വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതി.

നെല്ലിയാബതി: നെല്ലിയാമ്പതിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതിയാകുന്നു. ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്താൻ തീരുമാനമായി. ഗതാഗത മന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതായി നെന്മാറ എംഎല്‍എ കെ ബാബു പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് സ്കൂള്‍ ബസ് വാങ്ങി കൊടുക്കുമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു. കെഎസ്‌ആര്‍ടിസി ബസിൻ്റെ സര്‍വീസ് അനുസരിച്ച്‌ ക്ലാസ് സമയം വെട്ടിച്ചുരുക്കേണ്ട ഗതികേടിലായ, പാലക്കാട് നെല്ലിയാമ്പതിയിലെ പോളച്ചിറയ്ക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കുറിച്ച്‌ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. വൈകിട്ട് 4 നുളള കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിയതോടെ പതിനഞ്ച് കിലോമീറ്റര്‍ നടന്നു വേണം തോട്ടം മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീടെത്താൻ. ഇതൊഴിവാക്കാൻ ഉച്ചയോടെ മിക്കവരും സ്കൂളില്‍ നിന്ന് ഇറങ്ങുകയാണ് ചെയ്യുന്നത്. വൈകിട്ട് 4 മണിക് നൂറടിയില്‍ നിന്ന് കാരപാറ വരെ പോകുന്ന കെഎസ്‌ആര്‍ടിസി ബസായിരുന്നു ഈ കുട്ടികളുടെ ആശ്രയം. പുതിയ അധ്യയന വര്‍ഷം തുടങ്ങിയ ശേഷം ആ സര്‍വീസ് നിലച്ചു. ഇതോടെ 10ഉം 15ഉം കിലോമീറ്റര്‍ നടന്നു വീട്ടിലെത്തുമ്പോഴേക്കും രാത്രിയാകും. മഴക്കാലമായാല്‍ ഊടുവഴികളിലൂടെയുള്ള യാത്ര അത്ര സുരക്ഷിതമല്ല. അതിനാല്‍ ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള കെഎസ്‌ആര്‍ടിസി ബസ് തന്നെ ആശ്രയം. വെറും 2 മണിക്കൂര്‍ ക്ലാസിലിരുന്ന് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങും. തോട്ടം തൊഴിലാളികളുടെ മക്കളാണ് ഇവിടെയേറെയും. ദിവസവും 800ഉം ആയിരവും രൂപ കൊടുത്ത് ജീപ്പ് പിടിച്ചു വരുന്നത് ഇവര്‍ക്ക് സങ്കല്‍പ്പിക്കാൻ പോലും ആകില്ല. അതെ സമയം ജീവിനക്കാരുടെ കുറവും ലാഭകരമല്ലാത്തതും കൊണ്ടാണ് 4 മണി സര്‍വീസ് നിര്‍ത്തിയതെന്നാണ് കെഎസ്‌ആര്‍ടിസി യുടെ വിശദീകരണം. വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് ഇപ്പോള്‍ അറുതി വരുത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍.