പ്രധാന വാർത്തകൾ

ഗാസയുടെ ധനമന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ; ആകെ മരണം 1700 കടന്നു, ഇസ്രയേലിൽ മാത്രം 1000 പേർ
?️ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ 140 കുട്ടികളുണ്ട്. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലിൽ മാത്രം 1000 പേരാണ് കൊല്ലപ്പെട്ടത്. ഗാസയുടെ ധനകാര്യമന്ത്രി ജാവേദ് അബു ഷമാല, സക്കറിയ അബു മാമര്‍ എന്നിങ്ങനെ രണ്ട് ഹമാസ് നേതാക്കളെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു.

നഗരം വിടാൻ ജനങ്ങൾക്ക് ഹമാസിന്‍റെ മുന്നറിയിപ്പ്
?️ഹമാസ് ആക്രമണത്തിൽ 3400 ഓളം പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളതായും വിവരമുണ്ട്. ഇസ്രയേലിലെ ദക്ഷിണ തീര നഗരമായ അഷ്കലോണിൽ നിന്നും ജനങ്ങൾ ഒഴിയണമെന്ന് ഹമാസ് മുന്നറിയിപ്പു നൽകി. ഇവിടെ വ്യോമാക്രമണം നടത്താൻ പോവുകയാണെന്നും ഉടൻ നഗരം ഒഴിയണമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി.

ആം ആദ്മി പാർട്ടി എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്
?️കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ആംആദ്മി പാർട്ടി എംഎൽഎ അമാനതുല്ലാ ഖാന്‍റെ ഡൽഹിയിലെ വസതിയിൽ റെയ്ഡ് നടത്തി ഇഡി. ഓഖ്‌ല മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് 49 കാരനായ ഖാൻ. ഡൽഹി വഖഫ് ബോർഡിൽ അനധികൃത നിയമനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആന്‍റി കറപ്ഷൻ ബ്യൂറോയും (എസിബി) സിബിഐയും ഖാനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതേത്തുടർന്ന് 2022 ൽ എസിബി ഖാനെ അറസ്റ്റ് ചെയ്തു. ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരുന്ന കാലത്ത് 32 പേരെ അനധികൃതമായി നിയമിച്ചുവെന്നും സാമ്പത്തിക തിരിമറിയും മറ്റു ക്രമക്കേടുകളും നടത്തിയെന്നുമാണ് എസിബി എഫ്ഐആറിൽ ആരോപിച്ചിരുന്നത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും
?️സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പുറത്തു നിന്നും വൈദ്യുതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ചെറിയ രീതിയിലുള്ള നിരക്ക് വർധനയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിരക്കു വർധനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വാങ്ങുന്ന വിലയ്ക്കേ വൈദ്യുതി വിൽക്കാൻ സാധിക്കൂ. ഉപഭോക്താവിനെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അതിനിടയിൽ മഴ പെയ്താൽ രക്ഷപ്പെടുമെന്നും മന്ത്രി പറഞ്ഞു.

നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം
?️നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലേയും ഡ്രൈവർമാർക്കും മുൻ നിര സീറ്റിലെ യാത്രക്കാർ‌ക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി ആന്‍റണി രാജു. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റേതടക്കമുള്ള ആരോപണങ്ങൾ തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. കോടതിയിൽ നൽകിയതും നിയമസഭയിൽ പറഞ്ഞതും പൊലീസിന്‍റെ പക്കൽ ഉള്ളതുമായ കണക്കുകൾ ഒന്നാണെന്നും മന്ത്രി വിശദമാക്കി.

