പിച്ചത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി മിസോറമിലേക്ക്
?️ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മിസോറാമിലേക്ക്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മിസോറാമിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഭാരത് ജോഡോ മാതൃകയിൽ യാത്രാ നടത്തുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ആണ് ഭാരത ജോഡോ മാതൃകയിൽ യാത്ര. തുടർന്ന് സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തെ കണ്ട് തെരഞ്ഞെടുപ്പ് ചർച്ചകൾ നടത്തും. മിസോറാമിന്റെ തെക്കുഭാഗമായ ലംഗ്ലേരി കേന്ദ്രീകരിച്ചും ഭാരത് ജോഡോ മാതൃകയിൽ യാത്ര നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് വൈകും
?️തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസിന്‍റെ സമയത്തിൽ മാറ്റം. കൊച്ചുവേളിയിലെ വെള്ളക്കെട്ടുമൂലം ഉച്ചയ്ക്ക് 12.30 ന് പുറുപ്പെടേണ്ട ട്രെയിൻ വൈകുന്നേരം 7.35 ന് മാത്രമേ തിരുവനന്തപുരത്തു നിന്നും പുറപ്പെടുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ബെവ്കോയിൽ അഭയം തേടി കെഎസ്ആർടിസി ജീവനക്കാർ
?️സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന കെഎസ്ആർടിസിയിൽ നിന്ന് രക്ഷപെടാൻ കോർപ്പറേഷൻ വാഗ്ദാനം ചെയ്ത ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലേക്ക് ജീവനക്കാരുടെ ഒഴുക്ക്. മറ്റ് സർക്കാർ വകുപ്പുകളിലേക്കും വിവിധ കോർപറേഷനുകളിലേക്കുമാണ് ജീവനക്കാർക്ക് ഡെപ്യൂട്ടേഷനിൽ ജോലിക്ക് പ്രവേശിക്കാൻ അവസരം. കെഎസ്ആര്‍ടിസിയിലെ ആകെയുള്ള 24,500 സ്ഥിരം ജീവനക്കാരില്‍ പകുതിയിലേറെപ്പേരും ഡെപ്യൂട്ടേഷനായി ബെവ്റിജസ് കോർപ്പറേഷനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ, 263 പേര്‍ക്ക് മാത്രമാണ് അവിടെ നിയമനം ലഭിക്കുക. വ്യവസ്ഥ പ്രകാരം ഒരു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍. അത് കഴിഞ്ഞാൽ മാതൃസ്ഥാപനത്തിലേക്ക് തന്നെ തിരിച്ച് വരേണ്ടിവരും. എങ്കിലും കുഴപ്പമില്ലെന്ന നിലപാടിലാണ് ജീവനക്കാർ.
പാചക വാതക വിതരണം പ്രതിസന്ധിയിലാകും
?️പാചക വാതക വിതരണം നടത്തുന്ന ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. പണിമുടക്ക് സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലാക്കും. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു. ഈ ചർച്ചകളിലും സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നത്.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകേണ്ടതില്ല: എം.വി. ഗോവിന്ദൻ
?️വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടേണ്ട കാര്യമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി ഇല്ലാതാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിച്ചത്. അതിനെ ശക്തമായി എതിർത്തുകൊണ്ടാണ് പദ്ധതി നടപ്പാക്കിയതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.അദാനിക്ക് പദ്ധതി നൽകിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. മന്ത്രിസഭ പോലും ചേരാതെ ഇത്തരത്തിൽ തീരുമാനമെടുത്തതിനെതിരെ ഞങ്ങൾ ശക്തമായി നിലപാട് സ്വീകരിച്ചു. വിഷയത്തിൽ കേസ് തുടരുകയാണ്.വിഴിഞ്ഞം പദ്ധതിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം
സ്കൂൾ വിദ്യാർഥിയെ കാറിടിച്ച് കൊന്നയാളുടെ ലൈസൻസ് റദ്ദാക്കി
?️സ്കൂൾ വിദ്യാർഥിയെ കാറിടിച്ച് കൊന്നയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദ് ചെയ്തു. കാട്ടാക്കടയിൽ പതിനഞ്ചുകാരന്‍ ആദിശങ്കറിന്‍റെ സൈക്കിളിൽ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി എസ്.ആർ. പ്രിയരഞ്ജന്‍റെ ലൈസൻസാണ് റദ്ദാക്കിയത്.കഴിഞ്ഞ ഏപ്രിലിൽ പ്രിയരഞ്ജൻ ക്ഷേത്രത്തിന്‍റെ മതിലിൽ മൂത്രമൊഴിച്ചത് ആദിശങ്കർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സൈക്കിളിൽ പോവുകയായിരുന്ന ആദിശേഖറിനെ കാറിടിപ്പിച്ച് കൊല്ലാൻ പ്രിയരഞ്ജനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രിയരഞ്ജനെതിരെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അന്വേഷണം നടത്തുകയും ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാർശ നൽകുകയും ചെയ്‌തിരുന്നു.
തർക്കങ്ങൾക്കു പിന്നാലെ കൈപിടിച്ച് സൗഹൃദം പങ്കിട്ട് മണിയും ശിവരാമനും
?️ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച വിഷയത്തിൻമേൽ പോരു നടന്നതിന് പിന്നാലെ സൗഹൃദം പങ്കിട്ട് കെ.കെ. ശിവരാമനും എം.എം. മണിയും. ചെറുതോണിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ സ്വീകരണത്തിനു ശേഷമാണ് ഇരുവരും സൗഹൃദം പങ്കിട്ടത്.ഞങ്ങൾ തമ്മിൽ നേരത്തെയും തർക്കം ഒന്നുമില്ല. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. ബാക്കി പിന്നാലെ പാക്കലാം എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.മണിയാശാൻ പറഞ്ഞതിൽ കൂടുതലൊന്നും പറയാനുമില്ലെന്ന് കെ.കെ. ശിവരാമനും പ്രതികരിച്ചു.
