ഇസ്രായേൽ ആക്രമണം തടയാൻ അടിയന്തര നടപടി വേണമെന്ന് അറബ് ലീഗ്
?️ഗാസ മുനമ്പിലെ അപകടകരമായ ഇസ്രായേൽ ആക്രമണം തടയാനും പലസ്‌തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും അടിയന്തര രാഷ്ട്രീയ നടപടി വേണമെന്ന് കെയ്‌റോയിൽ അറബ് ലീഗ് ആസ്ഥാനത്തുചേർന്ന അറബ് വിദേശ മന്ത്രിമാരുടെ അസാധാരണ യോഗം ആവശ്യപ്പെട്ടു. ഗാസക്കെതിരായ ഇസ്രയേൽ ഉപരോധത്തെ ശക്തമായി അപലപിച്ച യോഗം ഉപരോധം ഉടൻ പിൻവലിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സംഘർഷം വ്യാപിപ്പിക്കുന്ന പക്ഷം അതിന് എല്ലാവരും വില നൽകേണ്ടിവരുമെന്ന് സംയുക്ത പ്രസ്‌താവന മുന്നറിയിപ്പ് നൽകി.
സിറിയയിലെ രണ്ട് വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം
?️സിറിയയിലെ രണ്ട് പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി സിറിയ. ആക്രമണത്തിൽ റൺവേകൾ തകർന്നു. രണ്ട് വിമാനത്താവളങ്ങളും താത്കാലികമായി അടച്ചിരിക്കുകയാണ്. വടക്കൻ നഗരമായ ആലപ്പോയിലും തലസ്ഥാനമായ ഡമാസ്കസിലുമുള്ള വിമാനത്താവളങ്ങളിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായമില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ന്യൂസ് ഏജൻസിയായ സന റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ ഇസ്രയേലി സൈന്യം പ്രതികരിച്ചിട്ടില്ല. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാൻ സിറിയ വഴി ആയുധങ്ങളും മറ്റു സഹായങ്ങളും കൈമാറാനുള്ള സാധ്യത കണക്കിലെടുത്താണ് ഇസ്രയേൽ സിറിയയിലെ വിമാനത്താവളങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിടുന്നത്.
മേഖലാ അവലോകന യോഗങ്ങള്‍ പുതിയ ഭരണനിർവഹണ മാതൃക
?️മേഖലാ അവലോകന യോഗങ്ങള്‍ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ഭരണനിർവഹണ മാതൃകയാണ് ഇത്. നാല് മേഖലയിലെയും പ്രശ്‌നങ്ങളിൽ ഇടപെടാൻ ഇതിലൂടെ കഴിഞ്ഞു. പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റേത് ആനുകൂല്യം പിടിച്ചു വയ്ക്കുന്ന സമീപനം; സുധാകരൻ
?️സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും 25000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവെച്ച് സർക്കാർ അവരെ മുച്ചൂടും വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. 50 ലക്ഷത്തിലധികം വരുന്ന പാവപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ നൽകിയിട്ട് നാലുമാസം കഴിഞ്ഞു.
”കെ.കെ. ഷൈലജയ്‌ക്കെതിരേ പരോക്ഷ വിമർശനവുമായി കെ.ടി. ജലീൽ
?️ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷൈലജയ്‌ക്കെതിരേ പരോക്ഷ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ.
‘”ഹമാസ്” ഭീകരരെങ്കിൽ “ഇസ്രായേൽ” കൊടുംഭീകരർ. ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേൽ ഫലസ്തീനികളോട് കാണിക്കുന്നത് ‘ – എന്നാണ് ജലീൽ ഫെയ്സ് ബുക്കിൽ കുറിച്ചത്. ഇസ്രയേലിനു നേരെ ഹമാസ് നടത്തിയത് പ്രത്യാക്രമണമാണെന്ന് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതികരിച്ചതിനു പിന്നാലെയായിരുന്നു കെ.കെ. ഷൈലജ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയത്.