ഉന്നത വിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കും; മന്ത്രി ഡോ. ആർ. ബിന്ദു
?️ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകി ലോകോത്തര നിലവാരത്തിലേക്കെത്തിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹികനീതി മന്ത്രി ഡോ. ആർ ബിന്ദു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (കോട്ടയം ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളെജ്) പുതുതായി നിർമിച്ച ആർക്കിടെക്ചർ ബ്ലോക്കിന്റെയും മെൻസ് ഹോസ്റ്റലിന്‍റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കിഫ്ബി, സംസ്ഥാന പ്ലാൻ ഫണ്ട് തുടങ്ങിയ ഫണ്ടുകൾ വിനിയോഗിച്ച് ആയിരക്കണക്കിന് പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ഏറ്റവും മികച്ച ലബോറട്ടറി സംവിധാനങ്ങളും ലൈബ്രറിയും സ്മാർട്ട് ക്ലാസ് റൂമുകളുമാണ് വിദ്യാർഥികൾക്കായി സർക്കാർ ഒരുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇസ്രയേലിലെ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കണം; ജോസ് കെ മാണി
?️ഇസ്രയേലില്‍ ജോലി ചെയ്യുന്ന 7000ത്തോളം വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും എത്രയും വേഗം സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി വിദേശകാര്യമന്ത്രി എസ്. ജയ് ശങ്കറിനോട് ആവശ്യപ്പെട്ടു. ആശങ്കയോടെ കഴിയുന്ന ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇന്ത്യയിലും ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തിനായി ഇന്ത്യന്‍ എംബസിയോട് അനുബന്ധിച്ച് അന്നാട്ടിലും പ്രത്യേകം ഹെല്‍പ് ലൈനുകള്‍ തുടങ്ങണം. അതുവഴി നേരിട്ട് സഹായം അഭ്യര്‍ഥിക്കാനും വിവരങ്ങള്‍ ലഭിക്കാനും വഴിയൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തിയതായി എഫ്ഐആർ
?️തട്ടിപ്പ് കേസുകളില്‍ പ്രതിയായ അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും വന്‍ ഗൂഡാലോചനയാണ് നടന്നതെന്ന് പൊലീസിന്‍റെ എഫ്ഐആർ. കിഫ്ബി ഓഫീസിൽ അക്കൗണ്ടന്‍റായി ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ റാന്നി പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയുടെ മകള്‍ക്ക് അക്കൗണ്ടന്‍റായി ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്.

ഇസ്രായേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു
?️ഇസ്രയേൽ- ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനാൽ ഇസ്രായേലിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ഇസ്രായേലിൽ ഏകദേശം 18000 ത്തോളം ഇന്ത്യക്കാരുണ്ട്. അതിൽ 7000 ത്തോളം പേർ മലയാളികളാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആവശ്യപ്പെടുന്നു.

മണിപ്പൂർ സംഘർഷം: മൊറേയിലെ കർഫ്യൂ ഇളവ് റദ്ദാക്കി
?️മണിപ്പൂരിലെ സംഘർഷബാധിത പ്രദേശമായ മൊറേയിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യു ഇളവ് റദ്ദാക്കി സർക്കാർ. ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവിറക്കിയിരിക്കുന്നത്. ദിവസേന രാവിലെ 6 മുതൽ വൈകിട്ട് 5 വരെയാണ് കർഫ്യൂ ഇളവ് പ്രഖ്യാപിച്ചിരുന്നത്. നഗരത്തിൽ സംഘം ചേരൽ ഉണ്ടാകാൻ ഇടയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇളവ് റദ്ദാക്കിയത്. ഇന്തോ- മ്യാൻമർ അതിർത്തിയോടു ചേർന്ന നഗരമാണ് കുകി വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള മൊറേ.

ജാതി സെൻസസിനെ തള്ളി എൻഎസ്എസ്
?️ജാതി സെൻസസ് നടപ്പാക്കുന്നതിനെതിരേ എൻഎസ്എസ് രംഗത്ത്. ജാതി സെൻസസ് നടത്താനുള്ള തീരുമാനം രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത് പ്രീണന നയത്തിന്‍റെ ഭാഗമാണെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണിത്. ജാതി സെൻസസിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

ഡോക്റ്റർമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മെഡിക്കൽ കമ്മീഷൻ
?️അപ്രസക്തമായ വിശദാംശങ്ങൾ ഉപയോഗിച്ച് ഡോക്റ്റർമാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) മുന്നറിയിപ്പ്. രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സൈൻ ബോർഡുകൾ, വിസിറ്റിംഗ് കാർഡുകൾ, കുറിപ്പടികൾ എന്നിവയിൽ അനാവശ്യ വിവരങ്ങൾ ഉൾപ്പെടുത്തരുതെന്ന് എൻഎംസി നിർദേശിച്ചു. ഡോക്റ്റർമാർ അസാധാരണമാംവിധം വലിയ സൈൻ ബോർഡ് ഉപയോഗിക്കരുതെന്നും നെയിം ബോർഡുകളിൽ പേര്, യോഗ്യത, പദവി, സ്പെഷ്യാലിറ്റി അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ എന്നിവയല്ലാതെ മറ്റൊന്നും എഴുതരുതെന്നും മാർഗനിർദേശത്തിലുണ്ട്.