”കണ്ണൂര് ചായ കൊച്ചിയിൽ ഊണ്”, കെ റെയിൽ വിടാതെ എം.വി. ഗോവിന്ദൻ
?️കേന്ദ്രത്തിന്‍റെ അംഗീകാരം കിട്ടിയാൽ കെ റെയില്‍ കേരളത്തിൽ ഇടതുപക്ഷം നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.കെ റെയിലിനുവേണ്ടിയുള്ള ശ്രമങ്ങളെ യുഡിഎഫും ബിജെപിയും കൂടി പൊളിച്ചു. കെ റെയിലിലൂടെ കണ്ടത് 50 കൊല്ലത്തിന്‍റെ വളർച്ചയാണ്. അതിനെയാണു പാരവച്ചതെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.
രജൗരിയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്
?️ജമ്മുകാശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്കേറ്റു. റൈഫിൾമാൻ ഗുരുചരൺ സിംഹിനാണ് പട്രോളിംഗിനിടെ പരുക്കേറ്റത്. അബദ്ധത്തിൽ ലാൻഡ് മൈനിൽ ചവിട്ടുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ സിംഗിനെ ഉടൻ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്കു ശേഷം വിദഗ്ധ ചികിത്സക്കായി ഇധംപൂരിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റി.
തമിഴ്നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 7 പേർ മരിച്ചു
?️തമിഴ്നാട് തിരുവണ്ണാമലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. 3 സ്ത്രീകളും 2 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയ ശേഷം ബംഗളൂരുവിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. കാർ ഓടിച്ചിരുന്ന സതീഷ് ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ ഓടി മറഞ്ഞ ലോറി ഡ്രൈവർക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കുങ്കിയാനയായ മുതുമല മൂർത്തി ചരിഞ്ഞു
?️ഒരുകാലത്ത് കേരള, തമിഴ്നാട് വനങ്ങളോടു ചേർന്നു പ്രദേശങ്ങൾ മരണദൂതുമായി വിഹരിച്ച മോഴയാന “മുതുമല മൂർത്തി’ ചരിഞ്ഞു. മുതുമല കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാംപിലായിരുന്നു 59 വയസുള്ള മൂർത്തിയുടെ അന്ത്യം. കേരളത്തിലും തമിഴ്നാട്ടിലുമായി 25 പേരെ കൊലപ്പെടുത്തിയതിന്‍റെ പാപഭാരം പേറുന്ന ആനയാണു മൂർത്തി. കേരളത്തിൽ 23 പേരുടെ മരണത്തിനു കുറ്റം ചാർത്തപ്പെട്ട ആനയെ വെടിവയ്ക്കാൻ 1998ൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. എന്നാൽ, കേരളത്തിന്‍റെ ദൗത്യ സംഘമെത്തിയപ്പോൾ തമിഴ്നാട് വനത്തിലേക്കു കടന്ന ആന അവിടെയും രണ്ടു പേരെ കൊലപ്പെടുത്തി. തുടർന്ന് ആനയെ പിടികൂടാൻ തമിഴ്നാട് തീരുമാനിച്ചു. 1998 ജൂലൈ 12നാണ് തെപ്പക്കാട് ആനക്യാംപിലെ വെറ്ററിനറി ഡോക്റ്റർ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് ആനയെ പിടികൂടിയത്. .
മഹാരാഷ്ട്രയിൽ മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു
?️മഹാരാഷ്ട്രയിൽ മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു. 23 പേർക്ക് പരുക്കേറ്റു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ സമൃദ്ധി എക്സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്. എക്സ്പ്രസ് വേയിലെ വൈജാപൂർ മേഖലയിൽ പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. സ്വകാര്യ മിനി ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നെന്നാണ് റിപ്പോർട്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചക്രവാതച്ചുഴി: കേരളത്തിൽ പരക്കെ മഴ പെയ്യും
?️അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് കനത്ത മഴ. ഞായറാഴ്ച തെക്കന്‍ കേരളത്തില്‍ പരക്കെ അതിശക്ത മഴയും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയും ലഭിച്ചു. തിങ്കളാഴ്ചയും അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മറ്റു പത്തു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചുക്രവാതച്ചുഴി ശക്തിയാര്‍ജിച്ച് ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദമായി മാറുമെന്നാണ് പ്രവചനം. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറു വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ
?️വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലയാഴം, ഉല്ലല മാരാംവീട് ഭാഗത്ത് ചതുരത്തറ വീട്ടില്‍ അരുണ്‍ സി തോമസ്(22), തലയാഴം ഉല്ലല ഭാഗത്ത് രാജ് ഭവന്‍ വീട്ടില്‍ അഖില്‍ രാജ് (22), സഹോദരൻ രാഹുല്‍ രാജ് (24) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം വൈകിട്ട് മരംവീട് പാലത്തിന് സമീപം വച്ച് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പഞ്ചറായ ബൈക്ക് തള്ളിക്കൊണ്ട് പോയത് കണ്ട് ചിരിച്ചു എന്ന് ആരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ വിസ്മയം
?️ലോകകപ്പ് ക്രിക്കറ്റിൽ നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടിനെതിരേ അഫ്ഗാനിസ്ഥാന് 69 റൺസിന്‍റെ വിസ്മയ വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 49.5 ഓവറിൽ 284 റൺസിന് ഓൾഔട്ടായപ്പോൾ, ഇംഗ്ലണ്ടിന്‍റെ മറുപടി 40.3 ഓവറിൽ 215 റൺസിൽ അവസാനിച്ചു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5541 രൂപ
പവന് 44328 രൂപ