ജെഡിഎസ് കേരളത്തിൽ സ്വതന്ത്രമായി തുടരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
?️ജെഡിഎസ് കേരളത്തിൽ സ്വതന്ത്രമായി തുടരാൻ തീരുമാനം. ദേശീയ നേതൃത്വവുമായുള്ള ബന്ധം സംസ്ഥാന നേതൃത്വം വിഛേദിച്ചതായി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. ദേശീയ നേതൃത്വം ബിജെപിയുമായി സഖ്യം ചേർന്നതോടെയാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. പുതിയ പാർട്ടി രൂപീകരണം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ആശയപരമായി ഒരുമിക്കാവുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു
‘ഓപ്പറേഷന്‍ ബ്ലൂ പ്രിന്‍റ്’
?️ഗ്രാമപഞ്ചായത്തുകളിലെ എന്‍ജിനീയറിങ് വിഭാഗത്തിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്‍റെ സംസ്ഥാനതല മിന്നൽ പരിശോധന. ഓപ്പറേഷന്‍ ബ്ലൂ പ്രിന്‍റ് എന്ന പേരിലാണ് വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ ഒരേ സമയം ഗ്രാമപഞ്ചായത്ത് ഓഫിസുകളിലും തുടർന്ന് സ്ഥലപരിശോധനയുൾപ്പടെയുള്ള പരിശോധനകളും ആരംഭിച്ചത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കീഴിലെ ഗ്രാമപഞ്ചായത്തുകളിൽ കെട്ടിട നിർമാണ പെർമിറ്റുകൾ നൽകുന്നതിലും കെട്ടിട നമ്പർ അനുവദിക്കുന്നതിലും ചില ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായും, ഗ്രാമപഞ്ചായത്തുകൾ മുഖേന ചെയ്യുന്ന നിർമാണ പ്രവൃത്തികളിലും മരാമത്ത് പണികളിൽ ടെൻഡർ നൽകുന്നതിലും ക്രമക്കേട് നടക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തെരഞ്ഞെടുത്ത 57 ഗ്രാമപഞ്ചായത്തുകളിൽ മിന്നല്‍ പരിശോധന നടന്നത്.
വന്ദനദാസിന്‍റെ കൊലപാതകത്തിൽ വിചാരണ ആരംഭിച്ചു
?️കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഹൗസ് സർജൻ ഡോ. വന്ദനദാസ് കൊലക്കേസിന്‍റെ വിചാരണ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി പ്രതി സന്ദീപിനെ (43) കോടതിയിൽ ഹാജരാക്കി. കൊല്ലം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ വിഡിയൊ കോൺഫറൻസിലൂടെ ഹാജരാക്കിയ പ്രതിക്കെതിരേ ചാർജ് ചെയ്തിട്ടുള്ള കുറ്റങ്ങളും നിയമവകുപ്പുകളും തെളിവുകളും വായിച്ചു കേൾപ്പിച്ചു. തുടർവിചാരണയ്ക്കായി 17ന് വീണ്ടും കേസ് കോടതി പരിഗണിക്കും. കേസിൽ ദൃക്‌സാക്ഷികളടക്കം 136 സാക്ഷികളും 121 രേഖകളും തൊണ്ടി മുതലുകളുമാണുള്ളത്. . നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സന്ദീപിന്‍റെ വിചാരണ കസ്റ്റഡിയിൽ തന്നെ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കൊല്ലം മീയണ്ണൂർ അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ വിദ്യാർഥിനി വന്ദനദാസ് (23) ഇന്‍റേൺഷിപ്പ് പരിശീലനത്തിന്‍റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണു കൊല്ലപ്പെടുന്നത്.
ആരോപണങ്ങളിൽ മൗനം തുടർന്ന് വീണാ ജോർജ്
?️പേഴ്സണൽ അസിസ്റ്റന്‍റ് അഖിൽ മാത്യുവിനെതിരായ നിയമന കോഴ ആരോപണത്തിൽ പ്രതികരിക്കാതെ ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോപണങ്ങളിൽ പ്രതികരണമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ”തീർച്ചയായും ഉണ്ടല്ലോ, പ്രതികരണമുണ്ട്” എന്നു മാത്രമായിരുന്നു മന്ത്രിയുടെ മറുപടി. അഖിൽ മാത്യുവിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തൽ വന്നിട്ടും ഇതിനോട് പ്രതികരിക്കാൻ മന്ത്രി തയാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ആരിസ് ഖാന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് ഡൽഹി ഹൈക്കോടതി
?️ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ പൊലീസ് ഇൻസ്പെക്‌ടറെ വധിച്ച കുറ്റവാളിയുടെ ശിക്ഷയിൽ ഇളവു പ്രഖ്യാപിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹി പൊലീസ് സ്പെഷൽ സെൽ ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയെ വധിച്ച ആരിസ് ഖാന്‍റെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്. അപൂർവത്തിൽ അപൂർവമായ കേസെന്ന് വിലയിരുത്തിയാണ് 2021 ൽ മാർച്ചിൽ വിചാരണ കോടതി ആരിസ് ഖാന് വധശിക്ഷ വിധിച്ചിരുന്നത്. തുടർന്ന് ജൂലൈയിൽ ആരിസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2008 സെപ്റ്റംബർ 19നാണ് ജാമിയ നഗറിൾ ഏറ്റുമുട്ടൽ ഉണ്ടാവുന്നത്. സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടന്ന തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. തുടർന്ന് രക്ഷപ്പെട്ട ഇയാളെ 2018 ഫെബ്രുവരി 14 ആണ് പിടികൂടിയത്.