പി.എം.എ. സലാമിന്‍റെ പരാമർശം;അതൃപ്തി പരസ്യമാക്കി സമസ്ത
?️മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ പരാമർശങ്ങളിൽ അതൃപ്തി പരസ്യമാക്കി സമസ്ത. സലാമിന്‍റെ വിവാദ പരാമർശങ്ങളിൽ സാദിഖലി തങ്ങളെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ് സമസ്ത. ഇതിനായി മുശാവറയിൽ 4 പേരെ ചുമതലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരേ സലാം നടത്തിയ പരാമർശം വിവാദമായിരിക്കെ മുശാവറ യോഗം കോഴിക്കോട് ചേർന്നിരുന്നു. ഈ വിഷയത്തിൽ സമസ്ത പ്രതികരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.

അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
?️സാഹിത്യകാരിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി റോയിയെയും കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലെഫ്റ്റ്നന്‍റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി. പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ന്യൂഡൽഹി മെട്രൊപൊളിറ്റൻ കോടതി ഉത്തരവ് പ്രകാരം ഇരുവർക്കുമെതിരേ 2010ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാജ്യദ്രോഹം, സാമുദായിക വൈരം വളർത്താനുള്ള ശ്രമം, രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കെതിരായ പ്രവർത്തനം തുടങ്ങിയ വകുപ്പുകളാണ് യുഎപിഎ പ്രകാരം ചുമത്തിയിട്ടുള്ളത്. കശ്മീരിനെ ഇന്ത്യയിൽനിന്നു വിഘടിപ്പിക്കുന്ന വിഷയം ചർച്ച ചെയ്തെന്നാരോപിച്ച് കശ്മീരിൽനിന്നുള്ള സുശീൽ പണ്ഡിറ്റ് എന്നയാളാണ് ഇതു സംബന്ധിച്ച പരാതി നൽകിയത്.

ഡിഎംകെ എംപി എ. രാജയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി
?️മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയും ആയ രാജയുടെ 15 സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തി എന്ന കേസിലാണ് നടപടി. കോവൈൻ ഷെൽട്ടേഴ്സ് പ്രൊമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ എ രാജയുടെ പേരിലുള്ളതെന്ന് കരുതുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ഇഡി ഇതിനു മുമ്പും എ രാജയെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി.

ഛണ്ഡിഗഢ് പിജിഐഎംഇആറിൽ തീ പിടിത്തം
?️ഛണ്ഡിഗഢ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിലെ(പിജിഐഎംഇആർ) നെഹ്രു ആശുപത്രി ബ്ലോക്കിൽ തീപിടിത്തം. ആളപായമില്ല. തിങ്കളാഴ്ച രാത്രിയോടെയാണ് ഒന്നാം നിലയിലെ കംപ്യൂട്ടർ മുറിയിലെ യുപിഎസിൽ നിന്നുമാണ് തീ പടർന്നു പിടിച്ചത്. തീ ആളിപ്പടർന്നതോടെ കനത്ത പുക മുകൾ നിലകളിലേക്കും പടർന്നു. ഇതേ തുടർന്ന് ബ്ലോക്കിലെ ഐസിയുവിലുണ്ടായിരുന്ന 4 രോഗികളും 80 ഗർഭിണികളും 56 നവജാത ശിശുക്കളും അടക്കം 424 പേരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. അഗ്നി ശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആശുപത്രിയിൽ വലിയ രീതിയിലുള്ള നാശനഷ്ടമുണ്ടായിട്ടുണ്ട്.

ജാതി സെൻസസ് രാജ്യത്തിന്‍റെ ‘എക്സ്-റേ’യ്ക്കു തുല്യം: രാഹുൽ ഗാന്ധി
?️രാജ്യത്തെ ഒബിസി, ദളിത്, ഗോത്ര വർഗ വിഭാഗത്തിന്‍റെ നിലവിലുള്ള അവസ്ഥയിലേക്ക് വെളിച്ചം വീശുന്ന എക്സ് റേയ്ക്കു തുല്യമാണ് ജാതി സെൻസസ് എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. അതു കൊണ്ട് തന്നെ എന്തു തന്നെ സംഭവിച്ചാലും ജാതി സെൻസസ് നടപ്പിലാക്കാനായി കോൺഗ്രസ് പാർട്ടി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഷാദോളിൽ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും ജാതി സെൻസസിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ പ്രധാനമന്ത്രി ഇപ്പോഴും ആ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: 2 ലഷ്കർ ഭീകരരെ വധിച്ചു
?️ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ വധിച്ചതായി സൈന്യം. ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. അൽഷിപ്പോറ മേഖലയിൽ ഭീകരസാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലാണ് ആറു മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിൽ കലാശിച്ചത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് എക്സിൽ കുറിച്ചു. മോറിഫത് മഖ്ബൂൽ, ജാസിം ഫാറൂഖ് എന്നറിയപ്പെടുന്ന അബ്രാർ എന്നിവരാണ് കൊല്ലപ്പെട്ടത്.

