ചാലക്കുടി: കനത്ത മഴയില്‍ അന്തര്‍ സംസ്ഥാന പാതയായ ആനമല റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു

. ഷോളയാര്‍ പവര്‍ഹൗസിന് സമീപം അമ്പലപ്പാറ ഭാഗത്താണ് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്.

മഴയില്‍ റോഡിന്റെ വശത്തുള്ള കരിങ്കല്‍കെട്ട് ഇടിയുകയും തുടര്‍ന്ന് റോഡ് ഇടിഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്. വനമേഖലയില്‍ മഴ തുടരുന്നതിനാല്‍ റോഡിന്റെ പലഭാഗങ്ങളും ഇടിയാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇതുവഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിര്‍ത്തിവച്ചു. ചെറുവാഹനങ്ങളുടെ ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ടോടെയാണ് റോഡ് ഇടിഞ്ഞുപോയത്. റോഡ് ഇടിഞ്ഞ് ഗതാഗതം തടസ്സമായതോടെ തോട്ടം തൊഴിലാളികളും ആദിവാസികളും ദുരിതത്തിലായിരിക്കുകയാണ്. ചികിത്സക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്താന്‍ പോലും ബുദ്ധിമുട്ടാകുന്ന സാഹചര്യമാണിപ്പോള്‍. റോഡിന്റെ തകരാര്‍ ഉടന്‍ പരിഹിരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.