സ്വര്‍ണക്കടത്തിന് ഒത്താശ
?️കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്നതിന് ഒത്താശ ചെയ്ത സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. സിഐഎസ്എഫ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് നവീന്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിംഗിന്‍റെതാണ് ഉത്തരവ്.
ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെന്‍ഷന്‍.
തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല
?️തമിഴ്നാട്ടിൽ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നു. ചെന്നൈയിലെ ഷോളവാരത്ത് ആവഡി പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൊലക്കേസ് പ്രതികളായ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണൻ, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
കോട്ടയത്ത് അമോണിയം കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു
?️കാഞ്ഞിരപ്പള്ളി എലിക്കുളം – തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജങ്ഷനിൽ അമോണിയം കൊണ്ടുവന്ന ടാങ്കർ ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം. തോട്ടിലെ മീനുകൾ ചത്തുപൊങ്ങി. ഇന്നലെ പുലർച്ചെയാണ് സംഭവം. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ലോറി ക്രെയ്ൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനുകൾ സമീപത്തുള്ളതിനാൽ സാധിച്ചില്ല. ട്രാൻസ്ഫോർമറിന് സമീപമാണ് വാഹനം മറിഞ്ഞിരിക്കുന്നത്.
പലസ്തീന് നിരുപാധിക പിന്തുണ?️ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ പലസ്തീനെ പിന്തുണച്ച് സിപിഎം നേതാവ് എം. സ്വരാജിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്…’ -എന്ന തലക്കെട്ടോടെയാണ് സ്വരാജിന്‍റെ കുറിപ്പ്. ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞെന്ന് സ്വരാജ് കുറിച്ചു.
പാർവതികുണ്ഡിൽ ധ്യാനനിരതനായി പ്രധാനമന്ത്രി
?️പ്രധാനമന്ത്രി നരേന്ദ്രമോദി പാർവതികുണ്ഡിൽ പൂജയും ധ്യാനവും നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മോദി പ്രാർത്ഥിക്കുന്നതും പൂജ ചെയ്യുന്നതും ശംഖ് ഊതുന്നതും ധ്യാനനിരതനായിരിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംസ്ഥാനത്തെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മോദി നിർവഹിക്കും. പൊതു യോഗത്തിലും പ്രധാനമന്ത്രി സംസാരിക്കുമെന്ന് ബിജെപി അറിയിച്ചു.
വിമാനയാത്രക്കിടെ യുവനടിയോട് അപമര്യാദയായി പെരുമാറിയ സംഭവം; മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് തൃശൂർ സ്വദേശി
?️വിമാനയാത്രക്കിടെ യുവനടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് തൃശൂർ സ്വദേശി ആന്‍റോ. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിച്ചേക്കും. വിന്‍ഡോ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മാത്രമാണ് ഉണ്ടായത്. ഗ്രൂപ്പ് ടിക്കറ്റിലാണ് താന്‍ യാത്ര ചെയ്തത്. സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തതോടെ, എയര്‍ഹോസ്റ്റസുമാര്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കുകയും, നടിക്ക് മറ്റൊരു സീറ്റ് അനുവദിക്കുകയും ചെയ്തതാണെന്നും ആന്‍റോ ജാമ്യഹര്‍ജിയില്‍ പറയുന്നു.
ഓപ്പറേഷൻ ‘അജയ്’
?️ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യത്തിന് തുടക്കമായി. ഓപ്പറേഷൻ അജയ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതിനിടെ, ഇസ്രയേലിൽ കുടുങ്ങിയ മലയാളി തീർഥാടകരുടെ ആദ്യ സംഘം കേരളത്തിൽ തിരിച്ചെത്തി.
ഇസ്രായേലിനെ മാത്രം പിന്തുണയ്ക്കുന്ന മോദിയുടെ നിലപാട് ശരിയല്ല: തരൂർ
?️നിരപരാധികളെ കൊലപ്പെടുത്തിയ ഹമാസിന്‍റെ നടപടി ന്യായീകരിക്കാനാകുന്നതല്ലെന്ന് കോൺഗ്രസ് നേതാവ് ശശി തിരൂർ എംപി. ഹമാസ് ഇസ്രായേലിനെതിരെ നടത്തിയത് ഭീകരാക്രമമാണ്. ഇസ്രയേലിനെ മാത്രം പിന്തുണയ്ക്കുന്ന മോദിയുടെ നിലപാട് അപക്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലസ്‌തീൻ ജനത കനത്ത ദുരിതത്തിലായ സാഹചര്യമാണ് നിലവിലുള്ളത്. പാലസ്‌തീൻ മേഖലയിലേക്കുള്ള അധിനിവേശവും ജൂതരെ വ്യാപകമായി പാർപ്പിക്കുന്നതും വർഷങ്ങളായി തടസ്സമില്ലാതെ തുടരുകയാണ്. ഈ വിഷയത്തിൽ ഇന്ത്യ കാലങ്ങളായി സ്വീകരിച്ചു വരുന്ന നിലപാട് വളരെ വ്യക്തമാണ്. ഇസ്രയേലികളും പാലസ്തീനികളും സുരക്ഷിതമായ അതിർത്തികൾക്കപ്പുറം സമാധാനത്തോടെ ജീവിക്കണം എന്നതാണ് കോൺഗ്രസിന്റെ നയം. എത്രയും വേഗം പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളി സൈനികന്‍ പാമ്പുകടിയേറ്റ് മരിച്ചു
?️രാജസ്ഥാനിൽ ജോലിക്കിടെ സൈനികൻ പാമ്പു കടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡ് മൊഴിക്കാട്ട് കാർത്തികേകന്‍റേയും രാമേശ്വരിയുടേയും മകൻ വിഷ്ണു (32) ആണ് മരിച്ചത്. അളകയാണ് വിഷ്ണുവിന്‍റെ ഭാര്യ. മകൻ: ധ്രുവിക്.