കർണാടക വാഹനാപകടത്തിൽ കുട്ടിയുൾപ്പെടെ 7 പേർ മരിച്ചു
?️കർണാടകയിലെ ഹോസ്പേട്ടിൽ നിയന്ത്രണം വിട്ട ലോറി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 മരണം. മരിച്ചവരിൽ 3 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. ചിത്രദുർ‌ഗ- സോലാപൂർ ദേശീയ പാതയിൽ ഇന്നലെ പുലർച്ചെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇതിനു പിന്നാലെ കാറിനു പുറകിലുണ്ടായിരുന്ന ട്രക്കും ഇടിച്ചു കയറിയതോടെയാണ് വലിയ അപകടം ഉണ്ടായത്. കുലഹള്ളിയിലുള്ള ഗോണ്‍ ബസവേശ്വര ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കെട്ടിടത്തിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു
?️തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്.സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ രണ്ടാം നിലയിൽ നിന്നും താഴെയ്ക്ക് ചാടുകയായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ഇന്നലെയാണ് ഗോപകൃഷ്ണനെ മെഡിക്കൽ കോളെജിൽ അഡ്മിറ്റ് ചെയ്തത്.

അമർത്യ സെൻ അന്തരിച്ചെന്ന വാർത്ത നിഷേധിച്ച് കുടുംബം
?️നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യ സെൻ അന്തരിച്ചെന്ന വാർത്ത തള്ളി കുടുംബം രംഗത്തെത്തി. മകൾ നന്ദന ദേബ് സെൻ ആണ് തന്‍റെ പിതാവ് ജീവിച്ചിരിക്കുന്നു എന്നും സുഖമായിരിക്കുന്നു എന്നും അറിയിച്ച് രംഗത്തെത്തിയത്. വാർത്താ ഏജൻസിയായ പിടിഐ ആണ് അമർത്യ സെൻ അന്തരിച്ചെന്ന വാർത്ത നേരത്തെ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാന ജേതാവ് ക്ലോഡിയ ഗോൾഡിനെ ഉദ്ധരിച്ചാണ് അമർത്യ സെൻ അന്തരിച്ചതായി പിടിഐ റിപ്പോർട്ടു ചെയ്തത്. നിലവിലെ നൊബേൽ പുരസ്ക്കാര ജേതാവ് ക്ലോഡിയ ഗോൾഡിന്റെ വ്യാജ അക്കൗണ്ടിൽ നിന്നാണ് ഇത്തരമൊരു വാർത്ത വന്നതെന്ന് പിന്നീട് പിടിഐ സ്വിരീകരിച്ചു.

ചാർട്ടേഡ് അക്കൗണ്ടന്‍റ് സനൽ കുമാർ ഇഡിക്ക് മുന്നിൽ ഹാജരായി
?️കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റ് സനൽകുമാർ ഇഡിക്കു മുന്നിൽ ഹാജരായി. കേസിലെ മൂന്നും നാലും പ്രതികളായ അരവിന്ദാക്ഷനേയും ജിൽസിനേയും മണിക്കൂറുകളോളം ചോദ്യംചെയ്തു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ അരവിന്ദാക്ഷൻ അന്വേഷണസംഘത്തോട് സഹകരിച്ചിരുന്നില്ല. ആ സാഹചര്യത്തിൽ ഒന്നാംപ്രതി പി.എസ്. സതീഷ് കുമാറിന്‍റെ ഫോണിൽ കണ്ടെത്തിയ ശബ്ദ രേഖകളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകളുമായാണ് രണ്ടാമത്തെ ചോദ്യം ചെയ്യലിന് അരവിന്ദാക്ഷനെ വിളിച്ചുവരുത്തിയത്.

