ന
വടക്കഞ്ചേരി: ഒന്നാംവിള കൊയ്ത്ത് ഭാഗികമായി ആരംഭിച്ച പ്രദേശങ്ങളിലെ കർഷകർ നെല്ല് ഉണക്കൽ തകൃതിയായി നടത്തുന്നു. കാലവർഷത്തിന്റെ ചെറിയൊരു ഇടവേള കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കിട്ടിയതോടെ കൊയ്തു കഴിഞ്ഞ കർഷകർ പാതയോരത്തും വീട്ടുവളപ്പിലെ മരത്തണൽ ഇല്ലാത്ത ഭാഗങ്ങളിലുംമാണ് നെല്ലുണക്കുന്നത്. കൊയ്തു കിട്ടിയ നെല്ല് ഈർപ്പം ഉള്ളതിനാൽ കൂട്ടി വയ്ക്കുകയോ ചാക്കിൽ നിറച്ചു വയ്ക്കുകയോ ചെയ്താൽ മുളച്ചു പോകും എന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റുകളും പഴയ ഫ്ലക്സുകളും മറ്റും വിരിച്ചതിലിട്ടാണ് നെല്ല് ഉണക്കിയെടുക്കുന്നത്. ഒന്നാം വിളയുടെ നെല്ല് സപ്ലൈകോ മുഖേനയുള്ള താങ്ങുവിലയ്ക്കുള്ള സംഭരണം ആരംഭിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ ദിവസം സൂക്ഷിക്കേണ്ടി വരുമെന്ന് ആശങ്കയുള്ളതിനാൽ നെല്ലിലെ ഈർപ്പം കുറയ്ക്കേണ്ടതുമുണ്ട്. സപ്ലൈകോ മുഖേന നെല്ല് സംഭരിക്കുകയാണെങ്കിലും നിശ്ചിത ശതമാനത്തിൽ കൂടുതൽ ഈർപ്പം ഉണ്ടെങ്കിൽ വീണ്ടും ഉണക്കാൻ നിർദ്ദേശിക്കാറുണ്ട്. ദിവസങ്ങൾക്കകം തുലാവർഷം വരുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പകൽ സമയത്ത് കിട്ടുന്ന വെയിലിൽ പരമാവധി അളവ് നല്ല ഉണക്കിയെടുക്കുന്ന പണിയിലാണ് കർഷകർ. ഇടയ്ക്ക് മഴയോ മറ്റോ വന്നാൽ നെല്ല് കൂട്ടിവെച്ച് മൂടിവയ്ക്കാൻ പ്ലാസ്റ്റിക് ഷീറ്റുകളും കരുതിയാണ് കർഷകർ നെല്ലുണക്കുന്നത്. രണ്ടാം വിളയിലെ പോലെ നെല്ലിലെ ചണ്ടും പതിരും മാറ്റുന്ന യന്ത്രത്തിൽ ഇട്ടാലും നെല്ല് പൂർണമായി ഉണങ്ങി കിട്ടാത്തതിനാൽ വെയിലിൽ ഉണക്കേണ്ടി വരുന്നു. ഉണക്കിയെടുത്ത നെല്ല് കാറ്റിൽ പാറ്റി പൊടിയും ഈർപ്പവും കളഞ്ഞ് വൃത്തിയാക്കാനും തൊഴിലാളികളുടെ അധ്വാനവും വരുന്നുണ്ട്. സപ്ലൈകോയുടെ നെല്ല് സംഭരണം വൈകുന്നതിനാലും നെല്ല് ഉണക്കിയെടുക്കാൻ സൗകര്യമില്ലാത്ത കർഷകരും കിട്ടിയ വിലയ്ക്ക് സ്വകാര്യ മില്ലുകാർക്ക് നെല്ല് വില്പന നടത്തുന്നുമുണ്ട്.