സ്കൈ ഡൈവ് ചെയ്ത് റെക്കോഡിട്ട 104കാരി വിടവാങ്ങി
?️104-ാം വയസിൽ സ്കൈ ഡൈവ് ചെയ്ത് റെക്കോഡ് കുറിച്ച മുത്തശി ഡൊറോത്തി ഹോഫ്നർ വിടവാങ്ങി. കഴിഞ്ഞയാഴ്ചയായിരുന്നു ഡൊറോത്തിയുടെ റെക്കോഡ് പ്രകടനം. അമെരിക്കയിലെ ചിക്കാഗോ എയർപോർട്ടിൽ നിന്നു പറന്നുയർന്ന ശേഷം ഒട്ടാവ പ്രദേശത്ത് 13,500 അടി ഉയരത്തിൽ നിന്നായിരുന്നു ഡൊറോത്തിയുടെ സ്കൈ ഡൈവിങ്. 104കാരിയുടെ പ്രകടനം വൈറലായതോടെ ലോകമെമ്പാടും നിന്നും അഭിനന്ദനങ്ങൾ പ്രവഹിച്ചിരുന്നു. സ്കൈ ഡൈവ് ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന വിശേഷണം നേടിയ ശേഷമാണു ഡൊറോത്തി ഹോഫ്നർ വിട പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച ഉറക്കത്തിലായിരുന്നു ഡൊറോത്തിയുടെ മരണമെന്നു ബന്ധുക്കൾ അറിയിച്ചു. ബ്രൂക്ഡേൽ ലേക്കിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം.
തുലാവർഷം സജീവമാകുന്നു
?️സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു.തെക്കന്‍ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
?️ കേരളത്തിൽ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബർ 12,13,16 തീയതികളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 12-10-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
13-10-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
16-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മാലിന്യം വലിച്ചെറിയുന്നവർ ശ്രദ്ധിച്ചോളൂ; വൻതുക പിഴയും ജയിൽ വാസവും!
?️റോഡിലും ജലാശയങ്ങളിലും ഉൾപ്പെടെ പൊതു സ്ഥലങ്ങളിൽ മലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് പുറത്തിറക്കാനാണ് സർക്കാർ നീക്കം.
നഴ്സിങ് കോളെജുകളിൽ 79 പുതിയ തസ്തികകള്‍ക്ക് അംഗീകാരം
?️സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്സിങ് കോളെജുകളില്‍ അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 79 തസ്തികകളാണ് സൃഷ്ടിക്കുക. 5 പ്രിന്‍സിപ്പല്‍മാര്‍, 14 അസിസ്റ്റന്‍റ് പ്രൊഫസര്‍, 6 സീനിയര്‍ സൂപ്രണ്ട്, 6 ലൈബ്രേറിയന്‍ ഗ്രേഡ് ഒന്ന്, 6 ക്ലര്‍ക്ക്, 6 ഓഫിസ് അറ്റന്‍ഡന്‍റ് എന്നിങ്ങനെ സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്. ഇതുകൂടാതെ 12 ട്യൂട്ടര്‍, 6 ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്‍റ്. 6 ഹൗസ് കീപ്പര്‍, 6 ഫുള്‍ടൈം സ്വീപ്പര്‍, 6 വാച്ച്മാന്‍ എന്നിങ്ങനെ താത്കാലിക തസ്തികളും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് കോളെജുകള്‍.
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തി
?️വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തി. ചൈനീസ് ചരക്ക് കപ്പിലായ ഷെൻഹുവ 15 ആണ് എത്തിയത്. ഒന്നര മാസത്തെ യാത്ര പൂർത്തിയാക്കിയാണ് ഷെൻഹുവ 15 എന്ന കപ്പിൽ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5400 രൂപ
പവന് 43200 രൂപ