വിജിലന്‍സിന് തിരിച്ചടി
?️അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ.എം ഷാജിയിൽ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നൽകാന്‍ ഹൈക്കോടിയുടെ ഉത്തരവ്. കണ്ണൂർ അഴിക്കോട്ടുള്ള വീട്ടിൽ നിന്നും പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകണമെന്നാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനു പകരം കെഎം ഷാജി ബാങ്ക് ഗ്യാരണ്ടി നൽകണം. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരും; എം.വി. ഗോവിന്ദൻ
?️നിയമന തട്ടിപ്പ് സർക്കാരിനും ആരോഗ്യ മന്ത്രിക്കും ഓഫീസിനും നേരെ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയാണെന്ന് പകൽ വെളിച്ചം പോലെ വ്യക്തമായി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം വേഗതയിൽ മുന്നോട്ടു പോകണം. എന്നാൽ കോഴ നൽകിയതായുള്ള വാർത്ത വൈകുന്നേരം ചർച്ചയ്ക്കായി ഉപയോഗപ്പെടുത്തിയ മാധ്യമങ്ങൾ എന്തുകൊണ്ടാണ് ഹരിദാസിന്റെ വെളിപ്പെടുത്തലിൽ ചർച്ചയ്ക്ക് തയാറാവാത്തത്. ഇതുവഴി മാധ്യമങ്ങളുടെ കാപട്യമാണ് തുറന്നു കാണിക്കപ്പെട്ടത്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്
?️മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രൻ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. സുരേന്ദ്രൻ അടക്കം 6 പ്രതികളുടെ വിടുതൽ ഹർജി ഈ മാസം 25ന് പരിഗണിക്കും. വിടുതൽ ഹർജി പരിഗണിക്കുമ്പോൾ സാധാരണ നിലയിൽ പ്രതികൾ ഹാജരാകേണ്ടതില്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് എല്ലാ പ്രതികളോടും ഹാജരാവാൻ നിർദേശിച്ചത്. കേസ് പരിഗണിച്ചിരുന്ന സമയങ്ങളിൽ ഒരിക്കൽ പോലും സുരേന്ദ്രൻ കോടതിയിൽ ഹാജരായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കെ.ടി. ജലീലിനെതിരായ കേസ് പൊലീസ് അവസാനിപ്പിക്കുന്നു
?️പാക് അധീന കശ്മീരിനെ ആസാദ് കശ്മീരിൽ എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ജലീൽ എംഎൽഎയ്ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ആർഎസ്എസ് നേതാവിന്റെ പരാതിയിലാണ് എംഎൽഎക്കെതിരെ കേസെടുത്തിരുന്നത്. എന്നാൽ കേസിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെളിയിക്കത്തക്ക സാക്ഷി മൊഴികൾ ഒന്നും ലഭ്യമായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് അവസാനിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി പൊലീസ് പരാതിക്കാരന് നോട്ടീസ് നൽകി. പരാതിക്കാരന് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും നോട്ടീസിൽ പറയുന്നു.

സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി സിപിഎം
?️വിവാദങ്ങളും ആരോപണങ്ങളും തുടർച്ചയാകുന്ന സാഹചര്യത്തിൽ സർക്കാരിനെയും പാ‍ർട്ടിയെയും പ്രതിരോധിക്കാൻ സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി സിപിഎം. നവമാധ്യമങ്ങളില്‍ “ലൈക്കുകള്‍’ ഉറപ്പുവരുത്തണമെന്നും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയുള്ള പ്രചാരണം ശക്തമാക്കണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അവലോകന രേഖയിൽ ഉൾപ്പെടുത്തി.

ഭീഷണിപ്പെടുത്തി പരാതിയിൽ ഒപ്പുവപ്പിച്ചതെന്ന് ഹരിദാസന്‍റെ മൊഴി
?️ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരായ നിയമന കോഴ വിവാദത്തിൽ ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പരാതിയിൽ ഒപ്പുവെപ്പിച്ചതാണെന്ന് ഹരിദാസന്‍റെ മൊഴി. പിന്നാലെ ബാസിതിനെ മലപ്പുറത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് മഞ്ചേരിയിൽ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്. മന്ത്രിയുടെ പിഎയുടെ പേരു പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞുവെന്നും ഹരിദാസന്‍റെ മൊഴിയിൽ പറയുന്നു.

‘അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ മാറ്റരുത്’; ഹൈക്കോടതി
?️ഇടുക്കി ജില്ലാ കലക്‌ടർ ഷീബ ജോർജിനെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. മൂന്നാറിലെയും പരിസരങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള മുഖ്യ ചുമതല ഇടുക്കി ജില്ലാ കലക്ടർക്കാണ്. ഈ സാഹചര്യത്തിലാണ് കോടതി നിർദേശം വന്നിരിക്കുന്നത്.

കിൻഡറിൽ കിൻശക്തി പദ്ധതിക്ക് തുടക്കം
?️കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി, എറണാകുളം റൂറൽ പോലീസുമായി സഹകരിച്ച് സ്കൂൾ, കോളേജ് വിദ്യാർഥിനികൾക്കായി “കിൻശക്തി ” എന്ന പേരിൽ സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു. ശാരീരികവും മാനസികവുമായ കാര്യങ്ങളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഈ പ്രോജക്റ്റ് തിരിച്ചറിഞ്ഞു കൊണ്ട് ഏത് സാഹചര്യത്തിലും സ്വയം പരിരക്ഷിക്കുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും കൊണ്ട് അവരെ സജ്ജരാക്കുകയുമാണ് കിൻശക്തി ലക്ഷ്യമിടുന്നത്.

ഒളിംപിക്സിലേക്ക് ക്രിക്കറ്റിന്‍റെ തിരിച്ചുവരവ്
?️ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ വരൾച്ച കണ്ടു പലരും പരിതപിച്ചിട്ടുണ്ട്, ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിൽ ഒരു പ്രതീക്ഷയായിരുന്നേനേ എന്ന്. എങ്കിലിതാ, ഏഷ്യൻ ഗെയിംസിനു പിന്നാലെ ഒളിംപിക്സിലേക്കും ക്രിക്കറ്റ് തിരിച്ചെത്തുകയാണ്. 2028ൽ അമേരിക്കയിലെ ലോസ് ഏഞ്ജലസിൽ നടക്കുന്ന ഒളിംപിക്സിൽ ക്രിക്കറ്റും ഒരു മത്സര ഇനമായിരിക്കും. 128 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒളിംപിക്സിലേക്കുള്ള ക്രിക്കറ്റിന്‍റെ തിരിച്ചുവരവ്. ഇതിനു മുൻപ് ആദ്യമായും അവസാനമായും ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയത് 1900ത്തിലായിരുന്നു. അന്നു നടന്നത് ഒരേയൊരു മത്സരം, ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ആയിരുന്നു. ലോസ് ഏഞ്ജലസ് ഒളിംപിക്സിൽ ഏഷ്യൻ ഗെയിംസിലേതു പോലെ ട്വന്‍റി20 ഫോർമാറ്റിൽ മത്സരങ്ങൾ നടത്താനാണ് ആലോചന. പുരുഷ – വനിതാ വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ പ്രതീക്ഷിക്കാം.

ഇംഗ്ലണ്ടിന് ഈസി വിജയം
?️ലോകകപ്പിൽ ബംഗ്ലാദേശിനെ 137 റൺസിനു കീഴടക്കിക്കൊണ്ട് ഇംഗ്ലണ്ട് വിജയവഴിയിലേക്ക്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടു തോറ്റതിന്‍റെ ക്ഷീണം തീർക്കുന്നതായി ഈ മത്സരം. ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തു. ബംഗ്ലാദേശിന്‍റെ മറുപടി 48.2 ഓവറിൽ 227 റൺസിൽ അവസാനിച്ചു.

ഹ​സാ​ർ​ഡ് വി​ര​മി​ച്ചു
?️ലോ​ക ഫു​ട്ബോ​ളി​ലെ എ​ണ്ണം​പ​റ​ഞ്ഞ അ​റ്റാ​ക്കി​ങ് മി​ഡ്ഫീ​ൽ​ഡ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ബെ​ല്‍ജി​യം സൂ​പ്പ​ർ താ​രം ഏ​ദ​ന്‍ ഹ​സാ​ര്‍ഡ് ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. നി​ര​ന്ത​രം പ​രിക്ക് വേ​ട്ട​യാ​ടി​യ താ​രം 32-ാം വ​യ​സി​ലാ​ണ് കളി​ മ​തി​യാ​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷ് ക്ല​ബ്ബ് ചെ​ല്‍സി​ക്കാ​യി ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഹ​സാ​ര്‍ഡ് പി​ന്നീ​ട് സ്പാ​നി​ഷ് ക്ല​ബ്ബ് റ​യ​ല്‍ മാ​ഡ്രി​ഡി​ലേ​ക്ക് ചേ​ക്കേ​റി​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണ്‍ അ​വ​സാ​നം റ​യ​ല്‍ വി​ട്ട താ​രം അ​ധി​കം വൈ​കാ​തെ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5365 രൂപ
പവന് 42920 രൂപ